UPDATES

ഓഫ് ബീറ്റ്

ഉള്ളിലേക്കിറങ്ങിപ്പോകുന്ന പുഴകള്‍, പ്രപഞ്ചങ്ങള്‍…

എനിക്ക് പുഴക്കരയില്‍ ഒരു വീട് വെയ്ക്കണം

രേഖ രാജ്

രേഖ രാജ്

കുട്ടിക്കാലത്ത് വീടിനടുത്തുള്ള തോട്ടില്‍ ഒരുപാട് കുളിച്ചിട്ടുണ്ട്. മിക്കവാറും ചെളി ഉയരുന്ന ഒരു ചെറു തോടായിരുന്നു അത്. ലോകത്തിലെ മറ്റു ജലാശയങ്ങളെക്കുറിച്ച് കാര്യമായ ധാരണയൊന്നുമില്ലാത്തതിനാല്‍ അല്പം ഒമ (ചെളി)മണമുള്ള ആ തോട്ടിലെ വെള്ളം ഞങ്ങള്‍ക്ക് ഒരുപാട് പ്രിയപ്പെട്ടതായിരുന്നു. ഇടക്കിടെ കാക്കപ്പോളകള്‍ തോട്ടില്‍ വന്നു നിറയും. മയില്‍പ്പീലിയെ ഓര്‍മ്മിപ്പിക്കുന്ന ഈറന്‍ വയലറ്റ് പൂക്കള്‍ ഒരു മെത്ത പോലെ തോടിനെ മൂടും. അങ്ങിങ്ങായി കാണപ്പെടുന്ന ആമ്പല്‍ ചെടികള്‍, വിവിധ തരം പായലുകള്‍, വെള്ളത്തില്‍ കാണുന്ന നേര്‍മ്മയായ ഇളം ചന്ദന നിറമുള്ള പൂക്കള്‍ ചുണ്ണാമ്പും ചേര്‍ത്തു തിരുമ്മുമ്പോള്‍ മഞ്ഞ നിറമായി വരും.അത് നെറ്റിയില്‍ പൊട്ടായിഇടും ഞങ്ങള്‍.

മണിക്കൂറുകളോളം തോട്ടില്‍ ഇറങ്ങി കിടന്നാല്‍ ചെളിയൂറി വന്ന് നമ്മുടെ ദേഹത്ത് പറ്റിപ്പിടിക്കും. രോമങ്ങളില്‍ ചെളിയങ്ങനെ ചേര്‍ന്ന് കണ്മഷി ഇട്ടമാതിരി ഉണ്ടാവും. വേഗം സോപ്പ് തേച്ച് ഒറ്റമുങ്ങു കൂടി മുങ്ങി നിവര്‍ന്ന് വേഗം തോര്‍ത്തിക്കയറക എന്നതാണ് പ്രതിവിധി. അടുത്തു നിന്ന് തുണി അലക്കുന്ന മുതിര്‍ന്നവര്‍ ഉണ്ടെങ്കില്‍ ഒരു തല്ലോ പിച്ചോ ഒക്കെ കിട്ടാന്നുള്ള വകുപ്പുമായി. ഞങ്ങള്‍ കുട്ടികള്‍ ആണ്‍-പെണ്‍ ഭേദമില്ലാതെ (ഏതാണ്ട് ഏഴാം ക്ലാസ് വരെ! അതിനു ശേഷം ഞങ്ങളുടെ വീട്ടില്‍ പരിഷ്ക്കര്‍ത്താവായ മായാന്റി വരികയും ഞങ്ങളുടെ കുളി തോട്ടില്‍ നിന്നും കുളിമുറിയിലേക്ക് മാറുകയും ചെയ്തു. ആ കഥകള്‍ പിന്നീടൊരിക്കല്‍ പറയാം) സംഘമായി ചേര്‍ന്ന് കളിക്കും. വെള്ളത്തില്‍ ഓടിച്ചിട്ട് പിടിക്കുക, ഒരു വലിയ കല്ല്‌ വലിച്ചെറിഞ്ഞ് അത് ആദ്യം കണ്ടു പിടിക്കുന്ന ആള്‍ ജയിക്കുന്ന ഒരു കളി (കല്ല്‌ വെട്ടം കുഴി ഏതേതോ എന്നോ മറ്റോ ഒരു വായ്ത്താരി ഉണ്ട് ആ കളിക്ക് –മറന്നു) ഇങ്ങനെ ഏകദേശം രണ്ടു മൂന്നു മണിക്കൂര്‍ ഉള്ള പരിപാടിയാണ് ഈ തോട്ടിലെക്കുളി.

അക്കാലത്ത് തോടിന്റെ പരിസരങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു ഹിംസ്രജീവിയുണ്ടായിരുന്നു ഞങ്ങടെ നാട്ടില്‍. പേര് തോമ്മാചേട്ടന്‍, ആള് ഞങ്ങടെ അടുത്ത ബന്ധുവാ! കൈയ്യില്‍ ഒരു വടിയുമായി തോടിന്റെ പരിസരത്തു കാണപ്പെടും. തോട്ടില്‍ ഇറങ്ങി കുളിക്കുന്ന കുട്ടികളെ അടിച്ചു കരയില്‍ കയറ്റുക അതാണ്‌ അദ്ദേഹത്തിന്‍റെ ജോലി. ഞങ്ങള്‍ കുട്ടികള്‍ തോട്ടില്‍ വരുന്നു, ഉടുപ്പ് മാറുന്നു ,തോര്‍ത്ത് ഉടുക്കുകയോ ഉടുക്കാതിരിക്കുകയോ ചെയ്ത്, വെള്ളത്തിലേയ്ക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ തോമ്മാചേട്ടന്‍ വരുന്നത് കാണുന്നു, കാറിക്കൊണ്ട് ഉടുപ്പും എടുത്തുകൊണ്ട് വീട്ടിലേയ്ക്ക് ഓടുന്നു, ഇതായിരുന്നു പതിവ്. ചില ഹതഭാഗ്യരെ തോമാച്ചേട്ടന്‍ കയ്യോടെ പിടികൂടി നല്ല പെട പെടയ്ക്കും. ആരെങ്കിലും മറുത്ത് എന്തേലും പറഞ്ഞാല്‍ അടിച്ച് അടിച്ച് ടിയാന്റെ വീട് വരെ കൊണ്ടു പോയി അച്ഛന്റെയും അമ്മയുടെ മുന്‍പില്‍ ഇട്ട് രണ്ടടീം കൂടി കൊടുത്ത് മക്കളെ നന്നായി വളര്‍ത്താത്തതിന് അവരെ ചീത്തയും പറഞ്ഞു പോകുന്ന തോമ്മാ ചേട്ടനെ ഞെട്ടലോടു കൂടിയല്ലാതെ ഓര്‍ക്കാറില്ലായിരുന്നു, നന്നായി വലുതാകുന്നത് വരെ. എല്ലാ മാതാപിതാക്കളും തോമ്മാച്ചേട്ടന് പിള്ളേരെ തല്ലാന്‍ ലൈസന്‍സ് കൊടുത്തിരുന്നു. ആ സാമുഹ്യരക്ഷാകര്‍തൃത്വം ഇന്ന് ആലോചിക്കാന്‍ പോലും പറ്റില്ല.

അമ്മയുടെ വീട് തൊട്ടടുത്ത കരയായിരുന്നു; എഴുമാന്തുരുത്ത്. അവിടെ എഴുമാംകായല്‍ എന്ന് പേരുള്ള കായല്‍ ഉണ്ട്. അതിന്റെ തീരത്ത്‌ കാറ്റു കൊണ്ട് ഇരുന്നിട്ടുണ്ട്. വള്ളത്തില്‍ കയറി പോയിട്ടുണ്ട്. കായലില്‍ ഇറങ്ങിയതായി ഓര്‍മയില്ല. പക്ഷെ അമ്മവീടിന് മുന്‍പിലെ തോട്ടില്‍ കുളിക്കല്‍ ഇപ്പോഴും ഓര്‍ക്കുന്നു. അവിടെയും കസിന്‍സിന്റെ ഒപ്പം ഉള്ള കുളി തന്നെ ആയിരുന്നു ഹൈലൈറ്റ്. അവിടെ ഒരു ഇഞ്ചന്‍ തറ ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ ചിറ്റയുടെയും അമ്മായിമാരുടെയും കൂടെ അവിടെ കുളിക്കാന്‍ പോയിട്ടുണ്ട്. കഴുത്തോളം വെള്ളം നിറഞ്ഞ അവിടെ ഒറ്റയ്ക്ക് കുളിക്കാന്‍ മുതിര്‍ന്നവര്‍ വിടില്ലായിരുന്നു. ആ സ്ഥലത്ത് ഇപ്പോള്‍ ആരും കുളിക്കാതെയായി. കുറച്ചു നാള്‍ മുന്‍പ് അവിടെ പോയപ്പോള്‍ എന്റെ കാല്‍മുട്ട് വരെ പോലും എത്താത്ത ആ വെള്ളത്തിലാണോ ഞാന്‍ മുങ്ങി മരിച്ചേക്കും എന്ന് പണ്ട് ഭയന്നത് എന്നൊരു ചിരി വന്നു പോയി.

എന്റെ വീടിനടുത്ത് മറ്റൊരു ഇഞ്ചന്‍ തറ ഉണ്ടായിരുന്നു. ഞാനും എന്റെ കൂട്ടുകാരി ജോയും കുളിക്കാന്‍ എന്ന വ്യാജേന അവിടെ പോയിരുന്ന് മണിക്കൂറുകളോളം ഹൃദയ രഹസ്യം പങ്കു വെച്ചു. വീട്ടില്‍ നിന്ന് വിളി വരുമ്പോ ഒരു മിനുട്ട് കൊണ്ട് കുളിച്ച് വീട്ടിലേക്ക് ഓടി.

വെള്ളത്തില്‍ കുളിക്കല്‍ ഉന്മാദത്തില്‍ എത്തുന്നത് മമ്മിയുടെ ചേച്ചിയുടെ വീട്ടില്‍ പോകുമ്പോഴാണ്. മീനച്ചിലാറിന്റെ തീരം. ഇപ്പോഴും നിറഞ്ഞൊഴുകുന്ന തെളിഞ്ഞ വെള്ളമുള്ള വലിയ ജലാശയം. രാവിലെ പത്തു മണിയോടെ പതിവായുള്ള തുണിയലക്കലിനായി പേരൂരമ്മയുടെ മകള്‍ ജയച്ചേച്ചി ആറ്റില്‍ ഇറങ്ങും. അന്നേരം ഞാനും തലയില്‍ എണ്ണ തേച്ചു പുറകെയോടും. തൊട്ടടുത്താണ് കടവ്. കടവില്‍ ഇറങ്ങി അങ്ങ് കിടക്കും. തുടിച്ചും പതച്ചും നീന്തിയും ഉച്ച വരെ. കുളിക്കാന്‍ ഇറങ്ങുമ്പോള്‍ ഇളം മഞ്ഞ നിറത്തില്‍ ഉണ്ടായിരുന്ന പരുത്തി പൂക്കള്‍ ഒക്കെ ഇളം ചുവപ്പ് കലര്‍ന്ന ഒരഞ്ചു കളര്‍ ആയിട്ടുണ്ടാവും അപ്പോള്‍. പെണ്ണുങ്ങള്‍ കല്ലില്‍ തുണി കൊണ്ട് ആഞ്ഞടിച്ചു തീര്‍ക്കുന്ന താളമുണ്ടല്ലോ, അതിന് ഒരു വല്ലാത്ത ഹൃദ്യതയുണ്ട്. ഇതേ പരിപാടി വൈകിട്ടും ആവര്‍ത്തിക്കും. അമ്മയുടെ ചേച്ചിയുടെ വീട്ടില്‍ അവധിക്കു പോകുമ്പോള്‍ ദിവസത്തിന്റെ ഭൂരിഭാഗവും ആറ്റില്‍ തന്നെ ആയിരുന്നു.

ചിലപ്പോഴൊക്കെ നീന്തിക്കുളിക്കുമ്പോള്‍ മഴ പെയ്യും. മഴ പെയ്യുമ്പോള്‍ ആറ്റിലെ വെള്ളത്തിന് ഇളം ചൂടാവും. മുകളില്‍ നിന്ന് തണുത്ത വെള്ളത്തുള്ളികള്‍ മുഖത്തേക്കും തലയിലേക്കും വീഴും. ചെറു ചൂടുകൊണ്ട് പുഴ അതിനെ നേരിടും. മഴ പെയ്യുമ്പോള്‍ ആറ്റില്‍ വെറുതെ കൈ കൂപ്പി നില്‍ക്കണം. ചുറ്റിലും വെള്ളം നമ്മളെ പൊതിയുമ്പോള്‍, ഉള്ളില്‍ നിന്നൊരു തണുപ്പ് ഒരു നേര്‍ത്ത വിറയലായി മാറുമ്പോള്‍, വെള്ളം വീണു കണ്ണുകള്‍ ചുവക്കുമ്പോള്‍, ചെവി അടഞ്ഞു വെള്ളം കയറുമ്പോള്‍ ജലം മാത്രമുള്ള ഒരു പ്രപഞ്ചത്തില്‍ ആണ് എന്ന് തോന്നിപ്പോകും. ചുറ്റും ജലത്തിന്റെ ശബ്ദം മാത്രം. അലോസരപ്പെടുത്താന്‍ പേരൂരമ്മ കൈയ്യിലൊരു വടിയുമായി വിളിക്കും. കരയിലിരിക്കുന്ന നനഞ്ഞ തുണിയും സോപ്പും കൈയ്യില്‍ എടുത്ത് വീട്ടിലേക്ക് ഓടണം. മേല് തുടച്ച് എത്തുമ്പോള്‍ ജയച്ചേച്ചി തരുന്ന കടുംകാപ്പി കുടിച്ച് ഇറയത്ത് ഇരുന്ന് മഴ കാണണം!

ആറ്റിലെ കുളി ഏതാണ്ട് കല്യാണം വരെ നീണ്ടു നിന്നു. അതിനു ശേഷം പേരൂര്‍ വീട്ടില്‍ പോയി ഒരു ദിവസം തങ്ങിയിട്ടില്ല. ആറ്റില്‍ കുളിക്കാന്‍ അവിടെ ഒന്ന് പോകണം എന്ന് ഇപ്പോഴും വിചാരിക്കും. മാറ്റി മാറ്റി വെയ്ക്കുന്ന അനേകം കാര്യങ്ങളില്‍ ഒന്ന്! ഇന്നിപ്പോള്‍ ജലാശയങ്ങളിലെ സ്ത്രീകളുടെ കുളികള്‍ ഏതാണ്ട് പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. കുളിക്കടവിലെ ചെറു ചെറു സന്തോഷങ്ങളും കൂടി അവര്‍ക്ക് നഷ്ടമായിതുടങ്ങി എന്ന് കൂടിയുണ്ട് അതിന് അര്‍ഥം. ജലാശയങ്ങള്‍ ഉപയോഗശൂന്യവുമായി. ഞാന്‍ പണ്ട് കുളിച്ചിരുന്ന തോടുകള്‍ എല്ലാം തന്നെ വൃത്തിഹീനമായി മാറുകയും ചെയ്തു.

ആട്ടിലോ തോട്ടിലോ കുളിക്കാന്‍ ഉള്ള ആശയുമായി കുറഞ്ഞത്‌ പത്തു വര്‍ഷം എങ്കിലുമായി കഴിഞ്ഞു വരികയായിരുന്നു. ഒരിക്കലും ആ ആഗ്രഹം നടന്നില്ല. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച കുറുവദ്വീപിലെ പുഴയില്‍ ഒരു അരമണിക്കൂറോളം കുളിച്ചു! അപ്രതീക്ഷിതമായിരുന്നു അത്. പുഴയില്‍ ഇറങ്ങി കിടന്നപ്പോള്‍ പഴയ ഒരു തണുപ്പ് എന്നെ വന്നു മൂടി. എല്ലാത്തിനെയും കഴുകി കളയാന്‍ ഉള്ള എന്തോ ഒന്ന് പുഴയ്ക്കുണ്ട്. അത് വരെയുള്ള മുഴുവന്‍ സമ്മര്‍ദ്ദങ്ങളും വെള്ളം ഏറ്റു വാങ്ങി ഭാരമില്ലാതെ ഞാന്‍ പുഴ വിട്ടിറങ്ങി. എനിക്ക് പുഴക്കരയില്‍ ഒരു വീട് വെയ്ക്കണം!

രേഖ രാജ്

രേഖ രാജ്

എഴുത്തുകാരി, ദളിത്‌ ഫെമിനിസ്റ്റ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍