UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ത്തവ അവധി; സ്ത്രീകള്‍ വിശുദ്ധ വിലക്കില്‍ നിന്നും മോചനം നേടുന്നതിന്റെ തുടക്കമാകട്ടെ

ജോലി സ്ഥലങ്ങളിലെ അവധിക്കൊപ്പം സ്‌കൂളുകളിലും ഇത് നടപ്പാക്കണം

ആര്‍ത്തവാവധി ആണല്ലോ ഈയാഴ്ചത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന്. ഈ തീരുമാനത്തെ പരിഗണനയില്‍ നിര്‍ത്തികൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കൈയ്യടിച്ചുകൊണ്ടു തുടങ്ങട്ടെ… ലീവ് ഓണ്‍ ഫസ്റ്റ് ഡേ ഓഫ് പിരീഡ്സ് എന്നത് അവശതകള്‍ കൂടുതലുള്ള ഏകാഗ്രതയോടെ ജോലി ചെയ്യാന്‍ പ്രയാസമുള്ള ദിവസം തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഒരു ഉത്കണ്ഠയുളളത് സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ ഇത് കുറയ്ക്കുമോ എന്നത് മാത്രമാണ്.. കല്യാണം കഴിഞ്ഞു അപ്പോള്‍ തന്നെ ഒരു തൊഴിലിനപേക്ഷിച്ചാല്‍ ഇന്റര്‍വ്യൂന് പോലും വിളിക്കാന്‍ അറക്കുന്ന മേഖല ഉണ്ട്. കുഞ്ഞുണ്ടായാല്‍ മറ്റേര്‍ണിറ്റി ലീവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൊടുക്കേണ്ടി വരില്ലേ.. ഒരു തൊഴില്‍ ആത്യാവശ്യമായി വരുന്ന സാഹചര്യങ്ങള്‍ മുതലെടുത്തു ‘ആര്‍ത്തവാവധി ആവശ്യമില്ല’ എന്നെഴുതിച്ചു ബോണ്ട് പേപ്പറില്‍ ഒപ്പുവെക്കലും സമീപഭാവിയില്‍ പ്രതീക്ഷിക്കാം. മെനോപോസ് സര്‍ട്ടിഫിക്കറ്റ് ഹാജര്‍ ആക്കാന്‍ 45-50 വയസ്സുകഴിഞ്ഞു ആര്‍ത്തവം നിലക്കാതെ തുടരുന്നവരോട് ലീവ് എടുത്ത സാഹചര്യത്തില്‍ ചോദിക്കുമോ എന്ന വേവലാതി ഉള്ളവരുമുണ്ട്.

ഈ ആനുകൂല്യം തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കണം എന്ന ഒരു അപേക്ഷയുണ്ട്. ഇരുന്നാല്‍ ബെഞ്ചില്‍ കുങ്കുമം ചാര്‍ത്തപ്പെടുമോയെന്ന് പേടിച്ച് അധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് എഴുന്നേല്‍ക്കാനാകാതെ, പിന്‍വശത്തെ ചുവന്ന ചിത്രങ്ങള്‍ ആണ്‍കുട്ടികള്‍ കണ്ടേക്കുമോ എന്നറച്ച് നനഞ്ഞ പിന്‍വശം മുന്നിലേക്ക് തിരിച്ചിട്ടു യൂണിഫോം സ്‌കര്‍ട് ബാഗ് കൊണ്ട് മറച്ചു ഒരു കയ്യാല്‍ നൊന്തവയറും ഒതുക്കിപ്പിടിച്ചു വീടെത്തിയ ഒരു പതിമൂന്നുകാരിയെ ഓര്‍ത്തുപോകുന്നു. കൂട്ടത്തില്‍ dysmenorrhea -ക്ക് അവധിയില്ല എന്ന് പറഞ്ഞ, ലീവ് ലെറ്ററില്‍ വയറുവേദന എന്ന് കാണുമ്പോള്‍ നെറ്റിചുളിച്ചു ശാസിച്ച അധ്യാപകരെയും…

ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ആരോഗ്യവിഭാഗവും ഉള്‍പ്പെടുത്തേണ്ടത് ആവശ്യമല്ലേ…? ഒരു സ്‌കൂള്‍ ഡോക്ടര്‍ തസ്തിക ഇല്ലേലും ഒരു സ്‌കൂള്‍ നേഴ്സ് വേണ്ടതല്ലേ? കുറച്ചു കാലം മുന്‍പ് വരെ പെണ്‍കുട്ടികള്‍ ഋതുമതിയാകുന്നത് 13-14 വയസ്സിലാണെങ്കില്‍ ഇന്നത് 7-8 വയസ്സില്‍ ആണ്. ഒപ്പം കുഞ്ഞുമനസ്സുകളില്‍ ഇത് വരുത്തുന്ന മാറ്റവും നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഒരു ആരോഗ്യവിഭാഗത്തിന്റെ ആവശ്യം വളരെ വലുതാണ്. സ്‌കൂളുകളില്‍ കൗണ്‍സിലിങ്, വാക്സിനേഷന്‍, ഇമ്മ്യൂണൈസെഷന്‍, ഹെല്‍ത്ത് റെക്കോര്‍ഡ് ചെയ്യല്‍, first aid, sex education, safety എല്ലാം ആരോഗ്യവിഭാഗത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതില്ലേ. പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്ക് ഇതുപോലെ ഒരു ലീവ് പോളിസി പാസ് ആക്കാന്‍ പ്രയാസമുണ്ടെങ്കില്‍ അവശതയുള്ള ഒരു ദിനം അവധി നല്‍കി, തനിച്ചിരുന്നു ഒരു സ്ത്രീ ജോലി ചെയ്യാന്‍ ഇടവരാത്ത രീതിയില്‍, അവരുടെ സുരക്ഷാ നൂറ്റൊന്നുശതമാനം ഉറപ്പുവരുത്തിക്കൊണ്ടു, ഒരു മേക്കപ്പ് ഡേ അനുവദിച്ചുകൊടുക്കാന്‍ ആകുമെങ്കില്‍ നല്ലതാണ്.

"</p

ഇനി ഈ ഒരു ആനുകൂല്യം സ്ത്രീക്ക് ലഭിച്ച് വീട്ടിലുന്നാലും അന്ന് തൊഴില്‍മേഖലയില്‍ ചെയ്ത് തീര്‍ക്കേണ്ടതിലും കൂടുതല്‍ വീട്ടുകാര്യങ്ങള്‍ ചെയ്തു അവള്‍ തളരാനും ഇടയുള്ള വീടുകള്‍ ഇന്നും മലയാളമണ്ണിലുണ്ട്. സ്ത്രീക്ക് വിശ്രമം നല്കാന്‍ ഗവണ്മെന്റ് ഇത്തരത്തില്‍ മുന്നോട്ടു വരുമ്പോള്‍ അതില്‍ നിന്ന് ഉള്‍ക്കൊണ്ടെങ്കിലും അവള്‍ക്കു വിശ്രമം വീട്ടിലും ആവശ്യമാണ് എന്ന ചിന്താഗതി വീട്ടുകാര്‍ക്കും ഉണ്ടാകുമെന്നു ആശിക്കുന്നു. വീട്ടമ്മ ആണെങ്കിലും എന്റെ അമ്മക്ക്, മകള്‍ക്കു, ഭാര്യക്ക്, പെങ്ങള്‍ക്ക്.. ഇന്ന് വിശ്രമം വേണ്ടതല്ലേ എന്ന് മാറിചിന്തിക്കുന്ന ഒരു പറ്റം ആളുകളെങ്കിലും ഉണ്ടാകുമെന്നു കരുതാം. ‘ഇതൊക്കെ സാധാരണമല്ലേ.. ഞങ്ങളൊക്കെ നാപ്കിന്‍ പോലുമില്ലാത്ത കാലത്തു..’ എന്നൊക്കെ തുടങ്ങുന്ന പഴപുരാണകഥകളുടെ കെട്ടഴിക്കാതെ ഒരു നല്ല മാറ്റത്തിന് തിരി കൊളുത്തുമ്പോള്‍ വരുംതലമുറക്ക് വേണ്ടി സന്തോഷിക്കൂ…

നൂറു സ്ത്രീകളെ എടുത്തുനോക്കിയാല്‍ അവര്‍ക്കു പറയാനുണ്ടാവുക നൂറു വ്യത്യസ്ത ആര്‍ത്തവാനുഭവങ്ങളായിരിക്കും. വേദനാജനകമായ ആര്‍ത്തവം (dysmenorrhea), ആര്‍ത്തവരക്തസ്രാവത്തിലെ ക്രമക്കേടുകള്‍ (menorrhagia/ amenorrhea/ irregular menstruation), premenstrual dysphoric  disorder (PMDD), premenstrual syndrome PMS (bloating, mood swings etc), Polytheistic Ovarian Syndrome PCOD അങ്ങനെയങ്ങനെ അഞ്ചില്‍ മൂന്നു സ്ത്രീയെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ആര്‍ത്തവകാലത്തു നേരിടുന്നുണ്ട്. ഈ പ്രഖ്യാപനത്തെ പുച്ഛിക്കുന്നവരോടൊന്ന് പറഞ്ഞുകൊള്ളട്ടെ, ഈ അഞ്ചില്‍ മൂന്നുപേരില്‍ നിങ്ങള്‍ക്ക് അറിയാവുന്നവരും വേണ്ടപ്പെട്ടവരും ഉണ്ടാകില്ലേ? അവര്‍ക്കു ഒരു ആശ്വാസമാകില്ലേ ഈ തീരുമാനം?

പലേ സ്ത്രീകള്‍ക്കും ഉത്കണ്ഠ അവധിദിനത്തിന്റെ പിറ്റേന്ന് അവരിലേക്ക് നീണ്ടു വരുന്ന കണ്ണുകളും കളിയാക്കിച്ചിരിക്കുന്ന ഭാവങ്ങളും അഭിമാനക്ഷതവുമാണ്. അവരോട് തന്റേടത്തോടെ ‘എനിക്ക് ആര്‍ത്തവമാണ്’ എന്ന് പറയൂ. ‘നീയും അതിന്റെ പരിണിതഫലമല്ലേ’ എന്നും കൂടെ തലയുര്‍ത്തി ആര്‍ജ്ജവത്തോടെ പ്രതികരിക്കൂ.. പിന്നീടൊരിക്കലും ആ കളിയാക്കിയവര്‍ ഒരു സ്ത്രീയോടും ഇതാവര്‍ത്തിക്കാന്‍ ധൈര്യപ്പെടില്ല. ഇതൊക്കെ ഒരു വാര്‍ത്തയാണോ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.. ജീവിതത്തിന്റെ നല്ലൊരു കാലയളവ് ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവവുമായി ചുറ്റിപറ്റിനില്‍ക്കുന്നതിനാല്‍ ഞങ്ങളെയപേക്ഷിച്ച് ഇതൊരു വലിയ വാര്‍ത്തതന്നെയാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇത് ചോദിക്കുന്ന നിങ്ങളും ഈ വാര്‍ത്തയിലെ സ്ത്രീ പ്രയാസത്തിന്റെ സന്താനമാണ്. പ്രശസ്തി ഗര്‍ഭത്തിന് മാത്രം മതിയോ, ആര്‍ത്തവത്തിനും കുറച്ചു ഇരിക്കട്ടെ.

"</p

എന്നിരുന്നാലും ഇതിനു പിന്നാലെ പൊതുസ്ഥലങ്ങളിലും തൊഴില്‍ മേഖലയിലും വിദ്യാഭാസസ്ഥാപനങ്ങളിലും നാപ്കിന്‍ വെന്റിങ് മെഷീനുകളും വിശ്രമമുറികളും വരുമെന്നും നാപ്കിന്‍ ഡിസ്പോസിങ് പദ്ധതിയും ഹോസ്റ്റല്‍, സ്‌കൂള്‍, ഓഫീസ്, ഹോസ്പിറ്റല്‍, മറ്റു സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ കൊണ്ടുവരുന്നത് പ്രാവര്‍ത്തികമാക്കാനുള്ള ഏര്‍പ്പാടുകളും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പണ്ട് ആര്‍ത്തവകാലത്തു പള്ളിയില്‍ പോകാനുള്ള വിലക്ക് അന്ന് രാവിലെ കുളിച്ചു ശുദ്ധിയായി പുതിയ നാപ്കിനോടെ ഏകാഗ്രതക്കു ഭംഗം വരില്ലേല്‍ അസ്വസ്ഥതകളൊന്നുമില്ലേല്‍ പോകാമെന്നായപ്പോള്‍ സ്ത്രീകള്‍ക്ക് അത് തങ്ങളുടെ സ്ത്രീത്വത്തിന് കിട്ടിയ ഒരംഗീകാരമായിരുന്നു. കാലങ്ങള്‍ ഇനിയും മാറ്റങ്ങള്‍ കൊണ്ടുവരട്ടെ…

എന്തുതന്നെയായാലും ആര്‍ത്തവാവധി പ്രഖ്യാപിക്കുകയാണെങ്കില്‍, ഇതൊരു ചരിത്രപരമായ തീരുമാനം തന്നെയാണ് എന്നതില്‍ ലേശം പോലും സംശയമില്ല. സംസ്‌കാരം വെസ്റ്റേണ്‍ വേണ്ട എന്ന് നിഷ്‌കര്ഷിക്കുന്നവര്‍, എന്തെ ആര്‍ത്തവാവധി വെസ്റ്റേണ്‍ രാജ്യങ്ങളില്‍ ഇല്ലെന്ന് പറഞ്ഞു ഉടക്കുവെയ്ക്കുന്നത്? ഈയൊരു ആനുകൂല്യം സ്ത്രീകള്‍ക്ക് ഒരു വിശുദ്ധ വിലക്കില്‍ നിന്നുള്ള മോചനത്തിന്റെ ആദ്യഭാഗമെന്നതില്‍ തര്‍ക്കമില്ല. ചങ്കുറപ്പോടെ ‘എനിക്കിന്ന് ആര്‍ത്തവം ആണ്’ എന്ന് മടികൂടാതെ പറയുന്ന സ്ത്രീയെ ഇനിമുതല്‍ മലയാളത്തിന് കാണാന്‍ സാധിക്കുമെന്നുള്ളത് ഒരു വലിയ വിജയമായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എയ്ഞ്ചൽ മാത്യൂസ്

എയ്ഞ്ചൽ മാത്യൂസ്

യു എസില്‍ നോര്‍ത്ത് കരോലിനയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. എറണാകുളം സ്വദേശി. ബ്ലോഗര്‍ കൂടിയാണ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍