UPDATES

ആര്‍ത്തവ അവധിക്ക് മാതൃഭൂമിക്ക് കൈയടിക്കുന്നവര്‍ ഈ മുന്‍ജീവനക്കാരിയുടെ അനുഭവം കൂടി അറിയൂ

കാന്റീനിലേക്ക് മാംസാഹാരം കയറ്റാന്‍ പോലും അനുവദിക്കാത്ത ഒരു യാഥാസ്ഥിതിക സ്ഥാപനത്തില്‍, എനിക്കിതാ ആര്‍ത്തവമായിരിക്കുന്നു എന്ന് സ്ത്രീ പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ എന്തുണ്ടാകും എന്നത് കാത്തിരുന്ന് കാണേണ്ടി വരും

മാതൃഭൂമി വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവത്തിന്റെ ആദ്യ ദിനത്തില്‍ ശമ്പളത്തോട് കൂടിയ അവധി നല്‍കുന്ന വാര്‍ത്ത വിപ്ലവകരമായ തീരുമാനമായി പലരും ആഘോഷിച്ചു കണ്ടു. സ്ത്രീകളെ മനസ്സിലാക്കുന്നതിന്റെയും പിന്തുണയ്ക്കുന്നതിന്റെയും ഭാഗമായാണത്രേ തീരുമാനം. ഇപ്പോള്‍ കൊട്ടിഘോഷിച്ച് കൈയടി നേടാന്‍ ശ്രമിക്കുന്ന, ‘സ്ത്രീകളെ മനസ്സിലാക്കലും പിന്തുണയ്ക്കലു’മൊന്നും അവിടെ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അനുഭവിക്കാന്‍ കഴിയാതിരുന്നയാളാണ് ഞാന്‍. എന്നു മാത്രമല്ല നേരേ വിപരീതമായിരുന്നു എന്റെ അനുഭവം.

2010 ജൂണിലാണ് മാതൃഭൂമിയില്‍ ചില്‍ഡ്രന്‍സ് പബ്ലിക്കേഷന്‍ ഡസ്‌കില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി കയറുന്നത്. ആദ്യ വര്‍ഷവും രണ്ടാം വര്‍ഷത്തിന്റെ അവസാനം അവധിയില്‍ പോകുന്നത് വരെയും ട്രെയിനി എന്ന നിലയിലുള്ള പെര്‍ഫോമന്‍സിനെ കുറിച്ച് ഏറ്റവും തൃപ്തികരമായ അഭിപ്രായമാണ് മേലധികാരികള്‍ എന്നോട് നേരിട്ട് പറഞ്ഞിരുന്നത്. എന്നിട്ടും പ്രസവത്തിന് അവധി എടുത്തതിന്റെ പേരില്‍ രണ്ട് വര്‍ഷത്തെ ട്രെയിനിംഗ് കാലാവധി അഞ്ച് തവണയാണ് നീട്ടിയത്.

കോഴിക്കോട് പിവിഎസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് 2012 മെയ് മാസത്തില്‍ എനിക്ക് ബെഡ്റസ്റ്റ് നിര്‍ദേശിച്ചത്. അപ്പോള്‍ ട്രെയിനിംഗിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തിയാവാന്‍ ഏതാണ്ട് ഇരുപത് ദിവസമേ ബാക്കിയുണ്ടായിരുന്നുള്ളു. ഒരുമാസം അവധി എടുത്ത് നാട്ടില്‍ പോവുകയും അവിടെ മറ്റൊരു ആശുപത്രിയില്‍ മറ്റൊരു ഡോക്ടറെ കാണുകയും ചെയ്തു. പൂര്‍ണമായ ബഡ്റസ്റ്റിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും പക്ഷെ, ശരീരം അധികം അനങ്ങാതെ നല്ലവണ്ണം ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ പറഞ്ഞതനുസരിച്ച് റിസ്‌ക് ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അടുത്ത ഒരുമാസത്തോളം ടാക്സി അറേഞ്ച് ചെയ്ത് വീണ്ടും ഓഫീസില്‍ പോയി. എന്നാല്‍ 2012 ഓഗസ്റ്റോടെ ശാരീരികാവസ്ഥ വഷളായി. ഇനിയും ജോലിക്കു പോയാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ഭീഷണി ആയേക്കുമെന്ന് ഡോക്ടര്‍ പറഞ്ഞത് അനുസരിച്ചാണ് വീണ്ടും അവധിയില്‍ പ്രവേശിക്കുന്നതും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്നതും. മാസം തികയാതെ ജനിച്ചതുകൊണ്ടും തൂക്കം കുറവായിരുന്നത് കൊണ്ടും കുഞ്ഞിന് അണുബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു. തൂക്കം കൃത്യമാകുന്നത് വരെ മറ്റാര്‍ക്കും കൈമാറരുതെന്ന് നിര്‍ദേശിച്ചാണ് ഡോക്ടര്‍ വീട്ടിലേക്ക് അയച്ചത്. എന്നാല്‍ കുഞ്ഞിന് നാല് മാസം തികയുന്നതിന് മുന്നേ തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സ്ഥാപനത്തില്‍ നിന്നും ആവശ്യപ്പെടാന്‍ തുടങ്ങി. അതേ തുടര്‍ന്ന് 2012 ഡിസംബറില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു.

പ്രസവ അവധിയില്‍ ആയിരിക്കുന്ന സമയത്താണ് (2012 ഓഗസ്ത്) 2012 ഡിസംബര്‍ 1 വരെ ട്രെയിനിംഗ് നീട്ടുന്നതായി കാണിച്ച് ആദ്യത്തെ കത്ത് കിട്ടുന്നത്. 2012 നവംബറില്‍ ട്രെയിനിംഗ് ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി രണ്ടാമത്തെ കത്ത് കിട്ടി. അതിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ 2013 ജൂലായ് 1 വരെ നീട്ടുന്നതായി മൂന്നാമത്തെ കത്തും 2013 ഓഗസ്ത് ആയപ്പോഴേക്കും 2014 ജനുവരി 1 വരെ വീണ്ടും ട്രെയിനിംഗ് നീട്ടുകയാണെന്ന് അറിയിക്കുന്ന നാലാമത്തെ കത്തും കിട്ടി. അതിനു ശേഷം പത്ത് മാസത്തോളം യാതൊരു അറിയിപ്പും കിട്ടിയില്ല. സാങ്കേതിക താമസമാണെന്നും കാത്തിരിക്കാനുമാണ് മേലധികാരികള്‍ ഉപദേശിച്ചത്. ഇക്കാലമത്രയും ട്രെയിനികള്‍ക്കുള്ള സ്‌റ്റൈപ്പന്റ് മാത്രമാണ് ഞാന്‍ കൈപ്പറ്റിയിരുന്നത്. ഇതിനിടയ്ക്ക് വീടും കുഞ്ഞും ചെലവുകളും എല്ലാം ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയാതെ വന്നതു കാരണം എനിക്ക് കുഞ്ഞിനെ നാട്ടിലേക്ക് അയക്കേണ്ടതായി പോലും വന്നു. ശനിയാഴ്ചകളില്‍ വൈകിട്ട് കോഴിക്കോടുനിന്ന് ചേര്‍ത്തലയ്ക്ക് വന്ന് ഞായറാഴ്ചകള്‍ മാത്രം കുഞ്ഞിനൊപ്പം ചിലവഴിച്ചത് മാസങ്ങളാണ്.

തുടര്‍ന്നും ഒരു അറിയിപ്പും കിട്ടാതെ വന്നപ്പോഴാണ് എന്താണ് നിലവിലെ സ്ഥിതി എന്ന് ചോദിച്ച് 2014 ഒക്ടോബറോടെ മുകളിലേക്ക് കത്തയയ്ക്കാന്‍ തീരുമാനിച്ചത്. ജോലി സ്ഥിരപ്പെട്ട് കിട്ടണമെങ്കില്‍ മുതലാളിമാരെ വീട്ടില്‍ ചെന്ന് കണ്ട് അപേക്ഷിച്ച് നോക്കണം എന്നാണ് ചീഫ് സബ് എഡിറ്ററും ഡെപ്യൂട്ടി എഡിറ്ററും ഉപദേശിച്ചത്. തങ്ങള്‍ ഏറ്റവും നല്ല റിപ്പോര്‍ട്ടാണ് മുകളിലേക്ക് അയച്ചിട്ടുള്ളതെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. അപേക്ഷ അയച്ച് ടെസ്റ്റ് എഴുതി നേരിട്ടുള്ള ഇന്റര്‍വ്യൂവും കഴിഞ്ഞ് സ്ഥാപനത്തിന് ആവശ്യമായ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കി തെരഞ്ഞെടുക്കപ്പെട്ട ഒരാളെ സ്ഥിരപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അയാള്‍ മുതലാളിമാരുടെ വീട്ടില്‍ പോയി കാലുപിടിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയിട്ടല്ലല്ലോ. അങ്ങനെ പോയി അപേക്ഷിക്കുന്നില്ലെന്ന് തറപ്പിച്ചു തന്നെ പറഞ്ഞു. ഇവിടെ പലര്‍ക്കും ജോലി സ്ഥിരപ്പെട്ടത് വീട്ടില്‍ പോയി അപേക്ഷിച്ചിട്ടാണെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചെങ്കിലും തീരുമാനം മാറ്റിയില്ല. കത്തില്‍, അറിയാന്‍ താത്പര്യപ്പെടുന്നു എന്നതിന് പകരം താഴ്മയായി അപേക്ഷിക്കണം എന്നും പലതവണ നിര്‍ദേശിച്ചിരുന്നു. അപേക്ഷയുടേതല്ലാത്ത സ്വരം മുതലാളിമാരെ ചൊടിപ്പിക്കുമെന്നും അങ്ങനെ വന്നാല്‍ സ്ഥിരപ്പെടുത്തല്‍ ഇല്ലാതെ വന്നേക്കാമെന്നും മുന്നറിയിപ്പു തന്നു. അപേക്ഷയുടേതല്ലെന്ന് അവര്‍ക്ക് തോന്നിയ പല വരികളും മാറ്റി എഴുതാന്‍ ചീഫ് സബ് എഡിറ്ററും ഡെപ്യൂട്ടി എഡിറ്ററും നിര്‍ദേശിച്ചു. താഴ്മയായി അപേക്ഷിക്കാതെ തന്നെ കത്തയച്ചു.

02-01-2014 മുതല്‍ 31-10-2014 വരെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ട്രെയിനിംഗ് നീട്ടുന്നതായി 30-12-2013 എന്ന് ഡേറ്റിട്ട ഒരു കത്തും 2014 നവംബര്‍ ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് 22,000 രൂപ വരുമാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചില്‍ഡ്രന്‍സ് പബ്ലിക്കേഷന്‍ ഡസ്‌കില്‍ സബ് എഡിറ്ററായി നിയമിക്കുന്നതായി 29-10-2014 എന്ന് ഡേറ്റിട്ട മറ്റൊരു കത്തും ഒരേ കവറിലിട്ട് 2014 ഒക്ടോബര്‍ അവസാനത്തോടെ കൈയില്‍ തന്നു. എനിക്കൊപ്പം ട്രെയിനിയായി കയറിയ മറ്റുള്ളവര്‍ക്ക് മുപ്പതിനായിരം രൂപ വരുമാനത്തില്‍ ജോലി സ്ഥിരപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ഇത്. സ്ഥാപനത്തിന് പുറത്ത് കേരളത്തിലെ അറിയപ്പെടുന്ന സീനീയര്‍ മാധ്യമ പ്രവര്‍ത്തകരോട് ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ വേണമെങ്കില്‍ കേസിന് പോകാവുന്നതാണെന്നാണ് പറഞ്ഞത്. എന്നാല്‍ മാതൃഭൂമി പോലെ സാമ്പത്തികവും സ്വാധീനവുമുള്ള ഒരു സ്ഥാപനവുമായി ഇത്തരമൊരു കേസ് നടത്തിയാല്‍ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് നേരിടേണ്ടി വരുന്ന സാമ്പത്തികനഷ്ടവും സമയനഷ്ടവും വളരെ വലുതായിരിക്കും എന്നതിനാലും അഥവാ അപ്രകാരം ജോലി നേടിയെടുത്താല്‍ തന്നെ തങ്ങള്‍ക്കെതിരേ ശബ്ദിക്കുന്നവരോട് മാനേജ്മെന്റെ സ്വീകരിച്ചു വന്നിട്ടുള്ള പ്രതികാര നടപടികളുടെ സ്വഭാവം അറിയാവുന്നതുകൊണ്ടും അത്തരമൊരു നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്ക് മാത്രമുള്ള ഉറപ്പില്‍ ആ തുകയ്ക്ക് ജോലി സ്വീകരിച്ചാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാനോ കുഞ്ഞിനെ എനിക്കൊപ്പം നിര്‍ത്തി വളര്‍ത്താനോ കഴിയില്ലെന്നുള്ളതുകൊണ്ട് വേണ്ടെന്ന് വച്ച് ഒടുവില്‍ അവിടെ നിന്ന് ഇറങ്ങിപ്പോരികയായിരുന്നു.

ഇന്ത്യയില്‍ തന്നെ മറ്റ് സ്ഥാപനങ്ങളൊന്നും ചെയ്യാത്ത വിധം സ്ത്രീകളെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥാപനം ഗര്‍ഭ സംബന്ധമായ സങ്കീര്‍ണതകള്‍ കാരണം പ്രസവത്തിന് മുമ്പും ശേഷവുമായി ആകെ അഞ്ചുമാസം അവധി എടുത്ത എന്നെ പിന്തുണച്ചത് ഇങ്ങനെയാണ്. ആദ്യം രണ്ട് കൊല്ലത്തെ ട്രെയിനിംഗിനു പുറമേ മറ്റൊരു രണ്ടര കൊല്ലം കൂടി ട്രെയിനിയുടെ വേതനത്തില്‍ പണിയെടുപ്പിച്ചും (അതില്‍ പത്ത് മാസം യാതൊരു കടലാസും കൈയില്‍ കിട്ടിയില്ലെന്ന് നേരത്തേ പറഞ്ഞിരുന്നല്ലോ) പിന്നെ അങ്ങോട്ട് എഴുതി ചോദിച്ചതിന് ശേഷം മാത്രം തമാശ പോലൊരു കരാര്‍ നിയമനത്തിന്റെ കടലാസ് തന്നും. ഇത് എന്റെ മാത്രം അനുഭവമായി ലഘൂകരിക്കേണ്ടതില്ല. സമാനമായ അനുഭവങ്ങള്‍ നേരിടേണ്ടിവന്ന വേറെയും സ്ത്രീ ജീവനക്കാരുണ്ട്. അവരോട് അനുവാദം ചോദിച്ചിട്ടില്ലാത്തതുകൊണ്ടും അത് എന്റെ അനുഭവം അല്ലാത്തതുകൊണ്ടും പേര് വെളിപ്പെടുത്തുന്നില്ല.

അതുകൊണ്ട് പെട്ടെന്നുണ്ടായ ഈ ബോധോദയം വെള്ളം തൊടാതെ വിഴുങ്ങാന്‍ വയ്യ. ഈ പുതിയ തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയ മുതലെടുപ്പും ആസൂത്രണവും മനസ്സിലാക്കാന്‍ മാത്രം വിവേകമുള്ള ധാരാളം സുഹൃത്തുക്കള്‍ ആ സ്ഥാപനത്തില്‍ തന്നെയുണ്ട്. അവരില്‍ പലരും തീരുമാനത്തെ വലിയ വിജയമായി ആഘോഷിക്കുന്നതും കണ്ടു. ആര്‍ത്തവ രക്തം പോലും കച്ചവടച്ചരക്കാക്കപ്പെടുന്നത് വലിയ സംഭവമാണെന്ന് സ്വയം വിശ്വസിപ്പിക്കേണ്ട അവസ്ഥ. ജോലി മതിയാക്കി പോരുന്ന സമയത്ത് രഹസ്യമായി പലരും എനിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പക്ഷെ, പരസ്യമായി എന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്താന്‍ ആരും ധൈര്യം കാണിക്കുകയുണ്ടായില്ല. നിങ്ങള്‍ക്ക് വേണ്ടി സംസാരിച്ചാല്‍ എന്നോട് ദേഷ്യം തോന്നിയാലോ എന്ന് കൈമലര്‍ത്തുകയാണ് ചീഫ് സബ് എഡിറ്റര്‍ പോലും ചെയ്തത്. ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം അത്രത്തോളം സംരക്ഷിക്കപ്പെടുന്നുണ്ട് അവിടെ. വേജ് ബോര്‍ഡിന് അനുകൂലമായി സംസാരിച്ചവര്‍ക്ക്-പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും- നേരിടേണ്ടി വന്ന പ്രതികാര നടപടികള്‍, മാധ്യമലോകത്ത് നടക്കുന്നത് അല്‍പ്പമെങ്കിലും ശ്രദ്ധിക്കുന്ന എല്ലാവരും ഇതിനകം തന്നെ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളതാണല്ലോ. തുണിക്കടകളിലും ചെരുപ്പുകടകളിലും പ്രദര്‍ശിപ്പിക്കാറുള്ള വമ്പിച്ച ആദായ വില്‍പ്പന, വന്‍ വിലക്കുറവ് പോലുള്ള പരസ്യ വാചകങ്ങളേക്കാള്‍ കൂടുതല്‍ ആത്മാര്‍ത്ഥതയൊന്നും മാതൃഭൂമിയുടെ ആര്‍ത്താവാരംഭദിന അവധി പ്രഖ്യാപനത്തില്‍ കാണാന്‍ കഴിയാത്തതും അതാണ്.

സ്ത്രീകളെ മനസ്സിലാക്കുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥാപനം അവിടുത്തെ വനിതാ ജീവനക്കാരോട് എങ്ങനെയെല്ലാം പെരുമാറിയിട്ടുണ്ടെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. ഇതേ വിഷയത്തില്‍ ആശങ്ക തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ ഇനിയുമുണ്ട്. സമാന ആശങ്കകള്‍ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ നവമാധ്യമങ്ങളില്‍ ഇതിനകം തന്നെ പല സുഹ്യത്തുക്കളും രേഖപ്പെടുത്തിയിട്ടുള്ളത് കണ്ടു. അതു കൊണ്ട് അവയിലേക്ക് വിശദമായി കടക്കുന്നില്ല. അതേ സമയം ശുദ്ധിയും അശുദ്ധിയുമെന്ന സങ്കല്‍പ്പത്തില്‍ കാന്റീനിലേക്ക് മാംസാഹാരം കയറ്റാന്‍ പോലും അനുവദിക്കാത്ത ഒരു സങ്കുചിത, യാഥാസ്ഥിതിക സ്ഥാപനത്തില്‍, എനിക്കിതാ ആര്‍ത്തവമായിരിക്കുന്നു എന്ന് സ്ത്രീ പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ എന്തുണ്ടാകും എന്നത് കാത്തിരുന്ന് കാണേണ്ടി വരും. ആര്‍ത്തവ സംബന്ധമായി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ഒന്നോ രണ്ടോ ദിവസം അവധി എടുക്കാന്‍ കഴിയുന്നത് ആശ്വാസം ആയേക്കാം. ആര്‍ത്തവമെന്നത്, പരസ്യമായാല്‍ നാണക്കേട് ഉണ്ടാക്കുന്ന വിഷയവുമല്ല. പക്ഷെ, അതിനെ സ്വാഭാവിക ശാരീരിക പ്രക്രിയയായി കാണാന്‍ കഴിയാത്ത ഏത് ഇടത്തിലും ആര്‍ത്തവാരംഭം തുറന്ന് പറയുന്നത് അത്ര സുഖകരമായ ഏര്‍പ്പാടായിരിക്കാന്‍ ഇടയില്ല.

നിലവില്‍ മാതൃഭൂമി ന്യൂസിലെ വനിതാ ജീവനക്കാര്‍ക്ക് മാത്രമാണ് അവധി അനുവദിച്ചിട്ടുള്ളത്. മാതൃഭൂമിയുടെ തന്നെ മറ്റ് ഓഫീസുകളെ അപേക്ഷിച്ച് ആര്‍ത്തവവും സ്ത്രീ സംബന്ധമായ മറ്റ് വിഷയവും തുറന്ന് സംസാരിക്കാനുള്ള സാഹചര്യം അവിടെ നിലനില്‍ക്കുന്നുണ്ടെന്ന് കരുതിയാല്‍ പോലും കമ്പനിയുടെ മറ്റ് സ്ഥാപനങ്ങള്‍ ജന്‍ഡര്‍ സെന്‍സിറ്റീവായ തൊഴിലിടങ്ങള്‍ അല്ല എന്നതാണ് സത്യം. 2010-നും 2014-നും ഇടയില്‍, ഞാന്‍ അവിടെ ജോലി നോക്കുന്ന കാലത്ത് പുതുതായി ആളെ എടുക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചയ്ക്കിടെ ഒരു മേലധികാരി പറഞ്ഞ കമന്റ് പെണ്ണുങ്ങളെ എടുത്താല്‍ ഗര്‍ഭം, പ്രസവം എന്നൊക്കെ പറഞ്ഞ് അവധിയെടുത്ത് പോകും; ആണുങ്ങളെ എടുത്താല്‍ മതിയെന്നാണ്.

സ്ഥാപനത്തില്‍ ജോലിക്ക് കയറിയ ശേഷം വിവാഹിതരായവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള പരിഹാസങ്ങളും കമന്റുകളും നോട്ടങ്ങളും ചിരികളും അപലപനീയമാണ്. അത്തരം ഇടങ്ങളില്‍ ആര്‍ത്തവം തുറന്നു പറയാന്‍ എത്രത്തോളം സ്ത്രീകള്‍ തയ്യാറാകുമെന്നറിയില്ല. ഒരു പക്ഷെ, മാസമുറക്കാരുടെ സൗകര്യത്തിനെന്ന പേരില്‍ ഒരു മാറിയിരുപ്പ് പുര തന്നെ ഉണ്ടായിക്കൂടെന്നുമില്ല. തൊട്ടുകൂടായ്മയെന്ന ഭീകരത പ്രത്യക്ഷത്തില്‍ യാഥാര്‍ത്ഥ്യമായേക്കും. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നിയമം മൂലം തടയുന്നത് ലിംഗ നിര്‍ണയം മാനക്കേടുണ്ടാക്കുന്ന വിഷയമായതുകൊണ്ടല്ല. അത് ജനിക്കാനും ജീവിക്കാനുമുള്ള കുഞ്ഞിന്റെ അവകാശം നിഷേധിക്കാനും വിവേചനത്തിനും അനീതിക്കും കാരണമാകുന്നത് കൊണ്ടാണെന്ന കാര്യം ഓര്‍ക്കുക.

പ്രഖ്യാപനത്തിന് മുമ്പായി വനിതാ ജീവനക്കാരോട് അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ ആദ്യദിനം എന്ന വിശേഷണം തന്നെ ഉണ്ടാകുമായിരുന്നില്ല എന്ന് ഹസ്സന ഷാഹിത എഴുതിയിരിക്കുന്നത് ശ്രദ്ധേയമായ വസ്തുതയാണ്. സ്ഥാപനത്തിലെ എത്ര വനിതകളോട് സംസാരിച്ചിട്ടാണ് കമ്പനി സ്ത്രീകള്‍ക്ക് വേണ്ടി ഈ തീരുമാനം എടുത്തതെന്ന് അറിയില്ല. എല്ലാ സ്ത്രീകള്‍ക്കും ആദ്യദിനത്തിലാണ് അവധി വേണ്ടതെന്ന് എങ്ങനെയാണ് മനസ്സിലാക്കിയത്. അത് സ്ത്രീകളെ മനസ്സിലാക്കലല്ല, തെറ്റിദ്ധരിക്കലാണ്. സ്ത്രീ ആര്‍ത്തവത്തിന് അവധി എടുക്കണമെന്നും ആദ്യ ദിനത്തിലാണ് അവധി എടുക്കേണ്ടതെന്നുമുള്ള ഏകപക്ഷീയമായ തീരുമാനമല്ലേ അത്?

ഏതായാലും അവകാശപ്പെടുന്ന ആത്മാര്‍ത്ഥത വനിതാ ജീവനക്കാരുടെ കാര്യത്തില്‍ സ്ഥാപനത്തിനുണ്ടെങ്കില്‍ ന്യായമായ വേതനം, അഭിപ്രായ സ്വാതന്ത്യം തുടങ്ങിയ ആണ്‍-പെണ്‍ തൊഴിലാളികളുടെ പൊതുവായ വിഷയങ്ങളിലും വിപ്ലവകരമായ പിന്തുണകള്‍ പ്രഖ്യാപിക്കപ്പെടട്ടേ. അതുവരെ ഇതിന് പരസ്യവാചകത്തിനപ്പുറം ഒരു സവിശേഷതയും കാണാന്‍ കഴിയില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ചിഞ്ചു പ്രകാശ്

ചിഞ്ചു പ്രകാശ്

നേരത്തെ മാതൃഭൂമിയില്‍. ഇപ്പോള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍