UPDATES

സ്വന്തം ഇഷ്ടപ്രകാരം മുഖാവരണം ധരിക്കുന്നവരെ വിലക്കുന്നത് തെറ്റ്; എം ഇ എസിനെതിരെ എം എസ് എഫ്, ജമാഅത്ത് ഇസ്ലാമി വനിതാ നേതാക്കള്‍

മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലടക്കം ഒട്ടനവധി ചരിത്രപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മുന്നിട്ടു നിന്നിട്ടുള്ള എം.ഇ.എസിന്റെ പുതിയ നിലപാടിനെയും ഗൗരവമായിത്തന്നെ കേരളം ചര്‍ച്ച ചെയ്യുകയാണ്

ശ്രീഷ്മ

ശ്രീഷ്മ

മുഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ ക്ലാസിലെത്തരുതെന്ന നിര്‍ദ്ദേശം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഒരു സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് എം.ഇ.എസിന്റെ കീഴിലുള്ള കോളേജുകളില്‍ പുറത്തിറങ്ങിയത്. സര്‍ക്കുലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, കാലങ്ങളായി ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന മുഖാവരണത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും ഉയര്‍ന്നു കഴിഞ്ഞു. മുഖം മറച്ചുകൊണ്ട് ധരിക്കുന്ന നിഖാബ് ഇസ്ലാമികമാണോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണ രീതി സ്ഥാപനങ്ങള്‍ക്ക് ചിട്ടപ്പെടുത്താമോ, മുഖാവരണമടക്കമുള്ള വസ്ത്രധാരണ രീതികള്‍ മുസ്ലിം സ്ത്രീകളുടെ തെരഞ്ഞെടുപ്പാണോ എന്നതടക്കം അനവധി ചോദ്യങ്ങളാണ് എം.ഇ.എസിന്റെ സര്‍ക്കുലറുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. പൊതുവിടങ്ങളില്‍ മുഖം മറയ്ക്കുന്ന രീതി മുസ്ലിം സ്ത്രീകള്‍ പാരമ്പര്യമായി പിന്തുടര്‍ന്നു പോന്നിട്ടില്ലാത്ത ഒന്നാണെന്നും, ഗള്‍ഫ് ബൂമിനു ശേഷം മാത്രം അവതരിപ്പിക്കപ്പെട്ട ഒരു മാറ്റമാണെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍, മുഖം മറയ്ക്കാന്‍ മുസ്ലിം സ്ത്രീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ എതിര്‍ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനു തുല്യമാണെന്ന് മറുവിഭാഗവും പ്രഖ്യാപിക്കുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖാവരണം നിരോധിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും, എം.ഇ.എസിന്റെ നടപടി സ്വീകാര്യമാണെന്നും പലരും അഭിപ്രായപ്പെടുമ്പോഴും, പ്രമുഖ മുസ്ലിം സംഘടനകളിലെ വനിതാ നേതാക്കളില്‍ പലരും എം.ഇ.എസ് തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കാച്ചിയും തട്ടവും ഇട്ടിരുന്ന കേരളത്തിലെ മുസ്ലിം വനിതകളുടെ ഉദാഹരണം ഉയര്‍ത്തുന്നവരോട് എതിര്‍പ്പു പ്രകടിപ്പിക്കുകയാണ് എം.എസ്.എഫിന്റെയും ജമാഅത്ത് ഇസ്ലാമിയുടെയും വനിതാ നേതാക്കള്‍. എം.എസ്.എഫ് നേതൃസ്ഥാനത്തുള്ള ഫാത്തിമ തെഹ്ലിയ, ഹഫ്‌സമോള്‍ എന്നിവര്‍ നേരത്തേ തന്നെ സമൂഹമാധ്യമങ്ങള്‍ വഴി സര്‍ക്കുലറിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞിരുന്നു. താന്‍ മുഖാവരണം ധരിക്കുകയോ ധരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കിലും, സ്വന്തം ഇഷ്ടപ്രകാരം മുഖാവരണം ധരിക്കുന്നവരെ വിലക്കുന്നത് തെറ്റായ നിലപാടാണെന്നാണ് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റായ ഫാത്തിമ തെഹ്ലിയയുടെ പക്ഷം.

‘ഒരു വ്യക്തി എങ്ങനെ പൊതുസമൂഹത്തെ അഭിമുഖീകരിക്കണം, ഏതു തരം വസ്ത്രങ്ങള്‍ ധരിക്കണം എന്നതെല്ലാം അവനവന്റെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് രൂപപ്പെടുന്ന കാര്യങ്ങളാണ്. മറ്റൊരാളുടെ അഭിപ്രായമോ തീരുമാനങ്ങളോ ഇക്കാര്യത്തില്‍ വ്യക്തികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെടാന്‍ പാടില്ലെന്നു തന്നെയാണ് എന്റെ വിശ്വാസം. അതുകൊണ്ടു തന്നെ, ഇത്തരമൊരു സര്‍ക്കുലര്‍ വരുമ്പോള്‍, ഒരു പ്രത്യേക രീതിയില്‍ വസ്ത്രം ധരിച്ചു ശീലിച്ചവര്‍ക്കു മേലുള്ള കടന്നുകയറ്റമാണോ അതെന്ന് ഞാന്‍ ഭയക്കുന്നുണ്ട്. മുഖാവരണം ധരിക്കണമോ എന്നതില്‍ മതത്തിനകത്തു തന്നെ പല തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഞാന്‍ മുഖാവരണം ധരിക്കുകയോ ധരിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യാത്തയാളാണ്. പക്ഷേ, അതു സ്വന്തം ഇഷ്ട പ്രകാരം ധരിക്കുന്ന ധാരാളം പേരെ എനിക്കറിയാം. എം.ഇ.എസ് പോലുള്ള, മുസ്ലിം വിഭാഗത്തെ അഡ്രസ് ചെയ്യുന്ന ഒരു സ്ഥാപനം ഇത്തരത്തില്‍ ഒരു നിലപാടെടുക്കുമ്പോള്‍ അതില്‍ അവ്യക്തതയുണ്ട്. മുഖാവരണത്തെ പിന്തുണയ്ക്കാനല്ല ഞാന്‍ സംസാരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം മുഖാവരണം ധരിക്കുന്നതിനെ എതിര്‍ക്കുന്ന നടപടിയോടാണ് എനിക്ക് വിയോജിപ്പുള്ളത്.

ആശുപത്രികളും കോടതികളും പോലുള്ളയിടങ്ങളില്‍ മുഖാവരണം ധരിക്കണമെന്ന് മതം അനുശാസിക്കുന്നില്ല. മതവിശ്വാസപ്രകരാം നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതല്ല ഇത്. അതുകൊണ്ടു തന്നെ നിര്‍ബന്ധപൂര്‍വം മുഖാവരണം ധരിക്കേണ്ടിവരുന്ന അവസ്ഥയൊന്നും സ്ത്രീകള്‍ക്ക് നിലവിലില്ല. ധരിക്കുന്നവരുണ്ടെങ്കില്‍ ധരിച്ചോട്ടെ. മുഖാവരണം ധരിച്ച വിദ്യാര്‍ത്ഥിനികള്‍ ഇരിക്കുമ്പോള്‍ ക്ലാസെടുക്കാന്‍ ബുദ്ധിമുട്ടാണ് എന്ന തരത്തിലുള്ള വാദങ്ങളും കണ്ടു. ഏറ്റവും അടിസ്ഥാനമായ അവകാശമാണിത്. അത് അനുവദിച്ചുകൊടുക്കുക തന്നെ വേണം. മുസ്ലിം മതവിഭാഗത്തെ മാറ്റി നിര്‍ത്തിയാല്‍, നമ്മുടെ രാജ്യത്തു തന്നെ മറ്റു പല വിഭാഗത്തില്‍പ്പെട്ടവരും മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കാറില്ലേ. രാജസ്ഥാനിലെ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ മാത്രമേ മുഖം കാണിക്കുകയുള്ളൂ. മുഖം പൂര്‍ണമായും മൂടുന്ന തരത്തില്‍ ഷാള്‍ വലിച്ചിട്ട്, കണ്ണും മൂക്കും പോലും മറയ്ക്കുന്നവരാണവര്‍. എന്നിട്ടും മുസ്ലിം സ്ത്രീകളുടെ മുഖാവരണത്തെക്കുറിച്ച് വീണ്ടും വീണ്ടും ചര്‍ച്ചകളുണ്ടാകുന്നത് വിഷയം വഷളാക്കുകയേയുള്ളൂ.’

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ മുഖം മറച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ശ്രീലങ്കയെ മാതൃകയാക്കി ഇന്ത്യയിലും നിഖാബ് നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടതിനു തൊട്ടടുത്ത ദിവസമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എം.ഇ.എസ് മുഖാവരണം വിലക്കിയതെന്നും, ഇത് മുസ്ലിം വിഭാഗത്തിനെതിരായ പൊതുബോധം വളര്‍ത്താനേ സഹായിക്കുകയുള്ളൂ എന്നും തെഹ്ലിയ അഭിപ്രായപ്പെടുന്നുണ്ട്. ഇസ്ലാമിനെ തീവ്രവാദവും ഭീകരതയുമായി ബന്ധപ്പെടുത്തുന്ന ഈ പൊതുബോധത്തെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ശക്തിപ്പെടുത്തുമെന്നും തെഹ്ലിയ പറയുന്നു.

‘പര്‍ദ്ദ, മഫ്ത, നിഖാബ്, ഹിജാബ്, തൊപ്പി, താടി എന്നിവയെല്ലാം തീവ്രവാദത്തിന്റെ ചിഹ്നമായി മാറുന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ ഭീകരാക്രമണമുണ്ടാകുന്നു, അതിനടുത്ത ദിവസങ്ങളില്‍ത്തന്നെ കാസര്‍കോട് പാലക്കാട് മേഖലകളില്‍ എന്‍.ഐ.എ റെയ്ഡുകളും അറസ്റ്റുമുണ്ടാകുന്നു. ഈ വാര്‍ത്തകള്‍ കത്തിനില്‍ക്കുന്ന സമയത്താണ് എം.ഇ.എസിന്റെ സര്‍ക്കുലറും ചര്‍ച്ചയാകുന്നത്. അത്തരത്തിലുള്ള പൊതുബോധം വ്യക്തമായിത്തന്നെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ ഉറപ്പിക്കാനേ ഇതുപോലുള്ള ചര്‍ച്ചകള്‍ സഹായിക്കുകയുള്ളൂ. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ എം.ഇ.എസ് ഇങ്ങനെയൊരു നീക്കം നടത്തിയത് അനുചിതമായി എന്നൊരഭിപ്രായം എനിക്കുണ്ട്. കാവി വസ്ത്രം ധരിക്കുന്നവരെക്കുറിച്ചോ, ളോഹ ധരിക്കുന്നവരെക്കുറിച്ചോ ഇങ്ങനെ ഒരു അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ടോ? ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കുമ്പോള്‍ സാഹചര്യമെങ്കിലും കണക്കിലെടുക്കേണ്ടതായിരുന്നു. നിഖാബിനു വേണ്ടി ഞങ്ങളാരും വാദിക്കുന്നില്ല, ഉപയോഗിക്കുന്നുമില്ല. ഉപയോഗിക്കുന്നവരെ അതിനനുവദിക്കണമെന്നു മാത്രം.’

Read More: എംഇഎസ്സ്‌ സർക്കുലറിനെ തള്ളിക്കളയേണ്ടത് സമസ്തയുടെ വിഡ്ഢിത്തരത്തിന്റെ പേരിലല്ല, മുഖാവരണത്തിന്റെ മറവിൽ പർദ്ദയ്ക്ക് കൊടുക്കുന്ന സാധുതയുടെ പേരിലാണ്

നിഖാബ് ഇസ്ലാം മതത്തില്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള ഒന്നല്ല എന്ന വാദം ശരിവയ്ക്കുമ്പോഴും, നിലവില്‍ ഉയരുന്ന തര്‍ക്കങ്ങള്‍ അസ്ഥാനത്താണെന്നാണ് ജമാഅത്ത് ഇസ്ലാമിയുടെ വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് ചൂണ്ടിക്കാട്ടുന്നത്. മുഖവും മുന്‍കൈയും ഒഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കണമെന്നാണ് സ്ത്രീകള്‍ക്കുള്ള ഇസ്ലാമികമായ നിര്‍ദ്ദേശമെങ്കിലും, നിഖാബ് പോലുള്ള വസ്ത്രങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കുന്ന സ്ത്രീകളെ തടയുന്നതിനോട് യോജിക്കുന്നില്ലെന്നാണ് അഫീദയുടെ പക്ഷം. അഫീദ പറയുന്നതിങ്ങനെ;

‘മതപ്രമാണങ്ങളില്‍ത്തന്നെ നിഖാബിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഒരു വിഭാഗം ധരിക്കാമെന്നും മറു വിഭാഗം ധരിക്കേണ്ട എന്നും പറയുന്നുണ്ട്. അത് അവരവരുടെ തെരഞ്ഞെടുപ്പിന്റെ വ്യത്യസ്തതയാണ്. ഫാസിസ്റ്റ് നയങ്ങള്‍ ശക്തിപ്പെടുന്ന ഒരു സാഹചര്യമുള്ളയിടത്ത്, ഇത്തരം വിഷയങ്ങളെ ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നത് അഭിലഷണീയമല്ല. കാലാകാലങ്ങളായി മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണിതും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സര്‍ക്കുലര്‍ വഴി ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും എതിരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രവാചക ചരിത്രം നോക്കിയാല്‍ അന്നത്തെ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല, ഖുര്‍ആനില്‍ പലയിടത്തും സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണത്തെക്കുറിച്ച് നിര്‍ദ്ദേശങ്ങളുമുണ്ട്. അവയിലൊക്കെയും പെണ്ണിന്റെ ഔറത്തായി പറയുന്നത് മുഖവും മുന്‍കൈയും ഒഴിച്ചുള്ള ഭാഗങ്ങളാണ്. എങ്കിലും അതിനു ശേഷമുള്ള ചരിത്രം പഠിച്ചാല്‍ പല മുസ്ലിം സ്ത്രീകളും നിഖാബ് ഒരു ചോയ്‌സായി സ്വീകരിച്ചതും കാണാം. പഴയകാല വസ്ത്രധാരണ രീതിയില്‍ നിന്നും കടംകൊണ്ടതാണെങ്കില്‍ക്കൂടി, ഏത് മതമെടുത്ത് പരിശോധിച്ചാലും അത്തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിട്ടുണ്ട്. മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളെ മാത്രം ഉന്നംവച്ചുകൊണ്ട് സംസാരിക്കുന്ന രീതിയെയാണ് നമ്മള്‍ വിമര്‍ശിക്കുന്നത്. ലിബറലുകളും പുരോഗമനവാദികളുമെല്ലാം പലരുടേയും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതായി കാണാം. മുസ്ലിം സ്ത്രീയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കു വരുമ്പോള്‍ അവരുടെ നിലപാടുകളെവിടെയാണ് എന്ന് പരതി നോക്കേണ്ട അവസ്ഥയാണ്. സ്ത്രീയുടെ തെരഞ്ഞെടുപ്പായിരിക്കേണ്ട വസ്ത്രധാരണ സ്വാതന്ത്ര്യത്തെ ഒരു സര്‍ക്കുലര്‍ വഴി അടിച്ചേല്‍പ്പിക്കുക എന്നത് എം.ഇ.എസ് പോലൊരു സംവിധാനത്തിനു ചേര്‍ന്നതല്ല. ഇപ്പോഴിതൊരു നിഖാബിന്റെ വിഷയമായിരിക്കാം. ഇനിയുമേറെ മുന്നോട്ടു വരുമ്പോള്‍ പല മുസ്ലിം ചിഹ്നങ്ങളും ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടേക്കാം. അപ്പോള്‍ അതെല്ലാം ഒഴിവാക്കുക എന്നത് ഒരു മതേതര സമൂഹത്തിനു ചേര്‍ന്നതല്ലല്ലോ.’

മുസ്ലിം ലീഗും ജമാഅത്തും പോലുള്ള സുപ്രധാന മുസ്ലിം സംഘടനകള്‍ സര്‍ക്കുലറിനെതിരായി രംഗത്തെത്തുമ്പോഴും, പൊതുവിടങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രധാരണ രീതിയെ തള്ളിക്കളയുന്ന നിലപാടില്‍ത്തന്നെയാണ് എം.ഇ.എസ്. മുഖാവരണം പുതിയ സംസ്‌കാരമാണെന്നും, തൊണ്ണൂറ്റിയൊമ്പത് ശതമാനം മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കാറില്ലെന്നും വിമര്‍ശനങ്ങളോട് പ്രതികരിച്ചുകൊണ്ട് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ മത സംഘടനകളോട് കൂടിയാലോചിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. സര്‍ക്കുലറിലെ പരാമര്‍ശങ്ങളെ എതിര്‍ത്തുകൊണ്ടും തന്നെ വിമര്‍ശിച്ചുകൊണ്ടും രംഗത്തെത്തിയിട്ടുള്ളവരോടുള്ള പ്രതികരണം ഫേസ്ബുക്ക് പേജ് വഴിയും ഡോ. ഫസല്‍ ഗഫൂര്‍ രേഖപ്പെടുത്തിയിരുന്നു. മുഖാവരണം ധരിച്ചുകൊണ്ട് ഭക്ഷണം കഴിക്കാന്‍ പ്രയാസപ്പെടുന്ന സ്ത്രീയുടേതടക്കമുള്ള ചിത്രങ്ങളും ഫസല്‍ ഗഫൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ‘എന്റെ തീരുമാനങ്ങള്‍ എനിക്ക് ശരിയാണെന്ന് തോന്നുന്നിടത്തോളം കുറ്റം പറയുന്ന നാവുകള്‍ക്കു നേരെ ഞാന്‍ എന്റെ കാതുകള്‍ കൊട്ടിയടയ്ക്കുക തന്നെ ചെയ്യും’ എന്നും ഡോ. ഫസല്‍ ഗഫൂര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇ.കെ വിഭാഗം സമസ്തയടക്കം പല മുസ്ലിം മത സംഘടനകളും എം.ഇ.എസ് സര്‍ക്കുലറിനെതിരെ രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണിത്.

മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലടക്കം ഒട്ടനവധി ചരിത്രപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മുന്നിട്ടു നിന്നിട്ടുള്ള എം.ഇ.എസിന്റെ പുതിയ നിലപാടിനെയും ഗൗരവമായിത്തന്നെ കേരളം ചര്‍ച്ച ചെയ്യുകയാണ്.

Read More: സ്ത്രീകളെ കറുത്തവസ്ത്രത്തിൽ പൊതിഞ്ഞ് നടത്തണമെന്നത് ഒരിക്കലും ഇസ്ലാമികമായിരുന്നില്ല-വി പി സുഹ്‌റ പറയുന്നു

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍