UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

ഇ. ശ്രീധരനെ കൊണ്ടുള്ള ദു:ഖങ്ങള്‍

ഇ. ശ്രീധരന്റെ പരിധിയിൽ പെടുന്നതല്ല രാജ്യത്തെ ‘ഏകീകൃത വേതന വ്യവസ്ഥ’ എന്ന ഒന്നുണ്ടെങ്കിൽ അതിന്റെ നിജപ്പെടുത്തൽ

മെട്രോ റെയിലിന്റെ ഉദ്ഘാടനം കഴിഞ്ഞു. പ്രസ്തുത ചടങ്ങിൽ നേരിട്ട് പങ്കെടുത്തവർക്കും ടിവിയിൽ കണ്ടവർക്കും ഇതിന് രണ്ടിനും പറ്റാതെ പത്രവാർത്തകളും അന്തിച്ചർച്ചകളും വഴി അതിനെ പിന്തുടർന്നവർക്കും ഒരുപോലെ  മുഴച്ചുനിന്നതായി അനുഭവപ്പെട്ട രണ്ട് കാര്യങ്ങൾ, ശ്രീധരന്റെ വമ്പിച്ച ജനസമ്മതിയും അതു കണ്ടിട്ടും തന്റെ ഹൃസ്വമല്ലാത്ത പ്രസംഗത്തിൽ ഒരിക്കൽ പോലും ഔപചാരിക മര്യാദയെന്ന നിലയിൽ ആ പേര് ഒന്ന് ഉച്ചരിക്കാൻ വിമുഖതകാട്ടിയ പ്രധാനമന്ത്രിയുടെ അതിലും വമ്പിച്ച താൻപോരിമയുമായിരിക്കും.

ശ്രീധരൻ എന്ന പേർ ഉച്ചരിക്കുന്ന മാത്രയിൽ പ്രസംഗം നിർത്തേണ്ടിവരുന്നത്ര ഉച്ചത്തിലും ദൈർഘ്യത്തിലും സദസ്സിൽ നിന്ന് ഉയരുന്ന കരഘോഷം യഥാർത്ഥത്തിൽ ആരെയും അത്ഭുതപ്പെടുത്തേണ്ടതില്ല. കാരണം കൊച്ചി മെട്രോ എന്ന പദ്ധതിയുടെ പേരുകേൾക്കാൻ തുടങ്ങിയതിനും മുമ്പേ കേട്ടും പറഞ്ഞും പോരുന്ന ഒരു പേരാണ് മലയാളി കൂടിയായ പ്രഗത്ഭ സിവിൽ എഞ്ചിനീയർ ഇ. ശ്രീധരന്റേത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും കൂടി ചേർന്നാണ് കൊച്ചിൻ മെട്രോ കേരളത്തിന്റെ മുഴുവൻ സ്വപ്ന പദ്ധതിയായി മാറിയത്. അത് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അദ്ദേഹത്തെയും ഡിഎംആർസിയെയും മാറ്റി ആഗോള ടെണ്ടർ വിളിക്കാൻ പോകുന്നു എന്ന വാർത്ത പുറത്ത് വന്നപ്പോൾ തന്നെ നാം കണ്ടതാണ്. മറ്റൊരാളിന്റെ നേതൃത്വത്തിലായിരുന്നുവെങ്കിൽ കൊച്ചിൻ മെട്രോയ്ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇത്ര സുഗമമാവുകയില്ലെന്ന് ഭരണ, പ്രതിപക്ഷങ്ങൾ ഒരുപോലെ കുമ്പസരിക്കുന്നതോടെ ചിത്രം പൂർത്തിയാകുന്നു.

അങ്ങനെയൊരു മനുഷ്യനെയാണ് ഉദ്ഘാടന വേദിയിൽനിന്ന് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിമാറ്റാൻ ശ്രമിച്ചതും പിന്നീട് ജനരോഷത്തിനുമുമ്പിൽ മുട്ടുമടക്കി, എങ്കിൽ ശ്രീധരനും പ്രതിപക്ഷ നേതാവും കൂടി ആയിക്കോട്ടെ എന്ന് മയപ്പെട്ടതും എന്ന് കേരളത്തിൽ ഏവർക്കും അറിയാം. അതു തന്നെയാണ് ആ പേര് പ്രാസംഗികർ ഉച്ചരിക്കുന്ന മാത്രയിൽ സദസ്സ് ഇളകിമറിയാനുള്ള കാരണവും. ഇത്രയും വസ്തുതകൾ; സവിശേഷമായ കാര്യകാരണ ബന്ധമുള്ളവ. എന്നാൽ ഇനി പറയാൻ പോകുന്നത് ചില ആശങ്കകളാണ്.

ജനാധിപത്യം വേഴ്സസ് ഉദ്യോഗസ്ഥ രാജ്
ജനാധിപത്യം എന്ന വ്യവസ്ഥയിലൂടെ തന്നെ അധികാരത്തിലെത്തുകയും എന്നാൽ അതിലെ പഴുതുകൾ ഉപയോഗിച്ച് അതിനെ ഘട്ടം ഘട്ടമായി അട്ടിമറിക്കാനുള്ള ഒരു ബൃഹദ് പദ്ധതിക്ക് ഡല്‍ഹിയിലിരുന്ന് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരിയുടെ പശ്ചാത്തലത്തിൽ തന്നെ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ടിവരുന്നതിൽ തീർച്ചയായും ഒരു വൈരുദ്ധ്യമുണ്ട്. എന്നാൽ പല യാഥാർത്ഥ്യങ്ങള്‍ക്കും ഇങ്ങനെയൊരു മാനമുണ്ട്. അതിനെ യുക്തിഭദ്രമായി അഴിച്ചെടുക്കുന്നതിനുപകരം അതിൽ ഏതെങ്കിലും ഒന്നിനെ വലിച്ച് നീട്ടി അതിന്റെ പരകോടിയിൽ കൊണ്ടു കെട്ടിയിട്ട് അതാണ് യാഥാർത്ഥ്യം എന്ന് വാദിച്ചിട്ട് കാര്യവുമില്ല.

ജനപ്രതിനിധികൾക്ക് കിട്ടുന്നതിലും വലിയ പിന്തുണയും സമ്മതിയും ഇ. ശ്രീധരൻ എന്ന വന്ദ്യവയോധികനായ ഉദ്യോഗസ്ഥന് കിട്ടുന്നുവെങ്കിൽ അദ്ദേഹത്തിന്റെ കർമ്മനിരതയും കുശലതയും അർപ്പണവും തന്നെയാണ് കാരണം. പക്ഷേ അതിനെ വലിച്ചുനീട്ടി, അഞ്ചുവർഷം കൂടുമ്പോൾ ഉള്ള തിരഞ്ഞെടുപ്പും സർക്കാരും പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രി, എംപി, എംഎൽഎ ഒക്കെയും വെറും പാഴ്ചിലവാണെന്നും ഉദ്യോഗസ്ഥരെ ഏല്പിച്ചാൽ മതി, ഭരണം നടന്നുകൊള്ളും എന്നുമുള്ള നിഗമനത്തിൽ എത്തിക്കുക ആത്മഹത്യാപരമായ ഒരു നീക്കമായിരിക്കും എന്ന് പറയാതെ വയ്യ.

ഉദ്ഘാടന ചടങ്ങിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വന്ന മുതൽക്ക് കേൾക്കുന്ന ഒരു വാദമാണ് ശ്രീധരനെ കൊണ്ടങ്ങ് ഉദ്ഘാടനം ചെയ്യിച്ചാൽ പോരേ, എന്തിന് മോദി (പിണറായി, ചെന്നിത്തല എന്ന് അതിനൊരു ശബ്ദമില്ലാത്ത തുടർച്ചയുമുണ്ട്) എന്ന വാദം. ഒരു തൊഴിലാളിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചാൽ പോരേ എന്നുമുണ്ട് ചില അത്യാദർശ വാദങ്ങൾ; അവളെ/അയാളെ എങ്ങനെ തിരഞ്ഞെടുക്കുമെന്നതിൽ ആദർശ പോംവഴികളൊന്നും കേട്ടുമില്ല.

എന്തിന് മോദി?
ഒരു ജനാധിപത്യ രാജ്യത്തിൽ നടക്കുന്ന ഏല്ലാത്തരം വികസന പ്രവർത്തനങ്ങളുടെയും ‘ക്രെഡിറ്റ്’ ആത്യന്തികമായി അതിലെ പൗരസമൂഹത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ വിശാലമായ ആ സമൂഹത്തെ ഒരു വേദിയിൽ ഉൾക്കൊള്ളിക്കാവുന്നതല്ല. ഉദ്ഘാടനം പോലെയുള്ള പ്രതീകാത്മക ചടങ്ങുകളിൽ അവരുടെ പ്രാതിനിധ്യവും പ്രതീകാത്മകമായി, പ്രാതിനിധ്യ രൂപിയായി മാത്രമേ സാധ്യമാകൂ. മുഴുവൻ ജനങ്ങളുടെയും പ്രാതിനിധ്യത്തിന്റെ ഒരു പ്രതീകം എന്ന നിലയിലാണ് ഏതെങ്കിലും ഒരു പൊതു പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അപ്പോൾ നിലവിൽ ജനപ്രതിനിധിയായ, മന്ത്രിയായ, മുഖ്യമന്ത്രിയായ, പ്രധാനമന്ത്രിയായ ആൾ പങ്കെടുക്കുന്നത്.

എന്തിന് മോദി എന്ന ചോദ്യത്തിന്റെ ഉത്തരം രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ഒരു നിലയ്ക്കും യോജിക്കാനാവില്ലെങ്കിലും മേൽപ്പറഞ്ഞ പ്രതീകാത്മക പ്രതിനിധാനത്തിന്റെ രീതിശാസ്ത്രമനുസരിച്ച് അദ്ദേഹം ഇന്ത്യയിലെ മുഴുവൻ പൗരസമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നു എന്നതാണ്. “ജനാധിപത്യം എന്ന വ്യവസ്ഥയിലൂടെ തന്നെ അധികാരത്തിലെത്തുകയും എന്നാൽ അതിലെ പഴുതുകൾ ഉപയോഗിച്ച് അതിനെ ഘട്ടം ഘട്ടമായി അട്ടിമറിക്കാനുള്ള ഒരു ബൃഹദ് പദ്ധതിക്ക് ഡല്‍ഹിയിൽ ഇരുന്ന് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരി” എന്ന് മുകളിൽ പറഞ്ഞത് വിഴുങ്ങിയിട്ടൊന്നുമല്ല ഇത് പറയുന്നത്. ജനാധിപത്യത്തിൽ തിരഞ്ഞെടുക്കാനുള്ള വിവേചനാധികാരം അധികാരികളായ പൊതുജനങ്ങളുടേതാണ്; അതായത് നമ്മുടേത്. അതിൽ നമുക്ക് തെറ്റുപറ്റിയാൽ അത് മനസിലാക്കുകയും അടുത്ത അവസരത്തിൽ തിരുത്തുകയുമേ വഴിയുള്ളൂ. അതുവരെ നമ്മെ പ്രതിനിധാനം ചെയ്യുന്നത് നമുക്ക് ഇപ്പോൾ തെറ്റായി തോന്നിയാൽ പോലും നാം മുമ്പ് തിരഞ്ഞെടുത്തവർ തന്നെയായിരിക്കും.

ഒരു പൊതുപദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്ന വേദിയിൽ ജനപ്രതിനിധികൾ പ്രധാനമന്ത്രി, പ്രസ്തുത വകുപ്പ് ഭരിക്കുന്ന കേന്ദ്രമന്ത്രി, മുഖ്യമന്ത്രി, സ്ഥലം എംഎൽഎ, എംപി, പ്രതിപക്ഷ നേതാവ് ഒക്കെയും ഇരിക്കുന്നത് അവരൊക്കെ തന്നെയാണോ ഇതിന് തറക്കല്ലിട്ടത്, ഫയലുമുതൽ കല്ലുവരെ ചുമന്നത് എന്ന കണക്കിലല്ല, ഇതിനാവശ്യമായ പണം മുടക്കിയ നമ്മുടെ പ്രതിനിധികൾ എന്ന നിലയിലാണ് എന്ന് ചുരുക്കം. അത്രയും ‘ക്രെഡിറ്റ്’ മാത്രമേ അവർക്കുള്ളു. അല്ല എന്ന് വിചാരിക്കുന്നത് യഥാർത്ഥത്തിൽ നമുക്കിടയിലെ, പൊതുസമൂഹത്തിലെ വിഭാഗീയതയുടെ പ്രശ്നമാണ്. കൊച്ചിൻ മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ മന്‍മോഹൻ സിംഗും ഉമ്മൻ ചാണ്ടിയും ഇല്ലാത്തതിന്റെ കാരണവും മോദിയും പിണറായി വിജയനും ഉള്ളതിന്റെ കാരണവും അത്രത്തോളം ലളിതമാണ്.

കല്ല് വിഗ്രഹമായാൽ തച്ചൻ തീണ്ടാപ്പാടകലെ…
‘കല്ല് വിഗ്രഹമായാൽ തച്ചൻ തീണ്ടാപ്പാടകലെ’ എന്നത് ശ്രീധരനെ മെട്രോ റെയിലിന്റെ ഉദ്ഘാടന വേദിയിൽനിന്ന് സുരക്ഷാ കാരണം പറഞ്ഞ് മാറ്റിനിർത്തുന്നു എന്ന വാർത്ത പുറത്തുവന്നത് മുതൽ കണ്ടും കേട്ടും വരുന്ന ഒരു സില്ലജിസമാണ്; ഉദ്ദേശശുദ്ധി സമ്മതിച്ചുകൊണ്ട് തന്നെ പറയട്ടെ, തെറ്റായ ഒന്നും, മെട്രോ റെയിൽ ഒരു രൂപകം എന്ന നിലയിൽ പോലും വിഗ്രഹമാവില്ല, ശ്രീധരൻ അതിന്റെ തച്ചനും.

തച്ചനും വിഗ്രഹവും തമ്മിലുള്ളത് ശില്പിയും ശില്പവും തമ്മിലുള്ള ഒരുതരം പ്രത്യക്ഷമായ ബന്ധമാണ്. അതിന്റെ മൗലികത അതിന്റെ വൺ ടു വൺ ബന്ധത്തിൽ അധിഷ്ഠിതമാണ്. ശില്പനിർമ്മാണത്തിനുള്ള സാമഗ്രി, അത് പാറയായായാലും തടിയായാലും കളിമണ്ണായാലും ചുമന്ന് എത്തിക്കാനും കളിമണ്ണെങ്കിൽ കുഴയ്ക്കാനുമൊക്കെ മറ്റൊരു വ്യക്തിയുടെ സാന്നിധ്യമുണ്ടാകാം. പക്ഷേ ശില്പം, അതിലെ ഓരോ വിരൽപ്പാടും ശില്പിയുടേത് മാത്രമാണ്. വിഗ്രഹത്തിൽ തച്ചന്റേതും. അത്തരം ഒരു ബന്ധത്തിൽ ഉള്ളതു പോലെ ഒരു സമഗ്ര ഉടമസ്ഥത സിവിൽ നിർമ്മിതികളിലും ഉണ്ടെന്ന് വാദിക്കുന്നത് വച്ച വീട് എഞ്ചിനീയറുടേതാണെന്ന് പറയുമ്പോലെയാണ്.

തീർച്ചയായും ഓരോ നിർമ്മിതിയിലും അതിന്റെ ഉടമസ്ഥർക്കൊപ്പം അതിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളുടെ അദ്ധ്വാനമുണ്ട്. അതിനെ അംഗീകരിക്കുകയും പ്രതീകാത്മകമായെങ്കിലും ബഹുമാനിക്കുകയും ചെയ്യുന്നത് എത്തിക്കലായ ഒരു കാര്യമാണ്. വീട് പാലുകാച്ചുമ്പോൾ അതിനായി പണിയെടുത്ത എല്ലാവർക്കും പുതുവസ്ത്രവും സദ്യയും നൽകുന്നത് പോലെ ഒന്ന്. എന്നുവച്ച് ഞാൻ പണിത വീടാണെന്ന അവകാശവും പറഞ്ഞ് എഞ്ചിനീയർക്കും പണിക്കാർക്കും നമ്മുടെ വീട്ടിൽ ഒരു സ്ഥിരാവകാശവും ഉണ്ടാവണം എന്ന് പറയാൻ പറ്റില്ലല്ലോ. ഈ പറഞ്ഞ തച്ചൻ – വിഗ്രഹം സില്ലജിസം തന്നെ എടുത്താൽ, ശില്പമല്ല വിഗ്രഹം; ശില്പി ഉണ്ടാക്കുന്ന ദേവീ/ദേവ രൂപങ്ങളെല്ലാം വിഗ്രഹ പദവി ആർജ്ജിക്കുന്നില്ല. വേണമെങ്കിൽ അത് വിഗ്രഹാരാധകരുടെ പൊതുബോധത്തിന്റെ സമ്മതിയിലൂടെ കടന്നുപോകണം, കലാകാരന്റെ ഈസ്തറ്റിക് അവകാശവാദങ്ങൾ പോര.

ആ നിലയ്ക്ക് നിലനിൽക്കുന്ന പൊതുബോധത്തെ അറിഞ്ഞുകൊണ്ട് തന്നെ അതിന് തലവച്ചുകൊടുക്കേണ്ടിവരുന്ന ഒരു തൊഴിലാളി തന്റെ ഗതികേടിന്റെ രണ്ടാം തലയ്ക്കൽ അനുഭവിക്കുന്ന വൈകാരിക പ്രശ്നം മനസിലാക്കാം. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയിൽ കാണുന്നതുപോലെ. പക്ഷേ അവരുമായി താരത്മ്യം ചെയ്യുമ്പോൾ പ്രിവിലേജ്ഡായ തച്ചനും – അതും വിഗ്രഹം കൊത്തുന്ന തച്ചൻ – അതംഗീകരിച്ച് കൊടുക്കുക പ്രയാസമാകും.

ശ്രീധരന്റെ മെട്രോ അഥവാ മെട്രോമാൻ ശ്രീധരൻ
മറ്റൊരാളിന്റെ നേതൃത്വത്തിലായിരുന്നുവെങ്കിൽ കൊച്ചിൻ മെട്രോയ്ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇത്ര സുഗമമാവുകയില്ലെന്ന് ഭരണ, പ്രതിപക്ഷങ്ങൾ ഒരുപോലെ കുമ്പസരിക്കുന്നതിനെക്കുറിച്ച് നമ്മൾ മുകളിൽ പറഞ്ഞു. അത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവവും കേരളീയ സാഹചര്യങ്ങളിൽ പല കാരണങ്ങൾകൊണ്ട് അതിനടുത്തെങ്ങും എത്താൻ പോന്നത്ര പൊതുസമ്മതം നേടാനാവാത്ത രാഷ്ട്രീയ കക്ഷികളുടെയും ഭരണ കർത്താക്കളും, കാര്യങ്ങളെ ഇങ്ങനെ നിലനിർത്തുന്ന കിംഗ് മേക്കർമാരായ മാധ്യമങ്ങളും എല്ലാം ചേരുന്ന ഒരു പ്രശ്നം. ചോദ്യം അതല്ല, ഒരു ശില്പി തന്റെ വിഗ്രഹം എന്നത് പോലെ ഇ ശ്രീധരൻ നിർമ്മിച്ചതാണോ കൊച്ചി മെട്രോ, അല്ലെങ്കിൽ മറ്റേതെങ്കിലും തത്തുല്യ നിർമ്മിതി?

പാളത്തിന് കുറുകേ ഇടാൻ റെയിൽവേ കൊണ്ട് കൂട്ടിവച്ച തടിയിൽ നിന്ന് മോഷ്ടിച്ച് ശില്പമുണ്ടാക്കിയ, പിടിച്ചിരുന്നെങ്കിൽ തസ്കരനായി മാറുമായിരുന്ന മനുഷ്യൻ അത് സംഭവിക്കാത്തതിനാൽ പിന്നീട് മരണാനന്തരം രാജ്യത്തിന്റെ സാംസ്കാരിക സ്വത്തായി മാറിയ കഥ നമ്മൾ കേട്ടിട്ടുണ്ട്. അത്തരം ഒരു ശില്പകഥ പോലെ തീരുന്നതല്ല സിവിൽ നിർമ്മിതികളുടെയും അതിന്റെ ഉടമസ്ഥാവകാശത്തിന്റെയും കഥ എന്നാണീ പറഞ്ഞുവരുന്നത്. മെട്രോ റെയിൽ എന്ന ആശയം ആദ്യമായി ഇന്ത്യയിൽ കുരുത്തതല്ല. എന്നുവച്ച് അതിന്റെ ഇന്ത്യയിൽ പ്രാവർത്തികമായ മാതൃകകളിൽ അദ്ദേഹത്തിന്റെ പ്രൊഫഷണൽ അർപ്പണവും കുശലതയും അടിമുടി ഉണ്ട് താനും. ആൾക്കാരെ അവർ അർഹിക്കുന്ന നിലയ്ക്ക് അംഗീകരിക്കുന്നതിനെ കുറിച്ചല്ല നാം ചർച്ച ചെയ്തു വരുന്നത്, മറിച്ച് നമ്മുടെ തന്നെ ചില രേഖീയമായ ആന്തരിക യുക്തികളെയും അവ ഉണ്ടാക്കുന്ന അപകടങ്ങളെയും കുറിച്ചാണ്.

ആരുടെ സൃഷ്ടിയാണ് കൊച്ചിൻ മെട്രോ എന്ന് ചോദിച്ചാൽ അതിന് ഇന്‍ക്ലൂസീവായ ഒരു മറുപടി എന്തായിരിക്കും? പൊതുസമൂഹത്തിന്റേതായിരിക്കും എന്നത് വ്യക്തം, അല്ലാതെ വിഗ്രഹം നിർമ്മിച്ച ശില്പിയുടേതോ അത് ഓർഡർ ചെയ്ത രാജത്വത്തിന്റെയോ അല്ല ഈ ആധുനിക സമൂഹത്തിൽ. ആ നിലയ്ക്ക് കൊച്ചിൻ മെട്രോ എന്നല്ല, അത്തരം ഒരു വികസന പദ്ധതിയും ഏതെങ്കിലും വ്യക്തിഗത ശില്പിയുടേതല്ല, നമ്മൾ എന്ന ഒരു ബഹുസ്വര സാന്നിധ്യം സാധ്യമാക്കിയ എക സ്വരത്തിന്റെയാണ്. അത്ന്റെ പ്രതിനിധാനം സാങ്കേതികമായിരിക്കാം. പക്ഷേ ആ ‘ക്രെഡിറ്റി’ൽനിന്ന് നമ്മൾ നമ്മെ സ്വയമുപേക്ഷിക്കുന്നത് ആത്മഹത്യാപരമായ ഒരു തുടക്കമായിരിക്കും. അതിന്റെ സൂചനകൾ ഇപ്പോഴേ ഉണ്ട്; അത് വഴിയേ പറയാം.

ഇ. ശ്രീധരൻ എന്ന പ്രൊഫഷണൽ ഇന്ത്യക്കും കേരളത്തിനും ഡിഎംആർസിക്കും ഒരു അസറ്റ് തന്നെയായിരുന്നു എന്നതിൽ തർക്കമില്ല. എന്നാൽ ആ മനുഷ്യന്റെ പേര് അയാൾ ഒരിക്കലും ഉന്നയിച്ചിട്ടില്ലാത്ത (ചുരുങ്ങിയത് എന്റെ അറിവിലെങ്കിലും) അവകാശവാദങ്ങൾക്ക് മറുപടി പറയാനായി വീണ്ടും വീണ്ടും വലിച്ചിഴയ്ക്കേണ്ടിവരുന്നതിൽ അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയേ നിവൃത്തിയുള്ളു. കാരണം സർ, നിങ്ങൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ഇന്നൊരു പ്രതീകമാണ്. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു അസ്തിത്വമുണ്ട്. അത് കാണുകയും അംഗീകരിക്കുകയും ചെയ്യുന്നവരും കേരളത്തിലുണ്ട്. പക്ഷേ ഇന്നീ തിളച്ചുമറിയുന്ന ആൾക്കൂട്ടം അവരെയല്ല പ്രതിനിധാനം ചെയ്യുന്നത്. അവർ പ്രതിനിധാനം ചെയ്യുന്നത് ഒരു അരാഷ്ട്രീയ ഉദ്യോഗസ്ഥരാജിന്റെ ഫാൻസ് ക്ലബ്ബിനെയാണ്. ദൗർഭാഗ്യവശാൽ നിങ്ങൾ അതിന്റെ ഒരു പ്രതീകമായി മാറിയിരിക്കുന്നു. ആ പ്രതീകത്തിന്റെ ഉള്ളടക്കത്തിൽ നിങ്ങൾ എന്ന വ്യക്തിക്ക് ഒരു നിർണ്ണയാവകാശവുമില്ല; അത് മുഴുവനായും ബ്രാൻഡിനാണ്. ആ ബ്രാൻഡാവട്ടെ നിങ്ങളല്ല, നിങ്ങൾ ഉണ്ടാക്കിയതുമല്ല; അത് പൂർണ്ണമായും ഒരു മാധ്യമ നിർമ്മിതിയുമാണ്. ആ ബ്രാൻഡാണ് ‘മെട്രോമാൻ’.

ശ്രീധരന്റെ ദു:ഖങ്ങൾ
എല്ലാം കഴിയുമ്പോൾ കയ്യടികളിൽ മുങ്ങിപ്പോകുന്ന ചില ദു:ഖങ്ങളുമുണ്ട് ഇ. ശ്രീധരന്. അവ വായിക്കുമ്പോൾ മനസിലാകും, ഉദ്യോഗസ്ഥരാജ് പോരേ എന്ന ചോദ്യം എത്രത്തോളം അസംബന്ധം നിറഞ്ഞതാണെന്നതും. കേരളം ഇ. ശ്രീധരൻ എന്ന പ്രൊഫഷണലിനെ കയ്യടികൾ കൊണ്ട് ഉറക്കം കെടുത്തുമ്പോഴും ചില വിമർശന സ്വരങ്ങൾ കൂടി അതിനിടയിൽ ഉണ്ടാവുന്നുണ്ട് എന്നത് അത് ഉന്നയിക്കുന്നവരുടെ ‘കഴപ്പ്’ കൊണ്ട് മാത്രം ഉണ്ടാവുന്നതല്ലെന്നും.

പദ്ധതി ഒരു വർഷത്തോളം വൈകിയത് ഇവിടുത്തെ മൺസൂൺ കാരണമാണെന്നാണ് അദ്ദേഹം പറയുന്നത്. ആറുമാസം ഇവിടെ മഴയാണ്. ഡിഎംആർസി പണി ചെയ്യിക്കുന്നതാവട്ടെ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടും. അതിന് കാരണം ഇവിടുത്തെ വേതന വ്യവസ്ഥയുമായി, അതായത് ദിവസക്കൂലിയായ 700-800 രൂപയുമായി പൊരുത്തപ്പെട്ട് ഈ പണി തീർക്കാൻ അവരുടെ ടെൻഡറിന് കഴിയില്ല എന്നതും. ബീഹാറിൽ നിന്നും ഝാര്‍ഖണ്ഡില്‍ നിന്നും ഒക്കെ 300-350 രൂപ വേതനത്തിൽ കൊണ്ടുവന്ന തൊഴിലാളികളുടെ കർമ്മശേഷി കാലാവസ്ഥയാൽ കവർന്നെടുക്കപ്പെടുന്ന അവസ്ഥ മുന്‍കൂട്ടി കാണാനാവാത്തത് കരാർ കാലാവധി നീളുന്നതിന് കാരണമായി എന്നാണ് ശ്രീധരൻ പറയുന്നത്.

ഈ കുമ്പസാരം കടുത്ത വിമർശനങ്ങൾക്കും പ്രതിവിമർശനങ്ങൾക്കും കാരണമായി. വ്യക്തിഗത ദർശനങ്ങളുടെ അടിസ്ഥാനത്തിനാണവ എന്നതുകൊണ്ട് തന്നെ മറുപക്ഷത്തെ വ്യക്തിപരമായി തന്നെ ആക്ഷേപിക്കുന്നതായി അതിന്റെ ഭാഷ. പൊതുബോധം ഇ. ശ്രീധരനെ വീരനായകനായി കാണുന്നു എന്നതിനാൽ തന്നെ ഈ വിഷയത്തിൽ ഇത്തരം ഒരു ആങ്കിൾ കൊണ്ടുവരുന്നവർ ‘അക്രമാസക്തമായി തന്നെ’ ആക്രമിക്കപ്പെട്ടു.

പ്രൊഫഷണൽ എന്തുചെയ്യണം
ഇവിടെ സംഭവിച്ചത്  ഉദ്യോഗസ്ഥരാജ് വേഴ്സസ് ജനാധിപത്യം എന്ന യഥാർത്ഥ വിഷയത്തിൽ നിന്ന് വഴിമാറി മനുഷ്യർ നല്ലവരായ ബ്യൂറോക്രാറ്റ്സ്/ തിന്മ കണ്ടുപിടിച്ച രാഷ്ട്രീയക്കാർ, അർപ്പണം / ഉത്തരവാദിത്തമില്ലായ്മ, അഴിമതിരാഹിത്യം/ നോട്ടെണ്ണൽ മെഷീൻ എന്ന നിലയ്ക്ക് യുദ്ധത്തെ അവരവരുടെ രാഷ്ട്രീയ ചായ്വുകൾക്ക് ഇടയിലാക്കി. ഉദ്യോഗസ്ഥരാജിന്റെ പ്രശ്നങ്ങൾ; ടോമിൻ ജെ തച്ചങ്കരി മുതൽ അഭിനവ ഇൻസ്പെക്ടർ ബൈജു വരെ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴാണീ ആദർശവത്ക്കരണം എന്നതാണ് ഏറ്റവും വിചിത്രം.

ശ്രീധരൻ എന്ന പ്രൊഫഷണലിനെ സംബന്ധിച്ചിടത്തോളം ഏറ്റ പണി അഴിമതിയൊന്നും കൂടാതെ പരമാവധി എഫിഷ്യന്റായി ചെയ്യുക എന്നതിലവസാനിക്കുന്നു അദ്ദേഹത്തിന്റെ റോൾ. അത് ജനകീയമാണോ ഫ്യൂഡലാണോ മുതലാളിത്തബന്ധിയാണോ എന്നതൊന്നും പുള്ളിയുടെ തലവേദനയല്ല. ഏറ്റ പണി നിലനിൽക്കുന്ന വ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് എങ്ങനെ പരമാവധി ലാഭകരമായി ചെയ്യാം എന്നതാണ് ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ അദ്ദേഹത്തിന്റെ മേഖല. അതിന് നിയമപരമായി അനുവദനീയമായ മാർഗ്ഗമാണ് ബീഹാറിൽ നിന്നും ഝാര്‍ഖണ്ഡിൽ നിന്നും 300-350 രൂപ ദിവസ വേതനത്തിന് ആളുകളെ നിയമിച്ച് പദ്ധതി പൂർത്തിയാക്കുക എന്നത്. അതിൽ കാലാവസ്ഥയും തൊഴിലാളിയും തമ്മിലുള്ള പൊരുത്തമില്ലായ്മ കുഴിച്ച കുഴി ഡിഎംആർസി മുന്‍കൂട്ടി കണ്ടില്ല എന്ന് വേണമെങ്കിൽ പറയാമെന്ന് മാത്രം; ബാക്കിയൊക്കെ നിയമവിധേയമാണ്.

ഇതിൽ ഇ. ശ്രീധരന്റെ പരിധിയിൽ പെടുന്നതല്ല രാജ്യത്തെ ‘ഏകീകൃത വേതന വ്യവസ്ഥ’ എന്ന ഒന്നുണ്ടെങ്കിൽ അതിന്റെ നിജപ്പെടുത്തൽ. നിലവിലുള്ള അവസ്ഥയെ അവർക്ക് കൂലി നൽകുന്നവർക്ക് അനുരൂപമായി ഉപയോഗിക്കുന്നവർ മാത്രമാണ് പ്രൊഫഷണലുകൾ. തുല്യ ജോലിക്ക് തുല്യ വേതനം എന്നത് ഒരു ദർശനമാണ്. അത് പ്രയോഗതലത്തിൽ സാധിക്കാൻ പ്രൊഫഷണലുകൾ മതി എന്ന് വിശ്വസിക്കുന്നവർ വായിക്കേണ്ട ‘ഭഗവദ് ഗീത’യാണ് ഇ. ശ്രീധരന്റെ കുമ്പസാരം. ഒപ്പം അവർ ഒന്നുകൂടി കേൾക്കണം. നമ്മുടെ ഇ. ശ്രീധരൻ നമ്മോട് പറയുന്നത് നമ്മൾ ‘വിചാരിക്കാത്ത ഒരു നിധിയാണ് കിട്ടിയിരിക്കുന്നത്’ എന്നാണ്.

കല്ല് വിഗ്രഹമാകുമ്പോൾ തീണ്ടാപ്പാടകലെയാകുന്ന ശില്പി അവിടെ നിൽക്കട്ടെ, മെട്രോ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമ്പോൾ അത് വിചാരിക്കാതിരുന്ന് കിട്ടുന്ന, എന്നുവച്ചാൽ അത് അർഹിക്കാത്ത നിധിയായി ചുമക്കുന്ന, ഭാഗവതം സ്ഥിരമായി വായിക്കുകയോ, ‘മുക്തി സുധാകരം’ സ്ഥിരമായി കേൾക്കുകയോ ചെയ്യാത്ത മലയാളിയുടെ  ജീവിതചര്യ, എങ്ങനെ വൃത്തിയായി കൊണ്ടുനടക്കും എന്ന് ഭയപ്പെടുന്ന ഒരു മെട്രോ ശില്പി കൂടെയുണ്ട്. അതും കൂടി ചേർത്ത് വായിച്ച് വേണം ഇനി ഉദ്യോഗസ്ഥരാജ് പോരേ എന്ന് ചോദിക്കുമ്പോൾ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍