UPDATES

വ്യാജപ്രചരണങ്ങളല്ല, ഈ നാടിന്റെ സ്‌നേഹത്തിനും കരുതലിനും നന്ദി പറയുന്ന ഈ കുട്ടികളെ കേള്‍ക്കൂ; ഇതര സംസ്ഥാനക്കാരോട് കേരളം എങ്ങനെ പെരുമാറുന്നുവെന്നു മനസിലാക്കാം

മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും നേരില്‍ കണ്ട് നന്ദി പറയാന്‍ കാത്തിരിക്കുകയാണ് മലമുറി നിര്‍മല യുപി സ്‌കൂളിലെ ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍

എന്താണ് കേരളം ഈ നാട്ടിലേക്കു വരുന്നവരോടു പുലര്‍ത്തുന്ന മനോഭാവമെന്നു പറഞ്ഞു തരികയാണ് മലമുറി നിര്‍മല യുപി സ്‌കൂളിലെ ഈ കുട്ടികള്‍. അവര്‍ ഓഡീഷക്കാരും ബംഗാളികളും ബിഹാറികളും ഛത്തീസ്ഗഢുകാരും തമിഴരുമൊക്കെയാണ്. പക്ഷേ ഇപ്പോഴവര്‍ക്ക് മലയാളം സ്വന്തം ഭാഷയാണ്, കേരളം സ്‌നേഹവും കരുതലും നല്‍കുന്ന നാടുമാണ്. വ്യാജപ്രചാരകര്‍ക്ക് ഈ കുട്ടികളോളം നല്ല മറുപടിയുമില്ല.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഇതരസംസ്ഥാനക്കാര്‍ക്ക് ജീവിക്കാന്‍ നിര്‍വാഹമില്ലാത്ത ഇടമാണ് കേരളമെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍പ്രചാരണം ആരംഭിച്ചത്. കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടല്‍ ഉടമ പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്നു കെട്ടിത്തൂക്കിയെന്ന ശബ്ദ സന്ദേശം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുകയും ഒരു വിഭാഗത്തിനെയെങ്കിലും അതുവഴി ഭയപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ക്ക് കഴിയുകയും ചെയ്തിരുന്നു. മറ്റേതൊരു സംസ്ഥാനത്തേക്കാള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരല്ലെന്നു സ്ഥാപിക്കാനുള്ള ശ്രമം. അതൊരു പാഴ്ശ്രമമായി തീര്‍ന്നെങ്കിലും കേരളം എങ്ങനെയാണ് അതിനെ തേടിയെത്തുന്നവരോട് പെരുമാറുന്നതെന്ന് ഉദ്ദാഹരണ സഹിതം വ്യക്തമാക്കാന്‍ എറണാകുളം പെരുമ്പാവൂരിലെ മലമുറി നിര്‍മല യുപി സ്‌കൂളില്‍ പഠിക്കുന്ന ഇതരസംസ്ഥാനക്കാരുടെ കുട്ടികളുടെ പ്രവര്‍ത്തി ആവര്‍ത്തിച്ചു പറയാം. സ്‌കൂളിലെ മൂന്നും നാലും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും എഴുതിയ കത്തില്‍ തങ്ങളുടെ അനുഭവമാണ് പകര്‍ത്തുന്നത്. ‘ഈ നാട് തങ്ങള്‍ക്കായി കരുതിവച്ച സ്‌നേഹത്തിനും കരുതലിനും നന്ദി പറയാന്‍ നേരില്‍ കാണാന്‍ മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും കാത്തിരിക്കുകയാണവര്‍. മലയാളത്തില്‍ എഴുതിയ ആ കത്തില്‍ അവര്‍ പ്രകടിപ്പിക്കുന്നത് നന്ദിയാണ്, നിറഞ്ഞ സ്‌നേഹവും. ‘പഠിക്കാന്‍ പുസ്തകവും സൗജന്യ യൂനിഫോമും ഉച്ചഭക്ഷണവും യാത്രസൗകര്യവും നല്‍കി വിജ്ഞാന വെളിച്ചം പകര്‍ന്ന ഈ നാടിനും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നു. നിങ്ങള്‍ ഇരുവരേയും നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്. ആ കുട്ടികള്‍ എഴുതി ഈ വാചകങ്ങള്‍…

"</p

പെരുമ്പാവൂര്‍ ഇതരസംസ്ഥാനങ്ങള്‍ വലിയതോതില്‍ വന്നുചേര്‍ന്നിരിക്കുന്നിടമാണ്. ഇവിടെയുള്ള പ്ലൈവുഡ് കമ്പനികളിലും മറ്റു തൊഴില്‍ സ്ഥാപനങ്ങളിലുമായി വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ധാരാളംപേര്‍ ജോലി ചെയ്യുന്നുണ്ട്. കേരളത്തില്‍ കുടുംബങ്ങളായി താമസിക്കുന്ന ഇതരസംസ്ഥാനക്കാരായവരുടെ കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ പലപ്പോഴും മാതാപിതാക്കള്‍ കാര്യമായി ശ്രദ്ധ കൊടുക്കാതെ വരുന്നതും അതുവഴി ബാലവേലകളിലേക്ക് ഈ കുട്ടികള്‍ നിര്‍ബന്ധിതമായി വന്നുവീഴുന്നതും പലയിടങ്ങളിലും കാണാറുണ്ട്. ഈ അവസ്ഥയില്‍ നിന്നും കുട്ടികളെ മോചിപിച്ച് അവര്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കി കൊടുക്കാന്‍ സര്‍ക്കാര്‍ തലത്തിലും മറ്റു കേന്ദ്രങ്ങളുടെ നേതൃത്വത്തിലും സജീവമായ പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് മികച്ച ഉദ്ദാഹരണമാണ് മലമുറി നിര്‍മല യുപി സ്‌കൂള്‍. ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഢ്, തമിഴ്‌നാട് സ്വദേശിയകളായി 75 വിദ്യാര്‍ത്ഥികള്‍ നിര്‍മല സ്‌കൂളില്‍ പഠിക്കുന്നുണ്ട്. രായമംഗലം പഞ്ചായത്തിലായി സ്ഥിതി ചെയ്യുന്ന പ്ലൈവുഡ് കമ്പനിയിലേയും മറ്റും തൊഴിലാളികളുടെ മക്കളാണ് ഇവിടെ പഠിക്കുന്നതെന്നു ഹെഡ്മാസ്റ്റര്‍ എല്‍ദോ പോള്‍ അഴിമുഖത്തോടു പറയുന്നു. പെരുമ്പാവൂരിലെ വിവിധ വിദ്യാലയങ്ങളില്‍ ഇതുപോലെ ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ പഠിക്കുന്നുണ്ടെന്നു എല്‍ദോ പോള്‍ ചൂണ്ടിക്കാണിക്കുന്നു. രായമംഗലം കണ്ടന്തറ ഗവ.യുപി സ്‌കൂളില്‍ നൂറിലധികം കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. മാതാപിതാക്കള്‍ക്കിടയില്‍ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തിയും മറ്റുമാണ് അവരെ സ്‌കൂളിലേക്ക് കൊണ്ടു വരുന്നത്. ഇവിടെയവര്‍ക്ക് എല്ലാവിധ സഹായവും കൃത്യമായ പരിഗണനയുമെല്ലാം ഞങ്ങള്‍ നല്‍കുന്നു. ഭാഷയുടേയോ നാടിന്റെയോ വേര്‍തിരിവ് ഇല്ലാതെയാണീ കുട്ടികളെ ഞങ്ങള്‍ നോക്കുന്നത്. അവര്‍ ഞങ്ങളുടെ സ്വന്തം കുഞ്ഞുങ്ങള്‍ തന്നെയാണ്. മിടുക്കരാണെല്ലാവരും. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തികളിലുമെല്ലാം അവര്‍ മുന്നിലാണ്. ഇങ്ങനെയൊരു കത്തെഴുന്നത് അവര്‍ക്ക് നമ്മള്‍ കൊടുക്കുന്ന സ്‌നേഹത്തിനും കരുതലിനുമുള്ള നന്ദിപ്രകടനമായാണ്; എല്‍ദോ പോള്‍ പറയുന്നു.

"</p

ഇതരസംസ്ഥാനക്കാരായ കുട്ടികളുടെ സൗകര്യാര്‍ത്ഥം പല സ്‌കൂളുകളിലും ഇതരഭാഷ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. പ്രതിമാസം ഏഴായിരം രൂപ ഓണറേറിയത്തിലാണ് സര്‍വശിക്ഷ അഭിയാന്റെ(എസ് എസ് എ) കീഴില്‍ ഇത്തരം അധ്യാപകരെ എഡ്യുക്കേഷണല്‍ വോളണ്ടിയര്‍മാരായി നിയമിച്ചിരിക്കുന്നത്. ഇതു കൂടാതെ പല പദ്ധതികളും സംവിധാനങ്ങളും ഇതരസംസ്ഥാന കുട്ടികളുടെ വിദ്യാഭ്യാസസൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ കുട്ടിക്കും യാത്ര ചെലവിനായി പ്രതിമാസം 300 രൂപ നല്‍കുന്നതും കുട്ടികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കാന്‍ രംഗോലി എന്നപേരില്‍ ബിആര്‍സികള്‍ വഴി കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതുമൊക്കെ ഈ കുട്ടികള്‍ക്ക് വളരെയേറ പ്രയോജനകരമാകുന്നുണ്ടെന്നാണ് എല്‍ദോ പോളിനെ പോലുള്ളവര്‍ പറയുന്നത്. അവരെ ഇതരസംസ്ഥാനക്കാരായിപോലും ഞങ്ങള്‍ കാണുന്നില്ല, അവര്‍ ഈ നാടിന്റെ കുഞ്ഞുങ്ങളാണ്..അവരുടെ വിദ്യാഭ്യാസത്തിനായി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്തു കൊടുക്കുന്നു. അവര്‍ മിടുക്കരായി വളരട്ടെ, നമുക്കതില്‍ അഭിമാനം കൊള്ളാം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍