UPDATES

ട്രെന്‍ഡിങ്ങ്

സ്വന്തം കുഞ്ഞുങ്ങള്‍ തങ്ങള്‍ക്കു മുന്നേ മരിച്ചു പോകണമെന്ന് പ്രാര്‍ത്ഥിക്കുന്ന നിര്‍ഭാഗ്യവതികളായ അമ്മമാര്‍ ഇപ്പോള്‍ ‘പ്രശ്‌നമായി’ മാറിയോ ശൈലജ ടീച്ചറേ

കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം അസ്വസ്ഥത ഉണ്ടാക്കുന്ന മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓര്‍ക്കുന്നുണ്ടോ 2016 ജനുവരി 26 ന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ ഇതേപോലൊരു സമരം ആരംഭിച്ചത്?

കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം അസ്വസ്ഥത ഉണ്ടാക്കുന്ന മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓര്‍ക്കുന്നുണ്ടോ 2016 ജനുവരി 26 ന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ ഇതേപോലൊരു സമരം ആരംഭിച്ചത്? അന്ന് ശൈലജ ടീച്ചര്‍ മന്ത്രിയായിരുന്നില്ല. സിപിഎം നേതാവ് മാത്രമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുഞ്ഞുങ്ങളെയും കൊണ്ട് കാസറഗോഡെ അമ്മമാര്‍ തിരുവനന്തപുരത്ത് എത്തി നടത്തിയ പട്ടിണി സമരത്തിന് ഏറെ പിന്തുണ നല്‍കിയവരാണ് സിപിഎം. അന്നു പാര്‍ട്ടി പ്രതിപക്ഷത്തുമായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാന്ദന്‍ തന്റെ ഒരു മാസത്തെ ശമ്പളം നല്‍കിയതിനു പിന്നാലെ പ്രതിപക്ഷ എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും തങ്ങളുടെതായ സംഭാവനകളും സമരക്കാര്‍ക്ക് നല്‍കി. സമരപന്തലിന്റെ വാടകപോലും സിപിഎം നേതാവ് ആയിരുന്നു കൊടുത്തത്. ഇവരുടെ സമരം നടക്കുന്ന അതേ സമയം പ്രതിപക്ഷം സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളും ശക്തമാക്കിയിരുന്നു.തെരഞ്ഞെടുപ്പ് അടുത്തിരുന്നല്ലോ! സെക്രട്ടേറിയേറ്റിനു മുന്നില്‍ പ്രതിപക്ഷ സമരക്കാരെ നേരിടാന്‍ കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജ്ജുമൊക്കെ നടക്കുമ്പോള്‍ തൊട്ടടുത്ത് സമരപന്തലില്‍ ആ അമ്മമാരും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. പേടിച്ച് ഭയന്ന കുഞ്ഞുങ്ങള്‍, കരയാന്‍ പോലും കഴിയാതെ നിസ്സഹായതോടെയിരുന്നവര്‍, മക്കളെ നെഞ്ചോട് അടക്കിപിടിച്ചിരുന്ന അമ്മമാര്‍. ഈ കാഴ്ച്ചകളൊക്കെ രാഷ്ട്രീയക്കാരിയായിരുന്ന ശൈലജ ടീച്ചര്‍ക്ക് ഓര്‍മയുണ്ടാകുമെന്നു കരുതുന്നു. അന്നെന്തായിലും ടീച്ചറിലെ ‘മനുഷ്യത്വം’ കുട്ടികളെ പ്രദര്‍ശ്പിച്ചുള്ള സമരത്തില്‍ അസ്വസ്ഥതപ്പെട്ടു കണ്ടില്ല. ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ടെങ്കില്‍, അതിനൊന്നേ കാരണമുള്ളു; ടീച്ചര്‍ ഇന്നൊരു അധികാരകേന്ദ്രമായത്!

പലതരം രോഗപീഢകള്‍ അനുഭവിക്കുന്നവരായ, ഒന്നു കരയാന്‍ പോലും ശേഷിയില്ലാത്ത കുഞ്ഞുങ്ങളെ ഉള്‍പ്പെടെ കൊണ്ടുവന്നായിരുന്നു അമ്മമാര്‍ സമരം ചെയ്തത്. ദിവസങ്ങളല്ല, ആഴ്ചകളോളം. അന്നാ കുഞ്ഞുങ്ങളും അമ്മാരും ആ ദിവസങ്ങളില്‍ അനുഭവിച്ച കഷ്ടതകള്‍ എത്രത്തോളമായിരുന്നുവെന്ന് കണ്ട് മനസിലാക്കിയവരുണ്ട്. പക്ഷേ, അവരതൊക്കെ സഹിച്ചു. ആരൊക്കെയോ ചെയ്ത പാതകത്തിന്റെ ഫലമാണ് ഈ കുട്ടികള്‍ അനുഭവിക്കുന്നത്. മനുഷ്യന്റെ ആര്‍ത്തിയുടെ ഇരകളാണ് ആ കുട്ടികള്‍. അവര്‍ അങ്ങനെയായതിന് വിധിയെ പഴിക്കാന്‍ തയ്യാറാകാതെ, മനുഷ്യന്റെ ക്രൂരതയുടെ ഇരകളാണവര്‍ എന്നുറക്കെ വിളിച്ചു പറഞ്ഞ് ഞങ്ങള്‍ക്ക് വേണ്ടത് നീതിയും അവകാശങ്ങളുമാണെന്നു മുദ്രാവാക്യം മുഴക്കിയാണ് അമ്മമാര്‍ സമരം ചെയ്തത്. ശൈലജ ടീച്ചറിനെപോലുള്ളവര്‍ അവര്‍ക്ക് കൈയടിച്ചു. ഞങ്ങള്‍ ഒപ്പമുണ്ടെന്നു പറഞ്ഞു.

ഇന്നിപ്പോള്‍ മന്ത്രി പറഞ്ഞ അതേ ഡയലോഗുകള്‍ അന്നത്തെ സമരകാലത്തും ചിലര്‍ പറഞ്ഞിരുന്നു. വയ്യാത്ത കുട്ടികളേയും കൊണ്ടു സമരത്തിനു വന്നത് ശരിയായില്ലെന്ന്! ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കുകവരെയുണ്ടായി എന്നു കേള്‍ക്കുന്നു. ആ കുഞ്ഞുങ്ങളെ കണ്ടിട്ട് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണത്രേ! ഒരു ദിവസം, അല്ലെങ്കില്‍ ഒരുനേരം ഈ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ പലരുടെയും മനസ് വേദനിച്ചെങ്കില്‍, ആ അമ്മമാരുടെ അവസ്ഥയോ? മരണം വരെ ആ കുഞ്ഞുങ്ങളെ നോക്കി വളര്‍ത്തേണ്ടവരാണ് അവര്‍. ഒരമ്മമാരും വയ്യാത്ത കുഞ്ഞുങ്ങളെ നടുറോഡില്‍ സമരത്തിനു കൊണ്ടു വരില്ല, ആ അമ്മമാരും ആഗ്രഹത്തോടെയല്ല, വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ആ കുട്ടികളുമായി സമരത്തിനിറങ്ങിയത്. ഈ ലോകത്ത് സ്വന്തം കുഞ്ഞുങ്ങള്‍ തങ്ങള്‍ക്കു മുന്നേ മരിച്ചു പോകണമെന്ന് പ്രാര്‍ത്ഥിക്കേണ്ടി വരുന്ന നിര്‍ഭാഗ്യവതികളായ അമ്മമാരാണ് അവര്‍. ഈ ലോകത്തു നിന്നും തങ്ങളില്ലാതായാല്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നറിയാവുന്ന അമ്മമാര്‍. ഉറങ്ങാതെ കിടക്കുന്ന കുഞ്ഞുങ്ങളെ എങ്ങനെ ഉറക്കണമെന്നറിയാതെ, എങ്ങനെയവരുടെ കരച്ചില്‍ മാറ്റണമെന്നറിയാതെ, എങ്ങനെയവരുടെ വേദന മാറ്റണമെന്നറിയാതെ കിടന്നുഴറുന്ന അമ്മമാര്‍. നിങ്ങള്‍ക്കൊന്നും ഊഹിക്കാന്‍ കഴിയാത്തതിനുമപ്പുറമാണ് ആ അനുഭവങ്ങള്‍.

പക്ഷേ ഇതൊന്നും കൊണ്ട് ഒരു നിമിഷം പോലും ആ അമ്മമാര്‍ അവരുടെ കുഞ്ഞുങ്ങളെയോര്‍ത്ത് നിരാശരായിട്ടില്ല. അവരെ സംരക്ഷിക്കുന്നതില്‍ ഉപേക്ഷ കാണിച്ചിട്ടില്ല, അവരുടെ ഒരു കാര്യത്തിലും കുറവു വരുത്തിയിട്ടില്ല. പക്ഷേ അവര്‍ നിവൃത്തികേടുകള്‍ക്കിടയിലാണ്. പ്രധാനമായും കുഞ്ഞുങ്ങളുടെ ചികിത്സ ചെലവ്. ഭൂരിഭാഗം കുടുംബങ്ങളും കടക്കെണിയിലാണ്. കുട്ടികളുടെ ചികിത്സയ്ക്കായി ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത എത്രയോ കുടുംബങ്ങളാണ്. മൊറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് കടം ഇല്ലാതാകുന്നില്ലല്ലോ! അവര്‍ക്ക് ജാമ്യം നിന്നവര്‍ക്കു പോലും ബാങ്കില്‍ ലോണിന് അപേക്ഷ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. ആ ജീവിതങ്ങള്‍ ഇനിയെങ്കിലും അടുത്തൊന്നറിയാന്‍ ശ്രമിക്കണം. ഏതെങ്കിലും ഒരു അമ്മ ചിന്തിക്കാന്‍ പോലും തയ്യാറാകാത്ത കാര്യമാണ്, അനങ്ങാന്‍ പോലുമാകാത്ത തന്റെ കുഞ്ഞിനെയും കൊണ്ട് കിലോമീറ്ററുകള്‍ യാത്ര ചെയ്ത് സമരം കിടക്കാന്‍ എത്തുന്നത്. പക്ഷേ, ഈ അമ്മമാര്‍ അത് ചെയ്തു. ഒരിക്കലല്ല, വീണ്ടും വീണ്ടും. അതെന്തുകൊണ്ടായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ! മന്ത്രിക്കും പാര്‍്ട്ടി നേതാവിനും അപ്പുറം ഒരു അമ്മ കൂടിയായ ശൈലജ ടീച്ചറിനോടാണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍