UPDATES

ട്രെന്‍ഡിങ്ങ്

കലൈഞ്ജര്‍ സ്തുതിഗീതത്തിനും പരിധിയുണ്ട്; കരുണാനിധി ബിജെപിയെ എങ്ങനെ തടഞ്ഞുനിര്‍ത്തി എന്നാണ് പറയുന്നത്?

ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായകന്റെ ജീവിതം നിക്ഷ്പക്ഷമായി വായിക്കാൻ വിമർശനങ്ങൾ കൂടിയേ തീരു…

നാലു തമിഴ് സിനിമയില്‍ നായകനായ ഓരോ തമിഴ് നടനും അടുത്ത മുഖ്യമന്ത്രിയാവാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ദ്രാവിഡരാഷ്ട്രീയത്തിൽ കരുണാനിധിയുടെ ജീവിതം ഒരേ സമയം ഉയർച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു. ദേശീയ പാര്‍ട്ടികള്‍ക്കൊന്ന് ആഗ്രഹിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ പ്രാദേശിക ദ്രാവിഡ കക്ഷികള്‍ മാത്രം മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് ഏറ്റവും ശക്തി കുറഞ്ഞത് തമിഴ്നാട്ടില്‍ തന്നെയാണ്. ആന്ധ്രയിലും കര്‍ണ്ണാടകയിലും കേരളത്തിലുമെല്ലാം കോണ്‍ഗ്രസ്സിന് അതിന്റേതായ സ്വാധീനം ഉള്ളപ്പോള്‍ തമിഴ്നാട്ടില്‍ ഏതെങ്കിലും ദ്രാവിഡ കക്ഷിയുടെ പങ്കുകാരാവാതെ കോണ്‍ഗ്രസ്സിന് രക്ഷയില്ല. കേന്ദ്ര മന്ത്രിയായിരുന്ന പി ചിദംബരം പോലും തമിഴ് നാട്ടില്‍ ജയിച്ചു പോരുന്നത് ഡിഎംകെയുടെ ഔദാര്യം കൊണ്ടാണ്.

ഡിഎംകെ-കോൺഗ്രസ് ബന്ധം

തമിഴ് ദേശീയതയെന്നും തമിഴ് ഭാഷയെന്നുമുള്ള അതിവൈകാരികത മുതലെടുത്തു ഭരണത്തിലിരുന്ന് പൊതുമുതല്‍ കട്ട് സമ്പത്തുണ്ടാക്കാന്‍ മാത്രമാണ് ഇരു ദ്രാവിഡ കക്ഷികളും ഇതുവരെ ശ്രമിച്ചിട്ടുള്ളത് എന്ന് തമിഴ് രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും മനസ്സിലാകും. അതിനുവേണ്ടി അവരുടെ പിന്തുണ വേണ്ടുന്ന സന്ദര്‍ഭത്തിലൊക്കെ ഈ അഴിമതികള്‍ക്കൊക്കെ ഒത്താശ നിന്നിട്ടുള്ളത് എന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെയാണ്, ഒരു തരം രാഷ്ട്രീയ കൂട്ടിക്കൊടുപ്പ്. 2 ജി സ്പെക്ട്രം കേസില്‍ പോലും സുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിന് മുമ്പ് വരെയുള്ള അന്വേഷണത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ ഇടപെടലുകള്‍ ശക്തമായിരുന്നു. 1972 ല്‍ ഡിഎംകെ പിളര്‍ന്ന് എം ജി ആര്‍ അണ്ണാ ഡി എം കെ ഉണ്ടാക്കിയത് മുതല്‍ – അതായത് ഇപ്പോഴുള്ള ഈ രണ്ടു ദ്രാവിഡ കക്ഷികളുടെ ആവിര്‍ഭാവം മുതല്‍ ഇരുകക്ഷികളോടും മാറി മാറി വിലപേശി ആവശ്യം കഴിയുമ്പോള്‍ കറിവേപ്പില പോലെ എടുത്തു കളയുന്നതാണ് കോണ്‍ഗ്രസ്സ് തുടര്‍ന്ന് വന്നിരുന്ന രാഷ്ട്രീയ അടവ് നയം. പക്ഷെ ഈ സമയത്തിനുള്ളില്‍ ഡിഎംകെ ആയാലും അണ്ണാ ഡിഎംകെ ആ‍യാലും അവര്‍ക്ക് വേണ്ടതു സ്വരൂപിച്ചിട്ടുണ്ടാവുമെന്നതിനാല്‍ ഈ കളി രണ്ടു കൂട്ടര്‍ക്കും പരാതിയില്ലാത്ത വിധം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും.

രാജീവ് ഗാന്ധി വധത്തില്‍ ഡിഎംകെയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ജയിന്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടു പോലും സോണിയാ ഗാന്ധിക്ക് മുത്തുവേല്‍ കരുണാനിധി അഭിമതനാകുന്നത് ദേശീയ രാഷ്ട്രീയത്തില്‍ തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് വിലപേശാന്‍ തക്ക സ്വാധീനമുള്ളത് കൊണ്ടാണ്. മൻമോഹൻ സിംഗ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്നതിൽ മുഖ്യപങ്കു വഹിച്ച 2ജി സ്പെക്ട്രം കേസിന്റെ അലയൊലികൾ രാജ്യത്താകെ വീശിയടിച്ചിട്ടും പഴയ നെഗോഷ്യേഷൻ പവർ നഷ്ടപ്പെട്ടു എന്നല്ലാതെ കരുണാനിധിക്ക് കോൺഗ്രസ്സിന് മുന്നിൽ ഒന്നും നഷ്ടപ്പെട്ടില്ല.

1972ല്‍ കരുണാനിധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ‍ഡിഎംകെയില്‍ നിന്ന് പുറത്തുപോയി എം ജി ആര്‍, അണ്ണാ ഡി എം കെ രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസ്സ് തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു ഈ രണ്ടു പാര്‍ട്ടികളെയും മാറി മാറി ഉപയോഗിച്ചു കൊണ്ടിരുന്നു. അത് രാഷ്ട്രീയ നിലപാടുകളുടെ പേരിലോ ആദര്‍ശത്തിന്റെ പേരിലോ ഒന്നുമായിരുന്നില്ല അധികാരം മാത്രം ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു. 1976-ല്‍ വീരാണം നദീ ജല പദ്ധതിയുമായി ബന്ധപ്പെട്ട് കരുണാനിധി മന്ത്രിസഭക്കെതിരെ എം ജി ആര്‍ കേന്ദ്രസര്‍ക്കാറിന് അയച്ച പരാതിയിന്‍മേല്‍ കരുണാനിധി സര്‍ക്കാറിനെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കി പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തി. (വീരാണം പദ്ധതി ചിദംബരത്തു നിന്ന് മദ്രാസ് സിറ്റിയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള ഒരു ബൃഹദ് പദ്ധതിയായിരുന്നു. ഈ പദ്ധതിക്കു വേണ്ടി ചിലവഴിച്ച പണത്തില്‍ ഭൂരിഭാഗവും ഡിഎംകെ കുടുംബ ഫണ്ടിലേക്കാണ് പോയത്. ഈ അഴിമതിയാരോപണത്തെ തുടര്‍ന്നാണ് അടിയന്തിരാവസ്ഥാക്കാലത്ത് ഡിഎംകെ മന്ത്രിസഭയെ പുറത്താക്കി പ്രസിഡണ്ട് ഭരണം 1976 ജനുവരി 31 മുതല്‍ – 1977 ജുണ്‍ 30 വരെ ഏര്‍പ്പെടുത്തിയത്) നാലു വര്‍ഷം കഴിഞ്ഞു തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് തന്നെ വീരാണം പ്രോജക്റ്റില്‍ ഡിഎംകെക്കെതിരെയുള്ള സിബിഐ കേസ് തള്ളിക്കളയുകയായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡിഎംകെയുമായുള്ള സഖ്യം അനിവാര്യമായതിനാലായിരുന്നു ഇത്. കാരണം അടിയന്തിരാവസ്ഥക്കു ശേഷം എം ജി ആര്‍ തന്റെ നിരുപാധിക പിന്തുണ ജനതാ പാര്‍ട്ടിക്കു നല്‍കിയിരുന്നു. 1980 ലെ ഇടക്കാല ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ – കോണ്‍ഗ്രസ്സ് സഖ്യം 39 സീറ്റില്‍ 37 ഉം കരസ്ഥമാക്കി, അത്രയേ കോണ്‍ഗ്രസ്സിനും വേണ്ടിയിരുന്നുള്ളൂ. അതിന് ശേഷം പല തവണ തരത്തിനനുസരിച്ചു മാറിയും മറിഞ്ഞും ഡിഎംകെയും എഐഡിഎംകെയും കോണ്‍ഗ്രസ്സ് സഖ്യത്തില്‍ വന്നു. ഇങ്ങനെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി മാത്രം കേന്ദ്ര സര്‍ക്കാറിനെ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തും ദ്രാവിഡ കക്ഷികളുമായുള്ള സഖ്യബന്ധത്തില്‍ കോണ്‍ഗ്രസ്സ് സംസ്ഥാന രാഷ്ട്രീയത്തില്‍ എപ്പോഴും ഒരു ശകുനിയുടെ ഭാവത്തോടെ നിറഞ്ഞു നിന്നിരുന്നു.

കല്ലാക്കുടി വീരറില്‍ നിന്നും കലൈഞ്ജറിലേക്ക്; കരുണാനിധിയുടെ ജീവിതം, തമിഴകത്തിന്റെയും

ഡി എം കെ-ബി ജെ പി ബന്ധം

“സംഘപരിവാരത്തിന് ഇതുവരെയും വേരുറപ്പിക്കാന്‍ കഴിയാത്ത രീതിയിയില്‍ തമിഴ് രാഷ്ട്രീയ മണ്ണും മനസ്സും ഒരുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തിനെ പടിക്ക് പുറത്ത് നിര്‍ത്തി.” കരുണാനിധിയുടെ മരണാനന്തര സോഷ്യൽ മീഡിയ പോസ്റ്റുകളില്‍ ചിലതിലൊക്കെ ആവര്‍ത്തിച്ചു വന്ന അഭിപ്രായമാണിത്. ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ ആ വ്യക്തിയെ കുറിച്ച് നല്ലത് പറയുക എന്നത് നാം ശീലിച്ച ഒരു ഔചിത്യബോധമാണ്, എന്ന് കരുതി വസ്തുതാവിരുദ്ധത ചേര്‍ത്ത് അതിനെ പൊലിപ്പിക്കേണ്ടതില്ലല്ലോ. കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനത പാർട്ടിക്ക് തമിഴ്നാട് എന്നും തീണ്ടാപ്പാട് അകലെയാണ് എന്നത് വസ്തുതയാണ്. എന്നാൽ അതിന്റെ ക്രഡിറ്റ് കരുണാനിധിയുടെ അക്കൗണ്ടിൽ എഴുതിച്ചേർക്കുന്നത് ചരിത്രത്തോടുള്ള നീതികേട് ആണ്.

ബാബറി മസ്ജിദ് ധ്വംസനത്തിനു ശേഷം ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് വോട്ടു രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്ന സമയം. 1996 – ലെ ഇലക്ഷനില്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി എന്‍ഡിഎ സഖ്യം പതിമൂന്നു ദിവസവും പിന്നെ ഒരു ചെറിയ ഇടവേളയില്‍ ദേവഗൗഡയും ഐ കെ ഗുജ്റാലും വന്നു പോയതിനു ശേഷം രണ്ടാം തവണയും വാജ്പേയിയുടെ കീഴില്‍ പതിമൂന്നു മാസം മാത്രമായി താഴെപ്പോയ ശേഷമുള്ള നിര്‍ണായക ഇലക്ഷനില്‍ എന്‍ഡിഎയുടെ സഖ്യ കക്ഷിയായിരുന്നു കരുണാനിധിയുടെ ഡിഎംകെ. അങ്ങനെ ആദ്യമായി ഒരു ബിജെപി പ്രധാന മന്ത്രി അഞ്ചു വര്‍ഷ കാലയളവ് പൂര്‍ത്തീകരിച്ച എന്‍ഡിഎ സഖ്യത്തില്‍ ഡിഎംകെ ഉണ്ടായിരുന്നു. ഈ മന്ത്രിസഭയില്‍ ഡിഎംകെയ്ക്ക് രണ്ടു മന്ത്രിമാരും ഉണ്ടായിരുന്നു. ടി ആര്‍ ബാലുവും മുരശൊലി മാരനും. ഈ കാലയളവില്‍ തന്നെയാണ് മുരളി മനോഹര്‍ ജോഷിയുടെ വിദ്യാഭ്യാസ വകുപ്പില്‍ കാവിവത്ക്കരണം അതിന്റെ മുഴുവന്‍ പ്രഭാവത്തില്‍ വിളയാടിയിരുന്നതും, പാഠപുസ്തകങ്ങളും ചരിത്ര കൃതികളും മാറ്റിഎഴുതപ്പെടുന്നതും ഗുജറാത്ത് കലാപം നടന്നതും. മന്ത്രിസഭയുടെ അവസാന കാലത്ത് ഡിഎംകെ അവരുടെ രണ്ടു മന്ത്രിമാരെ പിന്‍വലിക്കുകയുണ്ടായി. സംസ്ഥാനത്ത് ജയലളിത നടത്തുന്ന രാഷ്ട്രീയ പകപോക്കലുകളുമായി ബന്ധപ്പെട്ട് ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളില്‍ പലരെയും പോട്ട ചുമത്തി അറസ്റ്റ് ചെയ്തതിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മന്ത്രിമാരെ പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചത്. എന്നിരുന്നാലും പുറമേ നിന്നുള്ള പിന്തുണ നിലനിര്‍ത്തിയിരുന്നു.

ദ്രാവിഡനാണ്, ബ്രാഹ്മണ്യത്തിന് എതിരാണ് എന്ന് സ്തുതിഗീതം പാടാം എന്നല്ലാതെ ദളിതര്‍ക്കു ചെരുപ്പ് ധരിക്കാനും സ്വതന്ത്രമായി നടക്കാനും അവകാശമില്ലാത്ത നിരവധി കുഗ്രാമങ്ങള്‍ ഇന്നും തമിഴ്നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. ദിനംപ്രതി കോടികള്‍ ഒഴുകുന്ന തമിഴ് സിനിമാ മേഖലയുടെ വലിയൊരു പങ്ക് കരുണാനിധി കുടുംബത്തിന്റെ കീഴിലാണ്. ഒന്നുമില്ലാതെ രാഷ്ട്രീയത്തിലേക്കു വന്ന കരുണാനിധി കുടുംബം ഇന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നാണ്. ഫോബ്സ് മാഗസിന്റെ ലിസ്റ്റില്‍ സമ്പന്നരായ ഇന്ത്യക്കാരില്‍ ആദ്യ 20- കളിലൊന്നില്‍ കരുണാനിധിയുടെ കൊച്ചുമരുമകനായ കലാനിധി മാരനുമുണ്ട്. തമിഴ് മക്കള്‍ക്ക് ഈ കഥകളിലൊന്നും വലിയ താത്പര്യമില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഓരോ പാര്‍ട്ടിയിലും നാല് സിനിമാ നടന്മാരും വാഗ്ദാന പത്രികയില്‍ ഏഴൈകള്‍ക്കായി കേബിള്‍ കണക്ഷനോടെ ടി.വി, മിക്സി, ലാപ് ടോപ്പ് പ്രഖ്യാപനത്തോടെ തമിഴ് മക്കള്‍ ഹാപ്പിയാണ്. ഇടക്ക് തമിഴ് ഭാഷാപ്രേമികള്‍ക്കായി തമിഴ് ദേശീയതയെക്കുറിച്ച് ഒരു കവിതയോ സെമിനാറോ വെച്ചാല്‍ മതി. ഇതോടെ തമിഴ് ജനത വീണ്ടും സ്വത്വബോധത്തിലാ‍റാടി മറ്റു കഥകളെല്ലാം മറന്നോളും. ഇത് കരുണാനിധിയും ജയലളിതയും ഒരു പോലെ തിരിച്ചറിഞ്ഞതാണ്.

തമിഴ്നാട്ടില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് നില നില്‍പ്പില്ലാതെയായി പോയത് കരുണാനിധിയുടെ കരുതല്‍ കൊണ്ടാണ് എന്നതൊരു അതിവായനയാണ്. പെരിയോര്‍ വളര്‍ത്തിയെടുത്ത ദ്രാവിഡ രാഷ്ട്രീയവും തമിഴ് സ്വത്വബോധവും തമിഴന്റെ ഉള്ളിന്റെ ഉള്ളിലുണ്ട്, അതില്‍ കരുണാനിധിക്ക് നായകസ്ഥാനം നല്‍കേണ്ടതില്ല. ബിജെപി, ‘ഇന്റെലെക്ച്വല്‍’ സെൽ മേധാവി ടി ജി മോഹൻദാസിന്റെ സ്ഥിരം മണ്ടത്തരത്തിനു മറുപടിയായി കരുണാനിധിയെ രാഷ്ട്രീയമായി ഗ്ലോറിഫൈ ചെയ്യേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല. പെരിയോറിന്റെ ദ്രാവിഡ രാഷ്ട്രീയത്തെ വെള്ളം ചേര്‍ത്ത്, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രായോഗികമായി നീക്കി വെച്ച് ജാതീയതയില്‍ നിന്ന് കര കയറാത്ത ഒരു ഇടമാക്കി തമിഴ്നാടിനെ മാറ്റിയ ഡിഎംകെയെയും, ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നരായ ഒരു രാഷ്ട്രീയ കുടുംബത്തെയുമൊക്കെ വസ്തുതാപരമായ വിലയിരുത്തലിനു വിധേയമാക്കുന്നതില്‍ നിന്ന് ആ മണ്ടത്തരം കൊണ്ട് രക്ഷിക്കാനായി. ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായകന്റെ ജീവിതം നിക്ഷ്പക്ഷമായി വായിക്കാൻ വിമർശനങ്ങൾ കൂടിയേ തീരു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

‘തെരുവില്‍ കലാപമുണ്ടാക്കാതെ ഹിന്ദുവിന് നീതികിട്ടില്ല’ എന്ന് പ്രസംഗിച്ച ഒരാൾ ഇതല്ല ഇതിലപ്പുറവും പറയും

കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം അതായിരുന്നു; കലൈഞ്ജറെ കുറിച്ചു 10 കാര്യങ്ങള്‍

വിഷ്ണു പദ്മനാഭന്‍

വിഷ്ണു പദ്മനാഭന്‍

യു എ ഇ-യില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍