UPDATES

കേന്ദ്രം ഒരു വഴി, സംസ്ഥാനം മറ്റൊരു വഴി: തൊഴിലും കൂലിയുമില്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്‍

മാസങ്ങളായി തൊഴില്‍ നിഷേധിക്കപ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ചെയ്ത ജോലിയുടെ കൂലിയും കിട്ടിയിട്ടില്ല.

’50 ദിവസത്തില്‍ കൂടുതല്‍ പണിയെടുത്തയാളാണ് ഞാന്‍. പൊരിവെയിലത്ത് നിന്ന് കാട് പിടിച്ചുകിടന്ന ദേശീയപാതയുടെ ഡിവൈഡര്‍ വെട്ടിക്കിളച്ച് കപ്പത്തണ്ടും പൂച്ചെടികളും വച്ചുപിടിപ്പിച്ചു. എന്റെ അധ്വാനത്തിന്റെ വില കാണണമെങ്കില്‍ ദേശീയപാതയില്‍ പോയി നോക്കിയാല്‍ മതി. ഞാന്‍ നട്ട കപ്പ ഇന്ന് വിളവെടുക്കാറായി. പക്ഷെ അതിനുള്ള കൂലി മാത്രം കിട്ടിയില്ല. ഇന്നുതരും നാളെ തരും എന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ പറ്റിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. പഞ്ചായത്തിന്റെ കുഴപ്പമല്ല. അവരല്ല ഞങ്ങള്‍ക്ക് കാശ് തരുന്നതും. സര്‍ക്കാര്‍ നേരിട്ട് ഞങ്ങളുടെ അക്കൗണ്ടിലേക്കിടുകയാണ്. പക്ഷെ തൊഴില്‍ തരുന്ന പഞ്ചായത്തിനോടല്ലേ ഞങ്ങള്‍ക്ക് ചോദിക്കാന്‍ പറ്റൂ? ചോദിക്കുമ്പോള്‍ ഞങ്ങളെ ആശ്വസിപ്പിച്ച് വിടും. എനിക്ക് 12,100 രൂപയാണ് കിട്ടാനുള്ളത്. കഴിഞ്ഞ വേനല്‍ക്കാലത്ത് ചുട്ടുപൊള്ളുന്ന വെയിലത്ത് നിന്ന് , വീട്ടിലെ കാര്യങ്ങള്‍ പോലും മാറ്റിവച്ച് പണി ചെയ്തതാണ്. വെയില് കൊണ്ട് വന്ന അസുഖങ്ങള്‍ക്ക് മരുന്നു മേടിച്ചത് കണക്കാക്കിയാല്‍ കിട്ടാനുള്ളതിന്റെ പകുതി അത് തന്നെയുണ്ട്. സര്‍ക്കാരിന് ഈ കാശ് വലിയ തുകയൊന്നുമായിരിക്കില്ല. പക്ഷെ എന്നെപ്പോലത്തെ പാവങ്ങള്‍ക്ക് ഈ കാശ് കിട്ടിയിട്ട് വേണം പലതും നിവര്‍ത്തിക്കാന്‍. കാശ് ഒന്നിച്ചുകിട്ടുമ്പോള്‍ തിരിച്ചുകൊടുക്കാമെന്ന ധാരണയില്‍ കുറേ കടം വാങ്ങീട്ടുണ്ട്. കാശ് കിട്ടീട്ട് ചെയ്യാമെന്ന് കരുതി പല കാര്യങ്ങളും മാറ്റി വച്ചിട്ടുണ്ട്. ഇത് ആരുടേം ഔദാര്യമൊന്നുമല്ലല്ലോ. ജോലി ചെയ്തതിന്റെ പ്രതിഫലമല്ലേ ഞങ്ങള്‍ ചോദിക്കുന്നത്? ഞങ്ങള്‍ ചെയ്യുന്ന ജോലിയ്ക്ക് ഒരു വിലയും ഇല്ലെന്നാണോ സര്‍ക്കാര്‍ കരുതുന്നത്?’ ചേര്‍ത്തല സ്വദേശിനിയായ തൊഴിലുറപ്പ് തൊഴിലാളി രാജേശ്വരിയുടെ ചോദ്യം.

സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥയും കേന്ദ്രസര്‍ക്കാരിന്റെ പിടിവാശിയും മൂലം തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന 14.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് കൂലി മുടങ്ങിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി സുതാര്യമായി നടപ്പാക്കണമെന്നും കണക്കുകളിലെ തകരാറുകള്‍ പരിഹരിക്കണമെന്നുമുള്ള കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതാണ് കൂലിക്ക് തടസ്സമാകുന്നത്. ആറുമാസമായി കൂലി മുടങ്ങിയിട്ടും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും സംസ്ഥാനം സ്വീകരിച്ചിട്ടില്ല. ഇതോടെ തൊഴിലാളികളുടെ കൂലി കുടിശിക 642 കോടി രൂപയായി ഉയര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച നിബന്ധനകളില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോയിട്ടുമില്ല. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചര്‍ച്ചകളുമായി മുന്നോട്ട് പോവുമ്പോള്‍ കൂലി കിട്ടാത്ത തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

"</p

തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലും ഫണ്ടുവിനിയോഗത്തിലും കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും തട്ടിപ്പ് നടത്തുന്നതായി കേന്ദ്രം നേരത്തെ ആരോപിരുന്നു. ഇതേ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന ജോലികളുടെ ഫോട്ടോഗ്രാഫുകളും കണക്കിനൊപ്പം ഓണ്‍ലൈനായി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കിയപ്പോള്‍, കേരളം മുഖം തിരിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ചെയ്ത ജോലികള്‍, ഓരോ ജോലിക്കും ആവശ്യമായ തൊഴിലാളികളുടെ എണ്ണം, എസ്റ്റിമേറ്റ് തുക തുടങ്ങിയവ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഭൂരിഭാഗം പഞ്ചായത്തുകളിലും ഇത് നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

‘തൊഴിലുറപ്പ് പദ്ധതിയില്‍ ചെയ്ത ജോലികളുടെ ഫോട്ടോഗ്രാഫും സോഷ്യല്‍ ഓഡിറ്റ് വിവരങ്ങളും കൃത്യമായി നല്‍കിയാലേ പണം നല്‍കൂ എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പണികള്‍ നടത്തിയെന്ന് രേഖയുണ്ടാക്കി പണം ദുര്‍വിനിയോഗം ചെയ്തതിനാല്‍ പല പഞ്ചായത്തുകള്‍ക്കും വ്യക്തമായ രേഖകള്‍ ഹാജരാക്കാനായില്ല. കേകരളത്തില്‍ നടക്കുന്നത് തൊഴിലുറപ്പല്ല, ‘തൊഴിലുഴപ്പാ’ണെന്ന ആക്ഷേപം മുന്നേ തന്നെയുണ്ട്. പണി ചെയ്തു എന്ന വരുത്തിത്തീര്‍ത്ത് പ്രതിഫലം വാങ്ങുന്നവരായിരുന്നു തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തിരുന്നതില്‍ ചിലരെങ്കിലും. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇതിനെതിരെ നിരവധി പരാതികള്‍ പലരും നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താവണം കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നത്. പക്ഷെ അത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ പഞ്ചായത്ത് ഭരണസമിതികള്‍ക്കോ ആയില്ല. പക്ഷെ ഇതുവഴി വെട്ടിലായിരിക്കുന്നത് തൊഴിലുറപ്പ് പദ്ധതി ഒരു ഉപജീവന മാര്‍ഗം കൂടിയായി കണ്ടിരുന്ന പാവപ്പെട്ട സ്ത്രീകളാണ്’ സാമൂഹിക പ്രവര്‍ത്തകനും തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥനുമായ എം.എ താഹിര്‍ പറയുന്നു.

എന്നാല്‍ അടിസ്ഥാന വര്‍ഗത്തിലെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റം ലക്ഷ്യം വച്ച് യു.പി.എ സര്‍ക്കാര്‍ തുടങ്ങിവച്ച മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നതെന്നാണ് ചിലരുടെ പക്ഷം. ‘ഇന്ത്യയിലെ അടിസ്ഥാനവര്‍ഗത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ മുന്നേറ്റം ലക്ഷ്യം വച്ച് തുടങ്ങിയ പദ്ധതിയാണ് MNREGS. റൂട്ട് ലെവലില്‍ ഇത്രത്തോളം സ്വാധീനമുണ്ടാക്കിയ മറ്റ് പദ്ധതികള്‍ ഇന്ത്യയില്‍ കുറവാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഈ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഈ പദ്ധതിയെ തന്നെ ഇല്ലാതാക്കാനുള്ള നീക്കം ആദ്യം നടന്നിരുന്നു. ആ നീക്കം വ്യാപക പ്രതിഷേധത്തിടയാക്കുമെന്ന് മനസ്സിലാക്കിയപ്പോള്‍ ഒട്ടേറെ നിബന്ധനകളും മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തി പദ്ധതി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതിനനുസരിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. ഇതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണമായിരിക്കുന്നത്’- മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എ.കെ.വിശ്വംഭരന്‍ അഭിപ്രായപ്പെട്ടു.

"</p

തൊഴിലാളികളുടെ കൂലി മുടങ്ങിയാല്‍ നഷ്ടപരിഹാരത്തിന് വ്യവസ്ഥയുണ്ട്. കൂലി മുടങ്ങാന്‍ കാരണക്കാരായവരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അതുകൊണ്ടുതന്നെ സംസ്ഥാനം തൊഴിലാളികള്‍ക്ക് പണം നല്‍കേണ്ടിവരും. 2016 ഡിസംബര്‍ മുതല്‍ ജോലി ചെയ്ത കൂലിയാണ് തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത്. 2017-18 സാമ്പത്തിക വര്‍ഷത്തെ തൊഴിലുറപ്പ് പണികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, കൂലിയില്ലാത്തതിനാല്‍ തൊഴിലാളികളില്‍ പലരും ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. സംസ്ഥാനമൊട്ടാകെ 32,01,923 കുടുംബങ്ങളാണ് തൊഴിലുറപ്പില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 14,57, 423 കുടുംബങ്ങള്‍ മാത്രമാണ് തൊഴിലുറപ്പില്‍ ഇപ്പോള്‍ സജീവമായിട്ടുള്ളൂ. തൊഴിലെടുക്കാന്‍ തയ്യാറായിട്ടും പഞ്ചായത്ത് തൊഴില്‍ നല്‍കുന്നില്ലെന്ന് ആരോപണവുമുണ്ട്. തൊഴില്‍ നല്‍കാതെയും തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചും പഞ്ചായത്തുകള്‍ തങ്ങളെ ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുകയാണെന്ന് തൊഴിലാളിയായ മുതുകുളം പാണ്ടവന്‍കാട് സ്വദേശിനി രാധമ്മ ആരോപിക്കുന്നു. ‘മുമ്പ് 20 തൊഴിലെങ്കിലും ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അഞ്ചും പത്തും തൊഴില്‍ ദിനങ്ങളാണ് ലഭിക്കുന്നത്. ഒരു പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തൊഴിലാളികളില്‍ മൂന്നിലൊന്ന് പേര്‍ക്ക് പോലും തൊഴില്‍ ലഭിക്കുന്നുമില്ല’

എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ കൂലിയും തൊഴിലും നല്‍കാനാവൂ എന്ന് തൊഴിലുറപ്പ് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ വിജയകുമാര്‍ പറയുന്നു. ‘കൂലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ആസ്തി സൃഷ്ടിക്കുന്ന പദ്ധതികള്‍ കുറവാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശനം. ആസ്തി വികസിപ്പിക്കുന്ന ജോലികള്‍ക്ക് മാത്രമേ പണം നല്‍കൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായി പറഞ്ഞിരിക്കുന്നത്. MNREGS ആക്ട് പ്രകാരം ആവശ്യത്തിനനുസരിച്ച് തൊഴില്‍ നല്‍കിയേ തീരൂ. അര്‍ഹമായ തൊഴില്‍ ലഭിച്ചില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് അത് നിയമപരമായി ചോദ്യം ചെയ്യാം. പഴയത് പോലെ പോള വാരാനും കാട് വെട്ടിപ്പറിക്കാനും ഇനി നടക്കില്ല. രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന്, തൊഴിലാളികള്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരും. രണ്ട്, ആസ്തി സൃഷ്ടിക്കാനുള്ള വര്‍ക്കുകള്‍ക്കായി മെറ്റീരിയലുകള്‍ പഞ്ചായത്ത് വാങ്ങേണ്ടി വരും. ഇതെല്ലാം പഞ്ചായത്തുകള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. തോടുകളും കുളങ്ങളും വൃത്തിയാക്കി അതിന്റെ വശങ്ങള്‍ കല്ല് കെട്ടുക, പശുത്തൊഴുത്ത് നിര്‍മ്മാണം, സ്‌കൂളുകള്‍ക്ക് മൂത്രപ്പുര പണിതുകൊടുക്കല്‍, മാലിന്യസംസ്‌ക്കരണ സംവിധാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കല്‍, കളിസ്ഥലം ഒരുക്കല്‍, സ്‌കൂളിന്റെ മതിലുകെട്ടി നല്‍കല്‍ എന്നിവയൊക്കെയാണ് ആസ്തി സൃഷ്ടിക്കുന്ന പണികളായി സര്‍ക്കാര്‍ പറയുന്നത്. നാട്ടുകാര്‍ക്ക് പ്രയോജനമുള്ള കാര്യങ്ങളായിരിക്കണം പദ്ധതി വഴി ചെയ്യേണ്ടത്. ആവര്‍ത്തന സ്വഭാവവും ഉണ്ടാവരുത്. ഇത്രയും മാനദണ്ഡങ്ങള്‍ അനുസരിച്ച് തൊഴില്‍ നല്‍കാന്‍ പഞ്ചായത്തുകളോ, തൊഴില്‍ നല്‍കിയാല്‍ അത് ചെയ്യാന്‍ തൊഴിലാളികളോ തയ്യാറാവുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍