UPDATES

ആള്‍ക്കൂട്ടക്കൊലയിലും ഒന്നാമതെത്തുന്ന കേരളം; എന്തുകൊണ്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്റെ വാക്കുകള്‍ തള്ളിക്കളയാന്‍ സാധിക്കില്ല

രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളം ആണെന്നാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ കഴിഞ്ഞ ദിവസം പരാതി ഉയര്‍ത്തിയത്. കൊച്ചി വെണ്ണലയില്‍ യുവാവിനെ പതിമൂന്നോളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണം ചോദിച്ച് എഴുതിയ കത്തിലാണ് കേരളത്തിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ വര്‍ദ്ധനവ് ന്യൂനപക്ഷ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചത്.

ഒരു ബിജെപി നേതാവ് എന്ന നിലയില്‍ ജോര്‍ജ് കുര്യന്റെ പരാതിയെ രാഷ്ട്രീയമായി കണ്ട് തള്ളിക്കളയാന്‍ സാധിക്കില്ല. എട്ട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നടന്നിട്ടുണ്ടെന്ന ജോര്‍ജ് കുര്യന്റെ പ്രസ്താവന അബദ്ധമോ അവാസ്തവമോ അല്ല എന്നതാണ് കാരണം. കുറച്ച് ആളുകള്‍ ചേര്‍ന്ന് കുറ്റം നിര്‍ണയിച്ച് ശിക്ഷ നടപ്പാക്കുന്ന പ്രാകൃത രീതിക്ക് എട്ടു മനുഷ്യര്‍ ഇരകളായി എന്നത് കേരളം പോലൊരു സംസ്ഥാനത്തിന് ഏറെ അപമാനകരമാണ്. അതിലേറെ ഗൗരവത്തില്‍ കാണേണ്ടത് ഇത്തരം അതിക്രമങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നു എന്നതാണ്. ക്രമസമാധാന നിലയിലും സാമൂഹിക ഉന്നതിയിലും മുന്നില്‍ നില്‍ക്കുന്നുവെന്നു പറയുന്ന ഒരു സംസ്ഥാനത്ത് ആളുകള്‍ നിയമം കൈയിലെടുക്കുന്നതും വധശിക്ഷ സ്വയം നടപ്പാക്കുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതു തന്നെ.

ആദ്യത്തേത് എന്നു പറയാന്‍ കഴിയില്ലെങ്കിലും കേരളത്തിന് ഒരിക്കലും ഉണങ്ങാത്ത മുറിവായി തീര്‍ന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണം ആള്‍ക്കൂട്ട കൊലയില്‍ ഏറ്റവും ക്രൂരമായ ഉദ്ദാഹരണമാണ്. 2018 ഫെബ്രുവരിയില്‍ ആണ് മധുവിന്റെ കൊലപാതകം. ചിണ്ടക്കിയിലെ തേക്ക് കൂപ്പില്‍ നിന്നും മധുവിനെ പ്രദേശവാസികളായ കുറച്ച് പേര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. അരി, ബീഡി, മുളകുപൊടി എന്നിവ മോഷ്ടിച്ചെന്നും മോഷണ സാധനങ്ങള്‍ കണ്ടെത്തിയതിന്റെ പേരില്‍ കള്ളനെന്ന് കുറ്റം വിധിച്ച് മധുവിനെ കൈകള്‍ ബന്ധിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വാഹനത്തിലേക്ക് ആ യുവാവിനെ ഉന്തിത്തള്ളി കൊണ്ടുപോയിടുകയുമായിരുന്നു. ഇതിനിടയില്‍ മധുവിനെ വിചാരണ ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു അക്രമികള്‍. പൊലീസ് വാഹനത്തില്‍ കിടന്നാണ് മധു മരിക്കുന്നത്. മരണകാരണം ക്രൂരമായ മര്‍ദ്ദനം.

മധുവിന്റെ കൊലപാതകം ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയാവുകയും രാജ്യത്തിനു മുന്നില്‍ കേരളം ശരിസ് കുനിക്കുകയും ചെയ്തു. ഇന്നും ആ സംഭവത്തെ പ്രതി പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ മധു കൊല്ലപ്പെട്ട് ഒരു വര്‍ഷം തികഞ്ഞ ഉടനെയാണ് കേരളം വീണ്ടുമൊരു ആള്‍ക്കൂട്ട കൊലയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. മധു കഴിഞ്ഞ് രണ്ടാമത്തെയാളല്ലായിരുന്നു കാക്കനാട് കൊല്ലപ്പെട്ട ജിബിന്‍. അതിനിടയിലും ഇരകളുണ്ടായിരുന്നു. അങ്ങനെയായിരുന്നിട്ടുപോലുമാണ് ഭയമോ, ദയയോ കൂടാതെ ജിബിന്‍ എന്ന 32 കാരനെ അതിക്രൂരമായി കൊന്നു കളഞ്ഞത്. സദാചാര പ്രശ്‌നം ആയിരുന്നു ആള്‍ക്കൂട്ട കൊലപാത സംഘം ഇവിടെ ഇരയ്ക്കു മേല്‍ ചാര്‍ത്തിയ കുറ്റം. അതിനുള്ള ശിക്ഷ കൊടിയതായിരുന്നു. ഫോണ്‍ വിളിച്ച് തന്ത്രത്തില്‍ ആ യുവാവിനെ വരുത്തുന്നു. വീടിനു പുറത്തുള്ള ഗോവണി കയറി മുകളില്‍ എത്തുമ്പോള്‍ അവിടെ കാത്തുനിന്ന അക്രമികള്‍ ജിബിനെ ചവിട്ടി താഴെയിടുന്നു. പടികളിലൂടെ തട്ടിതട്ടി താഴേക്കു വീണ യുവാവിനെ ഗോവണിയുടെ ഗ്രില്ലില്‍ കെട്ടിവയ്ക്കുന്നു. മധുവിനെയും ഇത്തരത്തില്‍ കെട്ടിയിട്ടായിരുന്നു സംഘം ചേര്‍ന്ന് തല്ലിയത്. ഇര ഒരുതരത്തിലും രക്ഷപ്പെടരുത്. പ്രാണവേദന എടുക്കുമ്പോഴും ഒന്നു കുതറാന്‍ പോലും അനുവദിക്കാതെ. ജിബിനെ ഗ്രില്ലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത് ചുറ്റികയും അര കല്ലില്‍ അരയ്ക്കുന്ന അമ്മിക്കല്ലും ഉപയോഗിച്ചായിരുന്നു. മര്‍ദ്ദനത്തില്‍ ആ ചെറുപ്പക്കാരന്റെ വാരിയെല്ലുകള്‍ വരെ തകര്‍ന്നുപോയി. പ്രതികള്‍ പൊലീസിനോട് പറഞ്ഞത്, ജീവനുവേണ്ടി യുവാവ് തങ്ങളോട് യാചിച്ചെന്നാണ്. ഏതെങ്കിലും ആശുപത്രിയില്‍ തന്നെ കൊണ്ടുപോകാനും ആരോടും എന്താണ് സംഭവിച്ചതെന്നു പറയില്ലെന്നും ആ ചെറുപ്പക്കാരന്‍ പറഞ്ഞു നോക്കി. പക്ഷേ, ആരും ചെവിക്കൊണ്ടില്ല. ചെയ്ത തെറ്റിന്- മോഷണമായാലും സദാചരമായാലും-ശിക്ഷ മരണമാണെന്നാണ് ഈ ആള്‍ക്കൂട്ട അക്രമികള്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നത്. ജിബിനെയും അവര്‍ കൊന്നു. പിന്നീട് ആ ജീവനില്ലാത്ത ശരീരം റോഡ് അരികില്‍ ഉപേക്ഷിച്ച് അതൊരു അപകടമരണമാണെന്നു തെറ്റിദ്ധരിപ്പിക്കാനും നോക്കി പ്രതികള്‍.

വിശന്നപ്പോള്‍ ഒരിത്തിര ഭക്ഷണം എടുത്തുപോയാല്‍ പോലും മരണ ശിക്ഷ വിധിക്കുകയാണ്. ജനാധിപത്യത്തിന്റെയും സാമൂഹ്യസുരക്ഷയുടെ എല്ലാം കാര്യത്തില്‍ മറ്റുള്ളവരെക്കാള്‍ മുന്നില്‍ എന്ന് അഭിമാനം കൊള്ളുന്ന കേരളത്തിലാണ് ഈ ‘പ്രാകൃതനിയമവ്യവസ്ഥയും’ ശക്തി പ്രാപിക്കുന്നത്. അരിയും കുറച്ച് മുളകു പൊടിയും എടുത്തതിനായിരുന്നു മധുവിന് മരണം വിധിച്ചതെങ്കില്‍ കൊല്ലം അഞ്ചലില്‍ മണിക് റോയ് എന്ന പശ്ചിമ ബംഗാള്‍ സ്വദേശിയെ തല്ലിക്കൊന്നത് കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു. ഇതരസംസ്ഥാനക്കാര്‍ എല്ലാവരും കള്ളന്മാരും കൊലപാതകികളും ആണെന്ന പൊതുബോധം വച്ചു പുലര്‍ത്തുന്നവരാണ് കേരളത്തില്‍ അധികവും. വരത്തന്മാര്‍ എല്ലാവരും അപകടകാരികളാണെന്നു വിധിയെഴുതുന്ന ഇതേ മലയാളിയാണ് ലോകത്തിന്റെ സകലഭാഗത്തും കുടിയേറി തൊഴിലെടുത്തു ജീവിക്കുന്നത്. മണിക് റോയി ഒരു ഇതര സംസ്ഥാനക്കാരന്‍ എന്നതായിരുന്നു അയാളുടെ ഏറ്റവും വലിയ കുറ്റം! കുടുംബമായി താമസിക്കുകയായിരുന്നു അയാളവിടെ. നാട്ടുകാര്‍ക്കൊക്കെ അറിയാവുന്നൊരാള്‍. എന്നാല്‍ സമീപത്തെ വീട്ടില്‍ നിന്നും ഒരു കോഴിയേയും വാങ്ങി വരുന്ന മണിക്കിനെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് അയാളത് മോഷ്ടിച്ചു കൊണ്ടുവരികയാണെന്നാണ് തോന്നിയത്. വിചാരണയില്ലാതെ തന്നെ ശിക്ഷ വിധിച്ചു. ക്രൂരമായ മര്‍ദ്ദനം. തലയ്ക്ക് സാരമായി പരിക്കേറ്റ മണിക് 21 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം മരണപ്പെട്ടു.

കോട്ടയത്ത്‌  മോഷ്ടാവ് ആണെന്നു ആരോപിച്ച് ഒരു ഇതര സംസ്ഥാന തൊഴിലാളിയേയും ക്രൂരമായി കൊലപ്പെടുത്തിയതും കേരളം മറന്നിട്ടുണ്ടാകില്ല. 2016 ല്‍ ആയിരുന്നു കോട്ടയം ചിങ്ങവനത്ത് ഈ സംഭവം നടന്നത്. അസം സ്വദേശിയായ കൈലാഷ് ജ്യോതി ബെഹ്‌റ എന്ന യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി തെങ്ങില്‍ പിടിച്ചു കെട്ടിയിടുകയായിരുന്നു. പൊരിവെയിലത്ത് ബന്ധനസ്ഥനായി കിടന്ന ആ യുവാവിനെ പിന്നീട് പൊലീസ് എത്തി മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഒരു മനുഷ്യന്‍ ജീവനുവേണ്ടി അപേക്ഷിച്ചു കരഞ്ഞിട്ടും ഒരാളുപോലും അയാളോട് ദയ കാണിച്ചില്ല. വായില്‍ നിന്നും നുരയും പതയും വന്ന അവസ്ഥയിലാണ് തീര്‍ത്തും അവശനായ കൈലാഷിനെ പൊലീസ് മോചിപ്പിക്കുന്നത്. നാട്ടുകാര്‍ അയാളെ മര്‍ദ്ദിച്ചിരുന്നുവെന്നും പറയുന്നു.

കോഴിക്കോട് കടലുണ്ടി മണ്ണൂര്‍ റെയില്‍വേ ഗേറ്റിനു സമീപം ഒരു വീട്ടില്‍ വച്ച് കുബേരന്‍ എന്ന യുവാവ് ക്രുരമായ മര്‍ദ്ദനമേറ്റ് മരിച്ച സംഭവവും ഓര്‍ക്കേണ്ടതുണ്ട്. ആ കൊലയ്ക്കും കാരണം മോഷ്ടാവാണെന്ന സംശയം. വീടിനു പരിസരത്ത് സംശാസ്പദമായി കുബേരനെ കണ്ടെന്നാരോപിച്ചാണ് ആ വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് കുബേരനെ മര്‍ദ്ദിച്ചത്. നായയെകൊണ്ട് കടിപ്പിക്കുകയും ചെയ്തു. രക്തം വാര്‍ന്ന കിടക്കുന്ന അവസ്ഥയിലാണ് വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇയാളെ ആശുപത്രിയില്‍ കൊണ്ടു പോകുന്നത്. പക്ഷേ മരിച്ചു. ആരാണ് എവിടെ നിന്നാണ് എന്നൊന്നും അറിയാത്തൊരാള്‍. മരിക്കുന്നതിനു മുമ്പ് പൊലീസ് അയാള്‍ പറഞ്ഞത് തന്റെ പേര് കുബേരന്‍ എന്നാണെന്നും ഒരു സഹോദരന്‍ ഉണ്ടെന്നും മാത്രം. കുബേരന്റെ ശരീരത്തില്‍ 40 ഓളം പരിക്കുകളായിരുന്നു. അത്രയ്ക്ക് ക്രൂരമായിരുന്നു മര്‍ദ്ദനം.

2018 ഒക്ടോബറില്‍ വേങ്ങരയില്‍ ചുമട്ടു തൊഴിലാളിയ കോയ എന്ന 55 കാരന്‍ കൊല്ലപ്പെട്ടതും ആള്‍ക്കൂട്ട അക്രമണത്തിലായിരുന്നു. കോയ ജോലി ചെയ്തിരുന്ന വളം നിര്‍മാണ ശാലയുടെ മുന്നില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു ചെറിയ തര്‍ക്കം. അതായിരുന്നു കോയയുടെ ജീവനെടുക്കാനുള്ള കാരണം. കോയയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടവര്‍ അടിച്ചു താഴെയിട്ട് തല്ലുകയും ചവിട്ടുകയുമായിരുന്നു. ബോധരഹിതനായപ്പോള്‍ ഉപേക്ഷിച്ചു പോയി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്നു തന്നെ കോയ മരിച്ചു.

കോയയുടെ മരണത്തിനു രണ്ടു മാസം മുമ്പായിരുന്നു ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരയായി മുഹമ്മദ് സാജിദ് എന്ന യുവാവ് ജീവനൊടുക്കിയത്. സാജിദിന്റെ വീട്ടില്‍ നിന്നും അധികം അകലെയല്ലാതെയായി ഒരു വീടിന് അടുത്ത് ഇയാളെ സംശയാസ്പദമായി കണ്ടെന്നാരോപിച്ച് ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. കയറുകൊണ്ട് കൈകാലുകള്‍ കെട്ടിയിട്ടശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് ഇയാളെ മോചിപ്പിക്കുന്നത്. തനിക്ക് നേരിട്ട ആക്രമണത്തില്‍ നിന്നുണ്ടായ മാനസികാഘാതത്തിലാണ് സാജിദ് ജീവനൊടുക്കിയത്.

2018 ജൂണില്‍ പത്തനംതിട്ട റാന്നിയിലെ അടിച്ചപ്പുഴയില്‍ ആദിവാസി യുവാവായ ബാലുവിന്റെ മരണവും ആള്‍ക്കൂട്ട അക്രമത്തെ തുടര്‍ന്നായിരുന്നു. ഒരു ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ ബാക്കിയായിരുന്നു ബാലുവിനേറ്റ മര്‍ദ്ദനം. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നില്ല ബാലു. പക്ഷേ അക്രമികളുടെ കൈയില്‍ അയാള്‍ അകപപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് ഒന്നലധികം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ്. ബാലുവിന്റെ നാലു വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. നെഞ്ചിലും ശരീരത്തിന്റെ പലഭാഗങ്ങളിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. നിലത്തുകൂടി വലിച്ചിഴതിന്റെ പാടുകളും ആ യുവാവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു.

കൊല്ലപ്പെട്ടവരുടെ എണ്ണമാണ് എട്ട് എന്നത്. ജീവന്‍ പോകാതെ ബാക്കിയായവരും ജീവച്ഛവമായി മാറിയവരും ആള്‍ക്കൂട്ട അക്രമത്തിന്റെ ഇരകളായി ഈ കേരളത്തിലുണ്ട്. അതില്‍ മലയാളികളുമുണ്ട് ഇതരസംസ്ഥാന തൊഴിലാളികളുമുണ്ട്. ഒരു നീതിന്യായവ്യവസ്ഥയുള്ള നാടാണ് കേരളം. ഇവിടെ പൊലീസും കോടതിയുമുണ്ട്. ഒരു സര്‍ക്കാരുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയക്കാരുമുണ്ട്. ജനാധിപത്യസംവിധാനത്തിന് അത്രകണ്ട് അപചയം ഉണ്ടായിട്ടുമില്ല. എന്നിട്ടും ആള്‍ക്കൂട്ട കൊലപാതകം എന്ന ഹീനകൃത്യം ഇവിടെ ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം എന്തായിരിക്കും. നമ്മള്‍ എത്ര ഉയരത്തില്‍ നവോത്ഥാന മതില്‍ കെട്ടിയാലും ഒരു മനുഷ്യന്‍ ജീവന്‍ ഒരു കൂട്ടം ആളുകള്‍ക്ക് ചേര്‍ന്ന് തല്ലിയില്ലാതാക്കുന്നതിന് തടസം ഇല്ലെന്നു വന്നാല്‍ നമ്മള്‍ എങ്ങനെ മുന്നേറിയ ജനതയെന്നു പറയും? ജയിച്ച ജനതയെന്നു പറയും?

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍