UPDATES

ട്രെന്‍ഡിങ്ങ്

ദേശീയത ജനതയുടെ ഉരുക്ക് പോലെ ഉറച്ച ഐക്യമാണ്; മോഹന്‍ ഭാഗവതിന്റേത് അതല്ല

റിപ്പബ്ലിക് ദിനത്തില്‍ പാലക്കാട് കല്ലേകാട് വ്യാസവിദ്യാപീഠം സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള മോഹന്‍ ഭാഗവതിന്റെ തീരുമാനം മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളി

മതേതര കേരളത്തിന് വീണ്ടും വെല്ലുവിളി ഉയര്‍ത്തി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് വീണ്ടും പാലക്കാട്ടെത്തി ദേശീയ പതാക ഉയര്‍ത്തും. പാലക്കാട് ജില്ലയിലെ കല്ലേകാട് വ്യാസവിദ്യാപീഠം സ്കൂള്‍ അങ്കണത്തിലാണ് ജനുവരി 26ന് (നാളെ) അദ്ദേഹം ദേശീയ പതാക ഉയര്‍ത്തുക. സംസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുളള ത്രിദിന ക്യാമ്പില്‍ പങ്കെടുക്കാന്‍ കൂടിയാണ് മോഹന്‍ ഭാഗവത് പാലക്കാട് എത്തുന്നത്. കഴിഞ്ഞ ആഗസ്റ്റ് 15ന് പാലക്കാട് ജില്ലയിലെ മൂത്തന്‍തറ കര്‍ണ്ണകി അമ്മ സ്കൂളില്‍ പതാക ഉയര്‍ത്തിക്കൊണ്ട് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത് വിവാദം സൃഷ്ടിച്ചിരുന്നു. ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം ദേശീയ ഗാനം ആലപിക്കാതെ വന്ദേമാതരം ആലപിച്ചതിന് മോഹന്‍ ഭാഗവതിനെതിരെ നടപടി എടുക്കും എന്നു സംസ്ഥാന ഗവണ്‍മെന്‍റ് പറഞ്ഞിരുന്നെങ്കിലും ഇതുവരെയായിട്ടും നിയമ നടപടികള്‍ സ്വീകരിച്ചിട്ടില്ല. വീണ്ടും ജില്ലയിലെത്തി പതാക ഉയര്‍ത്താന്‍ ആര്‍ എസ് എസ് മേധാവി ധൈര്യം കാണിക്കുന്നത് സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കാത്തത് കൊണ്ടാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

നമ്മുടെ പൊതുമണ്ഡലത്തില്‍ വര്‍ഗ്ഗീയതയും തീവ്രദേശീയതയും പിടിമുറുക്കുന്നതിനെ കുറിച്ചും മനുഷ്യരുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പ്രശ്നവത്ക്കരിക്കപ്പെടാത്തതിനെ കുറിച്ചും എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പ്രതികരിക്കുകയാണ് ഇവിടെ. മനുഷ്യന്റെ ഒരുമയെ കുറിച്ചുളള പാഠങ്ങള്‍ പഠിപ്പിക്കേണ്ട വിദ്യാലയങ്ങളില്‍ വിഭാഗീയതകളുടെ വിഷവിത്തുകള്‍ വിതറുന്നതില്‍ അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

“നമ്മുടെ ദേശീയത എന്നു പറയുന്നത് ഇത്തരത്തിലുളള പ്രദര്‍ശനപരതയുടേയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുളള പരോക്ഷ വെല്ലുവിളികളുടേയോ ഒരു പശ്ചാത്തലത്തെ അല്ല ആത്യന്തികമായി പ്രതിനിധീകരിക്കുന്നത്. ദേശീയ പതാകയും ദേശീയ പക്ഷിയും ദേശീയ മൃഗവും ഒക്കെ ദേശീയതയുടെ പൊരുള്‍ അല്ല. അവ വെറും പ്രതീകങ്ങള്‍ മാത്രമാണ്. ദേശീയതയുടെ പൊരുള്‍ എന്നു പറയുന്നത് ഒരു രാജ്യത്തിന്റെ ജനങ്ങളുടെ ഉരുക്ക് പോലെ ഉറച്ച ഐക്യമാണ്. ആ ഐക്യം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു വാക്ക്, മുദ്ര, ഒരു മൗനം, ഒരു ആശ്ലേഷം, ഒരു നോട്ടം, ഇതൊക്കെ ദേശീയതയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. എന്നാല്‍ ജനതയുടെ ഐക്യത്തിന് വിളളല്‍ ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും ദേശീയതയെ പരിപോഷിപ്പിക്കുകയില്ല. മോഹന്‍ ഭഗവത് ഉള്‍പ്പെടെയുളള ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ദേശീയതയെ രാഷ്ട്രീയ പ്രചാരണത്തിന്റെ ഏറ്റവും അവികസിത പരസ്യരൂപമായി ഉപയോഗിക്കുന്നുവെന്നതാണ്.” സാമൂഹ്യ ചിന്തകനും അധ്യാപകനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് പറയുന്നു.

ജനസംഘം വഴി രാഷ്ട്രീയത്തിലേക്ക്; ആര്‍എസ്എസ് സ്വീകാര്യരാവുന്നു- ഭാഗം 6

“ഉദാഹരണത്തിന് നരേന്ദ്ര മോദി ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി സ്വീകരിച്ച ഏറ്റവും തരംതാണ ഒരു രീതിയുണ്ട്. ഇന്ത്യയിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളാണ് അവിടെ മത്സരിക്കുന്നത്. എന്നിട്ടും അവസാനഘട്ടത്തില്‍, വളരെ പെട്ടെന്ന് തന്നെ ഗുജറാത്തില്‍ പാക്കിസ്ഥാന്‍ എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടെന്നും കോണ്‍ഗ്രസും മറ്റും അതിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നുമുളള ഒരു വ്യാജപ്രതീതി പരത്തി. അതിനായി മോദി ആശ്രയിച്ചത് ഈ വ്യാജ ദേശീയതയാണ്. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഏറ്റവും മഹത്തായ ഒരു ഉല്‍പ്പന്നമാണ് ഇന്ത്യന്‍ ദേശീയത. ചിതറി നിന്ന ഇന്ത്യന്‍ ജനതയെ ഐക്യപ്പെടുത്തിയത് സ്വാതന്ത്ര്യസമരകാലത്തെ ദേശീയതയായിരുന്നു. അങ്ങനെയുളള ഐക്യമാണ് നമുക്ക് വേണ്ടത്. അതിനു പകരം ‘ഭാരത് മാതാ’ വിളിക്കാത്തവരുടെ ‘തലവെട്ടണം’ എന്ന രാംദേവിന്റെ ആഹ്വാനമല്ല. ഇത്തരം ആഹ്വാനത്തിനെതിരെ ജനാധിപത്യവാദികളുടെ പ്രതിഷേധം ഉയര്‍ന്നന്നപ്പോള്‍ ബിജെപി ദേശീയ സെക്രട്ടറി അമിത്ഷാ പറഞ്ഞത്, രാംദേവിന്റേത് ‘ആവിഷ്‌കാര സ്വാതന്ത്ര്യമാണ്’ എന്നാണ്. ഭാരത് മാതാ എന്നു പറയണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അത് പറയാന്‍ ഇവിടെ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ, അത് ഇന്ത്യന്‍ ദേശീയതയുടെ ഒരേ ഒരു സ്വരമല്ല. ‘ജയ് ഭാരത്’ ‘ ജയ് ഹിന്ദ്’ ഇങ്ങനെ പല രീതിയില്‍ ആളുകള്‍ അവരുടെ ആഭിമുഖ്യങ്ങളെ ആവിഷ്‌കരിക്കും. നമുക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ‘ദൃഡപ്രതിജ്ഞ’യും ‘ദൈവപ്രതിജ്ഞ’യും ചെയ്യാം. ഇതിലേതെങ്കിലും ഒന്ന് മാത്രമേ ചെയ്യാന്‍ പാടുളളൂവെന്ന് പറയുന്നത് സത്യത്തില്‍ ഇന്ത്യന്‍ ദേശീയതക്കും മതനിരപേക്ഷതക്കും ബഹുസ്വരതക്കും എതിരാണ്.

നാടകമെഴുതാന്‍ ആര്‍എസ്എസ് ശാഖയില്‍ നുഴഞ്ഞുകയറിയ ഒരു ബംഗാളി കണ്ടത്

ജനങ്ങള്‍ക്ക് സുരക്ഷിതത്വവും സംതൃപ്തിയും ഉണ്ടാകുമ്പോള്‍ അവര്‍ക്ക് രാജ്യത്തോട് തോന്നുന്ന സ്‌നേഹമാണ് രാജ്യസ്‌നേഹം. പ്രതീകങ്ങളും സ്‌നേഹവും രണ്ടും രണ്ടാണ്. നമ്മുടെ ദേശീയത നമ്മുടെ ഐക്യത്തിനുവേണ്ടിയുളളതാണ്. ആ ഐക്യത്തിനെതിരായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. നേരത്തെ മോഹന്‍ ഭഗവത് വന്നു. ദേശീയ പതാക ഉയര്‍ത്തി. അതിനെതിരെ ജനാധിപത്യവാദികളുടെ പ്രതികരണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു. അന്നുണ്ടായ ജാള്യത മറക്കാന്‍ വേണ്ടിയാണ് ആര്‍ എസ് എസുകാരുടെ തന്നെ സ്കൂളില്‍ വെച്ച് ഇപ്പോള്‍ ഈ റിപ്പബ്ലിക് ദിനത്തില്‍ അദ്ദേഹം പതാക ഉയര്‍ത്തുന്നത്. പക്ഷെ, അതും ജനാധിപത്യപരമല്ല. കാരണം, ഏത് രാഷ്ട്രീയപാര്‍ട്ടിക്കും സ്കൂള്‍ നടത്താം. പക്ഷെ സ്കൂള്‍ പ്രതിനിധീകരിക്കേണ്ട ഒരു മൂല്യബോധമുണ്ട്. എല്ലാവരേയും ഒരുമിപ്പിക്കാമെന്നാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. മനുഷ്യരെ പരസ്പരം ഒരുമിച്ചു ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കാന്‍ പഠിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായി യുനെസ്‌കോ രേഖപ്പെടുത്തിയിരിക്കുന്നത്. ജാതി പലതാണ്, മതം പലതാണ്, അഭിരുചി പലതാണ്. പക്ഷെ, നമ്മളൊക്കെ മനുഷ്യരാണല്ലോ, ഇന്ത്യയില്‍ ജീവിക്കുന്ന മനുഷ്യരാണല്ലോ, കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരാണല്ലോ. അങ്ങനെ ജീവിതത്തില്‍ നിന്നും തളിരിട്ടുവരേണ്ടതാണ് ദേശീയത. ജീവിതത്തിന്റെ മരട്ടില്‍ നിന്നും മുളച്ചവരുന്ന സുരക്ഷിതത്വത്തിന്റെയും സ്‌നേഹത്തിന്റേയും ഒരു ആഘോഷമായി ദേശീയത മാറണം. ഇതിനു പകരം, മോഹന്‍ ഭാഗവതും മറ്റും മുന്നോട്ട് വെയ്ക്കുന്ന ദേശീയത അപകടകമായ ഒന്നാണ്. അത് ഒരുമയല്ല, അവരുടേത് മാത്രം ശരിയെന്ന നിലപാടാണ്.” കെ ഇ എന്‍ ചൂണ്ടിക്കാണിക്കുന്നു.

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍ – ഭാഗം 1

എന്നാല്‍ മനുഷ്യന്റെ അടിസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും ലക്ഷ്യം തെറ്റിക്കാനുളള ഫാസിസ്റ്റുകളുടെ കുതന്ത്രമാണിതെന്ന അഭിപ്രായമാണ് എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്. ആപല്‍ക്കരമാണെങ്കിലും ഇത്തരം വിഷയങ്ങള്‍ക്ക് ശ്രദ്ധ കൊടുത്താല്‍ അത് കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും അതുകൊണ്ട് ഇത്തരം വിഷയങ്ങള്‍ വാര്‍ത്തകളില്‍ ഉള്‍പ്പെടുത്താതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പ്രാഥമികമായി പറഞ്ഞുവെയ്ക്കുന്നു.

ആര്‍എസ്എസ് എന്തിനാണ് കേരളത്തെ പേടിക്കുന്നത്?

“ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അവരെ തടഞ്ഞതുകൊണ്ട് പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ല. മോഹന്‍ ഭാഗവത് കഴിഞ്ഞ ആഗസ്റ്റ് 15ന് വന്നപ്പോഴും എതിര്‍പ്പുണ്ടായി. എന്നിട്ടും അദ്ദേഹം വീണ്ടും വരുന്നു. എനിക്കു തോന്നുന്നത് ഇത്തരം വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കുന്നത് അത്തരം തീവ്ര, വംശീയ സംഘടനകള്‍ക്ക് കൂടുതല്‍ ശക്തി പകരാന്‍ മാത്രമേ ഉപകരിക്കുവെന്നതാണ്. ഇത്തരം സംഘടനകള്‍ക്ക് ശക്തി വര്‍ദ്ധിച്ചാല്‍ നമ്മുടെ സാമൂഹ്യ അന്തരീക്ഷം കൂടുതല്‍ വിഭജിക്കപ്പെടും. അന്നത്തിന്റേയോ വിശപ്പിന്റേയോ വിലവര്‍ദ്ധനവിന്റേയോ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ വംശീയ വിഷയങ്ങള്‍ തന്നെയാണ് ഇപ്പോള്‍ രാജ്യത്ത് ചര്‍ച്ച ചെയ്യുന്നുത്. ഇത്തരം വംശീയ ആശയങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നാളെ സ്വര്‍ഗ്ഗരാജ്യം ഉണ്ടാക്കുമെന്ന സ്വപ്‌നം നല്‍കുകയാണ്. അതുകൊണ്ട് തന്നെ മോഹന്‍ ഭാഗവതിനെപ്പോലുളള വിഷയങ്ങള്‍ തമസ്‌കരിക്കുകയാണ് വേണ്ടത്.

ഭാഗവതിനെ രാജ്യസ്നേഹിയാകാന്‍ സമ്മതിക്കില്ല പോലും കേരളത്തിലെ കമ്മി സര്‍ക്കാര്‍!

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കുന്നതിനായി ഒരു ഉദാഹരണം കൂടെ പറയാം; ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയില്‍ ‘ഡാഡ’ എന്ന ഒരു അരാജക പ്രസ്ഥാനം രൂപം കൊണ്ടിരുന്നു. അരാജക പ്രസ്ഥാനമായിരുന്നുവെങ്കിലും അവര്‍ക്ക് രാഷ്ടീയം ഉണ്ടായിരുന്നു. ഒരേ സമയത്ത് സാമ്രാജ്യത്വ വിരുദ്ധരും ഫാസിസ്റ്റ് വിരുദ്ധരുമായിരുന്നു അവര്‍. പക്ഷെ, അവര്‍ അവരുടെ എഴുത്തിലൂടെ യുദ്ധത്തിനെതിരെ പ്രതികരിച്ചിരുന്നില്ല. കാരണമായി അവര്‍ പറഞ്ഞത് ‘കലയുടെ വിശുദ്ധഭുമിയിലേക്ക് കടന്നുവരുന്നതിന് യുദ്ധം ഒട്ടു യോഗ്യമല്ലെന്നായിരുന്നു’. ഫാസിസത്തെ കുറിച്ചുളള ചര്‍ച്ച അതിന്റെ സാന്നിധ്യത്തെ ശക്തമാക്കുന്നുവെന്ന കാഴ്ച്ചപ്പാടാണ് അവര്‍ മുന്നോട്ട് വെച്ചതെന്ന് അര്‍ത്ഥം. അതുകൊണ്ട് തന്നെ ഇത്തരം വംശീയ ആശയങ്ങളെ പ്രതിരോധിക്കുന്നതിനു പകരം, വിശപ്പിന്റേയും പാര്‍ശ്വവല്‍ക്കരണത്തിന്റേയും അതീജീവനത്തിന്റേയും പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്.”

മോഹന്‍ ഭാഗവത് ആര്‍എസ്എസ് തലവനാണ്; ഇന്ത്യന്‍ പ്രസിഡന്റല്ല

പി സുരേന്ദ്രന്‍ പറയുന്നതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ നിലപാടാണ് എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് പങ്കുവെയ്ക്കാനുളളത്.

“മോഹന്‍ ഭാഗവത് വരട്ടെ, വരുന്നവരെ നമ്മളെന്തിനാ പേടിക്കുന്നത്. നമ്മള്‍ മതേതരരായിരുന്നാല്‍ പോരെ? ആരെങ്കിലും വന്നാല്‍ തെറിച്ചുപോവുന്നതാണ് നമ്മുടെ മതേതരത്വം എങ്കില്‍ അതങ്ങട് പോകട്ടെ. വരുന്നവരെ തടഞ്ഞുവെച്ചുകൊണ്ട് നമുക്ക് മതേതരത്വം സംരക്ഷിക്കാന്‍ സാധ്യമല്ലല്ലോ? ആരേയും തടയുകയെന്നത് ജനാധിപത്യരീതിയല്ല. ആരോഗ്യകരമായ ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ജനാധിപത്യത്തോടുളള ജനങ്ങളുടെ ആത്മാര്‍ത്ഥത നിലനില്‍ക്കണം. അതുണ്ടെങ്കില്‍ മാത്രമേ ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കൂകയുളളൂ.”

ദേശീയ പതാക ഉയര്‍ത്താന്‍ മോഹന്‍ ഭാഗവത് വീണ്ടും പാലക്കാട്ട്; സര്‍ക്കാര്‍ എന്തുചെയ്യും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍