UPDATES

ട്രെന്‍ഡിങ്ങ്

‘ഈ കാക്കിയിട്ടാൽ എവിടെ വേണേലും എപ്പോ വേണേലും കേറിചെല്ലാടാ ചെക്കാ…’

തൃശൂർ പാട്ടുരായ്ക്കൽ ലിവിംഗ് ടുഗതർ ആയി ജീവിക്കുന്ന അഹാനയ്ക്കും ജിതേന്ദ്രനും നേരെ ‘അഡൽട്ടറി കേസ്’ ചുമത്തി കേരള പോലീസിന്റെ സദാചാര അതിക്രമം

അനു ചന്ദ്ര

അനു ചന്ദ്ര

തൃശൂർ പാട്ടുരായ്ക്കൽ യുവാവും യുവതിയും ഒരുമിച്ച് താമസിക്കുന്ന വീട്ടിൽ ‘അഡൽട്ടറി കേസ്’ ചുമത്തി സദാചാര കടന്നുകയറ്റവുമായി പോലീസ് അതിക്രമം. ലിവിംഗ് ടുഗതർ ആയി ജീവിക്കുന്ന അഹാനയും ജിതേന്ദ്രനും അവരുടെ സുഹൃത്തു നീതുവും ആണ് ഈസ്റ്റ് പോലീസ് എസ് ഐ മനീഷിന്റെയും സംഘത്തിന്റെയും അവഹേളനത്തിനും ഭീഷണിക്കും ഇരകളായത്.

ജിതേന്ദ്രനും അഹാനയും വ്യഭിചാരം നടത്തുന്നുവെന്നും, ചെറുപ്പക്കാരികളായ ആൺകുട്ടികളും പെൺകുട്ടികളും ട്രാൻസ്ജെന്‍ഡറുകളും അവരുടെ വീട്ടിൽ പതിവായി സന്ദർശിക്കുന്നുവെന്നും ആണ് തങ്ങൾക്ക് ലഭിച്ച പരാതി എന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാൽ ആരുടെ പരാതി പ്രകാരമാണ് വന്നതെന്നോ, സെര്‍ച്ച് വാറണ്ട് കൈയിൽ ഉണ്ടോ എന്ന ജിതേന്ദ്രന്റെ ചോദ്യങ്ങള്‍ക്ക് പോലീസ് മറുപടി നൽകിയതുമില്ല. “ലിവിങ് റ്റുഗതർ കോടതിയും സുപ്രീം കോടതിയും ഒക്കെ അംഗീകരിച്ചു കാണും പക്ഷെ അത് വ്യഭിചാരം നടത്താമെന്നുള്ള ലൈസൻസല്ല” എന്നും ഭീഷണിപെടുത്തുന്ന തരത്തിൽ തലതല്ലി പൊട്ടിക്കുമെന്നും, കയ്യും കാലും തല്ലിയൊടിക്കും എന്നുമൊക്കെയുള്ള തരത്തിലുള്ള ഭാഷയാണ് പോലീസ് ഉപയോഗിച്ചതെന്ന് ജിതേന്ദ്രൻ പറയുന്നു. മൂന്ന് മാസങ്ങൾക്കു മുമ്പ് ഇതേ ഈസ്റ്റ് പോലീസ് ഇതേ ആരോപണവുമായി തന്നെ ഫ്ളാറ്റിൽ വന്നിരുന്നുവെന്നും എന്നാൽ അന്ന് വന്ന പോലീസ് സംഘം മാന്യമായ രീതിയിൽ ആണ് ഇടപഴകിയത് എന്നും ജിതേന്ദ്രൻ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷയം പൊതുസമൂഹത്തിൽ എത്തിച്ച ജിതേന്ദ്രൻ എസ് ഐ മനീഷിനെതിരെ പോലീസ് കമ്മീഷണർക്ക് പരാതി നല്കുകയാണെന്നുമറിയിച്ചു. എന്നാൽ പ്രസ്തുതവിഷയത്തിൽ തനിക്കൊന്നും പറയാൻ ഇല്ല എന്നാണ് എസ്‌.ഐ മനീഷ് അഴിമുഖത്തോട് പറഞ്ഞത്.

ജിതേന്ദ്രന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റ പൂർണ്ണരൂപം.

മോറൽ പോലീസിംഗ്, ആൾക്കൂട്ട സദാചാരം, മൊറാലിറ്റി തുടങ്ങിയ ക്ളീഷേ വിഷയങ്ങൾ സംസാരിച്ച് മടുത്ത് ഇത്തരം വിഷയങ്ങളോടുള്ള ത്രിൽ അവസാനിച്ച്‌, ഇനി ഇതൊന്നും സംസാരിക്കേണ്ടി വരില്ലല്ലോ എന്ന് വിചാരിച്ച്‌ കിടന്നുറങ്ങിയതിന്റെ പിറ്റേ ദിവസം രാവിലെയാണ് ഈസ്റ്റ് പോലീസ് എസ്. ഐ. മനീഷും സംഘവും ഫ്ലാറ്റിലേക്ക് ഇടിച്ചു കയറിയത്.

“എന്താ സാറേ പ്രശ്നം” എന്ന് ചോദിക്കുമ്പോഴേക്കും SI അടുക്കള വരെയെത്തി സെർച്ചിങ് പൂർത്തിയാക്കി കഴിഞ്ഞിരുന്നു.
SI : “ഇവടെ സ്ത്രീകൾ വന്നുപോവാറുണ്ടോടാ…?”
“ഇവടെ എന്റേം അഹനേടേം സുഹൃത്തുക്കൾ വരാറുണ്ട്…” ഞാൻ പറഞ്ഞു.
“ഇവടെ ആരൊക്കെയാടാ താമസം..?”
“ഞാനും അഹനെയും നീതും ”
“എന്നിട്ട് അവര് രണ്ടുപേരും എവിടെ”
“ഓഫീസിൽ പോയി” ഞാൻ പറഞ്ഞു
SI കൂടുതൽ സീരിയസായി. “ഈ ഫ്ലാറ്റിൽ അഡൾട്ടറി നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതാണ്… ”

ഈ വഴി ഞങ്ങളുടേത് കൂടിയാണ്, രാത്രികളും: സദാചാര പോലീസിനോടല്ല, പോലീസിനോടാണ് പറയുന്നത്

ഇങ്ങേർക്കപ്പോ അഡൾട്ടറി എന്താണെന്ന് അറിയില്ലാന്ന് മനസ്സിൽ വിചാരിച്ചിരുന്ന സമയത്താണ് വേറൊരു യൂണിഫോമൊന്നും ഇല്ലാത്ത ഒരു പോലീസ് ഇടയിൽ കയറിക്കൊണ്ട്..
“വിദ്യാഭ്യാസമുണ്ടെങ്കിൽ മനസ്സിലായിക്കാണും…, അഡൾട്ടറി…എന്നുവെച്ചാൽ വ്യഭിചാരം; ഇവടെ ഒരു പാട് സ്ത്രീകൾ പല സമയങ്ങളിലായി വന്നു പോകുന്നുണ്ടെന്ന പാരാതിയിന്മേൽ അന്വേഷിക്കാൻ വന്നതാണ്…” (ഭാഷ ഇങ്ങനെയൊന്നും ആയിരുന്നില്ല.. കൊറച്ചൂടെ മോശമായിരുന്നു…)
അഡൾട്ടറിയുടെ കറക്ട് മലയാളം അർത്ഥം വായിച്ചു പഠിച്ചതിന്റെ പ്രശ്നമാണെന്ന് മനസിലാക്കി ഞാൻ അതങ്ങ് ക്ഷമിച്ചു.
എന്നാലും ചോദിച്ചു ; “അഡൾട്ടറി എന്താണെന്ന് മനസിലായി, അതിവിടെ പറഞ്ഞതെന്തിനാണെന്ന് മനസിലായില്ല.”
ഇനിയിപ്പോ ഞാനുമായി പരിപാടിയുള്ള ഏതെങ്കിലും സ്ത്രീയുടെ ഭർത്താവ് പരാതി കൊടുത്തതിന്റെ പേരിൽ നേരിട്ട് അന്വേഷിക്കാൻ വന്നതായിരിക്കോ..? ഇത്രയ്ക്ക് ശുഷ്‌ക്കാന്തിയോ…?
“ആരാ പരാതിക്കാരൻ”
“വ്യഭിചാരം നടത്തുന്ന നിന്നെയൊക്കെ പിടിച്ചോണ്ട് പോകാൻ ആരുടേം പരാതിയൊന്നും വേണ്ടെടാ…”
ഞാൻ അയാളെ ഒന്ന് സൂക്ഷിച്ച്‌ നോക്കി.
“സാറേ എന്താ പരാതി..?”
SI – “പരാതി കാണണേങ്കിൽ സ്റ്റേഷനിലേക്ക് വാടാ”
കൂടെയുള്ള പല പോലീസുകാരും എന്തൊക്കെയോ തപ്പുന്നു… ഇടയ്ക്ക് മുഖത്തുനോക്കി തെറി പറയുന്നു….
“നീയും അഹനയും എത്ര നാളായി ഇവടെ താമസം തുടങ്ങിയിട്ട്…, അവൾക്ക് എന്താ ജോലി..?” തുടങ്ങീ അനവധി ചോദ്യങ്ങളായി.

ഞാന്‍ അവരോട് എന്റെ ഉടുപ്പ് ചോദിച്ചു; അതുപോലും തന്നില്ല

വീട്ടിലപ്പോ ഉണ്ടായിരുന്ന അഹനയുടെ സഹോദരനെ ചോദ്യം ചെയ്യുന്നു ,
പലതും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു.
അഡ്രസ്സും ഫോൺ നമ്പറും വാങ്ങിക്കൊണ്ട് പോകുന്നു.. തുടങ്ങി മോറൽ പോലീസിങ്ങിന്റെ പീക്ക് ലെവലിലേക്ക് SI പോയിക്കൊണ്ടേ ഇരുന്നു.
സഹിക്കാനാവാതെ ഞാൻ ചോദിച്ചു. “സാറെന്തിനാ ഇപ്പൊ ബെഡ് റൂമിലേക്ക് പോയത്…? എന്തെങ്കിലും സംസാരിക്കാനുണ്ടായിരുന്നെങ്കിൽ പൊറത്തിരുന്ന് സംസാരിച്ചാൽ പോരെ..?”
SI സിനിമ സ്റ്റൈലിൽ “നീ എന്നെ വല്ലാതെ പഠിപ്പിക്കല്ലേ… ഈ കാക്കിയിട്ടാൽ എവിടെ വേണേലും എപ്പോ വേണേലും കേറിചെല്ലാടാ ചെക്കാ… ”
“അതിനെന്തൊക്കെയോ കടലാസൊക്കെ വേണ്ടേ സാറേ?” ഞാൻ ചോദിച്ചു..
“അധികം വെളയെല്ലെടാ ചെക്കാ… വ്യഭിചാരം നടത്തണ നിന്റെ അടുത്തേക്ക് വരാൻ വാറണ്ട് വേണല്ലേ…?”
നിന്റെ മൊട്ടത്തല അടിച്ചുപൊട്ടിക്കണാ…
നട്ടെല്ലിന് ഒരു ചവിട്ട് കിട്ടിയാൽ പിന്നെ നീ അവിടെന്ന് എഴുന്നേൽക്കില്ലാട്ടാ….
തൊള്ള അടച്ചു വെച്ചിരിക്കെടാ…”
തുടങ്ങീ പോലീസിന്റെ ഭീഷണികളും പീഡനങ്ങളുമായിരുന്നു കുറച്ചു നേരം.എല്ലാം കഴിഞ്ഞ് SI യും സംഘവും ഇറങ്ങാൻ തൊടങ്ങുമ്പോ ഞാൻ പറഞ്ഞു…
“ഇവടെ പല സ്ത്രീകളും പല നേരത്തും വരും, അടുത്ത തവണ ഏതെങ്കിലും സ്ത്രീകൾ വന്നാൽ ഞാൻ സാറിനെ അറിയിക്കാം.”
അപ്പൊ SI ;” അപ്പൊ ഞാൻ വനിത പോലീസുമായി വരാം പിടിച്ചോണ്ട് പോവാൻ…”
“ഓ .. ആ മാന്യതയൊക്കെ ഉണ്ടല്ലോ സന്തോഷം… അപ്പൊ ശെരി പിന്നെ കാണാം… ” കതകടച്ചു.
ഒരു അടിസ്ഥനവും ഇല്ലാത്ത പരാതിയുമായി ഒരു പോലീസ് സ്റ്റേഷൻ എസ്. ഐ ഒരു സംഘം പോലീസുമായി ഫ്‌ളാറ്റിലേക്ക് ഒരു മുന്നറിയിപ്പും ഇല്ലാതെ കേറിവരിക…ആരുടെ പരാതിയാണ്, എന്താണ് പരാതി എന്നൊക്കെ ചോദിച്ചാൽ കൃത്യമായ ഉത്തരം പോലും തരാതെ ബെഡ് റൂമിലും അടുക്കളയിലുമെല്ലാം പോയി നോക്കുക.. പ്രതികരിക്കുമ്പോ തല അടിച്ചുപൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുക.. ഇതൊക്കെ ആയിരിക്കും പിണറായി പോലീസ് പുതുതായി തുടങ്ങിയ പോലീസ് ക്യാമ്പിന്റെ ഗൈഡ് ലൈൻസ്.
പരാതി എന്താണെന്നും സത്യാവസ്ഥ അറിയാനായി അന്ന് തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഞാനും അഹനയും പോയി ഞങ്ങൾക്കെതിരെയുള്ള പരാതി കാണണമെന്ന് ആവശ്യപ്പെട്ടു.

ഷോ പോര ഡിസിപി മെറിന്‍; മാഡം പോയി ബര്‍സയെ കേള്‍ക്കൂ…

കൊറച്ചു നേരം വെയിറ്റ് ചെയ്തു.
ആരും വിളിക്കുന്നില്ല… വീണ്ടും പോയി അന്വേഷിച്ചു.
റൈറ്റർ പറഞ്ഞു പരാതി കാണുന്നില്ലെന്ന്.
അപ്പൊ തന്നെ ഇറങ്ങി നേരെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിട്ടു.
അവിടെ പോയി SI ക്കെതിരെ വിശദമായി ഒരു പരാതി എഴുതിക്കൊടുത്തു..
വാടകയ്ക്ക് താമസിക്കുന്ന ട്രാന്‍സ്ജെൻഡർ കമ്മ്യുണിറ്റി, സിംഗിൾ പേരന്റ് വുമൺ, തീവ്ര ഹിന്ദു ഇടത്തിലേക്ക് വാടകയ്ക്ക് താമസിക്കാൻ വരുന്ന മുസ്ലിം കമ്മ്യുണിറ്റി തുടങ്ങിയവർ നേരിടുന്ന പ്രശ്‌നത്തെക്കാൾ ഒരു പക്ഷെ കുറവായിരിക്കും ഒരുമിച്ച് താമസിക്കുന്ന സ്ത്രീപുരുഷ സുഹൃത്തുക്കളുടെ പ്രശ്നം. ഇവരെല്ലാം അവിടത്തെ തന്നെ സമൂഹത്തിന്റെ കൺസേൺ ആവുകയും അത് സ്വാഭാവികമായി സ്റ്റേറ്റിന്റെ കൺസേൺ ആവുകയും, അങ്ങനെ വരുമ്പോൾ ഇവർക്കിടയിൽ അഡൾട്ടറി നടക്കുന്നുണ്ടോ എന്നന്വേഷിക്കാൻ SI നേരിട്ടിറങ്ങുകയും ചെയ്യുന്നതിൽ അത്ഭുതമൊന്നും ഇല്ല.
ഈ വീടിനെ സംബന്ധിച്ചിടത്തോളം ഇവിടേക്ക്‌ ട്രാൻസ്ജൻഡേഴ്സും സ്ത്രീകളും പുരുഷന്മാരും പലരും പല സമയത്തും വരും നിങ്ങളുടെ സ്വര്യ ജീവിതത്തെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ, അയൽവാസികളെ ശബ്ദം കൊണ്ടോ ഒരു നോട്ടം കൊണ്ടോ പോലും ശല്യപ്പെടുത്താത്ത സാഹചര്യത്തിൽ ഞങ്ങളുടെ സ്വൈര്യ ജീവിതത്തിലേക്ക് അനുവാദം ഇല്ലാതെ ഒരു മയിര് പോലീസും കടന്നു വരരുത്…

5/4/2018 രാവിലെ തൃശൂർ ഈസ്റ്റ്‌ പോലിസ് SI മനീഷും സംഘവും അടിസ്ഥാന രഹിതമായ ഒരു പരാതിയിന്മേൽ ഞാനും അഹനയും Ahana Mekhal നീതു Neethu Chichu താമസിക്കുന്ന പാട്ടുരായ്ക്കൽ ഉള്ള, ഫ്‌ളാറ്റിലേക്കു അനധികൃതമായി കടന്നു കയറുകയും (ഐപിസി 441, 442 ട്രസ്സ് പാസ്സ് ) തല അടിച്ചു പൊട്ടിക്കുമെന്നും, നട്ടെല്ല് തകർക്കുമെന്നും ഭീഷണിപെടുത്തി (ഐപിസി 351 assault ) തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത ഒരു ക്രിമിനൽ ആണ് തൃശൂർ ഈസ്റ്റ്‌ പോലിസ് സ്റ്റേഷൻ SI മനേഷ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

‘നിന്നെ വീണ്ടും എന്റെ കയ്യില്‍ തന്നെ കിട്ടി’; മാധ്യമപ്രവര്‍ത്തകനോട് എസ് ഐ

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍