UPDATES

ട്രെന്‍ഡിങ്ങ്

ഒന്നേകാല്‍ വയസ്സുകാരിയുടെ കൊലപാതകം: ഇനി തല്ലില്ലെന്നു പറഞ്ഞത് കൊല്ലാനായിരുന്നോ…? വിശ്വസിക്കാനാവാതെ ബന്ധുക്കളും അയല്‍വീട്ടുകാരും

ആതിരയോടുള്ള നാട്ടുകാരുടെ ദേഷ്യമാണ് പട്ടണക്കാട് പൊലീസ് സ്റ്റേഷനു മുന്നിലും കണാനായത്. സ്റ്റേഷനില്‍ ആതിരയുണ്ടെന്നറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്.

ആ രണ്ടു മുറി വീടിനും പത്തലുകള്‍ കൊണ്ടു കെട്ടിയ വേലിക്കും ഇടയിലെ മൂന്നടി നീളത്തിലെ കുഴിമാടത്തിനു പുറത്ത് വെയിലേറ്റ് വാടിയ ചെത്തിപ്പൂക്കള്‍ കിടപ്പുണ്ട്. ഇന്നലെ വരെ ഒരു ഒന്നേകാല്‍ വയസുകാരി ആ മണ്ണിനു പുറത്തു കൂടി ഓടിക്കളിച്ചിരുന്നതാണ്. ജനലിലൂടെ ആ കുഴിമാടത്തിലേക്ക് നോക്കിയിരുന്ന് അടക്കാന്‍ പറ്റാത്ത വേദന ഹൃദയത്തിലുണ്ടെന്നപോലെ, നെഞ്ചു തടവി കൊണ്ട് ബൈജു പറഞ്ഞു; എന്റെയടുത്തു നിന്നാണ് കുഞ്ഞിനെ അവളുടെ അമ്മ ഉറക്കാനെന്നു പറഞ്ഞുകൊണ്ടു പോയത്. പിന്നെയെന്റെ കുഞ്ഞിനെ ഉണര്‍ന്നില്ല…

ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്തില്‍ പുതിയകാവ് കൊല്ലംവെളി കോളനിയിലെ താമസക്കാരനായ ബൈജുവിന്റെ മകന്‍ ഷാരോണിന്റെ ഒന്നേകാല്‍ വയസു പ്രായമുള്ള മകള്‍ ആദിഷയെയാണ് അമ്മ ആതിര ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ബൈജുവും ഭാര്യ പ്രിയയും മകള്‍ ശില്‍പ്പയും ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും പുറത്തുവന്നിട്ടില്ല. ഞങ്ങള്‍ക്ക് ഒന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് അവര്‍ പറയുന്നത്. അകത്തെ മുറിയില്‍ കരച്ചിലടക്കാന്‍ കഴിയാതെ ഷാരോണ്‍ കിടപ്പുണ്ട്. അശ്വസിപ്പിക്കാന്‍ ശ്രമിച്ച് അടുത്ത് അമ്മൂമ്മയും.

രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ എന്നെ വട്ടം ചുറ്റിപ്പിടിച്ചു നിന്നിരുന്നു കുഞ്ഞ്. ഞങ്ങളവളെ തങ്കൂ എന്നാണ് വിളിക്കുന്നത്. എല്ലാ ദിവസവും ഞാന്‍ പോകാന്‍ ഇറങ്ങുമ്പോള്‍ ഇതുപോലെ വന്നു വട്ടം പിടിക്കും. അവളെയും കൊണ്ടുപോകണമെന്നു പറയും. ഓരോന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചിട്ടാണ് ഞാന്‍ പോകുന്നത്. വൈകുന്നേരം വീട്ടിലേക്ക് ഓടിയെന്നപോലെ വരണതും എന്റെ കുഞ്ഞിനെ കാണാനായിരുന്നു. ഇനി ഞാന്‍ എങ്ങനെന്റെ മോളെ കാണും; ഏങ്ങലിടിയില്‍ മുറിഞ്ഞുപോകുന്നു പ്രിയയുടെ ശബ്ദം.

മോനാണ് എന്നെ വിളിച്ചു പറയുന്നത്, കുഞ്ഞിനെന്തോപറ്റി ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുകയാണെന്ന്. ഞാനും അവനും ഒരേ കമ്പനിയിലാണ്( ഒരു പീലിംഗ് കമ്പനിയിലാണ് പ്രിയയും മകന്‍ ഷാരോണും ജോലി ചെയ്യുന്നത്). ഞാനും അവനൊപ്പം ചേര്‍ത്തല ആശുപത്രിയിലേക്ക് പോകാനിറങ്ങി. അവിടെയെത്തുമ്പോള്‍ കുറെ ആളുകളുണ്ട്. ചെന്നപ്പോഴാണ് ഞാനറിയുന്നത് എന്റെ തങ്കൂ മരിച്ചു പോയെന്ന്…;പ്രിയ പറയുന്നു.

ഷാരോണിന്റെ സഹോദരി ശില്‍പ്പയും ആദിഷ പുറത്ത് കളിച്ചു നടക്കുന്നത് കണ്ടിട്ടാണ് കറണ്ട് ചാര്‍ജ് അടയ്ക്കാനും മറ്റു ചില കാര്യങ്ങള്‍ക്കുമായി പുറത്തുപോകുന്നത്. രാവിലെ ഞാന്‍ തുണിയലക്കി കൊണ്ടു നിന്നപ്പോള്‍ കുഞ്ഞ് എന്റെടുത്ത് വന്നു നിന്നിരുന്നു. ആതിര വേഗം വന്ന്, ഇവിടെ വന്നു നില്‍ക്കുമോ എന്നും ചോദിച്ച് കുഞ്ഞിനെ തല്ലി. പിന്നെ അകത്തേക്കു വിളിച്ചു കൊണ്ടു പോയി. അലക്കു കഴിഞ്ഞു ഞാന്‍ തിരിച്ചു വരുമ്പോള്‍ അവള്‍(ആതിര) കുഞ്ഞിനെ കുളിപ്പിച്ച് കണ്ണൊക്കെ എഴുതിപ്പിച്ചശേഷം ഉറക്കാന്‍ കൊണ്ടുപോവുകയായിരുന്നു. അതു കഴിഞ്ഞിട്ട് അവള്‍ കുളിക്കാന്‍ പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞ് എഴുന്നേറ്റു. പുറത്തു വന്നു കളിക്കാന്‍ തുടങ്ങി. അച്ഛനപ്പോള്‍ ടി വി കാണുന്നുണ്ടായിരുന്നു. സാധാരണ ഞാന്‍ കറണ്ട് ചാര്‍ജ് അടയ്ക്കാന്‍ പോകുമ്പോള്‍ കൊച്ചിനേയും കൊണ്ടു പോകും. ഇന്നലെ വേറെ ചിലയിടങ്ങളില്‍ കൂടി പോകാനുണ്ടായിരുന്നതുകൊണ്ട് സൈക്കിളിലാണ് പോയത്. അതാണ് കുഞ്ഞിനെ കൊണ്ടു പോകാതിരുന്നത്. എടിഎമ്മില്‍ കയറി പൈസയെടുത്ത് ഇറങ്ങുമ്പോഴാണ് ആതിര ഫോണ്‍ ചെയ്യുന്നത്, കുഞ്ഞ് ആശുപത്രിയിലാണെന്നു പറഞ്ഞു. ഞാന്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഇടയ്ക്ക് വീണ്ടും ആതിര വിളിച്ചു. അപ്പോള്‍ പറഞ്ഞത് കൊച്ച് മരിച്ചു പോയെന്നാണ്. കുറച്ചു കഴിഞ്ഞ് വീണ്ടും വിളിച്ചിട്ട് പറഞ്ഞത് കുഴപ്പമൊന്നുമില്ല, നീ ആശുപത്രിയിലേക്ക് വാ…എന്നാണ്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ കുഞ്ഞ് മരിച്ചിട്ടുണ്ടായിരുന്നു.

ആദിഷയെ സംസ്‌കരിച്ച സ്ഥലം

ഷാരോണും ബൈജുവും പ്രിയയും ശില്‍പ്പയുമെല്ലാം കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് വിവരം അറിയുന്നത്. കുഞ്ഞിന് അനക്കമില്ലെന്നു പറഞ്ഞ് ആതിര അയല്‍വീട്ടില്‍ ചെന്നു വിവരം പറയുകയായിരുന്നു. പരിസരത്ത് തന്നെ ഒരു മരണ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്ന ആളുകളാണ് ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ആതിരയുടെ പിതാവാണ് ഷാരോണിനെ വിളിച്ചു വിവരം പറയുന്നത്. ഈ സമയത്തൊക്കെ വീട്ടില്‍ ഉണ്ടായിരുന്ന ബൈജു പോലും ഒന്നും അറിഞ്ഞില്ല.

കൊച്ചിനെ ഉറക്കി കിടത്തിയിട്ടാണ് ആതിര കുളിക്കാന്‍ പോയത്. ഞാനപ്പോള്‍ ടീവി കണ്ടുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് കുഞ്ഞ് ഉറങ്ങിയെഴുന്നേറ്റു. പുറത്ത് കുറച്ചു നേരം പോയി കളിച്ചു. അകത്തിരുന്ന് എനിക്കവളെ കാണായിരുന്നു. പിന്നെ എന്റെടുത്ത് വന്ന് നിന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ എന്റെ തുടയില്‍ തല ചായ്ച്ച് വച്ച് നിന്നു. ഉറക്കം മതിയാകാത്ത പോലെ. ആ സമയം ആതിര വന്നു കുഞ്ഞിനെ എടുത്തുകൊണ്ട് അവരുടെ മുറിയിലേക്ക് പോയി. വാതിലും അടച്ചു. ഞാന്‍ ടീവി ഓഫ് ചെയ്തു കിടക്കാന്‍ പോയി. സുഖമില്ലാത്തൊരാളാണ് ഞാന്‍. മരുന്നുണ്ട്. ജോലിക്കും പോകാന്‍ കഴിയില്ല. കിടന്നു കുറച്ചു കഴിഞ്ഞപ്പോള്‍ വാതിലിനു മുന്നില്‍ വന്ന് ആതിര അകത്തേക്കു നോക്കുന്നത് കണ്ടു. ഒന്നും പറയാതെ തിരിച്ചു പോവുകയും ചെയ്തു. ഞാന്‍ എഴുന്നേറ്റ് വന്നു നോക്കിയപ്പോള്‍ അവള്‍ കൊച്ചിനെയും തോളത്തിട്ട് പുറത്തിക്കു പോകുന്നത് കണ്ടു. അയല്‍വക്കത്ത് എവിടെയെങ്കിലും പോകുന്നതായിരിക്കുമെന്നു കരുതി. ഞാന്‍ വീണ്ടും പോയി കിടന്നു. ശക്തിയുള്ള മരുന്നാണ് കഴിക്കുന്നത്. കുറെ നേരം കിടന്ന് ഉറങ്ങിപ്പോകും. ബൈജു..ബൈജു എന്നു വിളിച്ച് ജനലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അയല്‍വക്കത്തുള്ളവരായിരുന്നു. അവര്‍ പറഞ്ഞാണ് കൊച്ചിനെ ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുകയാണെന്നു ഞാന്‍ അറിയുന്നത്; ബൈജു പറയുന്നു.

കുട്ടിക്ക് അനക്കമില്ലെന്നു പറഞ്ഞ് ആദിഷയേയും കൊണ്ട് അയല്‍പ്പക്കത്ത് താമസിക്കുന്ന ശ്യാമയുടെ വീട്ടിലേക്കാണ് ആതിര ചെന്നത്. കൊച്ചിന്റെ കിടപ്പുകണ്ട് ഭയം തോന്നിയ ശ്യാമ നിലവിളിച്ചു. ഇത് കേട്ടാണ് അടുത്തുള്ള മരണ വീട്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തിയത്. പിന്നീട് ഇവരെല്ലാം ചേര്‍ന്നാണ് കൊച്ചിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ മരണവും അതിനു പിന്നില്‍ ആതിരയാണെന്നും അറിഞ്ഞതോടെ ഈ നാട്ടുകാരെല്ലാം കടുത്ത ദേഷ്യത്തിലാണ്. ശ്വാസം മുട്ടിച്ച് കൊന്ന ആ കുഞ്ഞിനെയും കൊണ്ടാണല്ലോ അവള്‍ ഞങ്ങളുടെ അടുത്ത് വന്നത് എന്നാണ് ദേഷ്യവും സങ്കടവും നിറഞ്ഞ് നാട്ടുകാര്‍ ചോദിക്കുന്നത്. ആ കുഞ്ഞിനെ കണ്ടാല്‍ ഒന്നു നുള്ളിനോവിക്കാന്‍ പോലും ആര്‍ക്കും തോന്നില്ല. അതുപോലൊരു അമ്പോറ്റി കുഞ്ഞായിരുന്നു. അതിനെയാണ് വായും മൂക്കും പൊത്തിപ്പിടിച്ച് കൊന്നത്. അന്യര്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്ത ദുഷ്ടത്തരം പെറ്റതള്ള തന്നെ ചെയ്തല്ലോ..; രോഷം അടയ്ക്കാന്‍ കഴിയാതെയാണ് കോളനിയിലുള്ളവര്‍ സംസാരിച്ചത്.

ആതിരയോടുള്ള നാട്ടുകാരുടെ ദേഷ്യമാണ് പട്ടണക്കാട് പൊലീസ് സ്റ്റേഷനു മുന്നിലും കണാനായത്. സ്റ്റേഷനില്‍ ആതിരയുണ്ടെന്നറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. ഹൈവേ സൈഡിലുള്ള സ്റ്റേഷനിലേത്ത് മറ്റു പലകാര്യങ്ങള്‍ക്കുമായി വാഹനത്തിലും നടന്നുമൊക്കെ പോയവര്‍ വിവരം അറിഞ്ഞ് തടിച്ചു കൂടുകയായിരുന്നു. പ്രായമായവരും സ്ത്രീകളും വിദ്യാര്‍ത്ഥികളുമെല്ലാം ആ കൂട്ടത്തിലുണ്ടായിരുന്നു. അവരുടെയെല്ലാം മുഖത്ത് കുഞ്ഞിനെയോര്‍ത്തുള്ള സങ്കടവും ആതിരയോടുള്ള പകയും നിറഞ്ഞിരുന്നു. എന്തിനാണ് ആ കൊച്ചിനെ അവള്‍ കൊന്നതെന്നാണ് അവര്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്ന ചോദ്യം.

"</p

അതേ ചോദ്യം തന്നെയാണ് ബൈജുവും പ്രിയയും ശില്‍പ്പയും ചോദിക്കുന്നത്. അവള്‍ക്ക് വേണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് തന്നിട്ടു പോകായിരുന്നില്ലേ…ഞങ്ങള് വളര്‍ത്തില്ലായിരുന്നോ? കരച്ചിലോടെയാണ് ആരോടെന്നില്ലാതെ പ്രിയ ചോദിക്കുന്നത്. ആതിര കൊച്ചിനെ ഉപദ്രവിക്കുന്നത് കാണുമ്പോഴൊക്കെ ഞാന്‍ പറഞ്ഞിട്ടുള്ളതാ, നിനക്ക് വേണ്ടെങ്കില്‍ ഞാന്‍ വളര്‍ത്തിക്കോളാം തങ്കൂനേയെന്ന്; ശില്‍പ്പയുടെ വാക്കുകള്‍. ഞങ്ങളോടുള്ള ദേഷ്യമാണ് കൊച്ചിനോട് തീര്‍ക്കുന്നത്. അച്ഛനോടും അമ്മയോടും ചേട്ടനോടും വഴക്കിട്ടാല്‍ ആ ദേഷ്യം മുഴുവന്‍ കൊച്ചിനെ ഉപദ്രവിച്ചാണ് മാറ്റുന്നത്. പലവട്ടം ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളതുമാണ്. എന്നിട്ടും തല്ലും. ഒരാഴ്ച്ച മുമ്പ് പറഞ്ഞത്, ഞാനെന്റെ സ്വഭാവമെല്ലാം മാറ്റുകയാണ്, ഇനിയാരോടും വഴക്കിടില്ലെന്നാണ്. എന്നിട്ട് ഇന്നലെയും കൊച്ചിനെ തല്ലി. അതിനുശേഷം ആതിര ഒരു ഡയലോട് കൂടി പറഞ്ഞിരുന്നു. അത് കൊച്ചിനെ കുളിപ്പിച്ച് ഉറക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു. ഇനി അമ്മ നിന്നെ തല്ലില്ല കേട്ടോ…ആരും നിന്നെ തല്ലത്തില്ല കേട്ടോ…എന്നും പറഞ്ഞാണവള്‍ കൊച്ചിനെ ഉറക്കാന്‍ കൊണ്ടു പോയത്…ഇനി തല്ലില്ലെന്നു പറഞ്ഞത് കൊല്ലാനായിരുന്നോ…അതുവരെ അടക്കിപ്പിടിച്ച സങ്കടമെല്ലാം തുളുമ്പിയൊഴുകി ശില്‍പ്പയുടെ കണ്ണുകളിലൂടെ…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍