UPDATES

ഓഫ് ബീറ്റ്

അമ്മയും മകനും പ്ലസ് ടു പാസായി, അച്ഛന്‍ തോറ്റു

പരീക്ഷാഫലം വന്നപ്പോള്‍ സന്തോഷവും നിരാശയുമെല്ലാം കലര്‍ന്ന സമ്മിശ്രവികാരമാണ് ഇവരുടെ വീട്ടില്‍.

പശ്ചിമബംഗാളിലെ നാദിയ ജില്ലയിലുള്ള ഉത്തര്‍ പതികാബാരി ഗ്രാമത്തില്‍ മകനോടൊപ്പം അച്ഛനും അമ്മയും ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതി. വെസ്റ്റ് ബംഗാള്‍ കൗണ്‍സില്‍ ഫോര്‍ ഹയര്‍ സെക്കണ്ടറി എജുക്കേഷന്‍ (ഡബ്യുബിസിഎച്ച്എസ്ഇ) നടത്തുന്ന 12ാം ക്ലാസ് പരീക്ഷയില്‍ അമ്മയും മകനും ജയിച്ചു, അച്ഛന്‍ തോറ്റു. ബിപ്ലബ് മണ്ഡല്‍ എന്ന 17കാരന്‍ അച്ഛന്‍ ബല്‍റാം മണ്ഡലിനും (42) അമ്മ കല്യാണി മണ്ഡലിനും (32) ഒപ്പമാണ് പരീക്ഷയെഴുതിയത്. കല്യാണി ഏഴാം ക്ലാസില്‍ വച്ചും ബല്‍റാം ഒമ്പതാം ക്ലാസില്‍ വച്ചുമാണ് പഠനം നിര്‍ത്തിയത്.

വിവാഹത്തേയും സാമ്പത്തിക പ്രശ്‌നങ്ങളേയും തുടര്‍ന്നാണ് ഇരുവര്‍ക്കും പഠനം നിര്‍ത്തേണ്ടി വന്നത്. ഓപ്പണ്‍ സ്‌കൂള്‍ വഴി ഇരുവരും പത്താം ക്ലാസ് പരീക്ഷ എഴുതി ജയിച്ചിരുന്നു. രബീന്ദ്ര മുക്തോ വിദ്യാലയ വഴി. ബല്‍റാം 2013ലും കല്യാണി 2014ലുമാണ് പത്താം ക്ലാസ് പാസായത്. ബല്‍റാം കൃഷിക്കാരനാണ്. അര ഏക്കര്‍ ഭൂമിയുണ്ട്. കല്യാണി ആടുവളര്‍ത്തലുമായി കഴിഞ്ഞിരുന്നു. ഇരുവരും പകല്‍ സമയങ്ങളില്‍ മറ്റ് പണികളും വീട്ടുജോലികളും ചെയ്ത് രാത്രിയാണ് പഠിക്കാന്‍ സമയം കണ്ടെത്തിയിരുന്നത്. ഹയര്‍സെക്കണ്ടറി പഠനം റെഗുലര്‍ സ്‌കൂള്‍ വഴി തന്നെ വേണമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ഹെഡ്മാസ്റ്ററുടെ അനുവാദത്തോടെ മകന്‍ പഠിക്കുന്ന ബാഹിര്‍ഗച്ചി സ്‌കൂളില്‍ തന്നെ ചേര്‍ന്നു. യൂണിഫോമിട്ട് ക്ലാസിലെത്തി. ആദ്യമൊക്കെ തന്റെ സഹപാഠികള്‍ അവരുമായി അകന്ന് നില്‍ക്കുകയായിരുന്നെങ്കിലും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറിയെന്ന് ബിപ്ലബ് പറയുന്നു.

മൂന്നുപേരും ഒരേ ആര്‍ട്‌സ് ഗ്രൂപ്പ് ക്ലാസിലാണ് ഒരുമിച്ച് പഠിച്ചത്. മൂന്ന് പേരും ഒരു ബുക്ക് വച്ച് പഠിച്ചു. അങ്ങനെ പണം ലാഭിച്ചു. പരീക്ഷാഫലം വന്നപ്പോള്‍ സന്തോഷവും നിരാശയുമെല്ലാം കലര്‍ന്ന സമ്മിശ്രവികാരമാണ് ഇവരുടെ വീട്ടില്‍. ബിപ്ലബ് 50.6 ശതമാനം മാര്‍ക്കോടെയും കല്യാണി 45.6 ശതമാനം മാര്‍ക്കോടെയും പാസായപ്പോള്‍ ബല്‍റാമിന് ജയിക്കാനായില്ല. റിവിഷന് അപേക്ഷിക്കാന്‍ അച്ഛനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കിട്ടിയില്ലെങ്കില്‍ വീണ്ടും എഴുതാമല്ലോ എന്നും ബിപ്ലബ് പറഞ്ഞു. അതേസമയം 12ാം ക്ലാസ് പാസായെങ്കിലും സാമ്പത്തികനില പരുങ്ങലിലായതിനാല്‍ തുടര്‍ന്ന് പഠിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞേക്കില്ലെന്നാണ് ബിപ്ലബും കല്യാണിയും പറയുന്നത്. ബംഗാളിലെ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഇത്തവണ 84.2 ശതമാനം വിജയമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിജയശതമാനമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍