UPDATES

ട്രെന്‍ഡിങ്ങ്

നിങ്ങള്‍ ചാനലിലെത്തിയില്ലെങ്കിലും ഞങ്ങള്‍ ഓണമാഘോഷിക്കും താരപ്രമാണിമാരെ

ചിത്രത്തിന്റെ സൗജന്യ പ്രമോഷനും ജനങ്ങളുമായി നേരിട്ട് സംവദിക്കാനുമുള്ള സുവര്‍ണാവസരവുമാണ് ഇവിടെ താരങ്ങള്‍ക്ക് നഷ്ടമാകുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഓണമെന്നാല്‍ തങ്ങളുടെ സ്വീകരണ മുറിയിലെ ടെലിവിഷനിലൂടെ അറിയുന്ന പ്രിയതാരങ്ങളുടെ വിശേഷങ്ങളാണ് മലയാളിക്ക്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ചാനലുകളുടെ ഓണപരിപാടികള്‍ ബഹിഷ്‌കരിക്കാനാണ് ചലച്ചിത്ര താരങ്ങളുടെ തീരുമാനമെന്നാണ് അറിയുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരങ്ങള്‍ തുടര്‍ച്ചയായി നിലപാട് മാറ്റിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആദ്യം അവര്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് ഒത്തുകൂടുകയും പിന്നീട് കേസില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ദിലീപിനെ അനുകൂലിക്കുകയും ചെയ്തവരാണ് താരസംഘടനയായ അമ്മ.

അമ്മ മകനൊപ്പം മാത്രമാണെന്നും മകള്‍ക്കൊപ്പമല്ലെന്നും അന്ന് സോഷ്യല്‍ മീഡിയ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. അമ്മയുടെ വാര്‍ഷിക യോഗത്തിന് ശേഷം നടന്മാരും എംഎല്‍എമാരുമായ മുകേഷും ഗണേഷ്‌കുമാറും അമ്മ പ്രസിഡന്റും പാര്‍ലമെന്റ് അംഗവുമായ ഇന്നസെന്റിന് മുന്നില്‍ വച്ച് ദിലീപിന് നേരെ നടക്കുന്ന മാധ്യമ വിചാരണയില്‍ രോഷം കൊണ്ടതുമെല്ലാം ജനങ്ങള്‍ ലൈവ് ആയി കണ്ടതാണ്. പിന്നീട് ദിലീപ് അറസ്റ്റിലായതോടെ അമ്മ വീണ്ടും നിലപാട് മാറ്റുകയും അമ്മ മകള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും ദിലീപ് കേസില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന അമിത പ്രാധാന്യത്തില്‍ മലയാള സിനിമയിലെ താരപ്രമാണിമാര്‍ അസഹിഷ്ണുക്കളായിരുന്നുവെന്ന് വേണം മനസിലാക്കാന്‍. അല്ലെങ്കില്‍ ഈ ഓണത്തിന് ചാനലുകളുടെ ഓണപ്പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ താരങ്ങള്‍ തീരുമാനിക്കില്ലായിരുന്നു.

ദിലീപിന്റെ വാര്‍ത്തകള്‍ക്ക് ചാനലുകള്‍ അമിത പ്രാധാന്യം നല്‍കിയെന്നും ഓരോ ചാനലും അതിന് മത്സരിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് താരങ്ങളുടെ ഈ തീരുമാനം. അനൗദ്യോഗികമായാണ് താരങ്ങളുടെ ഈ തീരുമാനം. ഓണത്തിന് പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ പ്രചാരണത്തിന് ചാനലുകളില്‍ പോകേണ്ടതില്ലെന്ന് താരങ്ങള്‍ തീരുമാനിച്ചെന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ ചലച്ചിത്രങ്ങള്‍ മാത്രം സംപ്രേഷണം ചെയ്ത് ചാനലുകള്‍ക്ക് ഈ വര്‍ഷത്തെ ഓണം ആഘോഷിക്കേണ്ടി വരും. നിലവില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ചാനല്‍ ചര്‍ച്ചകളിലൊന്നും പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്നില്ല. ഓണത്തിനും ഈ ബഹിഷ്‌കരണം തുടരാനാണ് അവരുടെ തീരുമാനം. പക്ഷെ, ഈ ചാനല്‍ പരിപാടികള്‍ ആര്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്യുന്നതെന്ന് ബുദ്ധി കൈമോശം വന്ന താരങ്ങള്‍ മറന്നുപോയെന്ന് തോന്നുന്നു.

ഓണാഘോഷ പരിപാടികള്‍ പ്രധാനമായും പുതിയ ചിത്രങ്ങളുടെ പ്രമോഷനാണെന്നാണ് ഇത്രയും കാലത്തെ അനുഭവം തെളിയിച്ചിട്ടുള്ളത്. താരങ്ങള്‍ തന്നെ തങ്ങളുടെ സിനിമയെ പുകഴ്ത്തി പറഞ്ഞും അതിന് വേണ്ടി തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ വിവരിച്ചും ചിത്രത്തിന് ആളെ കയറ്റാനുള്ള അവസരം താരങ്ങള്‍ തന്നെ ഇല്ലാതാക്കുകയാണെന്നേ ഇതിനെ പറയാന്‍ സാധിക്കൂ. ചാനലുകള്‍ തന്നെ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമ താരങ്ങളെ സമൂഹം ഒരു വിമര്‍ശനാത്മകമായ സമീപനത്തോടെയാണ് നോക്കിക്കാണുന്നത്. ഇത് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്നും വളരെ വ്യക്തമാണ്. ജനങ്ങളോട് സംവദിക്കാനും തങ്ങളുടെ നിലപാട് നേരിട്ട് വ്യക്തമാക്കാനുമുള്ള അവസരമാണ് താരങ്ങള്‍ ഓണപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിലൂടെ ഇല്ലാതാക്കുന്നതെന്നാണ് ചാനലുകള്‍ പറയുന്നത്.

ഓണ പരിപാടികളില്‍ നിന്നും താരങ്ങള്‍ വിട്ടുനില്‍ക്കുന്നത് സമൂഹത്തിനും നല്ലതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഒട്ടുമിക്ക പ്രദേശങ്ങളിലും ഓണത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും സ്വീകരണമുറിയിലും കിടപ്പുമുറിയിലും ഒതുങ്ങുന്ന പുതിയ കേരള സംസ്‌കാരം, താരങ്ങളുടെ ഓണാഘോഷവും കണ്ട് വീട്ടില്‍ തന്നെ ഇരിക്കുന്നതാണ് വര്‍ഷങ്ങളായുള്ള പതിവ്. എന്നാല്‍ താരങ്ങളെ തങ്ങളുടെ സ്വീകരണമുറിയില്‍ കിട്ടാതാകുന്നതോടെ ജനങ്ങള്‍ പുറത്തേക്കിറങ്ങുകയും ഓണം ഒരു സാമൂഹിക ആഘോഷമായി തീരുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

തങ്ങള്‍ സഹകരിക്കാതായാല്‍ ചാനല്‍ റേറ്റിംഗ് കുറയുമെന്നും അവരുടെ പരസ്യവരുമാനം കുറയുമെന്നുമാണ് താരങ്ങളുടെ ധാരണ. അവര്‍ അവരുടെ കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും തന്നെയാണ് താരങ്ങളായതെന്ന് അംഗീകരിക്കുമ്പോഴും അവരെ താരങ്ങളാക്കിയതും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതും ഇതേ ചാനലുകള്‍ തന്നെയാണെന്ന് അവര്‍ മറന്നുപോയി. ചാനലുകളെ സംബന്ധിച്ച് താരങ്ങളെ കിട്ടാതിരിക്കുന്നത് നേരിയ തോതില്‍ നഷ്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്. നാട് ഉത്സവ ലഹരിയിലും അവധി ദിവസങ്ങളിലുമായതിനാല്‍ വാര്‍ത്തകള്‍ അധികമില്ലാത്ത ഈ ദിവസങ്ങളില്‍ തുടര്‍ച്ചയായി സിനിമകള്‍ സംപ്രേഷണം ചെയ്ത് കാഴ്ചക്കാരെ ചാനലിന് മുന്നിലിരുത്തേണ്ട വലിയ ചുമതലയാണ് അവര്‍ക്കുള്ളത്.

ഓണത്തിന് ഏതെങ്കിലും ഒരു താരത്തിന്റെ അടുക്കളയില്‍ എന്തുണ്ടാക്കിയെന്ന് അറിയണമെന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇതിനെക്കുറിച്ചുള്ള പ്രതികരണം. താരം വീട്ടിലോ മറ്റെവിടെങ്കിലുമോയിരുന്ന് തനിക്ക് ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകളും ഓണ വിശേഷങ്ങളും കുടുംബവുമൊത്തുള്ള നിമിഷങ്ങളുമെല്ലാമാണ് ഈ പ്രോഗ്രമുകളില്‍ കാണാനാകുന്നത്. ഇതോടൊപ്പമാണ് തങ്ങളുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവയ്ക്കുന്നത്. ഈ വര്‍ഷമെങ്കിലും ടെലിവിഷനിലെ വൃത്തികേടുകള്‍ കാണാതെ ഓണം ആഘോഷിക്കാമല്ലോയെന്നാണ് പലരുടെയും നിലപാടെന്ന് സമൂഹമാധ്യമങ്ങളില്‍ നിന്നും വ്യക്തം. താരങ്ങളുടെ നുണകള്‍ കേള്‍ക്കേണ്ടെന്നും പത്രാസ് കേള്‍ക്കേണ്ടെന്നും പറയുന്നവരുമുണ്ട്. സമൂഹ മാധ്യമങ്ങള്‍ ഇന്ന് പല തീരു മാനങ്ങളെയും സ്വാധീനിക്കുന്നുണ്ട്. അതു കണക്കിലെടുത്ത് ചാനലുകള്‍ തങ്ങളെ ബഹിഷ്‌കരിച്ച താരങ്ങളെ ചാനലുകളും ബഹിഷ്‌കരിക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. നിങ്ങള്‍ ഞങ്ങളുടെ സ്വീകരണമുറിയിലില്ലങ്കിലും ഞങ്ങള്‍ ഓണമാഘോഷിക്കുമെന്നാണ് ഈ ജനങ്ങള്‍ താരങ്ങളോട് പറയുന്നത്.

നാട്ടിന്‍പുറങ്ങളില്‍ കഴിവുള്ള ധാരാളം യുവാക്കള്‍ ഉണ്ട്. വിവിധ ഗ്രാമങ്ങളില്‍ ഓണത്തോട് അനുബന്ധിച്ച് പുലികളി മുതലുള്ള ആഘോഷങ്ങളും എല്ലാവര്‍ഷവും നടക്കും. ഇത്തരം പ്രോഗ്രാമുകള്‍ സംപ്രേക്ഷണം ചെയ്താല്‍ അത് പുതിയ കലാകരന്മാരുടെ വളര്‍ച്ചയെയും സഹായിക്കും. ചാനലുകളെ സംബന്ധിച്ച് പ്രോഗ്രാമുകളില്ലാതെ വിഷമിക്കേണ്ടിയും വരില്ല.

പരസ്യവരുമാനത്തില്‍ ഇടിവുണ്ടായേക്കാം. എന്നാല്‍ അതിനേക്കാള്‍ വലിയ നഷ്ടമാണ് ചാനലുകള്‍ താരങ്ങളെ ബഹിഷ്‌കരിക്കുമ്പോള്‍ താരങ്ങള്‍ക്കുണ്ടാകുക. ചിത്രത്തിന്റെ സൗജന്യ പ്രമോഷനും ജനങ്ങളുമായി നേരിട്ട് സംവദിക്കാനുമുള്ള സുവര്‍ണാവസരവുമാണ് ഇവിടെ അവര്‍ക്ക് നഷ്ടമാകുന്നത്. അത് അവര്‍ക്ക് തിരിച്ചറിയാനാകുന്നില്ലെങ്കില്‍ മനസിലാക്കിക്കൊടുക്കാനുള്ള ആര്‍ജ്ജവം ചാനലുകള്‍ ഇവിടെ കാണിക്കുകയാണ് വേണ്ടത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍