എട്ടു വയസുണ്ടെന്ന് വിചാരിക്കുന്ന പെണ്‍കുട്ടിയെ കതാര്നിയഗഢ് വന്യജീവി സങ്കേതത്തില്‍ നിന്നും വനപാലകരാണ് രക്ഷപ്പെടുത്തിയത്
ഉത്തര്‍പ്രദേശിലെ കതാര്നിയാഗഢ് വന്യജീവി സങ്കേതത്തില്‍ നിന്നും കഴിഞ്ഞ ജനുവരിയില്‍ രക്ഷപ്പെടുത്തപ്പെട്ട പെണ്‍കുട്ടിയെ കുരങ്ങന്മാര് സംരക്ഷിച്ചു വളര്‍ത്തിയതാണെന്ന മുന്‍ധാരണ തെറ്റുന്നു. എട്ടു വയസുണ്ടെന്ന് വിചാരിക്കുന്ന പെണ്‍കുട്ടിയെ കതാര്നിയഗഢ് വന്യജീവി സങ്കേതത്തില്‍ നിന്നും വനപാലകരാണ് രക്ഷപ്പെടുത്തിയത്. കുട്ടി ഇപ്പോള്‍ ബഹ്രായിച്ചിലെ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ പ്രശസ്ത പുസ്തകമായ ദ ജംഗിള്‍ ബുക്കിലെ നായകന് മോഗ്ലിയെ ഓര്‍മ്മിച്ചുകൊണ്ട് മോഗ്ലി പെണ്‍കുട്ടി എന്നായിരുന്നു ഇവളെ ആദ്യം വിളിച്ചിരുന്നതെങ്കിലും പിന്നീട് വനദുര്‍ഗ എന്ന പേര് കുട്ടിക്ക് നല്‍കുകയായിരുന്നു.
കുട്ടിയെ കണ്ടെത്തുമ്പോള്‍ അവള് കുരങ്ങന്മാരോടൊപ്പമാണ് എന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ദേഹം മുഴുവന്‍ മുറിവുകള്‍ ഉണ്ടായിരുന്ന കുട്ടി നാലുകാലില്‍ സഞ്ചരിക്കുകയും മൃഗങ്ങളെ പോലെ കൈ ഉപയോഗിക്കാതെ വായ കൊണ്ട് ഭക്ഷണം സ്വീകരിക്കുകയുമായിരുന്നു. സംസാരഭാഷ തീരെ വശമില്ല. കുരങ്ങന്മാരെ പോലെ പെരുമാറുന്നതാണ് അവരാവാം കുട്ടിയെ സംരക്ഷിച്ചത് എന്ന ധാരണയില്‍ എത്തിയതിന് പിന്നില്‍. കുട്ടിയെ ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാവാം എന്നും കരുതിയിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു സാധ്യത ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഗ്യാന്‍ പ്രകാശ് സിംഗ് തള്ളിക്കളയുന്നു. വനപാലകരുടെയോ അല്ലെങ്കില്‍ മൃഗങ്ങളുടെ കണക്കെടുക്കാനും സുരക്ഷയ്ക്കുമായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകളുടെയോ കണ്ണില്‍ പെടാതെ ഇത്രയും കാലം ഒരു മനുഷ്യക്കുട്ടിക്ക് ഒരു വന്യജീവി സങ്കേതത്തില്‍ കഴിയാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പട്രോള്‍ സംഘം കുട്ടിയെ കണ്ടെത്തുന്നതിന് ഏതാനും ദിവസം മുമ്പ് മാത്രമാവും കുട്ടി കാട്ടില്‍ ഉപേക്ഷിക്കപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ജനുവരി 25ന് രക്ഷപ്പെടുത്തപ്പെട്ട കുട്ടിയെ ഒറ്റയ്ക്ക് ഒരു വാര്‍ഡിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
കുരങ്ങന്മാര് വളര്‍ത്തിയ മൃഗസ്വഭാവമുള്ള കുട്ടിയാണിതെന്ന സംശയം ആദ്യം പ്രകടിപ്പിച്ചത് പീഡിയാട്രീഷ്യനായ കെ കെ വര്‍മയാണ്. മാനസിക ആസ്വാസ്ഥ്യം മൂലം കുട്ടിയെ മാതാപിതാക്കള്‍ കാട്ടില്‍ ഉപേക്ഷിച്ചതായിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ നിഗമനം. പക്ഷെ അത് പോലീസ് സംഘം കുട്ടിയെ രക്ഷപ്പെടുത്തുന്നതിന് അധികം കാലം മുമ്പാവാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെയും വിലയിരുത്തല്‍. കുരങ്ങന്മാര് കുട്ടിയെ ദീര്‍ഘകാലം പോറ്റി വളര്‍ത്തി എന്ന സങ്കല്പം ശരിയല്ലെന്ന് നിലപാടാണ് ഇപ്പോള്‍ അദ്ദേഹവും സ്വീകരിച്ചിരിക്കുന്നത്. കുട്ടിയെ കണ്ടെത്തിയപ്പോള്‍ അടിവസ്ത്രം ധരിച്ചിരുന്നു എന്നതും ഈ നിഗമനത്തിന് കൂടുതല്‍ ബലം നല്കുന്നു.
കുട്ടിയെ രക്ഷിക്കുമ്പോള്‍ കുരങ്ങന്മാരൊന്നും സമീപത്തുണ്ടായിരുന്നില്ലെന്ന് രക്ഷാസംഘത്തിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബില്‍ സര്ബജീത് യാദവ് പറയുന്നു. നാട്ടുകാരാണ് കുരങ്ങന്മാരോടൊപ്പം കുട്ടിയെ കണ്ട വിവരം അധികാരികളെ അറിയിച്ചത്. ആദ്യം തങ്ങളോടൊപ്പം വരാന്‍ കുട്ടി തയ്യാറായില്ല എന്ന് യാദവ് പറയുന്നു. എന്നാല്‍ തണുപ്പും വിശപ്പും കുട്ടിയുടെ വാശി കുറച്ചിട്ടുണ്ടാവാം എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കുട്ടിക്ക് താരപരിവേഷം ലഭിച്ചിട്ടുണ്ടെങ്കിലും ആളുകളില്‍ നിന്നും അകന്നുനില്‍ക്കാനാണ് അവള് ആഗ്രഹിക്കുന്നത്. അപരിചതരായ സന്ദര്‍ശകര്‍ എത്തുമ്പോള്‍ അവളിപ്പോഴും കട്ടിലിന്റെ അടിയില്‍ ഒളിക്കുന്നു. ആശുപത്രി മേട്രണ്‍ എം ഭല്ലയുടെയും ശുചീകരണ തൊഴിലാളി രേണു ദേവിയുടെ നിര്‍ദ്ദേശങ്ങള്‍ അര്ത്ഥമനസോടെ കുട്ടി അനുസരിക്കുന്നുണ്ട്. പഴങ്ങളും ചപ്പാത്തിയുമൊക്കെയാണ് ഭക്ഷണം. ബിസ്കറ്റുകളോട് ഒരു പ്രത്യേക ഇഷ്ടം തന്നെ കുട്ടി പ്രകടിപ്പിക്കുന്നുണ്ട്.
മുറിവുകള്‍ ഉണങ്ങിയതിനെ തുടര്‍ന്ന് ഇപ്പോള്‍ മറ്റ് മരുന്നുകളൊന്നും നല്‍കുന്നില്ല. വിശക്കുമ്പോള്‍ ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ദാഹിക്കുമ്പോള്‍ ഗ്ലാസെടുത്ത് നിലത്തെറിയാനുമൊക്കെ അവള് പഠിച്ചു കഴിഞ്ഞു. ടോയ്ലറ്റ് ഉപയോഗിക്കുന്നുമുണ്ട്. കാട്ടില്‍ കണ്ട കുരങ്ങന്മാരുടെ ചേഷ്ടകള്‍ അനുകരിക്കാനാണ് അവള് ശ്രമിക്കുന്നതെന്നും കുട്ടിയുടെ പ്രായത്തില്‍ ഈ അനുകരണ സ്വഭാവം സാധാരണമാണെന്നുമാണ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡികെ സിംഗ് പറഞ്ഞു. കുട്ടിക്ക് സ്വാഭാപരവും ആശയവിനിമയപരവും ബൗദ്ധീകവുമായ പരീക്ഷകള്‍ ആവശ്യമാണെന്നും എന്തെങ്കിലും മാനസിക ആഘാതമോ പീഢനമോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടി വരുമെന്നും വിദഗ്ധര്‍ പറയുന്നു. സമപ്രായക്കാരുമായി ഇടപഴകുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് ഇവരുടെ അഭിപ്രായം. കുട്ടിയുടെ മാനസികനില വിലയിരുത്തുന്നതിനും അതിനനുസരിച്ച് ചികിത്സകള്‍ നടത്തുന്നതിനുമായി വനദുര്‍ഗയെ ശനിയാഴ്ച ലഖ്നൗവിലേക്ക് കൊണ്ടുപോകും.