UPDATES

വിപണി/സാമ്പത്തികം

മിഠായി തെരുവിന്റെ ഗന്ധം മാത്രമല്ല, നന്മമരം കൂടിയാണ് ‘സ്വാമി അയ്യര്‍’

നൂറുകണക്കിന് കച്ചവടക്കാരുള്ള മിഠായി തെരുവില്‍ മതേതരത്വം കാത്തുസൂക്ഷിക്കുന്നതില്‍ സ്വാമിയുടെ പങ്ക് നിര്‍ണായകമാണ്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

സാംസ്‌കാരിക വൈവിധ്യം അതിന്റെ തനിമയില്‍ പ്രതിഫലിക്കുന്ന മലബാറിന്റെ ഇടനാഴിയാണ് മിഠായിതെരുവ്. മിഠായി തെരുവെന്ന ഈ സാസ്‌കാരിക വാണിജ്യകേന്ദ്രം നഗരത്തിന്റെ മുഖ്യ ധന സ്രോതസുമാണ്. എന്നാല്‍ മിഠായി തെരുവിലെ കച്ചവടക്കാരും വ്യാപാരികളും ഈ നഗരത്തിന്റെ തന്നെ മാത്രം സംഭാവനകളല്ല. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുളള ഓരോ ദേശങ്ങളിലേയും വ്യവസായികള്‍ ഈ തെരുവില്‍ കച്ചവടം ചെയ്യുന്നു.

മിഠായി തെരുവിന്റെ ഇന്നത്തെ സംസ്‌കൃതിയിലെ ഒരു പ്രധാന സാനിധ്യമാണ് നടരാജന്‍ അയ്യര്‍. നാല്‍പതു വര്‍ഷമായി അയ്യര്‍ മിഠായി തെരുവില്‍ കച്ചവടം നടത്തി വരുന്നു. അദ്ദേഹത്തിന്റെ മുഴുവന്‍ പേര് ചന്ദ്രശേഖരപുരം സ്വാമിനാഥ് അയ്യര്‍. കോഴിക്കോടിന്റെ സ്വന്തം ‘സ്വാമി അയ്യര്‍’. തെരുവിന്റെ അങ്ങേയറ്റത്ത്, പൊറ്റക്കാടിന്റെ പ്രതിമയില്‍ തുടങ്ങി ഐസ്‌ക്രീം പാര്‍ലര്‍ കളന്തന്‍സും തെരുവിന്റെ അമ്പലമായ ഹനുമാന്‍ കോവിലും കഴിഞ്ഞ് രണ്ടടി നടക്കുമ്പോള്‍ വലതുഭാഗത്തായി ഒരു ചെറിയ, തുറന്നിട്ട കട കാണാം. നല്ല അസ്സല്‍ കാപ്പിയുടെയും തേയിലയുടേയും മണം വരുന്ന ഈ കട ഒരുപക്ഷേ മിഠായി തെരുവിന്റെ മറ്റു മണങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഇവിടെനിന്നും കാപ്പിക്കുരു വറുത്തെടുക്കുമ്പോള്‍ ഒരു പ്രത്യേക സുഖമുളള മണം ഉയര്‍ന്നുവരും. ഇതുവഴി കടന്നു പോകുന്നവര്‍ക്ക് മുന്നില്‍ ഒരു കടുപ്പം കൂടിയ കാപ്പി ചൂടാറാന്‍ വച്ച അനുഭൂതിയാണ് ഈ ഒരു കൊച്ചു കട നല്‍കുക. മിഠായി തെരുവിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കോഫി പൗഡര്‍ വിതരണശാല സ്വാമിയുടെ സ്വന്തം.

പാലക്കാട് സ്വദേശിയായ സ്വാമി ജീവിതം കോഴിക്കോട്ടേക്ക് പറിച്ചു നട്ടിട്ട് ഏകദേശം 40 വര്‍ഷം കഴിഞ്ഞു. അന്നുതുടങ്ങി ഇന്നുവരെ ഏറ്റവും മുന്തിയതും ഗുണനിലവാരമുള്ളതുമായ കാപ്പിപ്പൊടിയും കാപ്പിക്കുരുവും സ്വാമി കച്ചവടം ചെയ്ത് വരുന്നു. ഇദ്ദേഹത്തിന്റെ കടയില്‍ നിന്ന് ഒരു തവണയെങ്കിലും പര്‍ച്ചേസ് ചെയ്യാത്ത കോഴിക്കോട്ടുകാര്‍ ചുരുക്കമാകും. വിപണിയില്‍ അത്രമേല്‍ ശക്തമായ മേല്‍ക്കൈ ഈയൊരു കാലയാളവുകൊണ്ടു സ്വാമി നേടിയെടുത്തിട്ടുണ്ട്. കോഴിക്കോടിനെ കുറിച്ചും ഇവിടുത്തെ സംസ്‌കാരത്തെ കുറിച്ചും സ്വാമി പറയുന്നത് ഇങ്ങനെ:

”നാല്‍പതു വര്‍ഷമായി ഞാന്‍ ഇവിടെ വ്യാപാരം നടത്തി വരുന്നു. കട ഇപ്പോള് നടത്തിവരുന്നത് മൂന്നാം തലമുറയാണ്. My ancestors initiated their business here at the early Nineties and later I came. കോഴിക്കോട് തിരുവണ്ണൂരില്‍ 30 വര്‍ഷമായി സ്ഥിരതാമസം തുടങ്ങിയിട്ട്. I’m a Brahmin and also had a business background to tell. Thus we chose Calicut as our marketing place. This is the right place to do right things. കൊടകില്‍ നിന്നുമാണ് കാപ്പിക്കുരു കൊണ്ടുവരുന്നത്. ഉയര്‍ന്ന ഗുണനിലവാരമുളള കാപ്പിയാണിത്. കാപ്പി ഇവിടെ കൊണ്ടുവന്ന് പൗഡര്‍ ആക്കി വില്‍ക്കും. ഇതിന്റെ ഗന്ധം തന്നെ പ്രത്യേക സുഖം തരുന്നു. 250 ഗ്രാം തുടങ്ങി അമ്പതും എഴുപതു കിലോ വരെ സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോകാന്‍ ഇവിടെ കസ്റ്റമേഴ്സ് ഉണ്ട്. Then, why should I think about other cities? ഗുണനിലവാരം ഉറപ്പു വരുത്തിയിട്ട് മാത്രമേ ഞാന്‍ പ്രൊഡക്റ്സ് സെല്‍ ചെയ്യാറുള്ളു. ഇതെന്റെ സ്വന്തം ഉടമസ്ഥതയിലുള്ള കടയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാശു കൊടുത്ത് സ്വന്തമാക്കിയതാണിത്. എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും ഇവിടെ വരാറുണ്ട്. എന്റെ പ്രൊഡക്റ്റിനെ കുറിച്ച് ആരും മോശം പറയരുത്. അതിനു വേണ്ടിയാണ് മറ്റാരെയും ഏല്‍പ്പിക്കാതെ ഞാന്‍ തന്നെ നാളിതുവരെ ബിസിനസ് നടത്തിക്കൊണ്ടു വന്നത്. There is a lot of hard work behind in it.”

രണ്ടര വര്‍ഷത്തോളം നിയമം പഠിച്ചിട്ടുണ്ട് സ്വാമി. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ നല്ല പ്രാവീണ്യം. സംസാരിക്കുമ്പോള്‍ ഇംഗ്ളീഷും മലയാളവും മാറി മാറി കടന്നു വരുന്ന പ്രകൃതം. നല്ല സ്പുടതയുള്ള മലയാള ഭാഷാ പ്രയോഗം. ഒരുപക്ഷേ കോഴിക്കോട്ടുകാരുടെ നാടന്‍ ഭാഷയില്‍ നിന്നും ഒരുപാട് പുതുമ നിറഞ്ഞതാണ് പാലക്കാട് നിന്നുള്ള ഈ എഴുപതുകാരന്റെ ഭാഷ.

ഒരു തികഞ്ഞ ഗാന്ധിയന്‍. ധാരാളം വായിക്കും. ഏതൊരു കാര്യത്തിനും നിലപാടുകളെടുക്കുമ്പോള്‍ ഇന്ത്യയുടെ പില്‍ക്കാല ചരിത്രങ്ങള്‍ കൂട്ടി ചേര്‍ത്ത് വായിക്കും. ഗാന്ധിയും നെഹ്റുവും സുഭാഷ് ചന്ദ്രബോസും ഇദ്ദേഹത്തിന്റെ മനസ്സില്‍ മറ്റേന്തിനെക്കാളും സ്ഥാനം നേടിയിരിക്കുന്നു. മിഠായി തെരുവിലെ മറ്റു കടകളില്‍ നിന്നും വ്യത്യസ്തമായി വിവിധ മതങ്ങളുടെയും ദൈവങ്ങളുടെയും ചിത്രങ്ങള്‍ തൂക്കിയിടുന്നതിന് പകരം ഗാന്ധിയുടെ ഫ്രെയിം ചെയ്ത ഒരു വലിയ ചിത്രമാണ് സ്വാമിയുടെ കടയിലുള്ളത്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച മുന്‍കാല പരിചയവും ഇദ്ദേഹത്തിനുണ്ട്.

നൂറുകണക്കിന് കച്ചവടക്കാരുള്ള മിഠായി തെരുവില്‍ മതേതരത്വം കാത്തുസൂക്ഷിക്കുന്നതില്‍ സ്വാമിയുടെ പങ്ക് നിര്‍ണായകമാണ്. ഇവിടെ ഒരു തരത്തിലുളള സംഘര്‍ഷവും ഉണ്ടാവാറില്ല. അതിന് സ്വാമി സമ്മതിക്കില്ല. ഇന്നും ഒരു പ്രശ്നം വരുമ്പോള്‍ ഈ തെരുവിലെ കച്ചവടക്കാര്‍ ഓടിയെത്തുന്നത് സ്വാമിയുടെ അടുത്തേക്കാണ്. സ്വാമിയാണ് അവര്‍ക്ക് അവസാന വാക്ക്. തെരുവിലെ മറ്റേത് കാര്യങ്ങള്‍ക്കും പുറത്ത് നിന്ന് ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ അവര്‍ സ്വാമിയെ തേടിയെത്തും. നല്ല വിദ്യാഭ്യാസവും പറഞ്ഞു കൊടുക്കാനുള്ള അറിവും ഭാഷയും നിലപാടുകളിലുള്ള ദീര്‍ഘ വീക്ഷണവും ഈയൊരു മനുഷ്യനെ വ്യത്യസ്തനാക്കുന്നു.

മിഠായി തെരുവിന്റെ ഏതൊരു മാറ്റത്തിനും പരിഷ്‌കാരത്തിനും സ്വാമിയുടെ ഒരു കൈ ഉണ്ടാകുമെന്നത് ശ്രദ്ധേയമാണ്. ഇവിടത്തെ ആദ്യത്തെ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ സ്വാമിയാണ് മന്ത്രി ശിവദാസ മേനോനെ കൊണ്ടു വന്ന് ഉദ്ഘാടനം നടത്തിച്ചത്. ഇതുകൂടാതെ കേരളാ വ്യാവസായിക ഏകോപന സമിതിയുടെ സ്ഥാപകനും സ്വാമി തന്നെ. മിഠായി തെരുവിന്റെ പല സംരഭംങ്ങളുടെയും തുടക്കക്കാരന്‍ സ്വാമിയാണ്.

”We are living in a democratic nation. India has a great tradition and history. There were sacrificed many leaders for the freedom of our country. ഗാന്ധി രേഖപ്പെടുത്തിവച്ച ഒരു സംസ്‌കാരമുണ്ട് നമ്മുടെ നാടിന്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ തമ്മില്‍ തല്ലരുത്. People should be concern for other’s problems too. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നശിപ്പിക്കപ്പെടാന്‍ പാടുള്ളതല്ല. അതിനാലാണ് മിഠായി തെരുവിന്റെ ഓരോ പ്രശ്നങ്ങളിലും ഞാന്‍ ഇടപെടുന്നത്. ഈ തെരുവില്‍ രാജ്യത്തിന്റെ പൈതൃകത്തിനു വിപരീതമായി ഒന്നും സംഭവിക്കാന്‍ പാടില്ല. അതെനിക്ക് നിര്‍ബന്ധമാണ്. മിഠായി തെരുവിന്റെ ജനാധിപത്യവും മതസൗഹാര്‍ദ്ദവും. അതെന്റെ ഉത്തരവാദിത്തമാണ്. കുറഞ്ഞ നിരക്കില്‍ ഞാന്‍ സാധനങ്ങള്‍ വില്‍ക്കുന്നത് പോലും സമൂഹത്തിന്റെ താഴെ തട്ടിലുള്ള ആളുകളെ കുറിച്ചോര്‍ത്താണ്. സാധാരണക്കാരന്റെ വിഷമങ്ങളെക്കുറിച്ച് മനസ്സിലാകാനാണ് ഗാന്ധിജി നമ്മളെ പഠിപ്പിച്ചത്. One become a social being, only when he thinks for the poor people'”- സ്വാമി പറയുന്നു.

ഇപ്പോള്‍ കുറേക്കാലമായി സ്വാമിയുടെ കൂടെ ബിസിനസില്‍ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയുമുണ്ട്. ഭാര്യ ശോഭ നടരാജ് അക്കാലത്തെ ഒരു പബ്ലിക് പ്രോസിക്യൂട്ടരുടെ മകളാ ണ്. അച്ഛനോടൊപ്പം ഒരുപാട് രാജ്യങ്ങളില്‍ സഞ്ചരിച്ച ലോകപരിചയം ഇവര്‍ക്കുണ്ട്. സ്വാമിയെ പോലെ തന്നെ ഇംഗ്ലീഷും മലയാളവും മാറി മാറി കൈകാര്യം ചെയ്യാന്‍ വിദഗ്ധ; ചിരിയും ഭാവങ്ങളും വ്യക്തമായി മിന്നിമായുന്ന മുഖം. സിനിമയിലെ കഥകള്‍ക്ക് സമാനമായി സ്വാമിയുടെ കടയില്‍ കാപ്പിപ്പൊടി വാങ്ങിക്കാന്‍ ബാല്യത്തില്‍ എത്തിയ ഇവര്‍ പിന്നീട് വീട്ടുകാര്‍ നടത്തിയ ആലോചന വഴി ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു.

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മുപ്പത്തി അഞ്ചു വര്‍ഷം തികയുന്നു. സ്വാമിയും ഞാനും 12 വയസ്സിന് വ്യത്യാസമുണ്ട്. ചെറിയ പ്രായത്തില്‍ അച്ഛനൊപ്പം സാധനം വാങ്ങാന്‍ ഈ തെരുവില്‍ വരുന്ന ഞാന്‍, ഇവിടുത്തെ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സ്വാമിയുടെ ഭാര്യയായി മാറിയത് തീര്‍ത്തും അപ്രതീക്ഷിതം. സഹധര്‍മിണിയായി കൂടെ കൂടിയ കാലം തൊട്ട് സ്വാമിയുടെ ഗാന്ധിയന്‍ സ്വഭാവം ഞാനും ഫോളോ ചെയ്യുന്നു. He will not take any decision without keeping it’s morality and faith. I also get encouraged with his simplicity in life. ഖദര്‍ മാത്രമേ സ്വാമി ഉപയോഗിക്കാറുള്ളു. വസ്ത്രങ്ങള്‍ മാത്രമല്ല വീട്ടിലെ കര്‍ട്ടനും ബെഡ്ഷീറ്റുമടക്കം എല്ലാം ഖദര്‍ തന്നെയാണ്. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആണ്. അവനും സ്വാമിയെ പോലെ തന്നെ ധാരാളം വായിക്കും. സിംപിള്‍ ആയി ജീവിക്കാനും അന്യന്റെ ദുഃഖമറിഞ്ഞു പ്രവര്‍ത്തിക്കാനുമാണ് അവനെ ഞങ്ങള്‍ പഠിപ്പിച്ചത്. ഇന്നുവരെ നീതി വിട്ട് സ്വാമി ബിസിനസ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഓഫീസര്‍മാരുടെയും മേലധികാരികളുടെയും മുന്നില്‍ അടിയറവു പറയേണ്ടി വന്നിട്ടില്ല സ്വാമിക്ക്. സാധാരണയായി തെരുവിന്റെ വിവരങ്ങള്‍ അറിയുന്നതിനായും മറ്റും അവരാണ് സ്വാമിയെ വന്നു കാണാറുള്ളത്.

ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും സാധാരണ നാടന്‍ തൊഴിലാളികളും ഞങ്ങളുടെ കസ്റ്റമേഴ്സ് ആണ്. ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് ഇവിടെ നിന്നും സാധനങ്ങള്‍ കൊണ്ടു പോകാറുണ്ട്. ഒരിക്കല്‍ ഹൈദരാബാദിലേക്ക് 80 കിലോ വരെ പൊടി കൊടുത്തയച്ച ഓര്‍മയെനിക്കുണ്ട്. വിദേശത്തും സ്വാമിയുടെ സ്വാധീനമുണ്ട്. വിലകൂടിയ ചിലതരം കുരുക്കള്‍ ദുബായിലേക്ക് കൊടുത്തുവിടാറുണ്ട്. അത് അറബികളുടെ കാപ്പി കുരുവാണ്. അതിനും ഡിമാന്‍ഡ് ഉണ്ട്. Down Town പോലെയുള്ള കോഴിക്കോട്ടെ മാത്രമല്ല കേരളത്തിലെ തന്നെ പ്രമുഖ കോഫിഷോപ്പ്കളിലേക്കുള്ള പൊടികള്‍ ഇവിടെ നിന്നാണ് കൊണ്ടു പോകുന്നത്. സാമ്പത്തിക ശേഷി ഈ ഒരു കാലം കൊണ്ട് ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ആര്‍ഭാടം കാണിക്കാന്‍ ഞങ്ങള്‍ ശീലിച്ചിട്ടില്ല. സ്വാമിയുടെ ജീവിത ശൈലിയില്‍ ജീവിക്കുന്നതില്‍ ഞാനും തൃപ്തയാണ്. വസ്ത്രമോ വീടോ കാറോ മറ്റേത് സൗകര്യങ്ങള്‍ക്കും ഞങ്ങള്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. കിട്ടുന്ന ലാഭത്തില്‍ നിന്ന് പാവപ്പെട്ടവരെ സഹായിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്ക് മൂന്നുപേരാണ് ഇവിടെ സഹായത്തിനുള്ളത്. മൂന്നും സ്ത്രീകള്‍. സാധാരണ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ജോലിയോടൊപ്പം നല്ല വരുമാനം നല്‍കാനും സ്വാമി ശ്രദ്ധിക്കാറുണ്ട്. സാരിത്തുമ്പു കെട്ടിയൊതുക്കി അവരുടെ കൂടെ ഞാനും ജോലി ചെയ്യും. മുതലാളി ചമഞ്ഞ് ഇരിക്കാനൊന്നും ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ജീവിക്കാനാണ് എല്ലാവരും ഇവിടെ വരുന്നത്. ജീവിതം പഠിച്ചത് സ്വാമിയുടെ കൂടെ കൂടിയ ശേഷമാണ്. ഒരു ഗാന്ധിയന്റെ പത്നിയായി ജീവിച്ചു മരിക്കുന്നതിന് സന്തോഷമേയുള്ളൂ.‘ ശോഭ നടരാജ് പറയുന്നു.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍