ബിനാനിപുരം സ്‌കൂളില്‍ ഇത്തവണ എസ്എസ്എല്‍സി വിജയിച്ച പന്ത്രണ്ടു പേരില്‍ ദില്‍ഷാദ് ഉള്‍പ്പെടെ നാലുപേര്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ മക്കളാണ്
ദര്‍ബംഗ; ബിഹാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമം. ഗോതമ്പും ചോളവും നെല്ലും വിളയുന്ന വിശാലമായ പാടങ്ങള്‍ നിറഞ്ഞ ആ ഗ്രാമത്തില്‍ കൃഷി നിലങ്ങളില്‍ നിന്നും താമസസ്ഥലങ്ങളോട് ചേര്‍ന്നുള്ള ചെറിയ കടകളിലും നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ അന്നന്നത്തെ ജീവിതം പോലും മുന്നോട്ടു കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന മനുഷ്യരാണേറെയും. ചെറു കുടിലുകള്‍ക്കുള്ളിലെ, മറയില്ലാത്ത അകത്തളങ്ങളില്‍ രണ്ടും മൂന്നും കുടുംബങ്ങള്‍ ഒരുമിച്ച് പാര്‍ക്കുന്നു. ഭാവിയെക്കുറിച്ച് അധികമൊന്നും ആലോചിക്കാന്‍ അവകാശമില്ലാത്തവര്‍, പ്രതീക്ഷകളുമായി ആ നാടു വിട്ട് അന്യനാടുകളിലേക്ക് പോവുകയാണ് ദര്‍ബംഗയിലെ യുവത്വം.
ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന മാതാപിതാക്കളെ ഏറ്റവും വേദനിപ്പിക്കുന്നത് സ്വന്തം മക്കളാണ്. വരണ്ട മണ്ണില്‍ നിന്നുയരുന്ന പൊടിക്കാറ്റില്‍ കാഴ്ച്ച മറഞ്ഞു നില്‍ക്കുന്നവരെ പോലെ, സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തെയും ഭാവിയേയും കുറിച്ചോര്‍ത്തവര്‍ നില്‍ക്കുന്നു. ഭൂട്ടോ സാജിദിന്റെയും അയാളുടെ സഹോദരങ്ങളുടെയും കാര്യത്തില്‍ അവരുടെ മാതാപിതാക്കളും നിസ്സഹായരായിരുന്നു. ഗ്രാമത്തില്‍ ആകെയുള്ളത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍. താമസസ്ഥലത്തു നിന്നും ഏറെ അകലെയുള്ള സ്‌കൂളിലേക്ക് കുട്ടികളെ പഠിക്കാന്‍ അയക്കാന്‍, വാഹന സൗകര്യമില്ലാത്തത് ഉള്‍പ്പെടെ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. വീട്ടിലെ പട്ടിണിയില്‍ മക്കളും കൂടി ജോലിക്കിറങ്ങാതെ ഒന്നിനും പറ്റില്ലെന്നായപ്പോള്‍, മറ്റു വീടുകളിലെന്നപോലെ ഭൂട്ടോ സാജിദ് ഉള്‍പ്പെടെ അഞ്ചു സഹോദരന്മാരും ജോലി തേടിയിറങ്ങി. അങ്ങനെയവര്‍ ഡല്‍ഹിയില്‍ എത്തി. അവിടെ ഒരു ചെരുപ്പ് നിര്‍മാണ ഫാക്ടറിയില്‍ ജോലിക്കു കയറി.
1998. കേരളത്തിലേക്ക് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ വന്നു തുടങ്ങുന്ന കാലം.ഡല്‍ഹിയിലെ ചെരുപ്പ് നിര്‍മാണ ശാലയില്‍ ഉണ്ടായിരുന്ന മലയാളി മുഹമ്മദ് റഹ്മാന്‍ ഹാജി നാട്ടില്‍ സ്വന്തമായി ചെരുപ്പ് നിര്‍മാണ കമ്പനി സ്ഥാപിച്ചപ്പോള്‍ അവിടേക്ക് ജോലിക്കായി കൊണ്ടുവന്നവരുടെ കൂട്ടത്തില്‍ സാജിദിന്റെ മൂത്ത ജേഷ്ഠനും ഉണ്ടായിരുന്നു. 1999 ല്‍ സാജിദും കേരളത്തില്‍ എത്തി. ആലുവ എടയാറിലായിരുന്നു അബ്ദു റഹ്മാന്‍ ഹാജിയുടെ ഫാക്ടറി. സ്ഥിര വരുമാനം എന്നു പറയാവുന്നൊരു ജോലി ആയിക്കഴിഞ്ഞപ്പോള്‍ സാജിദ് കുടുംബജീവിതത്തെക്കുറിച്ച് ചിന്തിച്ചു. ബിഹാറില്‍ തിരിച്ചു ചെന്ന് ആബിദയെ വിവാഹം കഴിച്ചു. മൂത്തകുട്ടി പിറന്ന് ആറു ദിവസമായപ്പോള്‍ ഭാര്യയേയും കുഞ്ഞിനെയും കേരളത്തിലേക്ക് കൊണ്ടുവന്നു. ജനിച്ച് എട്ടാം ദിവസം കേരളത്തില്‍ എത്തിയ ആ ബിഹാറി കുട്ടിയാണ് ഇപ്പോള്‍ കേരളം മുഴുവന്‍ അഭിമാനത്തോടെ സംസാരിക്കുന്ന മുഹമ്മദ് ദില്‍ഷാദ്. ആലുവ ബിനാനിപുരം ഗവ. ഹൈസ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി എസ്എസ്എല്‍സി വിജയിച്ച ഇതര സംസ്ഥാന വിദ്യാര്‍ത്ഥി. അറുപതു വര്‍ഷത്തെ പഴക്കമുള്ള ബിനാനിപുരം സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്ന ആദ്യ വിദ്യാര്‍ത്ഥിയും ദില്‍ഷാദ് ആണ്.എടയാര്‍ ഇണ്ടിരിക്കല്‍ കോളനിയില്‍ താമസിക്കുന്ന ഭൂട്ടോ സജിദിന്റെയും അബിദയുടെയും മൂത്തമകനാണ് മുഹമ്മദ് ദില്‍ഷാദ്.
ദര്‍ബംഗയുടെ സാഹചര്യങ്ങളില്‍ വളര്‍ന്നു ജീവിക്കേണ്ടി വന്ന സാജിദ് കേരളത്തില്‍ തന്റെ കുടുംബവുമൊത്ത് താമസിക്കുമ്പോള്‍ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്നു മക്കളെ പഠിപ്പിക്കണമെന്നതായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നുവെങ്കിലും കിട്ടുന്ന വരുമാനം കൊണ്ട് എങ്ങനെയെങ്കിലും മക്കളുടെ പഠനം നടത്തണമെന്നയാള്‍ ഉറപ്പിച്ചിരുന്നു. മൂത്തകുട്ടിയായ ദില്‍ഷാദിനെ ബിനാനിപുരം സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തു. അവിടെ നിന്നും കേരളത്തിനു മൊത്തം അഭിമാനമായി ദില്‍ഷാദ് പത്താം ക്ലാസ് വിജയം നേടുമ്പോള്‍ അക്ഷരാഭ്യാസം കിട്ടാന്‍ വഴിയില്ലാതെ പോയ സാജിദ് എന്ന പിതാവ് കണ്ണീരുകൊണ്ട് ഈ നാടിന് നന്ദി പറയുകയാണ്.
എനിക്ക് കിട്ടാതെ പോയ ഭാഗ്യമാണ് പഠിക്കുക എന്നത്. അതിനുള്ള നിവൃത്തി എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലായിരുന്നു. പട്ടിണി മാത്രമായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പട്ടിണി കിടന്നിട്ടാണെങ്കിലും എന്റെ മക്കളെ എങ്ങനെയെങ്കിലും പഠിപ്പിക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഒരുപക്ഷേ എന്റെ നാട്ടില്‍ ആയിരുന്നുവെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു. എനിക്ക് അത്ഭുതം തോന്നുന്നുണ്ട്. കേരളത്തില്‍ കുട്ടികളെ പഠിപ്പിക്കാനും അവരുടെ കാര്യങ്ങള്‍ നോക്കാനുമൊക്കെ അധ്യാപകര്‍ എന്തുമാത്രം ശ്രദ്ധയാണ് കാണിക്കുന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ ആകെയൊരു സര്‍ക്കാര്‍ സ്‌കൂള്‍ ആണ് ഉള്ളത്. അവിടെയാണെങ്കില്‍ അധ്യാപകന്‍ ക്ലാസില്‍ വന്ന് ഒരു കസേരയില്‍ കയറിയിരിക്കും. ചിലപ്പോള്‍ കിടന്നുറങ്ങും. കുട്ടികള്‍ പഠിക്കുന്നുണ്ടോ എന്നൊന്നും ശ്രദ്ധിക്കില്ല. കുട്ടികള്‍ക്ക് വേണമെങ്കില്‍ പഠിക്കാം! സ്‌കൂളില്‍ പോകാതിരുന്നാലും ആരും വന്നു തിരക്കില്ല. പട്ടിണിക്കാരായ കുട്ടികള്‍ സ്‌കൂളില്‍ പോകാനൊന്നും താത്പര്യം കാണില്ല. കിലോമീറ്ററുകള്‍ നടന്നും വിശപ്പ് സഹിച്ചും കുട്ടികള്‍ പഠിക്കാന്‍ പോകുമോ? വീട്ടുകാരും വിടില്ല. കുട്ടികള്‍ വന്നാലും ഇല്ലെങ്കിലും പഠിച്ചാലും ഇല്ലെങ്കിലും ആര്‍ക്കും കുഴപ്പമില്ല. പഠിക്കാന്‍ പോകാതെ നില്‍ക്കുന്ന കുട്ടികളെ ജോലിക്കു വിടാന്‍ മാതാപിതാക്കളും നോക്കും. അത്രയ്ക്ക് ഉണ്ടാകും ഓരോ വീട്ടിലേയും ദാരിദ്ര്യം. ഇവിടെ അങ്ങനെയല്ല. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും കുട്ടികള്‍ക്ക് ഭക്ഷണം, പുസ്തകങ്ങളും യൂണിഫോമുമെല്ലാം വെറുതെ കിട്ടുന്നു. ടീച്ചര്‍മാര്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കുന്നു. വീട്ടിലെ കാര്യങ്ങള്‍ വരെ തിരക്കിയറിയുന്നു. ഞങ്ങളെ വിളിച്ചു സംസാരിക്കുന്നു, സ്‌കൂളിലേക്ക് വിളിപ്പിക്കുന്നു, ഒരു കാരണവശാലും കുട്ടികളുടെ പഠിപ്പ് മുടങ്ങരുതെന്നു പറയുന്നു. ഏറ്റവും വലിയ സന്തോഷം ഞങ്ങളുടെ കുട്ടികളെയും സ്വന്തം കുട്ടികളെ പോലെ നോക്കുന്നതിലാണ്. എന്റെ ഗ്രാമത്തില്‍ അങ്ങനെയല്ല. വേറെ വേറെയാണ് മനുഷ്യരെ കാണുന്നത്. ഇവിടെ ജാതിയും മതവും ഒന്നുമില്ല. ഞങ്ങള്‍ വേറെ നാട്ടില്‍ നിന്നും വന്നവരാണെന്നു പോലും കരുതുന്നില്ല. എന്റെ മകന്റെ വിജയത്തില്‍ നന്ദി പറയാനുള്ളത് സ്‌കൂളിനോടും ടീച്ചര്‍മാരോടുമാണ്. കേരളത്തോട് ഞങ്ങള്‍ക്ക് ഒത്തിരി സ്‌നേഹമാണ്.
മുഹമ്മദ് ദില്‍ഷാദ് പിതാവ് സാജിദിനൊപ്പം
അവധിക്കാലത്ത് ദര്‍ബംഗയിലേക്ക് പോകാറുണ്ട് ദില്‍ഷാദ്. സ്വന്തം ഗ്രാമം അവന് ഏറെയിഷ്ടമാണ്. എങ്കിലും കേരളമാണോ ബിഹാറാണോ കൂടുതല്‍ ഇഷ്ടമെന്നു ചോദിച്ചാല്‍, പതിഞ്ഞ ശബ്ദത്തില്‍ ദില്‍ഷാദ് പറയുന്നത്, കേരളത്തില്‍ ആയതുകൊണ്ടാണ് എനിക്ക് പഠിക്കാന്‍ പറ്റിയതെന്നാണ്. അവിടെ ടീച്ചര്‍മാരോ സര്‍ക്കാരിന്റെ ആളുകളോ ഇവിടുത്തെ പോലെ സ്‌കൂളില്‍ വരാനും പഠിക്കാന്‍ പറയാനുമൊന്നും കുട്ടികളെ തേടി വരാറില്ല. വാപ്പച്ചിക്കും പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നതാണ്. പക്ഷേ, വീട്ടിലെ അവസ്ഥകൊണ്ട് നടന്നില്ല. ഞാന്‍ അവിടെയായിരുന്നെങ്കില്‍ ഒന്നുകില്‍ വാപ്പച്ചിയെ പോലെ ഡല്‍ഹിയിലോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും നാട്ടിലോ പണിക്കു പോകേണ്ടി വന്നേനെ. ഒന്നാം ക്ലാസില്‍ പോകുമ്പോള്‍ ഭാഷ പ്രശ്‌നമായിരുന്നു. എങ്കിലും എനിക്ക് പഠിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. വാപ്പച്ചിക്ക് കിടുന്ന പൈസ മാത്രമാണ് വീട്ടിലെ കാര്യങ്ങള്‍ക്ക് ഉള്ളതെങ്കിലും പഠിച്ചോളാനായിരുന്നു എന്നോടു പറഞ്ഞത്. സ്‌കൂളില്‍ എല്ലാം ഉണ്ട്. ഭക്ഷണം കിട്ടും, യൂണിഫോം കിട്ടും, പുസ്തകങ്ങള്‍ കിട്ടും. വലിയ പൈസയൊന്നും വാപ്പച്ചിയുടെ കൈയില്‍ നിന്നും പോകില്ല. എന്തു സഹായം ചെയ്യാനും ടീച്ചര്‍മാരുണ്ട്. സ്‌കൂളിലെ ‘റോഷ്‌നി’ പദ്ധതിയിലെ ടീച്ചറുടെ സഹായം കൊണ്ട് മലയാളം പഠിക്കാന്‍ പറ്റി. പിന്നെ കൂട്ടുകാരും പഠിപ്പിച്ചു തന്നു. ഞങ്ങള്‍ വേറെ നാട്ടില്‍ നിന്നും വന്നവരാണെന്നു പറഞ്ഞ് ആരും കളിയാക്കിയിട്ടില്ല. ഇവിടെ ജാതിയൊന്നും ആരും പറയില്ല. അവിടെ ഞങ്ങളുടെ ഗ്രാമത്തിലുള്ളവരെല്ലാം ചെറിയ ആള്‍ക്കാരാണ്. വലിയ ആള്‍ക്കാരുടെ അടുത്തേക്ക് ഞങ്ങള്‍ക്ക് പോയിക്കൂടാ, അവരെ തൊടാനോ ഉറക്കെ സംസാരിക്കാനോ ഒന്നും പറ്റില്ല. വേറെ ജില്ലയിലൊക്കെ സ്‌കൂളുകള്‍ ഉണ്ടെങ്കിലും അവിടെയൊക്കെ പോയി പഠിക്കാനും ബുദ്ധിമുട്ടാണ്. പഠിക്കാന്‍ പറ്റുന്നത്ര പഠിക്കും, പിന്നെ അച്ഛന്മാരുടെയോ ചേട്ടന്മാരുടെയോ കൂടി എങ്ങോട്ടെങ്കിലും ജോലിക്കു പോവുകയാണ് അവിടുത്തെ പിള്ളേര്‍.
പത്താംക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയതിനെ കുറിച്ച് ചോദിച്ചാല്‍ ദില്‍ഷാദിന്റെ പ്രതികരണം ഒരു പുഞ്ചിരി മാത്രമാണ്. പത്താംക്ലാസില്‍ വിജയിക്കുന്നവരുടെ ഫ്‌ളെക്‌സ് വച്ചു കാണുമ്പോള്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു, എന്റെ പേരും ഇതുപോലെ വരണമെന്ന്. സ്‌കൂളിന്റെ പ്രധാന ഗേറ്റില്‍ ദില്‍ഷാദിനെ അഭിനന്ദിച്ച് വലിച്ചു കെട്ടിയിരിക്കുന്ന ഫ്‌ളെക്‌സ് ചൂണ്ടിക്കാട്ടി ദില്‍ഷാദ് അത്രമാത്രം പറയുന്നു.
ഹയര്‍ സെക്കന്‍ഡറിയില്‍ സയന്‍സ് ഗ്രൂപ്പ് എടുക്കണമെന്നാണ് ആഗ്രഹം. ആരാകണമെന്നു ചോദിച്ചാല്‍ രണ്ട് മോഹങ്ങളുണ്ട്. ഒന്ന് ഡോക്ടര്‍, രണ്ട് മെക്കാനിക്കല്‍ എഞ്ചീനയര്‍. ഭൂട്ടാ സാജിദിന് മകന്‍ ഡോക്ടര്‍ ആയി കാണാനാണ് കൂടുതല്‍ ആഗ്രഹം. ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യ ഡോക്ടര്‍ ആകും എന്റെ മകന്‍. അതെനിക്ക് വലിയ അഭിമാനമാണ്; സാജിദ് പറയുന്നു. ദില്‍ഷാദിനും ഒരു പടിക്കു മുകളില്‍ നില്‍ക്കുന്നത് ഡോക്ടര്‍ ആകുക എന്ന ലക്ഷ്യമാണ്.
ഇനിയും പഠിക്കണമെന്ന ആഗ്രഹം ഉണ്ടാകുമ്പോള്‍ പോലും ദില്‍ഷാദിന്റെ മനസില്‍ ചെറിയൊരു ആശങ്കയുമുണ്ട്. വാപ്പച്ചിയുടെ വരുമാനം മാത്രമാണ് ഉള്ളത്. ഉമ്മായ്ക്ക് അസുഖമുണ്ട്. രണ്ട് സഹോദരിമാര്‍ അടക്കും നാലുപേര്‍ ദില്‍ഷാദിന് താഴെയുണ്ട്. എല്ലാവരുടെയും കാര്യങ്ങള്‍ വാപ്പച്ചി തന്നെ നോക്കണമെന്നുള്ള പേടിയാണ്. പഠനം നിര്‍ത്തി ജോലിക്കു പോകേണ്ട സാഹചര്യം വന്നാല്‍ എന്തു ചെയ്യുമെന്നു പറയാന്‍ കഴിയുന്നില്ല. അതോടൊപ്പം, പഠനം നിര്‍ത്തേണ്ടി വരില്ലെന്നും തന്നെ സഹായിക്കാന്‍ ആളുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും ദില്‍ഷാദ് കൈവിടുന്നില്ല. താനാണ് ആ വീടിന്റെ പ്രതീക്ഷയെന്നും വാപ്പച്ചിയുടെയും ഉമ്മയുടെയും സഹോദരങ്ങളുടെയും കാര്യങ്ങള്‍ എല്ലാം നോക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും പഠിച്ച് നല്ലൊരു ജോലി നേടുകയാണ് വേണ്ടതെന്നും ടീച്ചര്‍മാര്‍ പറഞ്ഞു തന്നിട്ടുള്ള കാര്യം ദില്‍ഷാദ് മറക്കുന്നില്ല. ഭാവിയെക്കുറിച്ച് അവന് പ്രതീക്ഷയുണ്ട്. കേരളത്തെ അവന്‍ ഏറെ വിശ്വസിക്കുന്നുമുണ്ട്.
മുഹമ്മദ് ദില്‍ഷാദിന്റെ വിജയം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിജയമായി വേണം കാണാന്‍. ഇന്ത്യക്ക് തന്നെ മാതൃകയായി വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇനി ദില്‍ഷാദ് എന്ന ബിഹാറി ബാലന്റെ വിജയവും ഉള്‍പ്പെടുത്താം. തുടര്‍ വിദ്യാഭ്യാസത്തിന് തടസം ഉണ്ടാകുമോ എന്ന സംശയം ദില്‍ഷാദ് പ്രകടിപ്പിക്കുമ്പോഴും ആ കുട്ടിക്ക് ആഗ്രഹം പോലെ പഠിക്കാനുള്ള സാഹചര്യം ഒരുക്കി നല്‍കുമെന്ന് ഉറപ്പ് കൊടുക്കുന്ന വിദ്യാഭ്യാസരംഗമാണ് കേരളത്തിലേത്. സാജിദിനെ പോലുള്ളവര്‍ക്ക് അത്ഭുതം തോന്നുന്നതും അതുകൊണ്ടാണ്. ദില്‍ഷാദിന്റെ വിജയമറിഞ്ഞ് അഭിനന്ദനം അറിയിക്കാന്‍ വിളിച്ച ഉദ്യോഗസ്ഥ-ഭരണതലത്തിലുള്ളവരും സ്വകാര്യ വ്യക്തികളുമെല്ലാം ആ കുട്ടിയുടെ തുടര്‍വിദ്യാഭ്യാസത്തിനു വേണ്ട സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. ദില്‍ഷാദിനു മാത്രമല്ല, ബിനാനിപുരം സ്‌കൂളില്‍ ഇത്തവണ എസ്എസ്എല്‍സി വിജയിച്ച പന്ത്രണ്ടു പേരില്‍ ദില്‍ഷാദ് ഉള്‍പ്പെടെ നാലുപേര്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ മക്കളാണ്. ഉത്തര്‍പ്രദേശ് മൂസാഫര്‍ബാദ് സ്വദേശി ബബിത രാജ്, ബിഹാര്‍ സ്വദേശികളായ ദിര്‍ഷ പര്‍വീണ്‍, അന്‍വര്‍ എന്നിവര്‍. ഇവര്‍ക്കെല്ലാം തുടര്‍വിദ്യാഭ്യാസത്തിനാവശ്യമായ സഹായം നല്‍കും. ഇതര സംസ്ഥാന തൊഴിലാളികളോട് കേരളം കാണിക്കുന്ന ആതിഥ്യ മര്യാദയില്‍ ഏറെ അംഗീകരിക്കേണ്ട ഒന്ന് അവര്‍ക്ക് വിദ്യഭ്യാസം നല്‍കാനുള്ള പദ്ധതികളാണ്.
എറണാകുളം ജില്ല കളക്ടറുടെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന റോഷ്‌നി പദ്ധതി ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസക്ഷേമത്തിനായുള്ളതാണ്. ബിപിസിഎല്ലിന്റെ സാമ്പത്തിക പിന്തുണയോടെ നടത്തി വരുന്ന റോഷ്‌നി പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമാണ്. രാവിലെ എട്ടരയ്ക്ക് റോഷ്‌നി പദ്ധതി പ്രകാരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രഭാതഭക്ഷണം ഒരുക്കുന്നു. കുട്ടികളുടെ ആവശ്യപ്രകാരമുള്ള ഭക്ഷണമാണ് നല്‍കുന്നത്. അതിനുശേഷം ഒരു മണിക്കൂര്‍ കളക്ടര്‍ നിയമിച്ച റോഷ്‌നി പദ്ധതിയില്‍പ്പെട്ട അധ്യാപിക കുട്ടികള്‍ക്ക് മലയാളം വശമാക്കുന്നതിനുള്ള ക്ലാസ് എടുക്കും. പഠനത്തില്‍ തീരെ പിന്നാക്കം നില്‍ക്കുന്ന കുട്ടികളുണ്ടെങ്കില്‍ ഉച്ച സമയത്ത് അവര്‍ക്ക് മാത്രമായി സ്‌പെഷ്യല്‍ ക്ലാസും എടുക്കും. റോഷ്‌നി പദ്ധതി തനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നു ദില്‍ഷാദും പറയുന്നുണ്ട്. മിക്ക ദിവസങ്ങളിലും വെറും വയറ്റില്‍ സ്‌കൂളിലേക്ക് പോരേണ്ടി വരുന്ന കുട്ടികള്‍ ദില്‍ഷാദിനെ പോലെ വേറെയും ഉണ്ട്. അവര്‍ക്കെല്ലാം മതിയാവോളം കഴിക്കാനുള്ള ഭക്ഷണം സ്‌കൂളില്‍ ഉണ്ടാകും. ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തതുകൊണ്ട് സ്‌കൂളില്‍ പോകാതെ പഠനം ഉപേക്ഷിക്കുന്ന കുട്ടികളുടെ നാട്ടില്‍ നിന്നും വരുന്ന ദില്‍ഷാദും ബബിതയും അന്‍വറുമൊക്കെ സ്‌കൂളില്‍ നിന്നും മൂന്നു നേരവും കിട്ടുന്ന ഭക്ഷണം കഴിച്ചാണ് പഠിക്കുന്നത്.
ദില്‍ഷാദിന്റെ വിജയം അറിഞ്ഞ് സ്‌കൂളില്‍ ഓടിയെത്തി അവനെ കെട്ടിപ്പിച്ച് ആനന്ദക്കണ്ണീര്‍ പൊഴിച്ച ക്രിസ്റ്റി ടീച്ചര്‍ എല്‍ പി വിഭാഗത്തിലെ അധ്യാപികയായിരുന്നു. ആദ്യം കൈയടി കൊടുക്കേണ്ടതും എല്‍ പി ടീച്ചര്‍മാര്‍ക്കാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന കുട്ടികളെ അവരവരുടെ ഭാഷ കൂടി പഠിച്ചെടുത്ത് മലയാളത്തിലേക്ക് കൈപിടിച്ചു കൊണ്ടു വന്ന് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വഴിയിലേക്ക് കയറ്റി വിടുന്നത് എല്‍ പി ടീച്ചര്‍മാരാണ്. അതിനവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഏറെയാണ്. എങ്കിലും യാതൊരു പരാതിയുമില്ലാതെ സന്തോഷത്തോടെ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കും. അതിനവര്‍ക്ക് കിട്ടുന്ന അംഗീകാരമാണ് ദില്‍ഷാദിനെ പോലുള്ളവര്‍.
പഠനത്തില്‍ വലിയ താത്പര്യം കാണിക്കാത്ത കുട്ടികളാണ് ഇതരസംസ്ഥാനക്കാര്‍ക്കിടയില്‍ കൂടുതലും. സാഹചര്യങ്ങള്‍ മൂലമാണ് അത്. ഇത്തരം കുട്ടികളെ ഉള്‍പ്പെടെ വീടുകളില്‍ ചെന്നും രക്ഷിതാക്കളെ കണ്ടു സംസാരിച്ചും വിദ്യാഭ്യാസത്തിനായി കൊണ്ടുവരാന്‍ പ്രത്യേക താത്പര്യമാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ കാണിക്കുന്നത്. വീടുകളിലെ സാഹചര്യമാണ് പലര്‍ക്കും സ്‌കൂളില്‍ എത്താന്‍ തടസമെന്നു പറയുമ്പോള്‍ എല്ലാ കാര്യങ്ങളും തങ്ങള്‍ നോക്കിക്കൊളാമെന്ന് ഉറപ്പ് കൊടുക്കുന്നത് വെറുതെയാകുന്നില്ല. യാതൊരു വേര്‍തിരിവും കാണിക്കാതെയാണ് തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇതരസംസ്ഥാന കുട്ടികളെയും അധ്യാപകര്‍ പരിഗണിക്കുന്നത്. മലയാളി കുട്ടികളെ കൊണ്ട് ഭാഷയുടെ കാര്യത്തില്‍ ഉള്‍പ്പെടെ യാതൊരു വിധത്തിലും കളിയാക്കലുകള്‍ക്കോ ഒറ്റപ്പെടുത്തലുകള്‍ക്കോ ഇതരസംസ്ഥാന കുട്ടികളെ വിധേയരാക്കരുതെന്ന കര്‍ശന നിര്‍ദേശവമുണ്ട്. കുട്ടികള്‍ക്കിടയില്‍ അത്തരത്തില്‍ യാതൊരു വിവേചനവും ഒറ്റപ്പെടുത്തലുകളും നടക്കുന്നില്ലെന്ന് ബിനാനിപുരം സ്‌കൂളിലെ അധ്യാപകരും പറയുന്നു. അവരെല്ലാവരും നല്ല ചങ്ങായിമാരാണ്. ജാതിയോ മതമോ ഭാഷയോ നാടോ ഒന്നും അവരെ പരസപരം വേര്‍തിരിക്കുന്നില്ല. അതു തന്നെയല്ലേ ഏറ്റവും വലിയ നേട്ടവും; ബിനാനിപുരം സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകന്‍ സുധി ചൂണ്ടിക്കാണിക്കുന്നു.
ദില്‍ഷാദിന്റെ നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച അധ്യാപകന്‍ കൂടിയാണ് സുധി. പത്താം ക്ലാസില്‍ സുധിയായിരുന്നു ദില്‍ഷാദിന്റെ ക്ലാസ് ടീച്ചര്‍. അധ്യാപകന്‍ എന്നാല്‍ ആരാണെന്നതിനു കൂടി മാതൃകയാണ് ഇദ്ദേഹം. എടയാര്‍ വ്യവസായ മേഖലയാണ്. 24 മണിക്കൂറും വിഷപ്പുകകള്‍ നിറഞ്ഞ പ്രദേശം. ആസ്തമയുടെ ശല്യം അലട്ടുന്ന സുധി പല ദിവസങ്ങളിലും ശ്വാസതടസവും ചുമയും കൊണ്ടു വലയും. വീട്ടുകാര്‍ പലതവണയായി നിര്‍ബന്ധിക്കുന്നതാണ് മറ്റെങ്ങോട്ടെങ്കിലും സ്ഥലംമാറ്റം വാങ്ങാന്‍. തത്തപ്പള്ളി സ്‌കൂളിലേക്ക് രണ്ടു വര്‍ഷം മുമ്പ് മാറ്റം ശരിയായതാണെങ്കിലും സുധി അത് വേണ്ടെന്നു വച്ചതും ദില്‍ഷാദിനു വേണ്ടിയായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിലെ അധ്യാപകനായ സുധിയുടെ ശ്രദ്ധയില്‍ ദില്‍ഷാദ് വരുന്നത് എട്ടാം ക്ലാസില്‍ വച്ചാണ്. കുറച്ച് കഠിനമായിരുന്ന കണക്കു പരീക്ഷയുടെ ഉത്തരക്കടലാസ് നോക്കുന്നതിനിടയിലാണ് ദില്‍ഷാദ് സുധിയെ ആദ്യമായി അത്ഭുതപ്പെടുത്തിയത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി, വെട്ടും തിരുത്തലുകളുമൊന്നും ഇല്ലാത്ത വ്യത്തിയുള്ളൊരു ഉത്തരക്കടലാസ്. അതില്‍പ്പിന്നെ സുധി ദില്‍ഷാദിനെ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി. മറ്റ് അധ്യാപകരോട് തിരക്കിയപ്പോഴും അവര്‍ക്കുമെല്ലാം ദില്‍ഷാദിനെ കുറിച്ച് പറയാന്‍ ആവേശമായിരുന്നു. ഇംഗ്ലീഷില്‍ മാത്രം അല്‍പ്പം പുറകിലാണെങ്കിലും ദില്‍ഷാദിനു മേല്‍ ബിനാനിപുരം സ്‌കൂളിന് പ്രതീക്ഷവയ്ക്കാമെന്ന് സുധി മുന്‍പേ ഉറപ്പിച്ചിരുന്നു. സ്വന്തം ആരോഗ്യം കാര്യമാക്കാതെ, സ്ഥലം മാറ്റം പോലും വേണ്ടെന്നു വയ്ക്കുമ്പോള്‍ സുധി പറഞ്ഞത് ഒറ്റക്കാര്യമാണ്, ദില്‍ഷാദ് എസ് എസ് എല്‍ സി ക്ക് മികച്ച വിജയം നേടും. അത് കാണാന്‍ ഞാന്‍ ഇവിടെയുണ്ടാകണം. കഴിഞ്ഞ വര്‍ഷം കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തപ്പോഴും സുധി ദില്‍ഷാദിന്റെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. പരീക്ഷയ്ക്ക് മുമ്പായി ഇതരസംസ്ഥാന കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോയെടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകനോടും സുധി പറഞ്ഞത്, ദില്‍ഷാദ് ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുമെന്നും അവനെ കുറിച്ച് പ്രത്യേകം വാര്‍ത്തയെഴുതണമെന്നുമായിരുന്നു. സുധിയുടെ പ്രവചനം ശരിവച്ച് ഇപ്പോള്‍ ദില്‍ഷാദിനെ തേടി മാധ്യമങ്ങളുടെ തിരക്കാണ്.
സുധി
കേരളത്തിലെ പൊതുവിദ്യാഭാസ രംഗത്ത് ഉണ്ടായിരിക്കുന്ന മാറ്റങ്ങളാണു ദില്‍ഷാദിനെ പോലുള്ള കുട്ടികള്‍ക്ക് വലിയ വിജയങ്ങള്‍ നേടിക്കൊടുക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് സുധി പറയുന്നത്. ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കിയത് വിദ്യാര്‍ത്ഥികളെ ഒത്തിരി സഹായിക്കുന്നുണ്ട്. എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കുപോലും പ്രൊജക്ടറുകള്‍ ഉപയോഗിച്ചും, ലാപ് ടോപ്പുകളില്‍ കാണിച്ചമൊക്കെ പാഠഭാഗങ്ങള്‍ വിശദീകരിച്ചു കൊടുക്കുമ്പോള്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നുണ്ട്. കുട്ടികള്‍ ഇന്ററാക്ട് ചെയ്യാന്‍ തയ്യാറാകുന്നുവെന്നതാണ് ഏറ്റവും പ്രധാനകാര്യം. ഓരോ കാര്യങ്ങള്‍ക്കും ഇവര്‍ക്ക് പരമാവധി പിന്തുണ കൊടുക്കുകയാണ് ഞങ്ങള്‍ സ്വീകരിച്ച മറ്റൊരു മാര്‍ഗം. സ്‌കൂള്‍ അസംബ്ലികളില്‍ ഇതര സംസ്ഥാന കുട്ടികളെ കൊണ്ട് മലയാളം പത്രങ്ങള്‍ വായിപ്പിക്കും. ആദ്യമൊക്കെ ചെറിയ തെറ്റുകള്‍ വന്നാലും പിന്നീടവര്‍ മെച്ചപ്പെടും. ദില്‍ഷാദൊക്കെ ഇപ്പോള്‍ മലയാളം പറയുന്നത് കേട്ടാല്‍ ബിഹാറുകാരനാണെന്ന് ആരും വിശ്വസിക്കില്ല.
പൊതുവിദ്യാഭ്യാസത്തിന്റെ വിജയം തന്നെയാണിതൊക്കെ. ദരിദ്ര്യം കൊണ്ട് വിദ്യാഭ്യാസം മുടങ്ങേണ്ട ഒരു അവസ്ഥ ഇപ്പോള്‍ കേരളത്തില്‍ ഇല്ല. ദില്‍ഷാദിന്റെയൊക്കെ ഗ്രാമത്തിലെ അവസ്ഥ പറയുന്നതു കേള്‍ക്കുമ്പോള്‍ നമ്മുടെ കുട്ടികള്‍ എത്രമാത്രം ഭാഗ്യവാന്മാരാണെന്നു തോന്നിപ്പോകും. കുളിച്ച് റെഡിയായി സ്‌കൂളിലേക്ക് വന്നാല്‍ മാത്രം മതി. അവര്‍ക്ക് വേണ്ട എല്ലാക്കാര്യങ്ങളും റെഡിയാണ്. അതും സൗജന്യമായി. ഹൈടെക് ക്ലാസ് റൂമുകളാണ് അവര്‍ക്കുള്ളത്. ഒരു കുട്ടി പോലും വിശന്നിരിക്കേണ്ടി വരുന്നില്ല. പുസ്തകം വാങ്ങാക്കാനോ യൂണിഫോം വാങ്ങാനോ പണമില്ലാത്തതുകൊണ്ടും ആരും പഠിത്തം നിര്‍ത്തേണ്ടി വരുന്നില്ല. ഇനി കുട്ടികളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പോലും തിരക്കിയിറങ്ങി പരിഹാരം കണ്ടെത്താന്‍ അധ്യപകര്‍ സന്നദ്ധരാണ്. ഇവിടെ അങ്ങനത്തെ ഒരുപാട് അനുഭവങ്ങള്‍ പറയാനുണ്ട്. ഒരു കുട്ടിക്ക് അസുഖം വന്നാല്‍ ഏറ്റവും നല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അവന് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ ഞങ്ങള്‍ അധ്യാപകര്‍ തന്നെയാണ് പണം ചെലവാക്കുന്നത്. ഓരോ കുട്ടിയുടെയും ജീവിത സാഹചര്യങ്ങള്‍ മനസിലാക്കിയാണ് ഞങ്ങളത് ചെയ്യുന്നതും. അതുകൊണ്ട് കുട്ടികളും അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങളോട് വന്നു പറയും. അങ്ങനെയൊരു ബന്ധമാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ളത്. ദില്‍ഷാദിന്റെ ഉമ്മയുടെ കാര്യം തന്നെ അതിനൊരു ഉദാഹരണമാണ്.
തന്റെ വിജയത്തില്‍ എല്ലാവരും അഭിനന്ദിക്കാന്‍ എത്തുമ്പോഴും ദില്‍ഷാദിന് അവന്റെ ഉമ്മ അടുത്ത് ഇല്ലാത്തതിന്റെ വിഷമമുണ്ട്. ചികിത്സയ്ക്കായി ഡല്‍ഹിയിലാണ് ദില്‍ഷാദിന്റെ ഉമ്മ ആബിദ ഇപ്പോഴുള്ളത്. ദില്‍ഷാദിന്റെ നേട്ടത്തിനു പിന്നില്‍ ആബിദയുടെ സഹനമുണ്ട്. മകന്റെ പഠനത്തില്‍ ഇത്രയേറെ ശ്രദ്ധയുള്ള മറ്റൊരു അമ്മയെ താന്‍ കണ്ടിട്ടില്ലെന്നാണ് സുധി പറയുന്നത്. എന്ത് കാര്യത്തിനു വിളിപ്പിച്ചാലും എന്തൊക്കെ തിരക്ക് ഉണ്ടെങ്കിലും ആബിദ സ്‌കൂളില്‍ എത്തും. ദില്‍ഷാദ് വീട്ടില്‍ ചെന്നാലും മൂന്നും നാലും മണിക്കൂര്‍ ഇരുന്ന് പഠിക്കാറുണ്ട്. ഏതെങ്കിലും ദിവസം അല്‍പ്പം ഉഴപ്പ് കാണിച്ചാല്‍ അപ്പോള്‍ ആബിദ വിളിക്കും. മകന്റെ കാര്യത്തില്‍ അത്രയ്ക്ക് ശ്രദ്ധയായിരുന്നു ആ അമ്മയ്ക്ക്. അറിയാവുന്ന മലയാളത്തില്‍ അവര്‍ മകനുമേലുള്ള സ്വപ്‌നങ്ങളെ കുറിച്ച് ഞങ്ങളോട് പറയാറുണ്ട്.
ദില്‍ഷാദിന്റെ പരീക്ഷയ്ക്ക് മുമ്പായി ഒരു ദിവസം ആബിദ സ്‌കൂളില്‍ എത്തിയത് എന്നോടൊരു കാര്യം പറയാനായിരുന്നു. മറ്റാരും അറിയാതെ, പ്രത്യേകിച്ച് ദില്‍ഷാദ് അറിയരുതെന്നു പറഞ്ഞാണ് തന്റെ രോഗവിവരം ആബിദ എന്നോട് പറഞ്ഞത്. ഡോക്ടര്‍മാര്‍ സംശയം പറഞ്ഞിരിക്കുകയാണെന്നും ഒരു ചെക് അപ്പിനു കൂടി പോണമെന്നും അതില്‍ കൃത്യമായി അറിയാമെന്നും അബിദ പറഞ്ഞു. അപ്പോഴും തനിക്ക് വേണ്ടി എന്തെങ്കിലും സഹായം ചെയ്യണമെന്നല്ല ആ അമ്മ ആവശ്യപ്പെട്ടത്, മകന്‍ ഇതൊന്നും അറിയരുത്. ഉമ്മയ്ക്ക് വയ്യായെന്ന് അറിഞ്ഞാല്‍ അവന് സങ്കടമാകുമെന്നും പഠിത്തം പോകുമെന്നും പരിക്ഷയല്ലേ വരുന്നതെന്നുമായിരുന്നു ആബിദയുടെ ആധി. ആബിദ പരിശോധനയ്ക്ക് പോയെന്നു പറഞ്ഞതിന്റെ പിറ്റേദിവസം സ്‌കൂളില്‍ നിന്നും രണ്ട് അധ്യാപികമാരെ ആബിദയുടെ വീട്ടിലേക്ക് അയച്ചു. അവര്‍ ആശുപത്രിയില്‍ നടത്തിയ ടെസ്റ്റുകളുടെ റിസള്‍ട്ടുകളൊക്കെ നോക്കിയിട്ടാണ് സ്‌കൂളില്‍ തിരിച്ചെത്തിയത്. പോയി വന്ന അധ്യാപികമാരാണ് പറഞ്ഞത് ആബിദയ്ക്ക് ഗര്‍ഭപാത്രത്തില്‍ കാന്‍സര്‍ ആണെന്ന്.
ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഉള്‍പ്പെടെ ചികിത്സയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന് ഞങ്ങള്‍ ആബിദയോട് പറഞ്ഞു. ദില്‍ഷാദിന്റെ പരീക്ഷ കഴിഞ്ഞിട്ട് മതി എല്ലാവരും ഈ വിവരം അറിയുന്നതെന്നു പറഞ്ഞു ആബിദ വീണ്ടും നിര്‍ബന്ധം പിടിച്ചു. കടുത്ത വേദന ആ അമ്മയെ പിടികൂടിയപ്പോഴും മകന്റെ മുന്നില്‍ അവര്‍ ചിരിച്ചു കൊണ്ടു നിന്നു. വേദന സംഹാരികള്‍ കഴിച്ചും സഹിച്ചും ഒന്നുമില്ലാത്തവളെ പോലെ മകന് പഠിക്കാന്‍ കൂട്ടിരുന്നു. പക്ഷേ, കാര്യങ്ങള്‍ അങ്ങനെ വിട്ടാല്‍ അപകടമാണെന്നു ഞങ്ങള്‍ക്ക് തോന്നി. ഞാന്‍ അക്കാര്യം ആബിദയെ വിളിച്ചു പറയുകയും ചെയ്തു. അവന്റെ പരീക്ഷയ്ക്കിടയിലാണ് എന്തെങ്കിലും സംഭവിക്കുന്നതെങ്കിലോ എന്നു ചോദിച്ചു. അങ്ങനെയൊന്നും സംഭവിക്കില്ലെന്ന വിശ്വാസമായിരുന്നു അവര്‍ക്ക്. പക്ഷേ അധ്യാപകരായ ഞങ്ങള്‍ ചില ആലോചനകള്‍ നടത്തി. ആരെങ്കിലുമൊക്കെ സഹായിച്ചാല്‍ മാത്രമെ നല്ല ചികിത്സ ഏര്‍പ്പെടുത്താന്‍ കഴിയൂ. അതിനുള്ള വഴിയായി പത്രത്തില്‍ ഒരു വാര്‍ത്ത കൊടുത്താലോ എന്നായി ആലോചന. പക്ഷേ, പത്രവാര്‍ത്ത കണ്ട് ഏതെങ്കിലും കുട്ടി ദില്‍ഷാദിനോട് വിവരം പറയാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇംഗ്ലീഷ് പത്രത്തില്‍ വാര്‍ത്ത കൊടുക്കാമെന്നൊരു തീരുമാനം ഞാന്‍ സ്വയം എടുത്തു. ആ വാര്‍ത്ത കണ്ട് പലരും വിളിച്ചു. കളക്ടറുടെ ശ്രദ്ധയിലും വാര്‍ത്ത പെട്ടു. അദ്ദേഹം ആബിദയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. ഇവിടെ തന്നെ ചികിത്സിക്കാമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ഡല്‍ഹിയിലേക്ക് പോകണമെന്നത് ആബിദയുടെ ആഗ്രഹമായിരുന്നു. അവിടെയവര്‍ക്ക് ബന്ധുക്കളൊക്കെയുണ്ട്. അങ്ങനെയാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. അവരുടെ കൈവശം പണം വല്ലതുമുണ്ടോയെന്നു തിരക്കിയപ്പോള്‍ ആകെ ആയിരത്തിയഞ്ഞൂറ് രൂപ അകൗണ്ടില്‍ ഉണ്ട്. ഉടന്‍ തന്നെ അധ്യാപകരെല്ലാം പിരിവിട്ട് ഏഴായിരിത്തയഞ്ഞൂറു രൂപ കൂടി ഇട്ടുകൊടുത്തു. പലരും സഹായിക്കാമെന്നു ഉറപ്പ് പറഞ്ഞിട്ടുണ്ട്. ആബിദ രോഗത്തില്‍ നിന്നും സുഖം പ്രാപിച്ച് തിരിച്ചെത്തുക തന്നെ ചെയ്യും. ഈ മകന്‍ പഠിച്ച് വലിയ ആളാകുന്നത് കാണാന്‍ ആ അമ്മ ഒപ്പം ഉണ്ടാകും.
മികവിന്റെ മാതൃകയായി കേരളത്തിനു മുന്നില്‍ നില്‍ക്കുമ്പോഴും ബിനാനിപുരം ഗവ. ഹൈസ്‌കൂളിലെ അധ്യാപകരുടെയുള്ളില്‍ നിരാശയുണ്ട്. മാതാപിതാക്കള്‍ ഇപ്പോഴും തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിടാന്‍ താത്പര്യം കാണിക്കാത്തതിലാണ് ആ നിരാശ. ഓരോ സര്‍ക്കാര്‍ സ്‌കൂളുകളിലും അന്വേഷിച്ചാല്‍ മനസിലാകും അവിടെ എത്ര മികവോടെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന്. ഇത്തവണ എസ്എസ്എല്‍സി/ഹയര്‍സെക്കന്‍ഡറി ഫലം പുറത്തു വന്നപ്പോഴും സര്‍ക്കാര്‍ സ്‌കൂളുകളുടെ നേട്ടം കണ്ടതാണ്. എന്നാലും ഏതോ ഒരുകാലത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉണ്ടായിരുന്ന പിന്നാക്ക അവസ്ഥയുടെ പേരില്‍ ഇപ്പോഴും കൂലിവേലക്കാരായ മാതാപിതാക്കള്‍പോലും മക്കളെ സിബിഎസ്ഇ സ്‌കൂളുകളിലേക്ക് അയക്കുകയാണ്. ഇന്ത്യക്ക് മൊത്തം മാതൃകയായിട്ടുള്ള പൊതുവിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തില്‍ ഉള്ളത്. അതിന്റെ ഉദ്ദാഹരണമാണ് ദില്‍ഷാദിനെ പോലുള്ളവര്‍. പക്ഷേ, ജനങ്ങള്‍ ഇപ്പോഴും യാഥാര്‍ത്ഥ്യങ്ങളെ മനസിലാക്കുന്നില്ല. ഈ സ്‌കൂളില്‍ ഞങ്ങള്‍ക്കൊരു ഇംഗ്ലീഷ് അധ്യാപകനില്ല. രണ്ട് ഡിവിഷന്‍ എങ്കിലും ഉണ്ടെങ്കിലെ പ്രത്യേക അധ്യാപകനെ നിയമിക്കാന്‍ വകുപ്പ് ഉള്ളൂ. ഞങ്ങള്‍ എന്ത് ചെയ്യും? ഇത്തവണ 12 കുട്ടികള്‍ മാത്രമായിരുന്നു പത്താംക്ലാസില്‍. എങ്ങനെ ഡിവിഷന്‍ നിറച്ച് കാണിക്കാനാണ്. ഇത്തരം പരാധീനതകള്‍ ഉണ്ടായിട്ടുപോലുമാണ് ഞങ്ങളുടെ കുട്ടികള്‍ വലിയ വിജയം നേടിയതെന്നോര്‍ക്കണം. ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ എല്‍കെജി-യുകെജി ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ വരുന്നുണ്ട്. കൂടുതല്‍ കുട്ടികള്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതുപോലെ, ഒത്തിരി ഇതരസംസ്ഥാനക്കാരയ കുട്ടികളും ഈ പ്രദേശങ്ങളിലുണ്ട്. അവരെയുമെല്ലാം സ്‌കൂളുകളില്‍ കൊണ്ടുവരണമെന്ന ആഗ്രഹമാണ് ഞങ്ങള്‍ക്കുള്ളത്. ഇനിയും ദില്‍ഷാദുമാര്‍ ഈ സ്‌കൂളില്‍ നിന്നും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ ഈ സ്‌കൂള്‍ വീണ്ടും കേരളത്തിനു മാതൃകയാകും, കേരളം വിദ്യാഭ്യാസ രംഗത്ത് വീണ്ടും ഇന്ത്യക്കും മാതൃകയാകും; സുധി പറയുന്നു.