UPDATES

മൂന്നാറില്‍ 92 കെട്ടിടങ്ങള്‍ ഇടിച്ചിട്ട സുരേഷ് കുമാര്‍ ഐഎഎസ് ഇന്നൊരു സ്കൂള്‍ നടത്തുകയാണ്; തികച്ചും വേറിട്ടത്

ഡി പി ഇ പി, അനന്തമൂര്‍ത്തി അക്കാദമി, വി എസ് അച്ചുതാനന്ദന്‍-സുരേഷ് കുമാര്‍ ഐ എ എസ് / അഭിമുഖം

ഇന്ത്യയിലെ വിദ്യാഭ്യാസ സങ്കൽപ്പത്തെ തന്നെ മാറ്റിമറിച്ചതായിരുന്നു  ഡിപിഇപി, അഥവാ ഡിസ്ട്രിക്ട് പ്രൈമറി എജ്യുക്കേഷന്‍ പ്രോഗ്രാമിൻറെ ഭാഗമായി തയ്യാറാക്കപ്പെട്ട സ്‌കൂൾ പാഠ്യ പദ്ധതി.  കാണാപ്പാഠങ്ങളേക്കാള്‍ അനുഭവങ്ങളും ബോധ്യങ്ങളുമാണ് വിദ്യാഭ്യാസത്തിലൂടെ നല്‍കേണ്ടതെന്നതായിരുന്നു ലോകബാങ്ക് സഹായത്തോടെ 1995ല്‍ ഡിസ്ട്രിക്ട് പ്രൈമറി എജ്യുക്കേഷന്‍ പ്രോഗ്രാമിലൂടെ ലക്ഷ്യമിട്ടത്. അത് കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയപ്പോൾ വലിയ വിമർശനങ്ങളുണ്ടായെങ്കിലും കേരളത്തിൽ രൂപം കൊണ്ട പുതിയ പാഠ്യപദ്ധതി കുറ്റമറ്റതാണെന്നും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകേണ്ടതാണെന്നുമായിരുന്നു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. “ഇന്ത്യയിലെ പാഠപുസ്തക വിപ്ലവം” എന്നായിരുന്നു ഹാർവാഡ് സർവകലാശാല വിശേഷിപ്പിച്ചത്. ഇതിനു നേതൃത്വം കൊടുത്ത പ്രോഗ്രാം ഡയറക്ടറായിരുന്ന സുരേഷ് കുമാര്‍ ഐഎഎസിനെതിരെ കേരളത്തിൽ അധ്യാപക സംഘടനകൾ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു അന്നുയർത്തിയത്. 2006 ൽ വിഎസ് അച്യുതാനന്ദന്റെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ദൌത്യത്തിന് നേതൃത്വം കൊടുത്തതിന് പഴി വേറെയും ഏറ്റുവാങ്ങി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ യു.ആര്‍ അനന്തമൂര്‍ത്തിയുടെ സ്വപ്‌ന സ്‌കൂളിന് ജീവന്‍ നല്‍കിയിരിക്കുകയാണ് സ്വയം ഐഎഎസിൽ നിന്നു വിടവാങ്ങിയശേഷം സുരേഷ് കുമാര്‍. സിബിഎസ്ഇ പാഠ്യപദ്ധതിയാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും വളരെ വ്യത്യസ്തമായ ബോധന രീതിയാണ് അനന്തമൂര്‍ത്തി അക്കാദമിയിൽ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. സ്കൂളിനെ കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും സംസാരിക്കുകയാണ് സുരേഷ് കുമാര്‍ ഐ എ എസ്.

എങ്ങനെയാണ് അനന്തമൂര്‍ത്തി അക്കാദമി എന്ന ആശയം രൂപം കൊണ്ടത്?

പ്രൊഫസർ യശ്പാലിന്‍റെ നേതൃത്വത്തിൽ 2005 ൽ ദേശീയ സ്‌കൂള്‍ പാഠ്യപദ്ധതി രൂപരേഖ  തയാറാക്കാനുള്ള കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്‍റെ ശ്രമത്തിൽ അനന്തമൂര്‍ത്തി സാറിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ഉള്‍പ്പെട്ടിരുന്ന കമ്മിറ്റിയില്‍ 22 ഉപകമ്മിറ്റികളാണ് ഉണ്ടായിരുന്നത്. അതില്‍ ‘വിദ്യാഭ്യാസവും സംസ്‌കാരവും’ എന്ന വിഭാഗത്തിന്‍റെ ചെയര്‍മാനായിരുന്നു അനന്തമൂര്‍ത്തി. ദേശീയ സ്‌കൂള്‍ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കൽ പ്രക്രിയയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിയ്ക്കാൻ അവസരം കിട്ടിയത് എന്‍റെ ഭാഗ്യമായിരുന്നു.

യുവജനമേളകള്‍ പൂര്‍ണമായും നിരോധിയ്ക്കണമെന്ന വാദമുയര്‍ത്തിയ ആളായിരുന്നു യു ആര്‍ അനന്തമൂര്‍ത്തി. ഗ്രേസ് മാര്‍ക്കിന് വേണ്ടി മാത്രം കുട്ടികളെ തല്ലിപ്പഠിപ്പിക്കേണ്ടതല്ല കലയും സംസ്കാരവും. കലകള്‍ സംസ്‌കാരത്തിന്‍റെ ഭാഗമാണ്. അതില്‍ മത്സരബുദ്ധിക്ക് സ്ഥാനമില്ല. സംസ്കാരം ഉൾക്കൊള്ളാനും സംസ്കാര സമ്പന്നരായി ജീവിക്കാനുമാണ് കുട്ടികളെ സജ്ജരാക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

എന്താകണം മാതൃകാ വിദ്യാഭ്യാസ സ്ഥാപനം എന്നതിന് വളരെ വ്യക്തമായ കാഴ്ചപ്പാടുകളും ശക്തമായ നിലപാടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഏ കെ ആൻ്റണി മുൻകൈയെടുത്തു സ്‌കൂള്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ എന്ന കമ്മിറ്റി ഉണ്ടാക്കിയിരുന്നു. യു.ആര്‍ അനന്തമൂര്‍ത്തി അധ്യക്ഷനായ കമ്മിഷനിൽ പ്രൊഫസർ ബഹാവുദീൻ, ഡോ. ബാബുപോള്‍, എ സുകുമാരൻ നായർ തുടങ്ങിയവർ അംഗങ്ങളായിരുന്നു. ആ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മാതൃകാ സ്‌കൂളിനെപ്പറ്റിയുള്ള രൂപരേഖയുണ്ട്. സമൂഹത്തിന്റെ കൃത്യമായ പരിച്ഛേദത്തില്‍ നിന്നുള്ള പ്രാതിനിധ്യം, കാണാപ്പാഠങ്ങളേക്കാള്‍ അനുഭവങ്ങളും ബോധ്യങ്ങളുമാകണം ലക്ഷ്യം തുടങ്ങിയവയായിരുന്നു അവിടെ സൂചിപ്പിച്ചിരുന്ന കാര്യങ്ങള്‍. എന്നാല്‍ അവ റിപ്പോര്‍ട്ടിൽ മാത്രം ഒതുങ്ങി. അനന്തമൂർത്തി സാറിനോടൊപ്പം ഞാന്‍ വളരെ അടുത്തിടപഴകിയത് ഇത്തരം ഒരു കാഴ്ചപ്പാട് രൂപീകരിക്കുന്നതില്‍ ഏറെ സഹായിച്ചു. നമ്മുടെ നാട്ടില്‍ എത്ര മോഡല്‍ സ്‌കൂളുകളുണ്ട്? മറ്റുള്ള സ്‌കൂളുകള്‍ക്ക് മാതൃകയാകുന്ന സ്‌കൂള്‍ എന്നതാണ് മോഡല്‍ സ്‌കൂളുകളുടെ ഉദ്ദേശ്യം. എന്നാല്‍ ഇന്ത്യയിലെ എത്ര മോഡല്‍ സ്‌കൂളുകള്‍ മറ്റ് സ്‌കൂളുകള്‍ക്ക് മാതൃകകളാക്കാന്‍ പറ്റും?

കുണ്ടമണ്‍കടവില്‍ സ്വാമി സന്ദീപാനാന്ദഗിരി നടത്തിയിരുന്ന ഭവിഷ്യ സിബിഎസ്ഇ സ്‌കൂളില്‍ ഒരു ശില്‍പ്പശാല സംഘടിപ്പിക്കാന്‍ 2014 ഓഗസ്റ്റില്‍ എനിക്കു ക്ഷണമുണ്ടായി. കുട്ടികളുടെയും അധ്യാപകരുടെയും നിലവാരം ഉയര്‍ത്തുക എന്നതായിരുന്നു ശില്‍പ്പശാലയുടെ ഉദ്ദേശം. ശില്‍പ്പശാലയ്ക്ക് ശേഷം ഞാന്‍ അവിടെ തുടരേണ്ട സാഹചര്യം ഉണ്ടായി. അപ്പോഴാണ് എന്തുകൊണ്ട് അനന്തമൂര്‍ത്തി സാറിന്‍റെ ആശയം പ്രായോഗികമാക്കിക്കൂട എന്ന് ചിന്തിക്കുന്നതും അത് അവിടെ പരീക്ഷിച്ചു നോക്കിയതും. ആ പരീക്ഷണം വിജയം കണ്ടു. അവസാനം അങ്ങനെയൊരു സ്‌കൂള്‍ വേണമെന്ന് രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ആവശ്യമുണ്ടായി. ഭവിഷ്യയില്‍ ഉണ്ടായിരുന്ന 12 കുട്ടികളാണ് അനന്തമൂര്‍ത്തി അക്കാദമിയിലെ ആദ്യ ബാച്ചായി എത്തിയത്. ശരിക്കും രക്ഷിതാക്കളുടെ സൊസൈറ്റിയാണ് അനന്തമൂര്‍ത്തി അക്കാദമിയായി രൂപംകൊണ്ടത്. അങ്ങനെ 2015ല്‍ ഈ അക്കാദമി ആരംഭിക്കുകയായിരുന്നു.

അനന്തമൂര്‍ത്തി അക്കാദമിയിലെ പഠനരീതി എന്താണ്? അക്കാദമിയിലെ മറ്റ് പ്രത്യേകതകള്‍ എന്താണ്?

ഇവിടെ എല്‍കെജി മുതല്‍ എട്ടാം തരം വരെയാണ് ഇപ്പോൾ ക്ലാസ്സുകൾ ഉള്ളത്. 15 അധ്യാപകരുമുണ്ട്. ഓരോ വര്‍ഷവും കഴിയുംതോറും കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുന്നുണ്ട്. അത് ഒരു ശുഭസൂചനയാണ്.

സി ബി എസ് സി പാഠ്യ പദ്ധതി നിഷ്കർഷിക്കുന്ന പഠന ലക്ഷ്യങ്ങൾ എല്ലാം കുട്ടികളും നേടണമെന്ന്  ശാഠ്യം പിടിക്കുമ്പോൾ തന്നെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം യാന്ത്രികമായി ഹൃദ്യസ്ഥമാക്കുന്നത്‌ ഞങ്ങൾ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. വൈവിധ്യമാർന്ന പഠനാനുഭവങ്ങളിലൂടെ പഠിതാക്കൾ ധാരണകൾ സ്വയം ‘നിർമ്മിക്കാൻ’ അവസരങ്ങളൊരുക്കുന്ന സുഹൃത്തും സഹായിയുമായാണ് അധ്യാപിക പ്രവർത്തിക്കുന്നത്. ജ്ഞാനനിര്‍മ്മിതിവാദം കൃത്യമായി പ്രാവർത്തികമാക്കുക എന്നതു തന്നെയാണ് ലക്‌ഷ്യം.

ഇത് അത്ര എളുപ്പമല്ല. ടീച്ചർമാർ നന്നായി ഗൃഹപാഠം ചെയ്യേണ്ടി വരും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കേണ്ട പൗരന്മാർക്ക് ഉണ്ടാകേണ്ട സൃഷ്ടിപരത, സഹകരണ മനോഭാവം, ആശയ വിനിമയ ശേഷി, നേതൃഗുണങ്ങൾ എന്നിവ വിദ്യാർത്ഥികൾ ആർജ്ജിക്കാൻ ഉതകുന്ന ആധുനിക ബോധന തന്ത്രമായ സഹകരണ പഠനം (Cooperative Learning) അനന്തമൂർത്തി അക്കാദമിയിൽ പ്രാവർത്തികമാക്കിയിരിക്കുന്നു. പഠന നിലവാരത്തിൽ ഇന്ന് മുൻപന്തിയിലുള്ള ഫിൻലൻഡ്‌, സിങ്കപ്പൂർ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള Cooperative Learning Structures ഉപയോഗിച്ച് പരീക്ഷണങ്ങൾ, പ്രോജക്ടുകൾ, പഠന യാത്രകൾ, സർവേകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കാൻ പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ളവരാണ് അക്കാദമിയിലെ അധ്യാപകർ.

മറ്റൊരു സവിഷേത കുട്ടികളുടെ എണ്ണമാണ്. ഒരു ക്ലാസ്സിൽ 12 – 16 കുട്ടികളേ പറ്റൂ. ഓരോ കുട്ടികളുടെ പഠന നിലവാരം കൃത്യമായി നിരീക്ഷിക്കുകയും തുടർച്ചയായി വിലയിരുത്തുകയും ചെയ്യും. പഠനത്തിനോടൊപ്പം അവരുടെ മറ്റു കഴിവുകളും (ആശയ വിനിമയ ശേഷി, സഹകരണ മനോഭാവം, സൃഷ്ടിപരത etc ) വിലയിരുത്തും. 12 കുട്ടികൾക്കായി 2 അധ്യാപകർ, പാഠപുസ്തകത്തിനു പകരം നൽകുന്ന വ്യത്യസ്തമായ പഠനാനുഭവങ്ങൾ ഇവയെല്ലാം ചെലവേറിയ കാര്യങ്ങളാണ്. അതേ സമയം, സമൂഹത്തിൻറെ എല്ലാ തലത്തിൽ നിന്നുമുള്ള കുട്ടികളുടെ കൃത്യമായ പ്രാതിനിധ്യം ഞങ്ങൾ ഉറപ്പാക്കുന്നു. സ്വാഭാവികമായും മികച്ച വിദ്യാഭ്യാസം സാമ്പത്തികമോ മറ്റു കാരണങ്ങളാലോ കുട്ടികൾക്ക് നഷ്ടപ്പെടരുത് എന്നാഗ്രഹിക്കുന്നവരുടെ സഹായം ഞങ്ങൾക്ക് ആവശ്യമുണ്ട്. പലരും അങ്ങനെ ഞങ്ങളെ സഹായിക്കുന്നു.

ഇംഗ്ലീഷാണ് ബോധനമാധ്യമം. എന്നാൽ മലയാള ഭാഷയ്ക്കും കേരളം ചരിത്രം-സംസ്കാരം എന്നിവയ്ക്കും പ്രത്യേകം ശ്രദ്ധ കൊടുക്കുന്ന ‘കേരളീയം’ അക്കാദമിയുടെ പാഠ്യ പദ്ധതി യുടെ സുപ്രധാന ഘടകമാണ്. എല്ലാ കുട്ടികൾക്കും യോഗ, കളരിപ്പയറ്റ്, ശാസ്ത്രീയ സംഗീതം എന്നിവ നിർബന്ധമാണ്.

തിരുവനന്തപുരം ജില്ലയ്‌ക്ക്‌ പുറത്തു നിന്നും കുട്ടികളും പഠിക്കാനെത്തുന്നുണ്ട്. ഇവര്‍ക്ക് സ്‌കൂളിനടുത്തായി തന്നെ ഒരു ഹോസ്റ്റല്‍ സൗകര്യമുണ്ട്.

ഡിസ്ട്രിക്ട് പ്രൈമറി എജ്യുക്കേഷന്‍ പ്രോഗ്രാമിന്റെ ഡയറക്ടറായിരുന്ന സമയത്തെ അനുഭവങ്ങള്‍?

1995ല്‍ ഞാന്‍ വിദ്യാഭ്യാസ വകുപ്പിലായിരുന്നു. ലോകബാങ്ക്  സഹായത്തോടെ നടത്തിയിരുന്ന ഡിസ്ട്രിക്ട് പ്രൈമറി എഡ്യൂക്കേഷന്‍ പ്രോഗ്രാമിന്റെ ഡയറക്ടറായിരുന്നു. 18 സംസ്ഥാനങ്ങളിലായാണ് അത് നടത്തിയത്. ഡിപിഇപിക്ക് മുമ്പ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ ബേസ് ലൈന്‍ അസെസ്‌മെന്റ് സ്റ്റഡി നടത്തിയിരുന്നു. അതില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ കുട്ടികളുടെ പഠനനിലവാരം ഉത്തര്‍പ്രദേശ്, ഒറീസ, ബീഹാര്‍ എന്നിവടങ്ങളില്‍ നിന്നും താഴെയായിരുന്നു. പഠനനിലവാരം താഴെയായതിന് ശാസ്ത്രീയമായി തയാറാക്കിയ പാഠ്യപദ്ധതിയില്ല, അധ്യാപകര്‍ക്ക് പരിശീലനമില്ല, പഴഞ്ചന്‍ കാണാപ്പാഠം പഠിപ്പിക്കലാണ് നടക്കുന്നത് തുടങ്ങിയ കാരണമായി അവര്‍ ചൂണ്ടിക്കാണിച്ചത്.

അന്ന് കേരളാ സര്‍ക്കാര്‍ പുതിയ പാഠ്യപദ്ധതി തയാറാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ തയാറാക്കിയ പാഠ്യപദ്ധതിക്ക് വളരെ വൈവിധ്യമായ പ്രതികരണങ്ങളാണ് നേരിടേണ്ടിവന്നത്.  ഡിപിഇപിയെ കളിയാക്കി കൊണ്ട് സിനിമകള്‍ വരെ ഇറങ്ങി. റഷ്യന്‍ മന:ശാസ്ത്രജ്ഞനായ വൈഗോട്സ്‌കിയുടെ  (Lev Vygotsky) സോഷ്യല്‍ കണ്‍സ്ട്രക്ടവിസം പ്രാവർത്തികമാക്കാനുള്ള ശ്രമത്തിൽ  അധ്യാപകര്‍ക്ക് കൂടുതല്‍ തയാറെടുപ്പുകള്‍ വേണമായിരുന്നു. കുട്ടികള്‍ക്ക് വ്യക്തമായി കാര്യങ്ങള്‍ സ്വയം മനസിലാകാനുള്ള പഠനാനുഭവങ്ങൾ തിരഞ്ഞെടുക്കേണ്ടത് അധ്യാപകരാണ്. ഒരു പഠിതാവ് സ്വയം മനസില്‍ സൃഷ്ടിച്ചെടുക്കുന്ന ധാരണകളാണ് യഥാർത്ഥ പഠനം. പ്രായോഗികതലത്തില്‍ അറിവുകളെ ഉപയോഗിക്കാനുള്ള കഴിവാണ് പ്രധാനമായും ഉണ്ടാക്കേണ്ടത്.

പിജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ഡിപിഇപി പാഠ്യപദ്ധതി എല്ലാ ജില്ലയിലും നടപ്പിലാക്കാന്‍ തീരുമാനിച്ചു. അത് തെറ്റായ തീരുമാനമായിരുന്നു. പുതിയ പാഠ്യപദ്ധതി പഠിപ്പിക്കാന്‍ ആദ്യം അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമായിരുന്നു. അതിനുള്ള സംവിധാനങ്ങൾ മറ്റു ജില്ലകളിൽ ഒരുക്കിയിരുന്നില്ല. അങ്ങനെയാണ് ഡിപിഇപി തകര്‍ന്നത്.

എന്നാൽ കേരളത്തിൽ രൂപം കൊണ്ട പുതിയ പാഠ്യപദ്ധതി കുറ്റമറ്റതാണെന്നും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകേണ്ടതാണെന്നുമായിരുന്നു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിൻറെ വിലയിരുത്തൽ. “ഇന്ത്യയിലെ പാഠപുസ്തക വിപ്ലവം” എന്നായിരുന്നു ഹാർവാഡ് സർവകലാശാലയുടെ വിലയിരുത്തൽ.

മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ കേരളം ഇന്നും ഓര്‍ക്കുന്ന നടപടിയാണ്. അത്രയും കര്‍ക്കശമായ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇതുപോലൊരു സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാകാനാകുക?

എന്നെ സംബന്ധിച്ചിടത്തോളം ഇത്രയും സംതൃപ്തി തരുന്ന വേറെ ജോലിയില്ല. 110 ശതമാനം ഞാന്‍ സന്തോഷവാനാണ്. ഒരു കെട്ടിടം പൊളിച്ചിടുന്നതൊന്നും വലിയ കാര്യമല്ല. മൂന്നാറില്‍ 92 കെട്ടിടങ്ങള്‍ ഇടിച്ചിട്ടു, 16000 ഏക്കര്‍ ഭൂമി തിരിച്ചു പിടിച്ചു, എല്ലാം നിയമാനുസൃതമായി നടത്തിയതാണ്. അനധികൃതമായി കയ്യേറിയ ഭൂമി തിരിച്ച് പിടിക്കാനും കൈയേറ്റം ഒഴിപ്പിക്കാനും അധികാരങ്ങളുള്ള വിവിധ വകുപ്പുകളും നിയമങ്ങളുമുണ്ട്. അത് നടപ്പാക്കുന്നതിൽ വീഴ്ചകൾ വന്നപ്പോളാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനായി എന്നെ നിയോഗിച്ചത്. ഞാന്‍ നിഷ്പക്ഷമായും കർക്കശമായും എന്റെ ജോലി ചെയ്തു. അതില്‍ രാഷ്ട്രീയം കടന്നുവന്നതില്‍ പിന്നെയാണ് ഞാന്‍ മടങ്ങിയത്. പിൻവാങ്ങലിൻറെ രാഷ്ട്രീയ പ്രത്യാഘാതം വിഎസിനാണ്. എനിക്കില്ലല്ലോ.

പിണറായി സര്‍ക്കാരിനെ പേടിച്ചാണ് താങ്കള്‍ രാജിവെച്ചത് എന്നൊരു ആക്ഷേപം ഉണ്ടായിരുന്നല്ലോ?

രാഷ്ട്രീയക്കാരുമായി നിരന്തരം സമ്പര്‍ക്കമുള്ള ജോലി എനിക്ക് മടുത്തിരുന്നു. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും സ്ഥാനാര്‍ത്ഥി പട്ടിക വന്ന ദിവസമാണ് ഞാന്‍ രാജിക്കത്ത് നല്‍കിയത്. ആരു വന്നാലും ഒരുപോലെയാണെന്ന് എനിക്ക് അറിയാമായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യം ഒപ്പു വെച്ച ഉത്തരവുകളില്‍ ഒന്നായിരുന്നു എന്റെ രാജി അംഗീകരിച്ചു കൊണ്ടുള്ള തീരുമാനം. വിഎസ് അച്യുതാനന്ദനാണ് ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച രാഷ്ട്രീയനേതാവ്. എന്നാല്‍ ഭരണത്തിലിരുന്നപ്പോള്‍ അദ്ദേഹത്തിന് പോലും തീരുമാനങ്ങളെടുത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പല തീരുമാനങ്ങളിലും അദ്ദേഹം കടുത്ത സമ്മര്‍ദ്ദങ്ങളില്‍ അകപ്പെട്ടുപോയി.

രാഷ്ട്രീയ പ്രത്യാഘാതം വിഎസിനാണ്, എനിക്കല്ല എന്ന് പറയുമ്പോള്‍ താങ്കളുടെ രാഷ്ട്രീയമെന്താണ്?

ഇവിടെ ജനസേവനം നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇപ്പോഴില്ല. കഴിഞ്ഞ 20 കൊല്ലമായി രാഷ്ടീയത്തിന്റെ അധ:പതനം വളരെ അടുത്ത് നിന്ന് മനസിലാക്കിയ ആളാണ് ഞാന്‍. മുപ്പത് കൊല്ലമായി ഞാന്‍ വോട്ട് ചെയ്തിട്ടില്ല. സാധാരണക്കാരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്ന രാഷ്ട്രീയക്കാരെ ഇന്നു കാണാനില്ല. നിയമനിര്‍മാണ സഭയില്‍ സാധാരണക്കാരനെ പ്രതിനിധീകരിക്കാനാണ് ഒരാളെ തിരഞ്ഞെടുത്തയക്കുന്നത്. നാട്ടുകാരുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള നിയമം നിര്‍മിക്കാനും ഉള്ള നിയമങ്ങള്‍ക്ക് ഉചിതമായ ഭേദഗതി ചെയ്യാനുമാണ് വോട്ട് നല്‍കി അധികാരവും നികുതിപ്പണത്തില്‍ നിന്ന് ശമ്പളവും നല്‍കുന്നത്. അങ്ങനെ നല്‍കുന്ന അധികാരമല്ലാതെ ഇവര്‍ക്ക് പിന്നെ എന്താണുള്ളത്? പക്ഷേ വോട്ട് കിട്ടി ജയിച്ചുകഴിഞ്ഞാല്‍ അഞ്ച് വര്‍ഷം കഴിയണം വീണ്ടും ‘ജനപ്രതിനിധിയെ’ കണ്ടുകിട്ടാൻ.

ജനിച്ചുവെന്നത് തന്നെ ഒരു ഉത്തരവാദിത്തമാണ്. പ്രബുദ്ധ കേരളത്തില്‍ എല്ലാത്തിലും രാഷ്ട്രീയം കാണുന്ന ഒരു കീഴ്‌വഴക്കം ഉണ്ട്. രാഷ്ട്രീയത്തിന് അതീതമായി കാണേണ്ട എത്രയോ കാര്യങ്ങള്‍ ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഗുരുതരമായ അധ:പതനം കേരളസമൂഹത്തില്‍ ഉണ്ടായിക്കഴിഞ്ഞു. സാമൂഹ്യവിഷയങ്ങള്‍ എന്റെയും കൂടി വിഷയങ്ങളാണ് എന്ന് തിരിച്ചറിയാനാകുന്ന ഒരു ജനതയാണ് ഇവിടെ വേണ്ടത്. ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു സമൂഹം കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുതകുന്ന,  എന്നാൽ ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുക എന്നതു തന്നെയാണ് എന്‍റെ രാഷ്ട്രീയം.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍