UPDATES

ഓഫ് ബീറ്റ്

ഗുജറാത്തില്‍ ബ്രാഹ്മണ ‘അങ്കിളി’ന്റെ മൃതദേഹം മുസ്ലീം സഹോദരന്മാര്‍ സംസ്‌കരിച്ചു, എല്ലാ ഹിന്ദു ആചാരങ്ങളോടെയും

മരിച്ചത് ഭാനുശങ്കര്‍ പാണ്ഡ്യ. സംസ്‌കാരം നടത്തിയത് അബുവും നസീറും സുബെര്‍ ഖുറേഷിയും.

കുപ്രസിദ്ധമായ വര്‍ഗീയ കൂട്ടക്കൊലകളുടെ ചരിത്രം പേറുന്ന ഗുജറാത്തില്‍ നിന്ന് മതസൗഹാര്‍ദ്ദത്തിന്റേയും മാനവികതയുടേയും ഒരു ചെറിയ മാതൃക. ബ്രാഹ്മണനായ വയോധികന്റെ മൃതദേഹം സംസ്‌കരിച്ചത് സഹോദരങ്ങളായ മുസ്ലീം യുവാക്കള്‍. പൂര്‍ണമായ ഹിന്ദു ആചാരങ്ങളോടെ. നാല് പതിറ്റാണ്ടോളം കാലം തങ്ങളുടെ പിതാവിന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്ന ‘അങ്കിളി’നാണ് മുസ്ലീം സഹോദരങ്ങള്‍ വിട നല്‍കിയത്. മരിച്ചത് ഭാനുശങ്കര്‍ പാണ്ഡ്യ. സംസ്‌കാരം നടത്തിയത് അബുവും നസീറും സുബെര്‍ ഖുറേഷിയും.

മൂന്ന് പേരും ദിവസ കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളാണ്. അമ്രേലി ജില്ലയിലെ സവര്‍കുണ്ട്‌ല ടൗണിലാണ് സംഭവം. ഹിന്ദു ആചാര പ്രകാരമുള്ള മൃതദേഹം തീയില്‍ ദഹിപ്പിക്കല്‍ അടക്കമുള്ള ചടങ്ങുകള്‍ യാതൊരു വിമുഖതയുമില്ലാതെയാണ് അഞ്ച് നേരത്തെ നമസ്‌കാരവും റംസാന്‍ വ്രതവും ഒരിക്കലും മുടക്കാത്ത ഈ സഹോദരങ്ങള്‍ നടത്തിയത് എന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

വര്‍ഷങ്ങളായി ഈ യുവാക്കളുടെ കുടുംബത്തോടൊപ്പമാണ് പാണ്ഡ്യയുടെ താമസം. ഭാനുശങ്കര്‍ ‘അങ്കിള്‍’ മരണാസന്നനായി കിടക്കുമ്പോള്‍ തങ്ങള്‍ അദ്ദേഹത്തിന് ഒരു ഹിന്ദു കുടുംബത്തില്‍ നിന്ന് ഗംഗാജലം എത്തിച്ചുകൊടുത്തിരുന്നതായി പറയുന്നു ഇവര്‍. ബ്രാഹ്മണരുടെ രീതികള്‍ പ്രകാരം ഞങ്ങള്‍ മരണാനന്ത ചടങ്ങുകള്‍ നടത്താന്‍ പോവുകയാണ് എന്ന് അയല്‍ക്കാരോട് ഞങ്ങള്‍ പറഞ്ഞിരുന്നു. അവര്‍ ഞങ്ങള്‍ക്ക് ആചാരങ്ങള്‍ വിശദീകരിച്ച് തന്നു – സുബെര്‍ ഖുറേഷി പറയുന്നു. നസീറിന്റെ മകന്‍ അര്‍മാന്‍ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.

പിതാവ് ഭിഖു ഖുറേഷിയും ഭാനുശങ്കര്‍ പാണ്ഡ്യയും തമ്മില്‍ 40 വര്‍ഷത്തിലധികം കാലത്തെ സൗഹൃദമാണുണ്ടായിരുന്നത്. ഭികു ഖുറേഷി വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. എന്നാല്‍ പാണ്ഡ്യ സുഹൃത്തിന്റെ മക്കള്‍ക്കൊപ്പം താമസമാക്കുകയായിരുന്നു. അവിവാഹിതനും, കാര്യമായി ബന്ധുക്കളില്ലാത്തയാളുമായ ഭാനുശങ്കര്‍ കാലിനുണ്ടായ പരിക്കിനെ തുടര്‍ന്നാണ് ഭിഖു ഖുറേഷിയുടെ വീട്ടിലേയ്ക്ക് താമസം മാറ്റിയത്. ഈദ് ആഘോഷങ്ങളിലും മറ്റും ഭാനുശങ്കര്‍ സജീവമായി പങ്കെടുത്തിരുന്നു എന്ന് ഓര്‍ക്കുന്നു ഖുറേഷി കുടുംബം. ഭാനുശങ്കറിന് വേണ്ടി ഖുറേഷി കുടുംബം പ്രത്യേകം സസ്യാഹാരം പാകം ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍