UPDATES

പര്‍ദ്ദ വിവാദത്തില്‍ ശക്തമായ നിലപാടുമായി മാനേജ്മെന്റ്; മതപരമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനല്ല വിദ്യാഭ്യാസസ്ഥാപനം

ആഴ്ചയില്‍ മൂന്ന് ദിവസം ടിടിസി വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ യൂണിഫോം ആയി സാരി ഉടുക്കണമെന്നാണ് കോളേജിലെ വ്യവസ്ഥ

പര്‍ദ്ദ ധരിച്ച് മാത്രമേ പഠനത്തിന് വരാന്‍ കഴിയൂ എന്ന നിര്‍ബന്ധം പിടിച്ച വിദ്യാര്‍ഥിയുടെ ആവശ്യം നിരാകരിച്ച് മുസ്ലീം മാനേജ്‌മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനം. സ്ഥാപനത്തിലെ യൂണിഫോം ആയ സാരി ധരിക്കാന്‍ പറ്റില്ലെന്നും പകരം പര്‍ദ്ദ അണിയാന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യം കോളേജ് അധികൃതര്‍ നിരാകരിച്ചതോടെ വിദ്യാര്‍ത്ഥിനി പഠനം ഉപേക്ഷിച്ചു. കേരള നദ്വത്തുല്‍ മുജാഹിദ്ദീന്റെ കീഴിലുള്ള മലപ്പുറം എടവണ്ണ ജാമിയ നദ്വിയയില്‍ ടിടിസിക്ക് ചേര്‍ന്ന വിദ്യാര്‍ത്ഥിനി ഹുസ്‌ന. സി ആണ് പഠനം ഉപേക്ഷിച്ചത്.

ആഴ്ചയില്‍ മൂന്ന് ദിവസം ടിടിസി വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ യൂണിഫോം ആയി സാരി ഉടുക്കണമെന്നാണ് കോളേജിലെ വ്യവസ്ഥ. ഇത് അംഗീകരിക്കാനാകില്ലെന്നും സാരിക്ക് പകരം പര്‍ദ്ദ തന്നെ അണിയണമെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെയും കുടുംബത്തിന്റെയും നിലപാട്. ഇക്കാര്യം കോളേജ് അധികൃതരേയും മാനേജ്‌മെന്റിനേയും കെഎന്‍എം സംസ്ഥാന നേതൃത്വത്തേയും അറിയിച്ചെങ്കിലും കോളേജിലെ ചട്ടത്തില്‍ മാറ്റം വരുത്തില്ലെന്ന നിലപാട് അറിയിച്ചു. ഇതോടെയാണ് ഹുസ്‌ന പഠനം ഉപേക്ഷിച്ചത്. അതേ സമയം എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്ഥാപനത്തില്‍ ഒരേ നിയമാണെന്നാണ് മാനേജ്‌മെന്റിന്റെ വാദം. മുസ്ലിം മാനേജ്‌മെന്റ് നടത്തുന്ന സ്ഥാപനത്തില്‍ പര്‍ദ്ദ അണിയാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഉന്നയിച്ചാണ് വിദ്യാര്‍ത്ഥിനിയും ഭര്‍ത്താവ് മുഹമ്മദ് ഹര്‍ഷാദും ഇതിനോട് പ്രതികരിച്ചത്.

ഹുസ്‌നയുടെ ഭര്‍ത്താവിന്റെ ഭാഗത്തുനിന്നാണ് കോളേജിനെതിരായ പ്രതികരണങ്ങള്‍ ഉണ്ടായതെന്ന് മാനേജുമെന്റ് പ്രതിനിധികള്‍ പറയുന്നു.

‘മുസ്ലീം പെണ്‍കുട്ടികള്‍ പര്‍ദ്ദ മാത്രമേ ധരിക്കാന്‍ പാടൂള്ളൂ എന്ന ബോധത്തില്‍ നിന്നാണ് ഇത്തരം തീവ്രനിലപാടുകള്‍ കുട്ടികളുടെ മനസില്‍ ഉണ്ടാകുന്നത്. ആരോപണമുന്നയിക്കുന്ന കുട്ടിയുടെ ഭര്‍ത്താവ് ഈ സ്ഥാപനത്തില്‍ തന്നെ പൂര്‍വ വിദ്യാര്‍ഥിയാണ്. അതുകൊണ്ട് തന്നെ ഇവിടെ പിന്തുടരുന്ന നിയമങ്ങളെല്ലാം അയാള്‍ക്കുമറിയാം. എല്ലാ വിദ്യാര്‍ഥികളേയും ഒരുപോലെ കാണണം എന്ന ആശയമാണ് മാനേജ്‌മെന്റിനുള്ളത്. അത്തരം നിയമങ്ങളും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്താറുണ്ട്. സ്ഥാപനത്തിന്റെ അച്ചടക്കപരമായ നടത്തിപ്പിന് അത്തരം നിയമങ്ങള്‍ ആവശ്യമാണ്. ഇവിടെ പഠിക്കാനെത്തുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും ഇത്തരം നിയമങ്ങളെ നല്ലപോലെയാണ് കാണുന്നത്.

മതപരമായ കാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഒരു സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. എന്നാല്‍ അത്തരം കാഴ്ചപ്പാടുകളൊന്നും ഇവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ല. എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്വീകരിക്കാന്‍ പറ്റുന്ന ഒരു പൊതുനിയമമാണ് ഞങ്ങള്‍ സ്വീകരിച്ചത്. അത് ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യന്‍ ആയാലും ഒരുപോലെയാണ്. ആരോപണമുന്നയിക്കുന്ന കുട്ടിയുടെ ഭര്‍ത്താവ് പറയുന്നത് ഒരു മുസ്ലീം മത സംഘടന നടത്തുന്ന സ്ഥാപനമായിട്ടുപോലും പര്‍ദ്ദ ധരിക്കാനനുവദിച്ചില്ല എന്നാണ്. മതത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ വേര്‍തിരിച്ചു കാണാന്‍ സാധിക്കില്ല. വിദ്യാഭ്യാസ സ്ഥാപനമെന്ന് പറഞ്ഞാല്‍ ഒരു പൂന്തോട്ടമാണ്. നാളെയെ വാര്‍ത്തെടുക്കുന്ന പൂന്തോട്ടം. അവിടെ എല്ലാവരും തുല്യരും – മാനേജ്‌മെന്റ് പ്രതിനിധി മുത്തുക്കോയ മദീനി പറഞ്ഞു.

ഹുസ്‌ന മറ്റൊരു സ്ഥാപനത്തില്‍ ചേര്‍ന്ന് പഠനം തുടരുവാനുള്ള ഒരുക്കത്തിലാണ്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. മുമ്പും സ്ഥാപനത്തില്‍ സമാനസംഭവം ഉണ്ടായിട്ടുണണ്ടെന്ന് മുനീബ് അമാനി എന്നയാള്‍ ഇതില്‍ കമന്റ് ചെയ്യുന്നു. ഗര്‍ഭകാലത്ത് സാരി ധരിക്കുന്നതിലെ ശാരീരികവും മാനസികവുമായ പ്രയാസം അധികൃതരെ അറിയിച്ചിട്ടും പര്‍ദ്ദ ധരിക്കാന്‍ അനുവദിച്ചില്ലെന്നും അതിനാല്‍ വിദ്യാര്‍ഥി പകുതിവെച്ച് പഠനം നിര്‍ത്തിയെന്നുമാണ് മുനീബ് പറയുന്നത്. എന്നാല്‍ സ്ഥാപനം സ്വീകരിച്ച നിലപാടിനെ പിന്തുണച്ച് നിരവധി പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിറഞ്ഞുകഴിഞ്ഞു. പരാതി ഉന്നയിച്ച് വിദ്യാര്‍ഥിയുടെ ഭര്‍ത്താവ് കോളജ് പ്രിന്‍സിപ്പലിനും കെ.എന്‍.എം ഭാരവാഹികള്‍ക്കും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കത്ത് നല്‍കുകയും ചെയ്തു.

സാരി ധരിക്കാനാവില്ലെന്നാണ് മാനേജ്‌മെന്റിനോട് പറഞ്ഞത്. മറ്റ് വസ്ത്രങ്ങള്‍ ധരിക്കുന്നതിന് എതിര്‍പ്പില്ല. മാനേജ്മെന്റിലെ ചിലര്‍ക്കാണ് ഇക്കാര്യത്തില്‍ പിടിവാശി. മറ്റ് മതസ്ഥരുടെ സ്ഥാപനങ്ങളില്‍ പോലും പര്‍ദ ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നിട്ടും മുജാഹിദ്ദീന്‍ സ്ഥാപനത്തില്‍ ഇതിന് അനുവാദമില്ല. പാരലല്‍ കോളേജിലാണ് ഇപ്പോള്‍ ഡിഗ്രിക്ക് ചേര്‍ന്നിരിക്കുന്നത്. ജാമിയ നദ്വിയയില്‍ തിരിച്ച് പ്രവേശനം ലഭിച്ചാല്‍ സ്വീകരിക്കും’ – പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഹര്‍ഷാദ് പറഞ്ഞു. നിരവധി സ്ഥാപനങ്ങള്‍ മാനേജ്‌മെന്റിന് കീഴിലുണ്ട്. എന്നാല്‍ മറ്റു പല മുസ്ലീം മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളിലും പര്‍ദ്ദ ധരിക്കാനുള്ള അനുവാദം നല്‍കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടംബം ആരോപിക്കുന്നു.

നിരവധി സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു മാനേജ്‌മെന്റിന്റെ നിയമങ്ങള്‍ ഒരു കുട്ടിക്കായി മാറ്റാനാകില്ലെന്ന ഉറച്ച നിലപാടാണ് കോളേജ് അധികൃതരുടേത്. കുട്ടിയ്ക്ക് പര്‍ദ്ദ ധരിച്ചു മാത്രമേ പഠനത്തിനു വാരാന്‍ സാധിക്കുകയുള്ളൂ എങ്കില്‍ അത് അനുവദിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോളേജ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍