UPDATES

ട്രെന്‍ഡിങ്ങ്

വരുന്ന സ്ത്രീകള്‍ ആര്‍ത്തവമുള്ളവരാണെങ്കില്‍ ബലാത്സംഗം ചെയ്യുമ്പോള്‍ വസ്ത്രം വൃത്തികേടാവുമല്ലോ? അത് ഭയന്നിട്ടാവും-നളിനി ജമീല സംസാരിക്കുന്നു

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസ്താവനകളേക്കാള്‍ തെരുവിലിറങ്ങിയ സ്ത്രീകളാണ് എന്നെ ആശങ്കപ്പെടുത്തുന്നത്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ നളിനി ജലീല അഴിമുഖം ബ്യൂറോ ചീഫ് കെ ആര്‍ ധന്യയുമായി സംസാരിക്കുന്നു.

ഞാന്‍ വ്യക്തിപരമായി ശബരിമലയില്‍ പോവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല. അത് അവിടെ ഉള്ള വിഷയങ്ങള്‍ കൊണ്ടല്ല. എനിക്ക് പോവാന്‍ താത്പര്യമുണ്ടായിരുന്നെങ്കില്‍ സ്ത്രീകളെ കയറ്റില്ല എന്ന പറഞ്ഞ കാലത്തും ഞാന്‍ അവിടെ പോയേനെ. ഞാന്‍ പൂര്‍ണമായ ഈശ്വര വിശ്വാസിയല്ലാത്തതുകൊണ്ട് മാത്രമാണ് പോവാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നത്. കാഴ്ചക്കാരിയായി മാത്രം പോവാനും എനിക്ക് താത്പര്യമില്ല. പക്ഷെ വിശ്വാസികളായ സ്ത്രീകള്‍ അവിടെ പോവുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം? പോയാല്‍ പുലിയും പിടിക്കും പുരുഷനും പിടിക്കും എന്നാണ് പറയുന്നത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് ആ പ്രസ്താവന സന്തോഷം തരുന്നുണ്ട്. കാര്യം, ഇത്രയും കാലം സ്ത്രീകള്‍ ഞങ്ങളെ വഴി തെറ്റിച്ചു, വഴി തെറ്റിക്കുകയാണ് എന്ന് പറഞ്ഞ് നടന്നിരുന്നവരാണ് പല പുരുഷന്‍മാരും. ഇപ്പോള്‍ ഞങ്ങള്‍ സ്ത്രീകളെ പിടിക്കും എന്ന് പുരുഷന്‍മാര്‍ തന്നെ സമ്മതിക്കുന്നുണ്ടല്ലോ? പുരുഷന്‍ പിടിക്കും എന്നത്, അത് അവര്‍ സമ്മതിക്കുന്നു എന്നത് തന്നെ വലിയ കാര്യം! ഞങ്ങള്‍ നിങ്ങളെ പിടിക്കില്ല, നിങ്ങള്‍ക്കൊപ്പം നില്‍ക്കും, കൂടെ നില്‍ക്കും എന്നൊക്കെ പറയുന്നതിന് പകരം പുലി പിടിക്കും പുരുഷന്‍ പിടിക്കും എന്നൊക്കെയാണ് പറയുന്നത്.

ഇനി ആര്‍ത്തവം, ശാരീരിക അശുദ്ധി എന്നൊക്കെ പറയുന്നത്. ഈശ്വരവിശ്വാസികളെ സംബന്ധിച്ച് തൂണിലും തുരുമ്പിലും ഉള്ളതാണ് ദൈവം. അല്ലാതെ എവിടെയെങ്കിലും കുടിയിരുത്തിയിരിക്കുന്നത് മാത്രമല്ല. തൂണിലും തുരുമ്പിലും ദൈവമുണ്ടെങ്കില്‍ വീടുകള്‍ക്കുള്ളിലും ദൈവമുണ്ടാവുമല്ലോ? അപ്പോള്‍ വീടിനകത്ത് ആര്‍ത്തവവും ദൈവവുമുണ്ട്. വീടിനകത്തെ ദൈവത്തിന് ആര്‍ത്തവം പ്രശ്‌നമല്ല, പുറത്തെ ദൈവത്തിന് ആര്‍ത്തവം പ്രശ്‌നമാവുകയും ചെയ്യുന്നു. ഇവിടുത്തെ അശുദ്ധം, അവിടെ അശുദ്ധിയല്ല. അപ്പോള്‍ ദൈവത്തിന് ആര്‍ത്തവം അസുദ്ധമാകുന്നതിന് പ്രത്യേക ഏരിയകളുണ്ടോ? അയ്യപ്പഭക്തരുടെ ഭാര്യമാര്‍ പമ്പവരെ പോയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അപ്പോള്‍ പമ്പവരെയില്ലാത്ത പ്രശ്‌നമാണോ അതിന് മുകളിലേക്ക് സ്ത്രീകള്‍ക്കുള്ളത്? എന്റെ സ്വാഭാവികമായ സംശയം ദൈവത്തിന് പ്രത്യേകം മേഖലകള്‍ ഉണ്ടോ എന്നതാണ്. മേഖല കേന്ദ്രീകരിച്ച് ദൈവം തിരഞ്ഞെടുപ്പിന് നില്‍ക്കുമോ എന്നതാണ് എന്റെ സംശയം. എനിക്ക് വോട്ട് ചെയ്തിട്ട് പോയാല്‍ മതിയെന്ന് അയ്യപ്പന്‍ പറയേണ്ടിവരുമെന്നാണ് തോന്നുന്നത്.

ദൈവത്തെ മനുഷ്യന്‍ ഉണ്ടാക്കിയാണെന്നാണ്, ആശ്വാസത്തിന് വേണ്ടിയുണ്ടാക്കിയതാണ് വിശ്വാസങ്ങള്‍ എന്നാണ് ഞാന്‍ കരുതുന്നത്. ദൈവവിശ്വാസിയേ അല്ലാതായിരുന്ന എനിക്ക് പലപ്പോഴും പ്രാര്‍ഥനയിലൂടെ മനസ്സിന് ആശ്വാസം ലഭിച്ചിട്ടുണ്ട്. മനുഷ്യരുണ്ടാക്കിയ ആ വിശ്വാസങ്ങള്‍ക്ക് എങ്ങനെയാണ് മനുഷ്യസ്ത്രീകളെ മാറ്റി നിര്‍ത്താന്‍ കഴിയുന്നത്? സമൂഹം എത്ര അതിര്‍വരമ്പുകളാണ് ഓരോരുത്തര്‍ക്കുമായി ഉണ്ടാക്കുന്നത്. വ്യക്തിപരമായി എനിക്ക് കല്‍പ്പിക്കുന്ന അതിര്‍വരമ്പ്, അതിലുപരി സ്ത്രീയെന്ന നിലയില്‍ കല്‍പ്പിക്കപ്പെടുന്ന ഇത്തരം അതിര്‍വരമ്പുകള്‍. ദേവപ്രശ്‌നമാണ് ഇതിനെല്ലാമുള്ള മറുപടിയായി ഇവര്‍ പറയുക. സ്ത്രീകള്‍ കയറുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ദേവപ്രശ്‌നത്തിലൂടെ ഇത്രയും കാലം പറയാതിരുന്ന അയ്യപ്പന്‍ ഇപ്പോള്‍ പെട്ടെന്ന് ഇത് പ്രശ്‌നമാണെന്ന് പറയാന്‍ കാരണമെന്താണ്? പുലിയും ആനകളും ഇറങ്ങുന്ന കാട്ടിലൂടെ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിലെത്തുക ദുഷ്‌കരമാണെന്ന് കണ്ടിട്ടാവണം പണ്ട് സ്ത്രീകള്‍ അവിടേക്ക് പോവാതിരുന്നത്. സ്ത്രീസുരക്ഷക്ക് വേണ്ടി അന്ന് പുരുഷന്‍മാര്‍ ചെയ്തതായിരിക്കണം അത്. പക്ഷെ അതില്‍ നിന്ന് മാറി പുരുഷന് പുലിയായിട്ട് നില്‍ക്കാനാണോ താത്പര്യം എന്നതാണ് ഇന്നത്തെ ചോദ്യം. പി സി ജോര്‍ജ് പറഞ്ഞത് വഴി നടന്നാല്‍ തടയും എന്നാണ്. സത്യത്തില്‍ എനിക്ക് ചോദിക്കാനുള്ളത് ബലാത്സംഗം ചെയ്യുന്ന ജോലിയും ഇവര്‍ ഏറ്റെടുത്തോ എന്നാണ്?

ശരീരം വൃത്തികേടാവാതിരിക്കാനായിരിക്കും സ്ത്രീകളെ തടയുമെന്ന് ഇവര്‍ പറയുന്നത്. എന്തായാലും വരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. വരുന്ന സ്ത്രീകള്‍ ആര്‍ത്തവമുള്ളവരാണെങ്കില്‍ ബലാത്സംഗം ചെയ്യുമ്പോള്‍ വസ്ത്രം വൃത്തികേടാവുമല്ലോ? അത് ഭയന്നിട്ടാവും. കുഞ്ഞുകുട്ടികളേയും തൊണ്ണൂറ് വയസ്സുള്ള വൃദ്ധയേയും വരെ ബലാത്സംഗം ചെയ്യുന്ന പുരുഷന്‍മാരുടെ മനസ്സ് ഇനി വൃത്തികേടാവുമെന്ന് പറയേണ്ടതുണ്ടോ? രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസ്താവനകളേക്കാള്‍ തെരുവിലിറങ്ങിയ സ്ത്രീകളാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. എന്തോ വലിയ പ്രശ്‌നത്തിനെതിരെ പോരാടുകയാണ്, അല്ലെങ്കില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇറങ്ങുന്നത് പോലെയാണ് തെരുവില്‍ സ്ത്രീകള്‍ ഇറങ്ങിയിരിക്കുന്നത്. സത്യത്തില്‍ പുരുഷന്റെ ചട്ടുകങ്ങളായി മാറിയിരിക്കുകയാണ് അവര്‍. ശബരിമലയില്‍ പോണോ, വേണ്ടയോ എന്നൊന്നും ചിന്തിച്ചിട്ടോ ആലോചിച്ചിട്ടോ ആയിരിക്കില്ല ഇത്രയും സ്ത്രീകള്‍ ഇറങ്ങിയിട്ടുണ്ടാവുക. ഒരു കൂട്ടര്‍ കയറാന്‍ പറയുക, മറ്റൊരു കൂട്ടര്‍ തടുക്കാന്‍ പറയുക-ജനങ്ങളെ രണ്ടാക്കി ഭരിച്ച വെള്ളക്കാരന്റെ നയത്തിലെ ചതിവും കൂടി ഇക്കാര്യത്തില്‍ നമ്മള്‍ പ്രതീക്ഷിക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്.

മലയാളി പുരുഷന്‍ എന്ന സെക്സ് കള്ളന്‍; നളിനി ജമീല സംസാരിക്കുന്നു

നളിനി ജമീല പറഞ്ഞ അതേ ‘സെക്‌സ് കള്ളന്മാര്‍’ റിമയെ തേടി വന്നിരിക്കുന്നു

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍