UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല: വിശ്വാസികളായ സ്ത്രീകള്‍ അസ്വസ്ഥരാണ്; പക്ഷേ, അവരെ ഇത്ര സംഘടിതമായി തെരുവിലിറക്കിയതാരാണ്?

കോടതി വിധിക്കെതിരേ തെരുവില്‍ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കൊന്നും യാതൊരുവിധ സംഘാടനവും ഇല്ലെന്ന സമുദായ നേതാക്കന്മാരുടെ വാക്കുകള്‍ അത്രകണ്ട് വിശ്വസിക്കേണ്ടെ

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ തെരുവുകളില്‍ നടക്കുന്ന നാമജപ പ്രതിഷേധ ഘോഷയാത്രകളിലെ ജനപങ്കാളിത്തം സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാന്‍ തയ്യാറെടുപ്പുകള്‍ നത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. കേരളത്തില്‍ പലയിടങ്ങളിലായി വന്‍ജനപങ്കാളിത്തത്തോടെയാണ് പ്രതിഷേധ യാത്രകള്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളാണ് ഇതില്‍ ബഹുഭൂരിപക്ഷം എന്നതും പ്രധാന്യമര്‍ഹിക്കുന്ന വിഷയമാണ്. ഹിന്ദു ജാതി സംഘടനകളും സംഘപരിവാര്‍ സംഘടനകളും നല്‍കുന്ന നേതൃത്വത്തിനു കീഴിലാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്നതെന്ന് ഒരു വാദം പറയുമ്പോള്‍ തന്നെ ഈ പ്രതിഷേധ ജാഥകളില്‍ പങ്കെടുത്ത സത്രീകളുള്‍പ്പെടെയുള്ളവര്‍, തങ്ങള്‍ തെരുവിലേക്ക് വന്നിരിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും വിശ്വാസത്തെ തകര്‍ക്കുന്ന തീരുമാനങ്ങള്‍ക്കെതിരേ പോരാടാന്‍ ആരെങ്കിലും പറഞ്ഞിട്ടോ വിളിച്ചിട്ടോ വേണ്ടെന്നും പറയുന്നവരാണെന്നതും ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്.

കരയോഗാംഗങ്ങളെല്ലാം പ്രതിഷേധ യാത്രയില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിച്ചിട്ടില്ല എന്നാണ് എന്‍എസ്എസ് പറയുന്നത്. വിശ്വാസികള്‍ അവരുടെ സ്വന്തം ഇഷ്ട പ്രകാരമാണ് എത്തുന്നത്. യൂണിയന്റെ നേതൃത്വത്തില്‍ ശബരിമല വിധിക്കെതിരെ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നത് വേറെ കാര്യം. എന്നാല്‍ കേരളത്തിലെ എല്ലാ എന്‍എസ്എസ് താലൂക്ക് യൂണിയനുകളും അത്തരം യോഗങ്ങളോ ജാഥകളോ സംഘടിപ്പിച്ചിട്ടുണ്ട് എന്നും പറയാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഒരു പൊതു അജണ്ടയൊന്നും നായര്‍ സര്‍വീസ് സൊസൈറ്റിക്ക് ഇല്ല. ഇത് സംഘടനകളുടെ പ്രതിഷേധമല്ലല്ലോ, വിശ്വാസികളുടെതല്ലേ. വിശ്വാസികളായ എല്ലാവരും അതില്‍ പങ്കാളികളാകും. അവരില്‍ എന്‍എസ്എസ് നേതാവ് ഉണ്ടോ, എസ്എന്‍ഡിപി നേതാവ് ഉണ്ടോ എന്നു നോക്കി, അത്തരത്തില്‍ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. വിശ്വാസികളെ പൊതുവായി ബാധിക്കുന്ന ഒരു വിഷയത്തില്‍ അവരുടെ പ്രതിഷേധം ഉര്‍ത്താന്‍ നോട്ടീസോ സര്‍ക്കുലറോ ഇറക്കേണ്ടതിന്റെ ആവശ്യം തന്നെയില്ല; ആലപ്പുഴ ജില്ലയിലെ ഒരു എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറിയുടെ ഈ വാക്കുകള്‍ തന്നെയാണ്, മറ്റ് സാമുദായിക സംഘടന നേതൃത്വങ്ങളെല്ലാം ആവര്‍ത്തിക്കുന്നത്. ഏതെങ്കിലും സംഘടന സംവിധാനത്തിന്റെ ഇടപെടല്‍ കൊണ്ടല്ല, ഈ നാമജപ പ്രതിഷേധ ജാഥകള്‍ നടക്കുന്നതെന്നും വിശ്വാസികളുടെ സ്വതന്ത്രമായിട്ടുള്ള പ്രതികരണമാണ് തെരുവില്‍ കാണുന്നതെന്നുമാണ് അവര്‍ പറയുന്നത്. എസ്എന്‍ഡിപി യൂണിയനുകള്‍ ഈഴവ സമുദായംഗങ്ങളോട് ശബരിമല വിഷയത്തില്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിര്‍ദേശങ്ങളോ ഉത്തരവുകളോ നല്‍കിയിട്ടില്ല. ഈ പ്രതിഷേധിക്കുന്നവരൊന്നും തന്നെ മറ്റാരുടെയെങ്കിലും നിര്‍ബന്ധം കൊണ്ടല്ല, സ്വന്തം താത്പര്യപ്രകാരമാണ് രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് എസ് എന്‍ ഡി പി ശാഖായോഗം നേതാക്കളും പറയുന്നത്.

എന്നാല്‍ കോടതി വിധിക്കെതിരേ തെരുവില്‍ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കൊന്നും യാതൊരുവിധ സംഘാടനവും ഇല്ലെന്ന സമുദായ നേതാക്കന്മാരുടെ വാക്കുകള്‍ അത്രകണ്ട് വിശ്വസിക്കേണ്ടെന്നു പറയുന്നവരുമുണ്ട്. ഔദ്യോഗികമായി ഏതെങ്കിലും നോട്ടീസുകളോ സര്‍ക്കുലറുകളോ സമുദായംഗങ്ങള്‍ക്കിടയില്‍ നല്‍കുന്നില്ലെങ്കിലും സംഘടനകള്‍ ഈ വിഷയത്തില്‍ പിന്നണി പ്രവര്‍ത്തകരുടെ റോള്‍ ചെയ്യുന്നുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ശബരിമല വിഷയത്തില്‍ നടക്കുന്ന നാമജപ പ്രതിഷേധ യാത്രയില്‍ ഏറിയ പങ്കും സ്ത്രീകളാണ്. ഈ സ്ത്രീകളെ വിശ്വാസികളെന്ന ഒരു പൊതുകൂട്ടത്തില്‍ മൊത്തമായി ഉള്‍പ്പെടുത്താന്‍ കഴിയില്ല. കാരണം, ആ സ്ത്രീകളില്‍ അവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങള്‍ക്ക് ക്ഷതം വന്നിരിക്കുന്നുവെന്ന ബോധ്യത്തില്‍ സ്വമനസ്സാലെ പ്രതിഷേധത്തിനിറങ്ങിയവര്‍ വളരെ ചുരുക്കമാണ്. ഈ വിഭാഗത്തിനെ തെരുവിലേക്ക് കൊണ്ടുവരുന്നതില്‍ സംഘടന സംവിധാനങ്ങള്‍ക്ക് പങ്കുണ്ട്. അതെങ്ങനെയെന്നാല്‍, ആ സ്ത്രീകള്‍ കോടതിവിധിയില്‍ അസ്വസ്ഥരായവരാണ്. എന്നാല്‍ ആ അസ്വസ്ഥത തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കണമെന്നയത്ര വികാരഭരിതവുമല്ല. അവര്‍ക്ക് പ്രതിഷേധമുണ്ട്, അതവര്‍ മനസില്‍ വയ്ക്കുന്നു. എന്നാല്‍ ഇവരുടെ വികാരം മനസിലാക്കി, മുതലെടുത്തെന്നും പറയാം-തെരുവിലേക്ക് ഇറക്കാന്‍ സമുദായ സംഘടനകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിനവര്‍ക്ക് നോട്ടീസ് നല്‍കുകയോ സര്‍ക്കുലര്‍ അയക്കുകയോ വേണ്ടിവന്നില്ല. വീടുകളിലേക്ക് ചെന്ന് അവരുടെ വികാരത്തെ കൂടുതല്‍ പ്രകോപനപരമാക്കി, നിങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ പുറത്തേക്കു വരു, അവിടെ നിങ്ങളെ പോലെ ധാരാളം ആളുകളുണ്ട് എന്ന് ക്ഷണിച്ച് ഒരു വേദി നല്‍കുകയാണ് സമുദായസംഘടന പ്രവര്‍ത്തകര്‍ ചെയ്തത്. ഇത്തരത്തില്‍, നിര്‍ബന്ധപൂര്‍വമെന്ന് തന്നെ പറയാവുന്ന തരത്തില്‍- ഉണ്ടായിട്ടുള്ള ക്ഷണത്തിന്റെ പുറത്ത് തെരുവില്‍ ഇറങ്ങിയവരാണ് ഒരു വിഭാഗം സ്ത്രീകള്‍. ബാക്കിയുള്ളവര്‍ രാഷ്ട്രീയതാത്പര്യമുള്ളവരും, രാഷ്ട്രീയമായോ സാമുദായിക സംഘടനപരമായോ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ഭര്‍ത്താക്കാന്‍മാര്‍/സഹോദരങ്ങള്‍/ആണ്‍മക്കള്‍ എന്നിവരാല്‍ നിര്‍ബന്ധിക്കപ്പെട്ടോ, സ്വാധീനിക്കപ്പെട്ടോ എത്തിയവരാണ്. ഇതില്‍ ആദ്യം പറഞ്ഞ നിഷ്പക്ഷരായവരുടെ കൂട്ടം പ്രതിഷേധ യാത്രകളുടെ ആരംഭത്തില്‍ നിന്നും പിന്നീടുള്ള ദിവസങ്ങളില്‍ ശുഷ്‌കമായി കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ആ കൊഴിഞ്ഞുപോക്ക് തടയാന്‍ സാമുദായിക സംഘടനകള്‍ ഔദ്യോഗികമായി തന്നെ രംഗത്തിറങ്ങാനും സാധ്യതയുണ്ട്

സാമുദായിക സംഘടനകള്‍, വിവിധ ഹിന്ദു സംഘടനകള്‍, സംഘപരിവാര്‍ സംഘടനകള്‍ എന്നിവരുടെ നേതൃത്വവും പിന്തുണയുമില്ലാതെ ഇത്രയും സ്ത്രീകള്‍ സമരത്തിനിറങ്ങുക എന്നത് അസംഭവ്യം തന്നെയാണെന്ന് ചൂണ്ടിക്കാണിക്കുന്നവര്‍ വേറെയുമുണ്ട്. വിശ്വാസികളായ എല്ലാവരിലും തന്നെ കോടതി വിധി അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. അത് വാസ്തവമായ കാര്യമാണ്, സര്‍ക്കാര്‍ ഗൗരവപൂര്‍ണമായി കാണേണ്ട കാര്യവുമാണ്. എന്നാല്‍ ആ വിശ്വാസികളെല്ലാവരും തന്നെ മുദ്രാവക്യങ്ങളുമായി തെരുവില്‍ ഇറങ്ങാന്‍ തയ്യാറെടുത്ത് നില്‍ക്കുകയൊന്നുമല്ലായിരുന്നു. അതിനൊരു വേദി ഉണ്ടാവുകയും അവിടേക്ക് വരാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തതോടെയാണ് അവര്‍ തെരുവില്‍ ഇറങ്ങിയത് എന്നാണവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇത്തരം ക്ഷണത്തിന് ഒരു ഉദാഹരണമാണ് തിരുവനന്തപുരത്തു നിന്നുള്ള ഈ നോട്ടീസ്.

"</p

വ്യക്തമായ മേല്‍വിലാസമില്ലാത്ത ഈ നോട്ടീസ് പക്ഷേ, വിശ്വാസികളെ തെരുവിലിറക്കുന്ന സംഘടന/രാഷ്ട്രീയ നേതാക്കന്മാരുടെ തന്ത്രങ്ങളില്‍ ഒന്നാണ്. തന്റെ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ ജാഥയ്ക്ക് പോകുമ്പോള്‍, താന്‍ മാത്രം പോകാതിരുന്നാല്‍ സമുദായത്തില്‍ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം ഈ സാഹചര്യത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. തന്റെ കുടുംബം ഒറ്റപ്പെടുമെന്ന ആശങ്ക പേറുന്നവര്‍ക്കു പോലും ഊരും പേരുമില്ലാത്ത ഇത്തരം നോട്ടീസുകള്‍ തന്നെ പുറത്തേക്കിറങ്ങാന്‍ മതിയായ ക്ഷണമാണ്. ഓരോ സമുദായത്തിലും സ്ത്രീകളുടെ സ്വാശ്രയസംഘങ്ങളോ പ്രാര്‍ത്ഥന കൂട്ടങ്ങളോ ഉണ്ട്. ഇവിടെയെല്ലാം ജാതി ചര്‍ച്ചകളും മറ്റ് മതങ്ങളെക്കുറിച്ചുള്ള സംസാരവുമൊക്കെ നടക്കാറുണ്ട്. ഇതിന്റെയെല്ലാം സ്വാധീനവും ഹിന്ദു സത്രീകളിലെ വിശ്വാസികളെ പ്രകോപിച്ചിട്ടുണ്ട്. അതിനൊരു ഉദാഹരണമാണ് ഈ വാചകം; ക്രിസ്ത്യാനികള്‍ക്ക് പള്ളിപ്പോകാന്‍ കുളിക്കുകയൊന്നും വേണ്ട, അവരുടെ കൂട്ടത്തില്‍ പുറത്തായ(ആര്‍ത്തവ സമയം) പെണ്ണുങ്ങളുപോലും പള്ളീക്കേറാറില്ലേ. നമ്മുടെ കൂട്ടത്തില്‍ അങ്ങനാണോ? അശുദ്ധമായാല്‍ പിന്നെ വീട്ടില്‍ വെളക്ക് വയ്ക്കണടുത്തേക്ക് പോലും പെണ്ണുങ്ങള് വരില്ല. ഇപ്പം എന്നാ കോടതി പറഞ്ഞിരിക്കണത്, പുറത്തായ പെണ്ണിനും അമ്പലത്തില്‍ കേറാന്ന്. ഇതൊക്കെ ശരിയാണെന്ന് തോന്നുന്നുണ്ടോ? ശബരിമലയില്‍ പെണ്ണുങ്ങളെ കേറ്റണമെന്നും തീണ്ടാരിപ്പെണ്ണുങ്ങള്‍ക്ക് ഏത് അമ്പലത്തിലും കേറാമെന്നുമൊക്കെ പറയണത് ആരായാലും ഞങ്ങള് എതിര്‍ക്കും.

ഈ വാദത്തില്‍ നില്‍ക്കുന്നവരാണ് ഹിന്ദു സ്ത്രീ വിശ്വാസികളില്‍ കൂടുതലും. മറ്റ് മതങ്ങളിലെ, പുച്ഛത്തോടെ കണ്ടിരുന്ന രീതികള്‍ തന്നെ തങ്ങളുടെ മതത്തിലും നടക്കാന്‍ പോകുന്നുവെന്ന ഭയം-അതവരില്‍ സ്വയം ഉണ്ടായതാകാം, മറ്റുള്ളവരാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഉണ്ടായതുമാവാം- അവരില്‍ നിറഞ്ഞിട്ടുണ്ട്. അവരെ തെരുവില്‍ ഇറക്കിയതിനു പിന്നിലെ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണത്. ഈ ആശങ്കകള്‍ക്കൊപ്പം മത/ജാതിബോധമടിച്ചേല്‍പ്പിക്കപ്പെടുക കൂടി ചെയ്യുമ്പോഴാണ് തെരുവിലെ പ്രതിഷേധ ജാഥകളില്‍ ആളു കൂടുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി താഴെക്കിടയില്‍ ശബരിമല വിഷയത്തില്‍ ബോധവത്കരണം ശക്തിപ്പെടുത്തുന്നതോടെ ഇപ്പോള്‍ ഇറങ്ങിയിട്ടുള്ളവരില്‍ മോശമല്ലാത്ത സംഖ്യയില്‍പ്പെട്ട സ്ത്രീകള്‍ സമരത്തിലും പ്രതിഷേധങ്ങളില്‍ നിന്നും പിന്‍വാങ്ങുമെന്നാണ് ഈ വിഷയത്തെ നിഷ്പക്ഷമായി വീക്ഷിക്കുന്നവര്‍ പറയുന്നത്. ഇപ്പോഴത്തെ സമരത്തിനു പിന്നില്‍ ഒരു രാഷ്ട്രീയമുണ്ടെന്ന് തിരിച്ചറിയപ്പെടുന്ന നിമിഷത്തില്‍ പലരും പിന്നോട്ട് വലിയും. പ്രതിഷേധം തെരുവില്‍ നിലനിര്‍ത്തേണ്ടത് ആവശ്യമായ രാഷ്ട്രീയം പിന്തുടരുന്നവരെ പിന്തുണയ്ക്കുന്നവരോ അവരുടെ സ്വാധീനത്തില്‍പ്പെട്ടവരോ മാത്രമായി അംഗബലം കുറയാമെന്നും ഇവര്‍ പറയുന്നു.

‘ശബരിമലയിലെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി സുപ്രീംകോടതിയിലേക്കും മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം’; ലോംഗ് മാര്‍ച്ചില്‍ നടന്‍ കൊല്ലം തുളസിയുടെ കൊലവിളി

‘ജഡം പോലും ഉണ്ടാവില്ല; കൊത്തിപ്പറക്കും കൃഷ്ണപ്പരുന്ത്’; സിപിഎം നേതാവ് സതീദേവിക്കെതിരെ കൊലവിളിയുമായി അഡ്വ. ബി ഗോപാലകൃഷ്ണന്‍

ബിജെപി രാഷ്ട്രീയത്തിന് പിടികൊടുക്കാതെ പന്തളം കൊട്ടാരം; ലോംഗ് മാര്‍ച്ച് തലസ്ഥാനത്തെത്തുമ്പോള്‍ ആരൊക്കെ കാണും?

ശബരിമലയുടെ പേരില്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്ന ഈഴവരോടാണ്; ആരാണ് ലളിത എന്നറിയാമോ?

ശബരിമലയില്‍ അവകാശമുണ്ടായിരുന്ന ഈഴവ കുടുംബത്തിന് സംഭവിച്ചത് ഇതാണ്; വിശ്വാസ സംരക്ഷകര്‍ ഓര്‍ക്കേണ്ട ചരിത്രം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍