UPDATES

എന്റെ ഭാര്യയെ അവര്‍ മഴയത്ത് ഓട്ടോയില്‍ നിന്നിറക്കി വിട്ടിട്ടുണ്ട്; അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് പറഞ്ഞവനാണ് ഞാന്‍, എന്നിട്ടാണ് എന്നെ ചാരനാക്കിയത്: നമ്പി നാരായണന്‍ സംസാരിക്കുന്നു

പുറത്ത് നിന്ന് വന്ന ആ സ്ത്രീകളെ എത്ര മോശമായാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. കഷ്ടപ്പെട്ട് ജീവിക്കുന്നവരായിരുന്നു. ഭാഷ പോലും അറിയാത്ത അവര്‍ക്ക് എത്രത്തോളം പീഡനം ഏറ്റിട്ടുണ്ടാകും.

തിരുവനന്തപുരം പെരുന്താന്നിയിലുള്ളവര്‍ക്ക് വാര്‍ത്തകളിലൂടെ സുപരിചിതമായ ‘സംഗീത’ എന്ന വീടിന്റെ ഗേറ്റ് തുറന്നപ്പോള്‍ തന്നെ വീടിനുള്ളില്‍ നിന്നും ആരോ ഉറക്കെ തമിഴില്‍ സംസാരിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. കോളിങ് ബെല്‍ അമര്‍ത്തുന്നതിന് മുമ്പ് തന്നെ നടുമുറിയില്‍ ഇരുന്ന് ഫോണില്‍ തമിഴില്‍ സംസാരിച്ചിരുന്നത് നമ്പി നാരായണന്‍ തന്നെയാണെന്ന് മനസിലായി. എന്നെ കണ്ടതും താന്‍ അല്പം തിരക്കാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഫോണ്‍ വെച്ചു. എന്നോട് അകത്തേക്ക് വരാന്‍ പറഞ്ഞു. പരിചയപ്പെടലിന് ശേഷം ചോദ്യങ്ങളെല്ലാം പെട്ടെന്ന് തീര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷെല്‍ഫില്‍ പല വലിപ്പത്തിലുള്ള റോക്കറ്റുകളുടെ മാതൃകകളും ചുമരില്‍ അദ്ദേഹത്തിന്റെയും മക്കളുടെയും ഒക്കെ ചിത്രങ്ങള്‍. വളരെ പഴയ ഒരു ടെലിവിഷനും അവിടെയുണ്ടായിരുന്നു. തമിഴിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങള്‍ ജനലിനരികില്‍ വെച്ചിട്ടുണ്ട്. അപ്പോള്‍ വന്ന ഒരു കോള്‍ കട്ട് ചെയ്തുകൊണ്ട് അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി.

“ഒരു വിശിഷ്ടമായ വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇവിടുത്തെ നീതിന്യായക്കോടതികളുടെ നടപടികളില്‍ തന്നെ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാണ് ഇത്രയും വര്‍ഷം കാലതാമസം ഉണ്ടായത്. ഈ കേസ് ഉണ്ടായതിലൂടെയുണ്ടായ ഇംപ്ലിക്കേഷന്‍സ് വലുതാണ്. ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനങ്ങളും മൊറാലിറ്റിയും തകര്‍ത്തു. പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാന്‍ കാലതാമസം ഉണ്ടായി. കാശ് നഷ്ടം ഉണ്ടായി.” ചാരക്കേസ് കൊണ്ട് നഷ്ടങ്ങള്‍ മാത്രമാണ് ഇക്കാലം കൊണ്ട് രാജ്യത്തിന് നേടാനായതെന്ന് എണ്ണിപ്പറയുകയായിരുന്നു നമ്പി നാരായണന്‍. “ഇനി ഒരു പോലീസ് ഉദ്യോഗസ്ഥന് ആരെയെങ്കിലും ഒരാളെ അങ്ങനെ കള്ളക്കേസില്‍ പെടുത്താന്‍ പറ്റില്ല. അഥവാ കുടുക്കിയാല്‍ തന്നെ അയാള്‍ അതിന് ഉത്തരം പറയേണ്ടി വരും. മതിയായ തെളിവുകളോടെ മാത്രമേ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പറ്റുള്ളൂ. അതുകൊണ്ട് ഇതൊരു ലാന്‍ഡ് മാര്‍ക്ക് ജഡ്ജ്‌മെന്റാണ്.” അദ്ദേഹം തുടര്‍ന്നു.

“ഈ കേസ് എങ്ങനെയുണ്ടായി എന്ന് നമുക്കറിയാം. ഒരു കള്ളക്കേസ് മെനഞ്ഞെടുത്തു. കുറ്റവാളിയെ തീരുമാനിച്ചു. തെളിവുകള്‍ ഉണ്ടാക്കി. ഇല്ലാത്ത ചാരക്കേസ് ‘പുറത്ത്’ കൊണ്ടുവന്നു. പക്ഷേ എന്തുകൊണ്ട് ഉണ്ടായിയെന്ന് കണ്ടുപിടിക്കേണ്ടതായിരുന്നു. ഒരു കള്ളക്കേസ് ഉണ്ടാക്കി. ആര് പറഞ്ഞിട്ട് ഉണ്ടാക്കി. അത് കണ്ടുപിടിക്കേണ്ടത് ഈ കമ്മിറ്റിയുടെ വലിയ ചുമതലയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

1994 ഒക്ടോബര്‍ 30ന് ചാരക്കേസ് പ്രചരിക്കാന്‍ തുടങ്ങിയതിനൊപ്പം വലിയ രാഷ്ട്രീയ കളികള്‍, കുതികാല്‍ വെട്ടുകള്‍ എല്ലാം സംസ്ഥാനത്ത് നടന്നിരുന്നു. കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള രാഷ്ട്രീയനീക്കങ്ങള്‍ തകൃതിയായി പിന്നണിയില്‍ നടന്നു. “ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ വരെ കഴിവുണ്ടായിരുന്ന ഒരു ലീഡറെയാണ് എല്ലാവരും താഴെയിറക്കിയത്. അതൊരു രാഷ്ട്രീയക്കളിയായിരുന്നെങ്കില്‍ കൂടി എനിക്ക് അതില്‍ വിഷമമുണ്ട്. കരുണാകാരനെ ഞാന്‍ കണ്ടിട്ടോ മിണ്ടിയിട്ടോ ഇല്ല, പരിചയവും ഇല്ല. പക്ഷേ ചില നേതാക്കന്മാരെ എനിക്കിഷ്ടമാണ്. അച്യുത മേനോനെ ഇഷ്ടമാണ്. കരുണാകരന്‍, കാമരാജ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി അങ്ങനെ കുറച്ചു പേരെ ഇഷ്ടമാണ്. എന്തുകൊണ്ടാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ ഇവരെക്കൊണ്ട് നാട് നന്നാകുമെന്നുള്ള ഒരു ധാരണ കൊണ്ടുള്ള ഇഷ്ടം. അതില്‍ ഒരാളെ തകര്‍ത്തുവെന്ന് വരുമ്പോള്‍ മനസിനൊരു സങ്കടമാണ്. രാഷ്ട്രീയക്കാര്‍ രാഷ്ട്രീയക്കളി കളിച്ചോട്ടെ, പക്ഷേ പോലീസോ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയോ അങ്ങനെ രാഷ്ട്രീയം കളിക്കേണ്ട ആവശ്യമുണ്ടോ? എന്റെ അഭിപ്രായത്തില്‍ ഈ വിധിയെ ഒരു ബുക്കാക്കി പ്രസിദ്ധീകരിച്ച് ഗൈഡ് ലൈനാക്കി കുട്ടികളെ പഠിപ്പിക്കണം.” അദ്ദേഹം പറയുന്നു.

Also Read: മനോരമയ്ക്ക് ‘മറിയം തുറന്നുവിട്ട ഭൂതം’, മാതൃഭൂമിക്ക് ‘ബഹിരാകാശത്ത് ചാരപ്പുക’, ദേശാഭിമാനിക്ക് ‘ചാരപഥം’; മലയാളിയോട് ഈ മാധ്യമങ്ങള്‍ പറഞ്ഞ കഥകളാണ്

വര്‍ഷങ്ങളുടെ അനുഭവങ്ങള്‍ കൊണ്ട് നേടിയ ഉറച്ച ആത്മവിശ്വാസം അദ്ദേഹത്തിന്റെ സംസാരത്തില്‍ പ്രതിഫലിച്ചു. കേസിന്റെ നാള്‍വഴികളില്‍ നേരിട്ട മാനസികപീഡകള്‍ പങ്കുവെക്കുമ്പോഴും എങ്ങനെ അവയൊക്കെ ഈ മനുഷ്യന് തരണം ചെയ്യാനായി എന്നത് വിസ്മയകരമായ ചോദ്യമാണ്. അദ്ദേഹം സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. “സാധാരണ ജനതയുടെ അവസാന പ്രതീക്ഷയാണ് കോടതി. കുറഞ്ഞത് എന്റെ കാര്യത്തിലെങ്കിലും നീതി ലഭിച്ചു. അതില്‍ വലിയ സന്തോഷം. പക്ഷേ ഇനി ഇതില്‍ തൂങ്ങിക്കിടക്കാനും പുറകിലോട്ട് പോയി പഴയ കാര്യങ്ങള്‍ ഓര്‍ക്കാനും എനിക്ക് പറ്റില്ല. കാരണം വേറൊന്നുമല്ല, എനിക്ക് അതൊക്കെ മടുത്തു. എന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുള്ളത് പോലെ എനിക്ക് നല്ല ഒരു ഭര്‍ത്താവായിട്ടോ നല്ല അച്ഛനായിട്ടോ ജീവിക്കാന്‍ കഴിഞ്ഞില്ല. ഇനിയെങ്കിലും കുറച്ച് ജീവിക്കാം. അവരുടെ കൂടെ ഇരുന്ന് സംസാരിക്കാം. അവരുടെ കൂടെ ഭക്ഷണം കഴിക്കാം. അതൊക്കെ തന്നെയല്ലേ ജീവിതം.”

“53 വയസുവരെ ഓര്‍ഗനൈസേഷന് വേണ്ടി ഓടി. ഞാന്‍ ഒരാളെ കൊണ്ട് മാത്രമാണ് ഓര്‍ഗനൈസേഷന്‍ തുടരുള്ളൂവെന്ന് എനിക്ക് ഉണ്ടായിരുന്ന ധാരണ ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് അറിയില്ല. ഇന്നത്തെ പിഎസ്എല്‍വി, ചന്ദ്രയാന്‍, മംഗള്‍യാന്‍ എന്നെല്ലാം കാണുമ്പോള്‍ സന്തോഷമുണ്ട്. പക്ഷേ 53 വര്‍ഷം കഴിഞ്ഞിട്ട് എനിക്ക് കിട്ടിയത് ചാരന്‍ എന്ന പേരാണ്. പിന്നെയുള്ള 24 വര്‍ഷം ഈ കേസിന് പിന്നാലെയായിരുന്നു. ഈ ലോകത്തിനെ ഞാന്‍ ചാരനല്ലെന്ന് തെളിയിക്കാനുള്ള ഓട്ടത്തിലായിരുന്നു. ഇപ്പോള്‍ ഞാന്‍ ചാരനല്ലെന്ന് എല്ലാവര്‍ക്കും അറിയാം. സത്യം തെളിയിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്.”

ഇന്ന് പത്രമാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമെല്ലാം നമ്പി നാരായണന്റെ നിയമപോരാട്ടത്തെയും വിജയത്തെയും പ്രകീര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കുറച്ചു നാള്‍ മുമ്പ് വരെ നമ്പി നാരായണനെ ആളുകള്‍ കണ്ടുകൊണ്ടിരുന്നത് ചാരക്കേസിലെ പ്രതിയായിട്ടോ ഇരയായിട്ടോ ഒക്കെയാണ്. പക്ഷേ ഇന്ന് അവര്‍ക്ക് നമ്പി നാരായണന്‍ ഒരു ഹീറോയാണ്. കെട്ടിച്ചമച്ച കേസുകളോട് പോരാടി ജയിച്ച ഒരാളോട് എന്നല്ല, പകരം അദ്ദേഹത്തിന്റെ സംഭാവനകള്‍ കൊണ്ട്. അത് ഇല്ലെങ്കില്‍ ഒരു ചന്ദ്രയാനില്ല, മംഗള്‍യാനില്ല, ഒരു പിഎസ്എല്‍വിയില്ല, ജിഎസ്എല്‍വിയില്ല എന്നുള്ള ഒരു ബോധ്യം ഇന്നത്തെ യുവതലമുറയ്ക്ക് ഉണ്ട്. വിക്രം സാരാഭായി, ഡോക്ടര്‍ ധവാന്‍, ഡോക്ടര്‍ യു ആര്‍ റാവു, ഡോക്ടര്‍ എപിജെ അബ്ദുള്‍ കലാം തുടങ്ങിയ പ്രഗത്ഭരുടെ പ്രശംസകള്‍ ഇദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. തീര്‍ച്ചയായും അവരെല്ലാം ഇപ്പോള്‍ സന്തോഷിക്കുകയായിരിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Also Read: ‘പെണ്ണും പണവും കണ്ടാൽ എല്ലാം മറക്കുന്ന ശ്രീവാസ്തവ’; കരുണാകരനെ പൂട്ടാൻ കൈമെയ് മറന്നിറങ്ങിയ എ ഗ്രൂപ്പ്; പിന്തുണയുമായി പ്രതിപക്ഷം

ചാരക്കേസിലൂടെ രാജ്യത്തിനാണ് നഷ്ടം സംഭവിച്ചിരിക്കുന്നതെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ക്രയോജനിക്‌സ് എന്ന സാങ്കേതികവിദ്യ വികസിച്ചു വരാന്‍ 15 വര്‍ഷത്തെ അസാധാരണമായ കാലതാമസമാണ് ഇതിലൂടെ ഉണ്ടായത്. ചാരക്കേസ് വ്യാജമാണെന്ന് 1996-ല്‍ സിബിഐ റിപ്പോര്‍ട്ട് വന്നു. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ക്ക്,  ആക്ഷനെടുക്കരുതെന്നുള്ള ചീഫ് സെക്രട്ടറിയുടെ പ്രൊപ്പോസല്‍ പോയി. എന്നാല്‍ സുപ്രീം കോടതി വിധി വന്നിട്ട് നോക്കാമെന്ന് നയനാര്‍ തീരുമാനമെടുക്കുകയായിരുന്നു. പുനരന്വേഷണത്തിന് നായനാര്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു.

“നായനാര്‍ അത് അറിയാതെ ചെയ്തു പോയതാണ്. അങ്ങനെ പറയാന്‍ കാരണം അവര്‍ മിസ്‌ഗൈഡഡായിരുന്നു. എനിക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ 1998-ല്‍ എനിക്ക് അനുകൂല വിധി വന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായി വന്ന അന്വേഷണത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. 2011-ല്‍ സര്‍ക്കാരിന്റെ തീര്‍പ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്നായിരുന്നു. കാലപ്പഴക്കമുള്ള കേസ് ആയതുകൊണ്ട് ആക്ഷന്‍ എടുക്കേണ്ട എന്നാണ് അന്ന് അവര്‍ പറഞ്ഞത്. സുകുമാരക്കുറുപ്പിന്റെ കേസ് അറിയാമല്ലോ… പത്തിരുപത് വര്‍ഷമായി സുകുമാരക്കുറുപ്പിനെ കണ്ടുപിടിക്കാനായിട്ടില്ല. ഇത്രയധികം വര്‍ഷമായതിനാല്‍ സുകുമാരക്കുറുപ്പിനെ കണ്ടുകിട്ടുമ്പോള്‍ വെറുതെ വിടുമോ? അതാണോ ചട്ടം? ഒരു ക്രൈം ചെയ്താല്‍ കാലമെത്രയും പോയാലും ക്രൈം തന്നെയാണ്. അതിന് കാലപരിധിയുണ്ടോ?” ക്ഷോഭത്തോടെ അദ്ദേഹം പറഞ്ഞു നിര്‍ത്തി.

Also Read: അവര്‍ പറയുന്നത് അപ്പുറത്തെ മുറിയിലിരുന്ന് ഞാനും കേട്ടതാണ്; എല്ലാം അറിഞ്ഞിട്ടും അച്ഛന്‍ വിട്ടുകൊടുക്കുകയായിരുന്നു; പദ്മജ വേണുഗോപാല്‍ സംസാരിക്കുന്നു

പല സന്ദര്‍ഭങ്ങളിലും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഇത്രയും കാലം അനുഭവിച്ച വേദനകളോടുള്ള ദേഷ്യം പ്രകടമായിരുന്നു. ദേശവിരുദ്ധമായി നടന്ന പ്രവര്‍ത്തിയെന്നാണ് അദ്ദേഹം ചാരക്കേസുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളെ വിശേഷിപ്പിക്കുന്നത്. കേസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് പറഞ്ഞത് അദ്ദേഹം ഒരു വെല്ലുവിളിയായി എടുത്തു. “എന്റെ കൈയില്‍ ഒരുപാട് കാശുണ്ടെന്നും അതുകൊണ്ട് വേണമെങ്കില്‍ സുപ്രീം കോടതിയില്‍ പോയി തെളിയിക്കൂ എന്ന വെല്ലുവിളിയായിരുന്നു അത്. ചിലവിനനുസരിച്ചുള്ള വരവ് എനിക്ക് അപ്പോള്‍ ഇല്ലായിരുന്നു. അപ്പോഴും എന്തൊക്കെയോ കള്ളക്കഥകള്‍ വന്നുകൊണ്ടിരുന്നു. ഇങ്ങനെയൊരു കള്ളക്കേസില്‍ കുടുങ്ങി അറസ്റ്റ് ചെയ്ത് ടോര്‍ച്ചര്‍ ചെയ്യപ്പെടുമ്പോള്‍ ഇത്തരത്തില്‍, എല്ലാ പത്രമാധ്യമങ്ങളിലും വാര്‍ത്ത വരുമ്പോള്‍ അപ്പോഴത്തെ മാനസികാവസ്ഥ ആര്‍ക്കും മനസിലാക്കാന്‍ പറ്റത്തില്ല. അത് അനുഭവിച്ചാലേ മനസിലാകൂ. എന്റെ ഭാര്യ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍, നമ്പി നാരായണന്റെ ഭാര്യയാണെന്ന കാരണത്താല്‍ മഴയത്ത് ഇറക്കിവിട്ടു”, അദ്ദേഹം കഴിഞ്ഞ സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് തുടര്‍ന്നു.

“വളരെ സ്വസ്ഥവും ലളിതവുമായ ജീവിതമാണ് ഞങ്ങള്‍ നയിക്കുന്നത്. ഒരു കാര്‍ കൂടിയില്ല എനിക്ക്. അതൊരു പരാതിയായി പറയുന്നതല്ല. ഇപ്പോഴുള്ളതൊക്കെ മതി എനിക്ക്. എന്റെ ആവശ്യങ്ങള്‍ നടക്കുന്നുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ എന്റെ ജീവിതം ഞാന്‍ ജീവിക്കുന്നു. അപ്പോഴും എന്തുകൊണ്ട് ഇങ്ങനെ നീതിക്ക് വേണ്ടി പോരാടി എന്ന് ചോദിക്കുമ്പോള്‍ മനുഷ്യനാണെങ്കില്‍ ഇങ്ങനെ ചെയ്യും എന്നാണ് പറയാനുള്ളത്. ഇങ്ങനെയൊരു ദുരവസ്ഥ എനിക്കുണ്ടാക്കിയവരോട്, ആക്രമിച്ചു കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. എന്റെ മുമ്പില്‍ നിയമപോരാട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും എന്റെ മക്കളും അടുത്ത ബന്ധുക്കളും അയല്‍ക്കാരും കൂടെയുണ്ടായിരുന്നു.”

അദ്ദേഹത്തിന്റെ വീടിനുള്ളില്‍ പല ഇടങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങള്‍ കാണാമായിരുന്നു. അമ്പലത്തില്‍ പോകാറുണ്ടെന്നും വിശ്വാസിയാണെന്നും അദ്ദേഹം സംസാരത്തിനിടയില്‍ പറഞ്ഞു. ശാസ്ത്രവും വിശ്വാസവും, എന്ത് കോമ്പിനേഷനാണ് ഇത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു.

“മനുഷ്യന് കഷ്ടത്തില് വരുമ്പോഴാണ് ദൈവവിശ്വാസം ഉണ്ടാകുന്നത്. പക്ഷേ എനിക്ക് അങ്ങനെയല്ല. പണ്ട് മുതലേ ഞാന്‍ വിശ്വാസിയാണ്. എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല. പ്രായത്തിന്റെ ചില പ്രശ്‌നങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. എഞ്ചിനീയറിങിന് ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ എന്റെ അച്ഛന്‍ മരിച്ചു. അച്ഛന്‍ മാത്രമായിരുന്നു വീട്ടില്‍ ജോലിക്ക് പോയിരുന്നത്. അപ്പോള്‍ പിന്നെ തുടര്‍ന്ന് പഠിക്കണോ അച്ഛന്റെ ബിസിനസ് നോക്കണോ എന്ന ചര്‍ച്ച കുടുംബത്തിനുള്ളില്‍ നിന്നും ഉണ്ടായി. ഞാന്‍ കുഞ്ഞിലെ വലിയ പ്രശ്‌നക്കാരനായിരുന്നു. നാല് സഹോദരികള്‍ക്കിടയില്‍ ഞാന്‍ ഒരു ആണ്‍കുട്ടി മാത്രം. ഞാന്‍ ചോദിച്ചാല്‍ എല്ലാം കിട്ടുമായിരുന്നു. ഒരു ബുക്ക് പോലും ഞാന്‍ വായിച്ചിട്ടല്ലാതെ വേറെയാര്‍ക്കും കൊടുക്കുള്ളൂ. അങ്ങനെ ഒരു ഉത്തരവാദിത്തങ്ങളും ഇല്ലാതിരുന്ന സമയമുണ്ടായിരുന്നു. പക്ഷേ അച്ഛന്റെ മരണത്തോടെ സ്ഥിതിയാകെ മാറി. ആദ്യം അതിന്റെ ഇംപാക്ട് മനസിലായില്ല. എന്റെ മൂത്ത രണ്ട് സഹോദരികളുടെ കല്യാണം കഴിഞ്ഞിരുന്നു. ബാക്കിയുള്ളവരെ ഞാന്‍ നോക്കണം. ബിസിനസ് ഏറ്റെടുക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. അളിയന്മാര്‍ക്കും താല്പര്യമില്ല എന്നായതോടെ ബിസിനസ് ഞാന്‍ പൂട്ടിച്ചു. പാര്‍ട് ടൈമായി ട്യൂഷന്‍ എടുക്കാനും നെയ്ത്തില്‍ ടര്‍ണറായും ഒക്കെ പോകാന്‍ തുടങ്ങി. അതുകൊണ്ട് എന്തിനെയും തരണം ചെയ്യാന്‍ ഞാന്‍ പ്രാപ്തനായിരുന്നു.”

Also Read: സക്കറിയയാണ് എനിക്ക് ജാമ്യം നിന്നത്; പ്രതിക്കൂട്ടില്‍ മറിയം റഷീദയും ഫൌസിയയുമുണ്ടായിരുന്നു-ശശികുമാര്‍

ചാരക്കേസിലൂടെ തനിക്ക് മാത്രമല്ല മാനസിക പീഡനങ്ങളുണ്ടായെന്നത് അദ്ദേഹം സംസാരത്തിനിടെയ്‌ക്കെല്ലാം ഓര്‍മിപ്പിച്ചു. ആ സ്ത്രീകളുടെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിക്കുന്നില്ല എന്ന് പരാതി പറഞ്ഞു. കെട്ടുക്കഥകള്‍ മെനയുമ്പോള്‍ അവരുടെ ജീവിതം നശിക്കുമെന്ന് ആരും ഓര്‍ത്തില്ല.

“പുറത്ത് നിന്ന് വന്ന ആ സ്ത്രീകളെ എത്ര മോശമായാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. എനിക്ക് മുന്നെ അവരെ അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് ഗൈഡായി വന്നവരായിരുന്നു അവര്‍. കഷ്ടപ്പെട്ട് ജീവിക്കുന്നവരായിരുന്നു. ഭാഷ പോലും അറിയാത്ത അവര്‍ക്ക് എത്രത്തോളം മാനസികപീഡനം ഏറ്റിട്ടുണ്ടാകും. അവര്‍ക്കുണ്ടായ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം നമ്മള്‍ കൂടിയാണ്. ഇതൊക്കെ കൊലപാതകത്തേക്കാള്‍ ക്രൂരമാണ്. ഇതൊക്കെ പാപമാണ് എന്ന് മനസിലാക്കുന്നവനാണ് ഞാന്‍. ഇങ്ങനെയൊക്കെ പാപം ചെയ്യുന്നവര്‍ എവിടെ പോയി ഇതൊക്കെ കഴുകിത്തീര്‍ക്കും. അവരൊക്കെ അനുഭവിക്കുക തന്നെ ചെയ്യും. അതിന് വേണ്ടി കൂടെയാണ് ഞാന്‍ ഇതിന് പുറകെ പോയത്. അല്ലെങ്കില്‍ 20 വര്‍ഷം ഞാന്‍ ഇങ്ങനെ കയറിയിറങ്ങണമായിരുന്നോ… എന്റെ പ്രിന്‍സ്റ്റണ്‍ ഡിഗ്രി വെച്ച് എനിക്ക് എവിടെ പോയാലും ജോലി കിട്ടും. അന്ന് പോലും അമേരിക്കന്‍ പൗരത്വം എനിക്ക് വേണ്ടയെന്ന് പറഞ്ഞ് വന്നവനാണ് ഞാന്‍. എന്നിട്ടാണ് എന്നെ ചാരനാക്കിയത്.”

“ഞാന്‍ സ്‌നേഹിച്ച, സ്‌നേഹിച്ചു കൊണ്ടിരിക്കുന്ന ഐഎസ്ആര്‍ഒ എന്ന ഓര്‍ഗനൈസേഷനെ വളര്‍ത്തിക്കൊണ്ട് വന്നതില്‍ ഒരു വലിയ പങ്ക് എനിക്കുണ്ട്. ഞാന്‍ ഐഎസ്ആര്‍ഓയില്‍ ജോയിന്‍ ചെയ്യുമ്പോള്‍ 23 പേരെയുണ്ടായിരുന്നുള്ളൂ. ഇന്ന് 25000 പേരുണ്ട്. അങ്ങനെയുള്ള ഒരു ഓര്‍ഗനൈസേഷന്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു. രാജ്യത്തിന് വേണ്ടി ഒരു അഴിമതി പോലും നടത്താത്ത ഒരു ഓര്‍ഗനൈസേഷനെയാണോ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കേണ്ടത്? എത്രയോ യഥാര്‍ത്ഥമായ അഴിമതികള്‍ ഉണ്ടായിരിക്കുന്നു. ഒന്നിലും അന്വേഷണമോ നടപടിയോ ഇല്ല. അതൊന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുമില്ല.”

ഐഎസ്ആര്‍ഒ ചാരക്കേസിലൂടെ ഇത്രയധികം ആരോപണങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടും നമ്പി നാരായണന്‍ ഐഎസ്ആര്‍ഒ എന്ന സ്ഥാപനത്തെ ഇപ്പോഴും ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹവും കൂടി വളര്‍ത്തി വലുതാക്കിയ സ്വപ്‌നം തന്നെയായിരുന്നു ഐഎസ്ആര്‍ഒ.

മനോരമയ്ക്ക് ‘മറിയം തുറന്നുവിട്ട ഭൂതം’, മാതൃഭൂമിക്ക് ‘ബഹിരാകാശത്ത് ചാരപ്പുക’, ദേശാഭിമാനിക്ക് ‘ചാരപഥം’; മലയാളിയോട് ഈ മാധ്യമങ്ങള്‍ പറഞ്ഞ കഥകളാണ്

അവര്‍ പറയുന്നത് അപ്പുറത്തെ മുറിയിലിരുന്ന് ഞാനും കേട്ടതാണ്; എല്ലാം അറിഞ്ഞിട്ടും അച്ഛന്‍ വിട്ടുകൊടുക്കുകയായിരുന്നു; പദ്മജ വേണുഗോപാല്‍ സംസാരിക്കുന്നു

‘പെണ്ണും പണവും കണ്ടാൽ എല്ലാം മറക്കുന്ന ശ്രീവാസ്തവ’; കരുണാകരനെ പൂട്ടാൻ കൈമെയ് മറന്നിറങ്ങിയ എ ഗ്രൂപ്പ്; പിന്തുണയുമായി പ്രതിപക്ഷം

സക്കറിയയാണ് എനിക്ക് ജാമ്യം നിന്നത്; പ്രതിക്കൂട്ടില്‍ മറിയം റഷീദയും ഫൌസിയയുമുണ്ടായിരുന്നു-ശശികുമാര്‍

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍