UPDATES

ട്രെന്‍ഡിങ്ങ്

പഠനവും ജീവിതവും പോരാട്ടമാണ് നന്ദനയ്ക്ക്; എസ്എഫ്ഐ ജില്ലാ കമ്മിറ്റിയില്‍ എത്തിയ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ക്ക് പറയാനുള്ളത്

ട്രാന്‍സ് സമൂഹത്തിനെതിരെ പോലീസ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെയൊക്കെ ഇടപെടാൻ സംഘടന ഭാരവാഹിത്വം സഹായിക്കുമെന്ന് തന്നെയാണ് നന്ദന കരുതുന്നത്

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

പഠിക്കുക പോരാടുക എന്നാണ് സ്റ്റുഡന്‍റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ മുദ്രാവാക്യം. എസ്.എഫ്.ഐ യുടെ തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയിലെ പുതിയ ഒരു അംഗത്തിന് ജീവിതവും പഠനവുമെല്ലാം തന്നെ പോരാട്ടമാണ്. ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിൽ നിന്നുള്ള നന്ദനയാണ് കഴിഞ്ഞ ദിവസം സമാപിച്ച ജില്ലാ സമ്മേളനത്തിൽ തൃശ്ശൂര്‍ ജില്ലാക്കമ്മറ്റിയിലെത്തിയത്. വിദ്യാര്‍ത്ഥികളുടെ അവകാശപ്പോരാട്ടങ്ങളിലേക്ക് ചരിത്രപരമായൊരു കാൽവെപ്പ് നടത്തിയിരിക്കുകയാണ് ഈ സംഘടന. ഒരുപക്ഷേ രാജ്യത്ത് ആദ്യമായാണ് മുഖ്യധാര വിദ്യാര്‍ത്ഥി സംഘടനയുടെ മേൽക്കമ്മറ്റിയിൽ ട്രാന്‍സ്ജെൻഡറായ ഒരാളെത്തുന്നത്.

തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശിനിയായ നന്ദന അതിന്‍റെ ആവേശത്തിലാണ്, ഒപ്പം പ്രതീക്ഷയിലും. 2016 ലാണ് നന്ദന ആദ്യമായി വാർത്തകളിൽ നിറയുന്നത്. ആൺ, പെൺ കോളങ്ങൾക്ക് പുറമേ മറ്റു ലിംഗസ്വത്വങ്ങൾ പേറുന്നവർക്ക് അത് രേഖപ്പെടുത്താനുള്ള അവസരം എസ്.എഫ്.ഐ യുടെ അംഗത്വഫോമിൽ ഉൾപ്പെടുത്തിയപ്പോഴായിരുന്നു അത്. ആ വർഷം സംഘടനയുടെ അംഗത്വവിതരണം ഉത്ഘാടനം ചെയ്തത് നന്ദനയെ അംഗമാക്കി കൊണ്ടായിരുന്നു. അന്നത്തെ ആ മുന്നേറ്റത്തിൻറെ തുടർച്ചയായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സംഘടനാ ഭാരവാഹിത്വത്തിലേക്ക് എത്തുന്നത്.

എട്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ് തന്‍റെ ലിംഗസ്വത്വം നന്ദന തിരിച്ചറിയുന്നത്. തൻറെ സഹപാഠികളാണ് അതിന് സഹായിച്ചതെന്ന് നന്ദന ഓർക്കുന്നു. “ആ സമയത്ത് എൻറെ കൂടെ പഠിക്കുന്ന ആൺകുട്ടികൾക്കൊക്കെ മീശയും താടിയും വരുന്നു. എന്‍റെ ശരീരത്തിൽ അത്തരം മാറ്റങ്ങളൊന്നും ഇല്ല താനും. നടത്തത്തിനും പ്രവൃത്തികളിലുമൊക്കെ സ്ത്രൈണതയുണ്ട്. ഒരു പേന നിലത്ത് വീണാൽ പോലും കൈ കൊണ്ട് ഷർട്ട് മറച്ചുപിടിച്ചാണ് ഞാൻ കുനിയുക. അപ്പോഴൊക്കെ സുഹൃത്തുക്കൾ പറയും, നീ ഞങ്ങളെ പോലെയല്ല. എന്തോ വ്യത്യാസമുണ്ടെന്ന്. പ്രണയമൊക്കെ തോന്നി തുടങ്ങിയ സമയമായപ്പോഴും ഈ വ്യത്യസ്ത വ്യക്തമാകാൻ തുടങ്ങി. കൂട്ടുകാർക്കൊക്കെ പെൺകുട്ടികളോട് പ്രണയം തോന്നുമ്പോൾ എൻറെ ആകർഷണം ആൺകുട്ടികളോടായിരുന്നു.”

തന്‍റെ ലിംഗസ്വത്വം തിരിച്ചറിഞ്ഞ കാലം തൊട്ടേ അത് വെളിപ്പെടുത്തി കൊണ്ടാണ് നന്ദന ജീവിച്ചത്. വീട്ടിലുള്ളവരൊക്കെ അവളായുള്ള ജീവിതത്തിന് പൂർണ്ണ പിന്തുണ നൽകി. പക്ഷേ യാഥാസ്ഥിതികത വിട്ട് പോകാത്ത നാട്ടുകാരും അയൽവാസികളുമൊക്കെ പരിഹാസവും പുച്ഛവുമായി പുറകേ ഉണ്ടായിരുന്നു.

പത്രത്തിൽ അംഗത്വം കിട്ടിയ വാർത്ത വന്നതൊക്കെ ഭിന്നലിംഗക്കാരി എന്ന നിലക്കാണ്. ട്രാന്‍സ്ജെൻഡർ എന്നതിനു പകരം മൂന്നാം ലിംഗമെന്നോ ഭിന്നലിംഗമെന്നോ ആണ് പല മാധ്യമങ്ങളും ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം വൈജാത്യങ്ങളൊന്നും പരിചിതമല്ലാത്ത നാട്ടുകാർ അതോടെ നന്ദനയെ കൂടുതല്‍ അപരിചിതത്വത്തോടെ നോക്കുകയാണ് ചെയ്തത്. ഭിന്നമായ എന്തോ അവൾക്കുണ്ട് എന്നത് പോലെ.

പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞ സമയത്താണ് നന്ദനക്ക് എസ്.എഫ്.ഐ അംഗത്വം നൽകുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റും ചലച്ചിത്ര താരവുമായ ശീതൾ ശ്യാമാണ് നന്ദനയുടെ പേര് നിർദ്ദേശിക്കുന്നത്. എസ്.എഫ്.ഐ യുടെ നിരവധി വേദികളിലെ സാന്നിദ്ധ്യമാണ് ശീതൾ. ആദ്യമായൊരു വിദ്യാര്‍ത്ഥി സംഘടനയിലെ അംഗമായിട്ടും നന്ദനക്ക് പിന്നീട് പഠനം തുടരാൻ കഴിഞ്ഞില്ല. സാമ്പത്തികമായ പരാതീനതകൾ തന്നെ കാരണം. എങ്ങനെയും കുടുംബത്തെ പോറ്റണമായിരുന്നു. ഡിഗ്രിക്ക് ചേരാനുള്ള തീരുമാനം ഉപേക്ഷിച്ച് ട്രാന്‍സ്ജെന്‍ഡേഴ്സിനായുള്ള ദ്വയ എന്ന സംഘടനയിൽ ജോലിക്ക് ചേർന്നു. രണ്ട് വർഷം അവിടെ തുടർന്നു. പിന്നെ നൃത്തത്തിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും നൽകുന്ന ഒരു കടയില്‍ ജോലി ചെയ്തു.

അംഗത്വം ലഭിച്ചെങ്കിലും വ്യക്തിപരമായ അസൗകര്യങ്ങൾ മുലം സംഘടന പ്രവർത്തനത്തിൽ സജീവമാകാൻ നന്ദനക്ക് ആയിരുന്നില്ല.
ഇനി സജീവമായി രാഷ്ട്രീയപ്രവർത്തനം തുടരണമെന്നാണ് ആഗ്രഹം. “വ്യത്യസ്തകളെ അംഗീകരിക്കാനാകുന്ന ജാതി മത ലിംഗ ഭേദങ്ങളില്ലാതെ എല്ലാവരേയും ഒരു പോലെ കാണുന്ന സംഘടനയാണ് എസ്.എഫ്.ഐ.. ട്രാന്‍സ്ജെൻഡേഴ്സിൻറെ പ്രതിനിധിയായി ഇവിടെ നിൽക്കുമ്പോൾ ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്”. നന്ദന പറയുന്നു.

ട്രാന്‍സ് സമൂഹത്തിനെതിരെ പോലീസ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെയൊക്കെ ഇടപെടാൻ സംഘടന ഭാരവാഹിത്വം സഹായിക്കുമെന്ന് തന്നെയാണ് നന്ദന കരുതുന്നത്. ഇപ്പോള്‍ പ്രവർത്തിക്കുന്ന പാർട്ടി അതിനെല്ലാമുള്ള പിന്തുണ നൽകുമെന്നും അവൾക്ക് പ്രതീക്ഷയുണ്ട്.

പന്ത്രണ്ടാം ക്ളാസിനു ശേഷം പഠനം തുടരണമെന്ന് ആഗ്രഹിച്ചിട്ടും അതിന് സാധിക്കാതെ പോയ നന്ദനയെ പോലെ ഒരുപാട് പേർ ഐഡന്‍റിറ്റി വെളിപ്പെടുത്തിയും അല്ലാതെയും കേരളത്തിലുണ്ട്. നിലവിൽ നെന്മാറ എൻ.എസ്സ്.എസ്സ് കോളേജിലെ ട്രാൻസ്മാൻ പ്രവീണും മഹാരാജാസ് കോളേജിൽ പഠിക്കുന്ന ട്രാന്‍സ്വുമൺ തനുവുമാണ് തങ്ങളുടെ സ്വത്വം തുറന്ന് പറഞ്ഞ് ഉന്നതവിദ്യാഭ്യാസം നടത്തുന്നത്. ട്രാന്‍സായ വിദ്യാര്‍ത്ഥികൾക്ക് പഠനം തുടരാനുള്ള സാഹചര്യങ്ങൾ ഒരുക്കാനാണ് തങ്ങളുടെ അടുത്ത ശ്രമമെന്ന് എസ്.എഫ്.ഐ യുടെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സംഗീത് പറയുന്നു. “പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹമെന്ന നിലക്ക് ട്രാന്‍സ് കമ്മ്യൂണിറ്റിയെ മുഖ്യധാരയിലെത്തിക്കാൻ സഹായിക്കുക എസ്.എഫ്.ഐ പോലൊരു സംഘടനയുടെ കടമയാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ അവർക്കാവശ്യമായ സൗകര്യങ്ങൾ സജ്ജമാക്കാൻ സംഘടനയുടെ സംസ്ഥാന കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെടും. ബിരുദ ബിരുദാനന്തര മേഖലകളിൽ അതിനുള്ള സാഹചര്യങ്ങൾ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.”

നന്ദനക്ക് തൃശ്ശൂര്‍ കേരളവര്‍മയില്‍ പഠിക്കാനാണ് ഇഷ്ടം. എസ്.എഫ്.ഐ സമരാവേശങ്ങളുണർത്തിയിട്ടുള്ള കലാലയമാണത്. സംഘടന പ്രവർത്തനത്തിന് നേതൃത്യം നൽകി പഠിക്കാൻ പറ്റുമെന്നുള്ളത് കൊണ്ടാണ് ആ കോളേജ് അവൾ തിരഞ്ഞെടുക്കുന്നതും.
ഒപ്പം തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കാനാകുന്ന അവസരങ്ങളുമുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് നന്ദന. സോഷ്യോളജി ബിരുദത്തിനാണ് അപേക്ഷിക്കുന്നത്. പ്രവേശനം ലഭിച്ചാൽ ഇവിടത്തെ, കലാലയങ്ങൾ ശീലിച്ചിട്ടില്ലാത്ത ആഘോഷിച്ചിട്ടില്ലാത്ത ഒരു കോളേജ് ജീവിതത്തിന് നമുക്ക് സാക്ഷ്യം വഹിക്കാം. ആണോ പെണ്ണോ മാത്രം സംഘടന പ്രവർത്തനം നടത്തുകയും യുവത്വം ചിലവിടുകയും തീപ്പൊരി പാറിക്കുകയും ചെയ്യുന്ന കലാലയ ചിത്രങ്ങളെ അവൾ മാറ്റി വരച്ചേക്കും.

പക്ഷേ ആഘോഷങ്ങൾക്ക് മാത്രമായി സമയം കളയാനും നന്ദനക്കാകില്ല. അവൾക്ക് പഠനത്തോടൊപ്പം ജോലി കൂടി ചെയ്യേണ്ടതുണ്ട്. അച്ചനും അമ്മയും അനുജനും അടങ്ങുന്ന കുടുംബത്തെ നോക്കേണ്ട ചുമതലയും ഇരുപത്തിമൂന്നുകാരിക്കാണ്. എന്തെങ്കിലും വരുമാനം കണ്ടെത്തി അതോടൊപ്പം പഠനം തുടരാനാണ് അവളുടെ ആഗ്രഹം. ചെറിയ ഭാരമല്ല. പഠിക്കണം. വരുമാനമുണ്ടാക്കണം. അവകാശ സമരങ്ങളിൽ അണി ചേരണം, നേതൃത്വം വഹിക്കണം. ‘പോരാട്ടം’ നന്ദനക്ക് എഴുതപ്പെട്ട മുദ്രാവാക്യത്തിലെ വാക്ക് മാത്രമല്ലാതാകുന്നത്, ഇങ്ങനെയൊക്കെയാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍