UPDATES

ഓഫ് ബീറ്റ്

ഇനി പെയിന്റ് ഏതാണെന്ന് ആരോടും ചോദിക്കേണ്ട, ചുവരുകള്‍ക്ക് മോടി കൂട്ടാന്‍ കല്ലുകള്‍ മതി

പലതരം വസ്തുക്കള്‍ ഉപയോഗിച്ച് പുറംചുവര് മോടി പിടിപ്പിക്കാമെങ്കിലും പ്രകൃതിദത്തമായ കല്ല് തിരഞ്ഞെടുക്കേണ്ടതിന് കാരണങ്ങള്‍ ഏറെയാണ്

വീടാകട്ടെ, ഓഫീസാകട്ടെ; കോണ്‍ക്രീറ്റ് ചുവര്‍ വെറുതെ പെയിന്റ് ചെയ്തിടുന്നതിന് ഒട്ടും പുതുമയില്ല. തടിയോ കല്ലുകളോ ഒക്കെ പതിപ്പിച്ച ചുവരുകള്‍ കെട്ടിടത്തിന്റെ മൂഡ് തന്നെ മാറ്റും. ഏത് ശൈലിയാണെങ്കിലും നിറമാണെങ്കിലും ഒത്തു പോകുന്നവയാണ് കല്ലുകള്‍. പുറം ചുവരില്‍ കല്ലുകള്‍ പതിപ്പിച്ചാല്‍ അത് മറ്റൊരു ചുവരായി തന്നെ പ്രവര്‍ത്തിക്കുകയും വീടിന്റെ ഭംഗി ഇരട്ടിക്കുകയും ചെയ്യും.

പലതരം വസ്തുക്കള്‍ ഉപയോഗിച്ച് പുറംചുവര് മോടി പിടിപ്പിക്കാമെങ്കിലും പ്രകൃതിദത്തമായ കല്ല് തിരഞ്ഞെടുക്കേണ്ടതിന് കാരണങ്ങള്‍ ഏറെയാണ്. ഒന്നാമത്, മരം മുറിച്ചെടുക്കുന്ന അത്രയും ദോഷം പരിസ്ഥിതിക്ക് ഉണ്ടാകുന്നില്ല. പ്രകൃതിയോടിണങ്ങിയ ലുക്ക് കിട്ടുകയും ചെയ്യും. മാത്രമല്ല താരതമ്യേനെ എളുപ്പത്തില്‍ ലഭ്യമാകുന്ന നിര്‍മ്മാണ വസ്തുവുമാണ് കല്ലുകള്‍.

പല നിറങ്ങളിലും ടെക്‌സ്ചറിലും കല്ലുകള്‍ വിപണിയിലുണ്ട്. മാര്‍ബിള്‍, സ്ലേറ്റ്, ഗ്രാനൈറ്റ്, ലൈംസ്‌റ്റോണ്‍, ക്വാര്‍ട്‌സ് തുടങ്ങിയ തരം കല്ലുകളെല്ലാം അഭിരുചിക്കനുസരിച്ച് വീടിനു മോടി കൂട്ടാന്‍ ഉപയോഗിക്കാം. സ്‌റ്റോണ്‍ വാള്‍ ക്ലാഡിങ്ങ് ചെയ്യുന്നത് കെട്ടിടത്തിന്റെ താപനില നിയന്ത്രിക്കുകയും ആയുസ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പരു പരുത്ത ഫീല് കിട്ടുന്ന കല്ലുകള്‍ പുറം ചുവരില്‍ പതിപ്പിക്കുന്നതാണ് സാധാരണ രീതി. ഇത് പല നിറങ്ങളും ഷേഡുകളും ഒരുമിച്ചോ ഒറ്റ നിറമായോ കൊടുക്കാം. കല്ലു കൊണ്ട് പൊതിഞ്ഞ ചുവരുകള്‍ നിങ്ങളുടെ ഭവനത്തെ അതുല്യമാക്കും. ശ്രദ്ധാപൂര്‍വ്വം കൊടുക്കുന്ന പെര്‍ഫക്ഷന്‍ ഇല്ലായ്മയാണ് ഇതിലെ പ്രധാന ആകര്‍ഷണം. ഒരല്‍പം അലസവും പരുക്കനുമായി അടുക്കിയ കല്ലുകളുള്ള ചുവരും, താഴെ ഒരല്‍പം പച്ചപ്പും കോണ്‍ട്രാസ്റ്റ് നിറമുള്ള പൂക്കളും ഒരുക്കിയാല്‍ ഒരു ഡിസൈനര്‍ സ്‌പേസിന്റെ കുലീനത വീടിനുണ്ടാകും.

രണ്ട് തരം കല്ലുകള്‍ മിക്‌സ് ചെയ്തും ചുവരില്‍ ഒട്ടിക്കാം. ഇവയുടെ വ്യത്യസ്തമായ ഷേഡുകളും പ്രതലവും ഭംഗിയായിരിക്കും. അത് പോലെ തടിയും കല്ലും ചേര്‍ത്തും ചുവര് ഉണ്ടാക്കാം. കല്ലുകള്‍ പതിച്ച ചുവര് പരിപാലിക്കാനും എളുപ്പമാണ്. പെയിന്റടിച്ച ചുവര് പോലെ ഇടക്കിടെ വൃത്തിയാക്കേണ്ട ബുദ്ധിമുട്ടുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍