UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീയാണ്, സംഘപരിവാറിന് എതിരാണ് – നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ നിന്ന് പുറത്താകാന്‍ ഇതുമതി

ഇനി വേണമെങ്കില്‍ അവര്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ മാത്രം വില്‍ക്കാം. ഭഗത് സിംഗിന്‍റെ why I am an atheist ഉള്‍പ്പെടെയുള്ള, ബിജെപി രാഷ്ട്രീയത്തിനെതിരായ, പുറത്ത് കാണിക്കരുതെന്ന് അവരാഗ്രഹിക്കുന്ന പുസ്തകങ്ങളെ മനപൂര്‍വം തമസ്‌കരിക്കാമെന്നും ലാലി പറയുന്നു.

സ്ത്രീകളെ ജോലിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് നാഷണല്‍ ബുക്ക് ട്രസ്റ്റ് ജീവനക്കാരിയെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. എറണാകുളത്തെ എന്‍ബിടി സ്റ്റാളില്‍ ജോലി ചെയ്യുന്ന ലാലി പിഎമ്മാണ് അനീതിക്ക് ഇരയായത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം മാനേജര്‍ അറിയിച്ചതെന്ന് ലാലി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഏറണാകുളം എന്‍ബിടിയില്‍ മാര്‍ക്കറ്റിംഗ് സെക്ഷനിലാണ് ലാലി ജോലി ചെയ്തിരുന്നത്.

“മാഡം, ഇന്നത്തോടെ നിങ്ങളുടെ ജോലി അവസാനിച്ചിരിക്കുന്നു” എന്ന് പെട്ടെന്ന് മാനേജര്‍ പറയുകയായിരുന്നു. ‘ഒരു ബുക്ക് ഷോപ്പില്‍ സ്ത്രീകളെ ക്കാളേറേ പുരൂഷന്മാരെയാണാവശ്യം. പുസ്തകക്കെട്ടുകള്‍ കയറ്റാനും ഇറക്കാനുമൊക്കെ ആണുങ്ങള്‍ക്കേ പറ്റു. തന്നെയുമല്ല നിങ്ങള്‍ക്ക് രാത്രി വൈകി ഇവിടെ നില്‍ക്കാനാവില്ലല്ലോ. ചിലപ്പോളതൊക്കെ വേണ്ടി വരും. അതു കൊണ്ട് നിങ്ങള്‍ക്ക് മറ്റൊരു ജോലി തേടിപ്പിടിക്കാവുന്നതേയുള്ളു – എന്ന് മാനേജര്‍ പറഞ്ഞതായാണ് ലാലി പറയുന്നത്.

താല്‍ക്കാലിക ജീവനക്കാരെ പുകാര്‍ എന്ന എച്ച് ആര്‍ ഏജന്‍സി വഴി എടുക്കുകയാണ് ചെയ്യുന്നതെന്ന് ലാലി അഴിമുഖത്തോട് പറഞ്ഞു. ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാനുള്ള സാഹചര്യം ഞങ്ങള്‍ക്കില്ല. കോണ്‍ട്രാക്ട് ഒപ്പിടാത്തതുകൊണ്ട് പിരിച്ചുവിട്ടതിനെതിരെ നിയമപരമായി മുന്നോട്ട് പോവാന്‍ സാധ്യത യില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ നവംബറിലാണ് ജോയിന്‍ ചെയ്തത്. 11 മാസം ശമ്പളം തന്നത് എന്‍ബിടിക്ക് വേണ്ടി ജോലി ചെയ്യുന്നയാള്‍ എന്ന നിലയില്‍ തന്നെയാണ്. എന്‍ബിടിയില്‍ ഭൂരിഭാഗം പേരും താല്‍ക്കാലിക ജീവനക്കാരാണ്. കുറച്ച് പേര്‍ മാത്രമേ സ്ഥിരം ജീവനക്കാരായി ഉള്ളൂ. താല്‍ക്കാലിക ജീവനക്കാര്‍ക്ക് യാതൊരു മുന്നറിയിപ്പും കൊടുക്കാതെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാന്‍ കഴിയുന്ന അവസ്ഥയാണ്‌. കടുത്ത തൊഴിലാളി വിരുദ്ധതയും സ്ത്രീ വിരുദ്ധതയുമാണ് ഇത്. ഇതില്‍ കൃത്യമായ രാഷ്ട്രീയവുമുണ്ട്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍റെ സഹോദരന്‍ നന്ദകുമാര്‍ എന്‍ബിടി ബോര്‍ഡിലും എക്സിക്യുട്ടീവ്‌ കമ്മിറ്റിയിലും അംഗമാണ്. ബിജെപി അനുഭാവികളെ എന്‍ബിടിയില്‍ നിറക്കുക എന്നതാണ് ഉദ്ദേശം. പുതുതായി വന്ന മാനേജര്‍ക്ക് മലയാളം അറിയില്ല. കസ്റ്റമര്‍സിനോട് എങ്ങനെ പെരുമാറണം എന്ന് അറിയില്ല. മാര്‍ക്കറ്റിനെ കുറിച്ച് ധാരണയില്ല.

യാതൊരു കരാറിലും ഒപ്പിട്ടിട്ടില്ല. എച്ച്ആര്‍ ഏജന്‍സിയാണ് ഇന്‍റര്‍വ്യൂ ചെയ്യുന്നതും ആളുകളെ തിരഞ്ഞെടുക്കുന്നതും. ശമ്പളം തരുന്നതും അവരാണ്. അക്കൌണ്ടില്‍ ശമ്പളം ഇടുന്നത് എന്‍ബിടിയുടെ പേര് പറഞ്ഞാണ്. എല്ലാ രേഖകളും അവര്‍ വാങ്ങുന്നുണ്ട്. എന്നാല്‍ യാതൊരു കടലാസിലും ഇതുവരെ ഒപ്പിടാന്‍ ആവശ്യപ്പെട്ടിട്ടില്ല. ചിലപ്പോ അത് മനപൂര്‍വമായിരിക്കും. പരമാവധി ജോലി ചെയ്യിപ്പിച്ചിട്ട് യാതൊരു മുന്നറിയിപ്പും കൂടാതെ പിരിച്ചുവിടുകയാണ് ചെയ്തിരിക്കുന്നത്. ഒരു മാസമെങ്കിലും അവിടെ തുടരാനുള്ള സാമാന്യ മര്യാദ കാണിക്കേണ്ടതായിരുന്നു.

വെള്ളിയാഴ്ച പുതിയ മാനേജര്‍ ചാര്‍ജ്ജെടുത്ത അന്ന് തന്നെയാണ് തീരുമാനം അറിയിച്ചത്. മാനേജരായിരുന്ന റൂബിന്‍ ഡിക്രൂസിനെ ഡല്‍ഹിയിലേയ്ക്ക് സ്ഥലം മാറ്റി. കര്‍ണാടകയില്‍ നിന്നുള്ളയാളെ പുതിയ മാനേജരായി കൊണ്ടുവന്നു. സ്റ്റോക്കെടുപ്പുണ്ടായിരുന്നു. പോകുന്നതിന് മുമ്പ് ഞങ്ങളെല്ലാവരും കൂടി കണക്കെല്ലാം സെറ്റില്‍ ചെയ്തു. വൈകീട്ട് ജോലിയെല്ലാം തീര്‍ന്നപ്പോളാണ് മാനേജര്‍ വിളിച്ച് ഇക്കാര്യം പറയുന്നത്. സേവനം നന്നായിരുന്നു നാളെ മുതല്‍ നിങ്ങള്‍ വരേണ്ടതില്ല. ഞങ്ങള്‍ പുതിയ ആളുകളെ എടുത്തു എന്ന്. പെട്ടെന്ന് എന്റെ കണ്ണ് നിറഞ്ഞുപോയി. അപ്പോളാണ് മാനേജര്‍ പറയുന്നത് പുരുഷന്മാരെയാണ് ഞങ്ങള്‍ നോക്കുന്നത്. ബണ്ടില്‍ എടുത്തുപൊക്കേണ്ടി വരും. രാത്രി വരെ ജോലി ചെയ്യേണ്ടി വരും. ഇത് പുരുഷന്മാര്‍ക്കേ പറ്റൂ എന്നെല്ലാം പറഞ്ഞു. രാവിലെ 10 മുതല്‍ ആറ് വരെയാണ് ഞങ്ങളുടെ ജോലി സമയം. പലപ്പോഴും ഞങ്ങള്‍ വൈകി രാത്രി ഒമ്പത് മണി വരെയൊക്കെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ചിലപ്പോള്‍ കൂടുതല്‍ കസ്റ്റമേര്‍സ് ഉണ്ടാകും. അല്ലെങ്കില്‍ ബുക്‌സ് വരാനോ അയയ്ക്കാനോ ഒക്കെ ഉണ്ടാകും. ഞങ്ങളുടെ ജോലി ബണ്ടില്‍ എടുത്ത് വക്കലല്ല. അത് ആവശ്യമാണെങ്കില്‍ ചെയ്യാന്‍ യാതൊരു മടിയുമില്ല. അതിനുള്ള ആരോഗ്യമൊക്കെ ഉണ്ട്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ, ഭരണകൂടത്തിന്റെ എല്ലാ മെഷീനറികളുടെയും സംഘിവത്ക്കരണം അജണ്ടയാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പിരിച്ചുവിടലെന്ന് ലാലി ആരോപിക്കുന്നു. പുസ്തക രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത കയ്യില്‍ ചരടൊക്കെ കെട്ടിയ രണ്ട് പേരെ അവിടത്തെ ജീവനക്കാരായി നിയമിച്ചിട്ടുണ്ട്. ആ കുട്ടികള്‍ക്ക് പുസ്തകങ്ങളെ പറ്റി യാതൊരു ധാരണയുമില്ല. വിവിധ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെട്ടും ആശയ വിനിമയം നടത്തിയും പുസ്തകങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുമൊക്കെയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥാപനത്തെ നശിപ്പിക്കാന്‍ തന്നെയാണ് പരിപാടി എന്ന കാര്യത്തില്‍ സംശയമില്ല. ഇനി വേണമെങ്കില്‍ അവര്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ മാത്രം വില്‍ക്കാം. ഭഗത് സിംഗിന്‍റെ why I am an atheist ഉള്‍പ്പെടെയുള്ള, ബിജെപി രാഷ്ട്രീയത്തിനെതിരായ, പുറത്ത് കാണിക്കരുതെന്ന് അവരാഗ്രഹിക്കുന്ന പുസ്തകങ്ങളെ മനപൂര്‍വം തമസ്‌കരിക്കാമെന്നും ലാലി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍