UPDATES

നീതിക്കു വേണ്ടി പൊരുതിയ ഈ മിടുക്കിയെ തോല്‍പ്പിച്ചു കളഞ്ഞു ഇന്ത്യയെന്ന മഹാരാജ്യം

എന്താണ് അനിതയുടെ കാര്യത്തില്‍ സംഭവിച്ചത്? ഇത്രയും കാലം പിന്തുടര്‍ന്നു വന്നിരുന്ന ഒരു സിസ്റ്റത്തില്‍ വിശ്വസിച്ച് മാര്‍ക്ക് വാങ്ങി ഡോക്ടറാവാന്‍ ആഗ്രഹിച്ചതോ?

ലാ ജെസ്‌

ലാ ജെസ്‌

പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി! പഠിക്കാനും പൊരുതാനും മനസ്സും ആര്‍ജ്ജവവും ഉണ്ടായിരുന്ന അനിത എന്ന മിടുക്കി! അവള്‍ ഉപേക്ഷിച്ചു പോയ സ്വപ്നങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍, ഒരു പരിവര്‍ത്തന പ്രക്രിയക്ക് തുടക്കമിടാന്‍ നമുക്ക് കഴിയുമോ? ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയ ബാക്കിപത്രമാണ്. ഈ രാജ്യത്തിനും ഈ രാജ്യത്തെ സംസ്‌കാരത്തില്‍ വളര്‍ന്നുവന്ന ജനതയ്ക്കും വേണ്ടിയുള്ള തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ടോ? യൂറോപ്യന്‍ രാജ്യങ്ങളില്‍ അവിടുത്തെ വിദ്യാര്‍ത്ഥികളെ പഠിച്ചും ഗവേഷണം നടത്തിയും അവരാല്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട പരീക്ഷാ സമ്പ്രദായങ്ങള്‍ യാതൊരു മുന്നൊരുക്കങ്ങളോ മുന്‍ പഠനങ്ങളോ നടത്താതെ, മുന്നറിയിപ്പില്ലാതെ ഇന്ത്യയില്‍ നടപ്പിലാക്കി, വഴിയാധാരമാക്കപ്പെടുന്ന സ്വപ്നങ്ങള്‍ ആണ് കാലങ്ങളായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.

ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച്,ലക്ഷങ്ങള്‍ മുടക്കി കോച്ചിങ് സെന്ററുകളില്‍ പോയി വിരിയിച്ചെടുക്കുന്ന മെറിറ്റിനെക്കുറിച്ചല്ല, സാഹചര്യങ്ങളോട് പൊരുതി പാഷന്‍ ഒന്നുകൊണ്ട് മാത്രം പിന്മാറാതെ അദ്ധ്വാനിച്ച് നേടിയെടുക്കുന്ന മെറിറ്റിനെക്കുറിച്ചാണ് പറയുന്നത്. വിദ്യാഭ്യാസത്തെയും പരീക്ഷ സമ്പ്രദായത്തെയുംപ്രതി നയപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍, തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ കീറിയെറിയുന്നത് ചോരയിറ്റുന്ന പുസ്തകങ്ങളെയാണ്, അവ മാറോടടക്കി കൂട്ടിപ്പിടിച്ച് വളര്‍ത്തിക്കൊണ്ടുവന്ന ജീവിതാഭിലാഷങ്ങളെയാണ്, പഠിച്ച് രക്ഷപ്പെടാമെന്ന ‘വ്യാമോഹ’ങ്ങളെയാണ്, ജീവിക്കാനുള്ള അവകാശത്തെ തന്നെയാണ്.

എന്താണ് അനിതയുടെ കാര്യത്തില്‍ സംഭവിച്ചത്? ഇത്രയും കാലം പിന്തുടര്‍ന്നു വന്നിരുന്ന ഒരു സിസ്റ്റത്തില്‍ വിശ്വസിച്ച് മാര്‍ക്ക് വാങ്ങി ഡോക്ടറാവാന്‍ ആഗ്രഹിച്ചതോ? മുന്നൊരുക്കങ്ങളോ മുന്നറിയിപ്പോ മതിയായ സമയമോ നല്‍കാതെ നടപ്പിലാക്കിയ നിയമത്തിനെതിരെ പൊരുതാന്‍ ഉറച്ചതോ?

പ്ലസ്ടു പരീക്ഷയില്‍ 98 ശതമാനം നേടിയ അനിതയുടെ മാര്‍ക്ക് ലിസ്റ്റ്

അവള്‍ ഉടനടി ആത്മഹത്യ ചെയ്യുകയായിരുന്നില്ല. നീതിക്കു വേണ്ടി പൊരുതി! തോല്‍പ്പിച്ചു കളഞ്ഞു പക്ഷേ ഇന്ത്യയെന്ന മഹാരാജ്യം! അവള്‍ ഇന്ത്യയുടെ മകള്‍ ആയിരുന്നു! പൊരുതി ജീവിച്ചവളായിരുന്നു, നീതിന്യായത്തില്‍ വിശ്വാസമര്‍പ്പിച്ചവളായിരുന്നു. തന്റെ കഴിവിനെയും അധ്വാനത്തെയും മുഖവിലയ്‌ക്കെടുത്തവളായിരുന്നു. ആ കുഞ്ഞു ഹൃദയം പൊട്ടിത്തകര്‍ന്നു കാണണം. എല്ലാ യാതനകളില്‍ നിന്നും രക്ഷപ്പെടാന്‍, പഠിച്ച് മുന്നേറി ഒരുജീവിതം കെട്ടിപ്പടുക്കാന്‍ മോഹിച്ചതൊക്കെയും തെറ്റായിരുന്നുവെന്ന് നെഞ്ചുപൊട്ടി ഓര്‍ത്തിട്ടുണ്ടാവണം. ഇന്ത്യന്‍ മത്സര പരീക്ഷകളുടെയും അതിനെ സംബന്ധിക്കുന്ന നയപരമായ തീരുമാനങ്ങളുടെയും നിലവാരത്തകര്‍ച്ചയ്ക്ക് എതിരെ ശബ്ദം ഉയര്‍ത്താന്‍,പൊരുതി പിടിച്ചുനില്‍ക്കാന്‍ അനിതയെ പോലുള്ള കുഞ്ഞുങ്ങള്‍ക്കാവില്ല.


അനിതയുടെ മൃതശരീരത്തിന് മുന്നിലെ പ്രതിഷേധം

പോളിസി മാറ്റങ്ങളെ ചോദ്യം ചെയ്യാതെ പിന്തുടരാന്‍ വിധിക്കപ്പെട്ട ജനതയാണ് നാം. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന എമണ്ടന്‍ പരിഷ്‌ക്കാരങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ ഒന്നും നടക്കാറില്ല. വരുന്നത് കണ്ണടച്ച് വിഴുങ്ങി വിധിയെ പഴിച്ചിരിക്കുന്ന രക്ഷിതാക്കള്‍! സ്വന്തം അവകാശങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്ത വിദ്യാര്‍ഥികള്‍! പ്രത്യേകിച്ചും എലൈറ്റ് പ്രഫഷന്‍സിലേക്കുള്ള മത്സരാര്‍ത്ഥികള്‍ ആരും തന്നെ മറ്റൊന്നിനെക്കുറിച്ചും ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നയപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോഴും നടപ്പിലാക്കുമ്പോഴും പാലിക്കേണ്ട ചിട്ടകള്‍ ഉണ്ട്. മുന്‍പഠനങ്ങളുണ്ട്. ആവശ്യമായ സമയം നല്‍കേണ്ടതുണ്ട്. മത്സര പരീക്ഷകളെ വെച്ച് പച്ചപ്പരിഷ്‌കാരങ്ങള്‍ ഉടനടി നടപ്പിലാക്കി തുഗ്ലക്കുമാരാവുന്ന ബോര്‍ഡ് അംഗങ്ങള്‍! എതിര്‍പ്പുകള്‍ വരുമ്പോള്‍ പേരിന് ഒരു കമ്മിറ്റിയെ നിയോഗിച്ച് തുടര്‍ന്ന് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും നടപ്പിലാക്കാതെ കണ്ണടച്ചിരുട്ടാക്കുന്ന സ്വേച്ഛാധിപതികള്‍! അതിന് അനുകൂലിക്കുന്ന ഗവണ്‍മെന്റ്! നിലയില്ലാ കയങ്ങളില്‍ ചെന്നുവീണ് ചിറകിട്ടടിച്ചു ഒടുവില്‍ തളര്‍ന്നു വീഴുന്ന നിരാശാജന്മങ്ങള്‍. ഇതാണ് ഇപ്പോള്‍ നടക്കുന്നത്.

‘ഭാഗ്യം’ എന്ന ഫാക്ടര്‍ ഇന്ത്യന്‍ മത്സരപ്പരീക്ഷകളില്‍ എത്രത്തോളം പ്രാധാന്യം ഉള്ളതാണ് എന്നത് ഒരു ഗവേഷണ വിഷയം തന്നെ തന്നെയാക്കാം. ഭാഗ്യത്തെ ചുറ്റിപ്പറ്റിയാണ്, സാമ്പത്തികവും സാമൂഹികവും ജാതീയവും ലിംഗപരവും വിഷയപരവുമായ ഈ ഭാഗ്യത്തെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലെ ഐഎഎസ്, ഐഎഫ് എസ്,ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും നമ്മെ സേവിക്കുന്നത്, ഡോക്ടര്‍മാര്‍ നമ്മെ ചികില്‍സിക്കുന്നത്, അധ്യാപകര്‍ നമ്മെ വിദ്യ അഭ്യസിപ്പിക്കുന്നത്. ഹുമാനിറ്റീസ് -ആര്‍ട്‌സ് വിദ്യാര്‍ത്ഥികളെ അരിച്ചൊഴിവാക്കി ഗ്രാമീണ മേഖലയില്‍ നിന്നും വരുന്നവരെ,  പ്രാദേശിക ഭാഷകളില്‍ വിദ്യ അഭ്യസിച്ചു വരുന്നവരെ, ലക്ഷങ്ങള്‍ മുടക്കി കോച്ചിങ് സെന്ററുകളില്‍ അടയിരിക്കാന്‍ സാഹചര്യമില്ലാത്തവരെയെല്ലാം വിഡ്ഢികളാക്കി അര്‍മാദിക്കുന്ന തിമിരം ബാധിച്ചിരിക്കുന്ന ഇന്ത്യന്‍ വ്യവസ്ഥയെ ഇനിയുമെത്ര ആത്മഹത്യകള്‍ കൊണ്ടാണ് നമുക്ക് പ്രതിരോധിക്കാനാവുക? ചികിത്സിച്ചു മാറ്റാനാവുക?


(യു പി എസ് സിയുടെ പരീക്ഷ സമ്പ്രദായത്തില്‍ നയപരമായ കാര്യങ്ങളില്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി നടക്കുന്ന അനീതിക്കെതിരെ തുടര്‍ച്ചയായി നടന്നു വരുന്ന പ്രക്ഷോഭങ്ങളില്‍ കഴിഞ്ഞ ലോക്‌സഭ മണ്‍സൂണ്‍ സെഷനില്‍ പാര്‍ലമെന്റിനു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലെ ചില നിമിഷങ്ങളാണ് ചിത്രങ്ങളില്‍)

ലാ ജെസ്‌

ലാ ജെസ്‌

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കള്‍ച്ചറല്‍ സ്റ്റഡീസില്‍ ഗവേഷക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍