UPDATES

നൂറ് വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചത് അര്‍ദ്ധരാത്രി; രൂപതയ്ക്കെന്ത്‌ ചരിത്രം, പുരാവസ്തു?

ബോണക്കാട് കുരിശു തകര്‍ത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച നെയ്യാറ്റിന്‍കര രൂപത ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി തകര്‍ത്തതിന് കൂട്ടു നിന്നിരിക്കുന്നു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഇമാക്കുലേറ്റ് കോണ്‍സപ്ഷന്‍ ക്രിസ്ത്യന്‍ പള്ളി രൂപതാ അധികൃതര്‍ പൊളിച്ചു മാറ്റി. പള്ളി സംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും എതിര്‍പ്പ് നിലനില്‍ക്കെയാണ് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയ്ക്ക് കീഴില്‍ വരുന്ന പള്ളി പൊളിച്ചുമാറ്റിയത്.

നാട്ടുകാരുടെയും പള്ളി സംരക്ഷണ സമിതിയുടെയും പരാതി പ്രകാരം കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴില്‍ ഇവിടെ പരിശോധന നടന്നുവരികയായിരുന്നു. പള്ളി പുതുക്കിപ്പണിയണമെന്ന് ആവശ്യമുന്നയിച്ചു കൊണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പള്ളി അധികാരികള്‍ പള്ളി പൊളിക്കാനുള്ള അനുമതി വാങ്ങിയിരുന്നു. എന്നാല്‍ വ്യാജരേഖകളുണ്ടാക്കിയും പള്ളിയിലുള്ള സെമിത്തേരിയെപ്പറ്റി സൂചിപ്പിക്കാതെയുമാണ് അനുമതി നേടിയതെന്നുള്ള ആക്ഷേപം നിലവിലുണ്ട്.

1908-ല്‍ പണിത പള്ളിയില്‍ ചില ചെറിയ നവീകരണങ്ങള്‍ നടത്തിയിരുന്നു. വലിയ തോതില്‍ കേടുപാടുകളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന പള്ളിയായിരുന്നു ഇമാക്കുലേറ്റ് കോണ്‍സപ്ഷന്‍ പള്ളി ചര്‍ച്ചെന്ന് വിശ്വാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിക്കാണ് ജെസിബി സഹായത്തോടെ പൊളിച്ചുമാറ്റിയിരിക്കുന്നത്.

കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ പള്ളി പൊളിക്കാന്‍ പാടില്ലയെന്ന് ജില്ലാ കളക്ടര്‍ക്കും പള്ളി അധികാരികള്‍ക്കും അറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ 20-ആം തീയതി ആദ്യ അന്വേഷണത്തിനായി എത്തിയ ഗവേഷകരോട് പള്ളി അധികൃതര്‍ സഹകരിച്ചിരുന്നില്ല. വിശദമായുള്ള ഗവേഷണത്തില്‍ ബെല്‍ജിയം മണികള്‍, ഒക്ടോവല്‍ ആകൃതിയിലുള്ള തൂണുകള്‍, കൊളോണിയല്‍ കാലഘട്ടത്തിനോട് സാമ്യമുള്ള ശവക്കല്ലറകള്‍, മാമോദീസ മുക്കാന്‍ ഉപയോഗിക്കുന്ന ഗ്രാനൈറ്റ് സ്‌നാനത്തൊട്ടി, ഗോസ്പിക് രീതിയിലുള്ള ജനാലകള്‍ എന്നിവയാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്.

“ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോര്‍ച്ചുഗല്‍-ഡച്ച് കാലഘട്ടത്തിന് മുമ്പ് തന്നെ നിര്‍മിക്കപ്പെട്ട പള്ളിയായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. കൂടുതല്‍ ഗവേഷണം നടത്തിയിരുന്നെങ്കില്‍ ചരിത്രപരമായ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമായിരുന്നു. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അന്വേഷണത്തിലിരിക്കെ ഇത്തരത്തിലൊരു നീക്കം നടത്തിയതില്‍ നിയമനടപടികള്‍ ഉണ്ടാകും”, സൂപ്പര്‍ ഇന്റഡന്റിങ് ആര്‍ക്കിയോളജിസ്റ്റ് ഇന്‍-ചാര്‍ജറായ സ്മിത  വ്യക്തമാക്കി.

നാല് ജെസിബിയാണ് പള്ളി പൊളിക്കാനായി കൊണ്ടുവന്നത്. കൂടാതെ ഗുണ്ടാസംഘത്തിന്റെ സഹായവും ഉണ്ടായിരുന്നു. “പുരാവസ്തു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ വന്ന് കഴിഞ്ഞാല്‍ പള്ളി പൊളിക്കാന്‍ കഴിയില്ലെന്ന് സഭയ്ക്ക് അറിയാവുന്നത് കൊണ്ടാണ് അവര്‍ രാത്രി 2 മണിക്ക് ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ പള്ളി പൊളിച്ചത്. സംഭവം അറിഞ്ഞെത്തിയ സ്ത്രീകളെയും പുരുഷന്മാരെയും ഇവര്‍ അക്രമിക്കുകയും ഉണ്ടായി”, പള്ളി സംരക്ഷണസമിതി അംഗം ബെര്‍ണാര്‍ഡ് പറഞ്ഞു. ഇവര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം എത്തിയതില്‍ പിന്നെയാണ് പള്ളി പൊളിക്കുന്നത് നിര്‍ത്തിയത്. മൂന്ന് പ്രധാന തൂണുകളും, മേല്‍ക്കൂര ഭാഗികമായും പൊളിച്ചുമാറ്റിയിട്ടുണ്ട്. പള്ളി വികാരി ജോസിന്റെ നേതൃത്വത്തിലാണ് പള്ളി പൊളിച്ചുമാറ്റല്‍.

പത്ത് വര്‍ഷത്തിന് മുമ്പെ ഇവര്‍ പള്ളി പൊളിക്കാനുള്ള അനുമതി വ്യാജരേഖകള്‍ ഉണ്ടാക്കി വാങ്ങിയിരുന്നു എന്ന് ആരോപണമുണ്ട്. തുടര്‍ന്നുള്ള പത്ത് വര്‍ഷമായി പള്ളി പുതുക്കിപ്പണിയുന്നതിനുള്ള കാശ് പിരിവ് നടന്നു വന്നതായും എന്നാല്‍ ആ തുകകള്‍ എവിടെ പോയി എന്ന് അറിയില്ലെന്നും വിശ്വാസികള്‍ ആരോപിക്കുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്റ് മേരീസ് ചര്‍ച്ച് എന്നാണ് ഈ പള്ളി അറിയപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ പള്ളി കത്തീഡ്രല്‍ പള്ളിയാക്കാനായി ഇമാക്കുലേറ്റ് കോണ്‍സപ്ഷന്‍ എന്ന് മാറ്റുകയായിരുന്നു. ബോണക്കാട് കുരിശു തകര്‍ത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ നെയ്യാറ്റിന്‍കര രൂപത തന്നെ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നത് പരിഹാസ്യമാണ് എന്ന് സൂപ്പര്‍ ഇന്റഡന്റിങ് ആര്‍ക്കിയോളജിസ്റ്റ് ഇന്‍-ചാര്‍ജറായ സ്മിത ഫേസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഔദ്യോഗിക കാര്യങ്ങള്‍ തീരെ ഞാന്‍ ഫെയ്‌സ്ബുക്കുവഴി ഷെയര്‍ ചെയ്യാറില്ല. എന്നാല്‍ ഈ വാര്‍ത്ത ശ്രദ്ധയില്‍ പെടുത്താതിരിക്കാനാവുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പള്ളി അധികാരികള്‍ തന്നെ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള നെയ്യാറ്റിന്‍കരയിലെ ഇമാക്കുലേറ്റ് കോണ്‍സപ്ഷന്‍ ക്രിസ്ത്യന്‍ പള്ളി പൊളിക്കാന്‍ പോകുന്നു എന്ന് ഇടവകയിലെ വിശ്വാസികളും നാട്ടുകാരും കേന്ദ്ര പുരാവസ്തു വകുപ്പിനെ അറിയിച്ചതിന്‍ പ്രകാരം ടെക്‌നിക്കല്‍ ടീം പള്ളി പരിശോധിച്ചത്. പരിശോധനയില്‍ ഈ പള്ളിയുടെ പഴക്കവും വാസ്തുവിദ്യയിലെ മികവും വിശദീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുകയുമായിരുന്നു. ഈ പ്രശ്‌നത്തില്‍ ഇടപെടണം എന്ന് കളക്ടറേയും സ്ഥലം പോലീസ് സബ് ഇന്‍സ്‌പെക്ടറേയും അറിയിക്കുകയും ഉണ്ടായി. ഇതിനെല്ലാം ഒരു വിലയും കല്‍പ്പിക്കാതെ ഇന്ന് വെളുപ്പിനെ 4 ബുള്‍ഡോസര്‍ ഉപയോഗിച്ച് പളളി അധികൃതര്‍ പള്ളി തകര്‍ക്കുകയാണുണ്ടായത്. ഗുരുതരമായ വീഴ്ചയാണ് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.ബോണക്കാട് കുരിശു തകര്‍ത്തതില്‍ പ്രതികരിച്ച /അപലപിച്ച സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച നെയ്യാറ്റിന്‍കര രൂപത തന്നെയാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പള്ളി തകര്‍ത്തതിന് കൂട്ടു നിന്നിരിക്കുന്നതെന്നതാണ് തമാശ!

അതിരമ്പുഴ പള്ളിയൊഴികെയുള്ള പള്ളികളില്‍ കുമ്പസാരം നടത്തുന്നവര്‍ ഇനി എന്ത് ചെയ്യും?

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍