UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഡോക്ടര്‍ ഗോപകുമാര്‍; ഞങ്ങള്‍ എങ്ങനെയാണ് നന്ദി പറയേണ്ടത്…

നിപ വൈറസ് ബാധ കോഴിക്കോടും മലപ്പുറത്തുമായി 17 ജീവനാണ് അപഹരിച്ചത്

എല്ലാ മനുഷ്യരും ജീവിതത്തോടും ജീവനിലും കൊതിയുള്ളവരാണ്. നിപാ എന്ന മാരക വൈറസ് കോഴിക്കോട് ജില്ലയില്‍ വിതച്ചത് അതിഭയാനകമായ സാഹചര്യങ്ങളായിരുന്നുവെങ്കിലും അതിനിടയില്‍ നന്മയുടെ പ്രതിഫലനങ്ങളായ കുറച്ചു മനുഷ്യരും അവരുടെ പ്രവര്‍ത്തികളും നമ്മെ അത്ഭുതപ്പെടുത്തി. ഒരുമയുടെയും സഹകരണത്തിന്റെയും ത്യാഗത്തിന്റെയും, നഴ്‌സ് ലീന അടക്കമുള്ള മാതൃകകള്‍ നമ്മള്‍ കണ്ടും കേട്ടുമറിഞ്ഞതാണ്. അടുത്ത ബന്ധുക്കള്‍ പോലൂം ഭയം കൊണ്ടുള്ള നിസ്സഹായവസ്ഥയില്‍ ഉറ്റവരുടെ മൃതദേഹത്തില്‍ നിന്ന് വളരെ ദൂരം അകന്ന് നിന്നപ്പോള്‍ നിപാ ബാധിതരായി മരിച്ച പന്ത്രണ്ടോളം പേരുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍കൈയ്യെടുത്ത്, ലോകത്ത് മനുഷ്യത്വത്തിന്റെ പ്രതീകങ്ങളായ മനുഷ്യര്‍ ബാക്കി നില്‍ക്കുന്നുണ്ടെന്ന് കാണിച്ചു തന്നവരില്‍ ഒരാളായിരുന്നു കോഴിക്കോട് കോര്‍പറേഷനിലെ ഹെല്‍ത്ത് ഓഫീസറായ ഡോ ആര്‍.എസ് ഗോപകുമാര്‍. പന്ത്രണ്ടോളം പേരുടെ അന്തിമ യാത്ര ഒരു മടിയും കൂടാതെ ഓരോരുത്തരുടെയും മതാചാരമനുസരിച്ച് ചെയ്യാന്‍ നേതൃത്വം നല്‍കിയ അദ്ദേഹം മൂന്നു പേരുടെ ചടങ്ങുകള്‍ സ്വയം ഏറ്റെടുത്തു ചെയ്യുകയും ചെയ്തു. ഏല്‍പ്പിക്കപെട്ട ജോലിക്കപ്പുറം ശ്മശാന ജിവനക്കാരടക്കം ഭയന്ന കാര്യങ്ങള്‍ കൂടി തന്റെ കടമയെന്നപോലെ സ്വമനസാലെ ചെയ്തു ഡോക്ടര്‍ ഗോപകുമാര്‍.

സര്‍ക്കാര്‍ എന്നെയേല്‍പ്പിച്ച കര്‍ത്തവ്യമാണ് ഞാന്‍ ചെയ്തത്. അത്തരമൊരു അവസ്ഥയില്‍ എന്നെക്കൊണ്ടാവുന്നത് ചെയ്തു എന്നേ അതേക്കുറിച്ച് പറയാനുള്ളൂ. പല സന്ദര്‍ഭങ്ങളിലും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയടക്കം കടന്ന് പോയിട്ടുണ്ട്. മൂന്നു പേരുടെ ശവസംസ്‌കാരത്തില്‍ എനിക്ക് നേരിട്ട് പങ്കാളിയാകേണ്ടിയും വന്നു; ഡോ. ഗോപകുമാര്‍ തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

ഒന്നര വര്‍ഷമായി കോഴിക്കോട് ഹെല്‍ത്ത് ഓഫീസറായി ജോലി ചെയ്യുന്ന ഡോ. ഗോപകുമാര്‍ എമര്‍ജന്‍സി മെഡിസിനില്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്നെ തന്നെ സ്പഷ്യലൈസ് ചെയ്ത വ്യക്തിയാണ്. ചെന്നൈ അപ്പോളോ മെഡിക്കല്‍ കോളേജില്‍ നിന്നാണ് അദ്ദേഹം അത്യാഹിത വിഭാഗ ചികിത്സയില്‍ പ്രാവീണ്യം നേടിയത്. കേരളത്തില്‍ തന്നെ കേട്ടു കേള്‍വിയില്ലാത്ത ഇത്തരമൊരു വൈറസ് ബാധ താന്‍ ജോലി ചെയ്യുന്ന ജില്ലയെ ബാധിച്ചപ്പോള്‍ അതിനെ അസാമാന്യമായ മന:സാന്നിധ്യത്തോടെ നേരിടാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞതും ആ പ്രാവിണ്യം കൊണ്ടാണ്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ ഡോക്ടര്‍ അവധിക്കാലം ആഘോഷിക്കാന്‍ കൂടുംബത്തോടൊപ്പം ഭാര്യയുടെ നാടായ പൊന്‍കുന്നത്തേക്ക് പോകാനിരുന്നപ്പോഴാണ് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിപ തിരിച്ചറിഞ്ഞ ദിവസം ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ വിളിച്ച ആദ്യ യോഗം മുതല്‍ ടീമിന്റെ ഭാഗമായുള്ള ഡോക്ടര്‍ അതിന് ശേഷം രുപീകരിച്ച ടാസ്‌ക് ഫോഴ്‌സിലെയും, കോര്‍ ടീമിലെയും അംഗമാണ്. മെയ് 21 ന് നിപാ ബാധിച്ച് മരണപ്പെട്ട രാജന്റെയും അശോകന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് മുതലാണ് ആദ്യമായി ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉരുത്തിരിയുന്നത്. അന്ന് തന്നെ സംസ്‌കാരവും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും നടത്താന്‍ ഉത്തരവാദിത്വപ്പെട്ട നോഡല്‍ ഓഫീസറായി കലക്ടര്‍ ഡോക്ടറെ നിയമിക്കുകയായിരുന്നു.

നിപ ബാധിതരായി മരിച്ചവരുടെ സംസ്‌കാരത്തിന് തയ്യാറാകാതെ പൊതുശ്മശാന ജിവനക്കാര്‍ മാറി നിന്നപ്പോള്‍ സംസ്‌കാരവുമായി ബന്ധപെട്ട കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്ത ഡോക്ടര്‍ക്ക്, ആ സമയങ്ങളില്‍ മനസില്‍ ഭയം തോന്നിയിരുന്നില്ലേ എന്നു ചോദിക്കുമ്പോള്‍ മറുപടിയിതാണ്; ഇന്‍ഫക്ഷ്യസ് ഐസിയുകളില്‍ നേരത്തെ ജോലി ചെയ്തുള്ള പരിചയമുള്ളത് കൊണ്ടും, നിപയെ പറ്റി കൂടുതല്‍ വായിച്ച് മനസ്സിലാക്കി കൃത്യമായി ധാരണയുണ്ടാക്കിയതു കൊണ്ടും തന്നെ എനിക്ക് പ്രത്യേകിച്ച് പേടിയൊന്നും തോന്നിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഭയപ്പെടുന്നതിനേക്കാള്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടെതെന്ന് തോന്നുന്നു’.

ജില്ല കളക്ടറും കോര്‍പ്പറേഷന്‍ മേയറും അടക്കം പേരുപറഞ്ഞാല്‍ തീരാത്ത അത്രയധികം ആളുകളില്‍ നിന്നു കിട്ടിയ പിന്തുണ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും ഒറ്റമനസോടെ നടത്തിയ കൂട്ടായ പ്രവര്‍ത്തനവുമാണ് ഇതില്‍ സഹായകമായതെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ജോലിയെടുക്കുകയെന്നതും ഒരു നിയോഗമാവാമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മൂന്നുപേരുടെ സംസ്‌കാരം സ്വയം ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ഡോ. ഗോപകുമാര്‍ പറഞ്ഞതിങ്ങനെ; ഒരു പ്രതിസന്ധിഘട്ടം വരുമ്പോഴാണല്ലോ മനുഷ്യന്‍ മനുഷ്യനാവുന്നത്. മരണപ്പെട്ട സതീശന്റെ മൃതദേഹമായിരുന്നു ആദ്യം സംസ്‌കരിക്കേണ്ടി വന്നത്. സതീശന് അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളൂ. സതീശന്റെ ശരീരം സംസ്‌കരിക്കുമ്പോള്‍ അവിടെ ഞാനും സഹായികളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഏറ്റവുമധികം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയത് 19 വയസുള്ള ഒരു പെണ്‍കുട്ടിയെ സംസ്‌കരിക്കുമ്പോഴായിരുന്നു. മംഗലാപുരത്ത് നിന്നുള്ള ആ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ഞാനും അവരുടെ ഭര്‍ത്താവും മാത്രമാണുണ്ടായിരുന്നത്. വിഷബാധയേറ്റതിന് ചികിത്സയ്ക്കായിട്ടായിരുന്നു ആ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപാ പോസീറ്റിവായിട്ടുള്ള രോഗികളുടെ സീമപത്തായിരുന്നു ആ പെണ്‍കുട്ടിയേയും കിടത്തിയിരുന്നത്. അവര്‍ മരിച്ചത് നിപ ബാധിച്ചായിരുന്നില്ലെങ്കിലും വൈറസ് ബാധിതരുടെ സാമിപ്യത്തിലായിരുന്നതിനാലാണ് ആ മൃതദേഹം സംസ്‌കരിച്ചപ്പോഴും മാനദണ്ഡങ്ങള്‍ പാലിച്ചത്.

അടുത്തത് റസല്‍ എന്ന 17 കാരന്റെതായിരുന്നു. അമ്മ മാത്രമായിരുന്നു റസലിന് ഉണ്ടായിരുന്നത്. അവന് വേണ്ടി മാതാചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ കൂടി ഡോ. ഗോപകുമാര്‍ നിര്‍വഹിച്ചു.

ആദ്യത്തെ നിപാ പോസിറ്റിവ് എന്ന് കരുതപെടുന്ന സാബിത്തിന്റെ മൃതദേഹം കുളിപ്പിക്കുമ്പേഴാണ് അയാളുടെ സഹോദരനും പിതാവിനും നിപാ ബാധിച്ചത്. അതു കൊണ്ട് തന്നെ മൃതദേഹങ്ങള്‍ക്ക് അതീവ ശ്രദ്ധ ആവശ്യമായിരുന്നു. ലോകാരോഗ്യസംഘടന എബോളയ്ക്ക് നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളനുസരിച്ചാണ് സംസ്‌കാരം നടത്തേണ്ടിയിരുന്നത്. പത്ത് അടി ആഴമുള്ള കുഴിയെടുത്ത്, അഞ്ച് കിലോ ബ്ലീച്ചിങ് പൗഡര്‍ വിതറി, മൃതദേഹം വായു കടക്കാത്ത പ്ലാസ്റ്റിക് കവറിംഗ് ചെയ്താണ് നിപാ ബാധിതരുടെ സംസ്‌കാരം നടത്തിയത്.

“വളരെ മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കുന്ന സാഹചര്യങ്ങളാണിതൊക്കെ. പുറ്റിങ്ങല്‍ വെടിക്കെട്ടപകടം നടന്ന സമയത്ത് കൊട്ടിയൂരുള്ള ഹോളിക്രോസ് ഹോസ്പിറ്റലില്‍ ആയിരുന്നു ഞാന്‍ സേവനം അനുഷ്ടിച്ചിരുന്നത്. അന്നത്തെ സാഹചര്യം ഇതിലും എത്രയോ ഭീകരമായിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍പ്പെട്ടവരെ നോക്കുമ്പോള്‍ ശരിക്കും കരഞ്ഞുപോയിട്ടുള്ള ദിവസങ്ങള്‍ ഉണ്ടായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ നൂറോളം രോഗികളെ നോക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള മുന്‍പരിചയം ഇവിടെ എനിക്ക് ഒരുപാട് സഹായകരമായി;” ഡോ. ഗോപകുമാര്‍ പറയുന്നു.

നിപ വൈറസ് ബാധ കോഴിക്കോടും മലപ്പുറത്തുമായി 17 ജീവനാണ് അപഹരിച്ചത്. ഇതില്‍ ഒമ്പതു പേരുടെ അന്ത്യകര്‍മങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ ചെയ്തത്. ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ ഡോക്ടര്‍ ഗോപകുമാറിന്റെ നിസ്വാര്‍ഥ സേവനത്തെ പ്രശംസിച്ച് നിയമസഭയില്‍ പ്രസംഗിച്ചിരുന്നു.

നിപാ നിയന്ത്രണ വിധേയമായിരിക്കുകയാണ്. പുതുതായി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏഴു ദിവസമായി കേസുകള്‍ നെഗറ്റീവാണ്. 2,700-ഓളം പേര്‍ നിരീക്ഷണത്തിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജും പതുക്കെ സ്വാഭാവിക അവസ്ഥയിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ, ഡോക്ടര്‍ ഗോപകുമാറിനെ പോലുള്ളവര്‍ ഇപ്പോഴും ജാഗ്രതയോടെ കാവല്‍ നില്‍ക്കുകയാണ്; തങ്ങള്‍ക്കു മുന്നില്‍ വരുന്ന ഒരാളുടെ പോലും ജീവന്‍ അപകടത്തിലാകാതിരിക്കാന്‍. ഓരോ മനുഷ്യനും അവരവരുടെ ജീവിതവും ജീവനും മറ്റെന്തിനെക്കാളും വലുതായിരിക്കുമ്പോള്‍ സ്വന്തം ജീവന്‍പോലും മറന്ന് അവര്‍ക്ക് വേണ്ടി കാവല്‍ നില്‍ക്കുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

നിപയെ നമ്മൾ പ്രതിരോധിച്ചതിങ്ങനെ: രോഗ ഭീതിയകലുമ്പോൾ എടുക്കേണ്ട മുൻ കരുതലുകൾ, തുടരേണ്ട ജാഗ്രത

കുത്തിപ്പൊക്കല്‍ നടന്നോട്ടെ, പക്ഷേ നിപ ഒന്നടങ്ങുന്നതു വരെ ക്ഷമിച്ചു കൂടെ?

നിപ: കേരളത്തിന്റെ നഷ്ടം പാകിസ്ഥാന്‍ മുതലാക്കുന്നു

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍