UPDATES

റാഗിങ് ഭീഷണിയുടെ പേരില്‍ ജൂനിയേഴ്സിന് ഹോസ്റ്റലില്ല; വിചിത്രന്യായം യുജിസി ഉത്തരവിന്റെ മറവില്‍; വിദ്യാര്‍ഥികള്‍ സ്വകാര്യ ഹോസ്റ്റലില്‍

റാഗിങ് വിരുദ്ധ ക്യാമ്പസുകളെന്ന് പലവട്ടം പറഞ്ഞ് അഭിമാനിക്കുമ്പോള്‍ അതേ കാരണത്തിന്റെ പേരില്‍ കോളേജ് ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയാണ്.

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് കോളേജ് ഹോസ്റ്റല്‍ സൗകര്യം അനുവദിക്കുന്നില്ലെന്ന് പരാതി. സീനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ താമസിപ്പിച്ചാല്‍ റാഗിംഗ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞാണ് ഹോസ്റ്റല്‍ പ്രവേശനം നല്‍കാത്തത്. കോളേജ് ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചതോടെ ഉയര്‍ന്ന ഫീസ് നല്‍കി സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍.

സ്വകാര്യ ഹോസ്റ്റലുകളില്‍ 5000 രൂപ മുതലാണ് മാസവാടക. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് കോഴിക്കോട് ലോ കോളേജില്‍ അഡ്മിഷന്‍ നേടിയെത്തുന്ന നിര്‍ധനരായ വിദ്യാര്‍ഥികളാണ് അധികൃതരുടെ തീരുമാനം മൂലം പ്രയാസമനുഭവിക്കുന്നത്. പഠനച്ചെലവിന്റെ കൂടെ ഹോസ്റ്റല്‍ ഫീസ് കൂടുന്നതോടെ അമിതഭാരം ചുമക്കേണ്ട അവസ്ഥയിലാണ് രക്ഷിതാക്കളും. ദളിത് വിദ്യാര്‍ഥികളും മറ്റുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വകാര്യ ഹോസ്റ്റലിലേക്കുള്ള മാറ്റം ദളിത് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഗ്രാന്റ് അടക്കമുള്ള കാര്യങ്ങളെ പ്രതികൂലമായി ബാധിക്കും. കോളേജ് ഹോസ്റ്റലില്‍ താമസിച്ചാല്‍ കിട്ടുന്ന ഗ്രാന്റിനേക്കാള്‍ കുറഞ്ഞ ഗ്രാന്റ് മാത്രമേ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുകയുള്ളൂ. ഇതുതന്നെ കൃത്യമായി ലഭിക്കുകയുമില്ല.

എന്റെ മകള്‍ക്ക് കോഴിക്കോട് ലോ കോളേജില്‍ പ്രവേശനം കിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ റാഗിങ് എന്ന കാരണം പറഞ്ഞ് കോളേജ് ഹോസ്റ്റലില്‍ പ്രവേശനം നിഷേധിച്ചതോടെ സാമ്പത്തികമായി വലിയ ബാധ്യത വീണ്ടും വന്നുചേര്‍ന്നിരിക്കുകയാണ്. സ്വകാര്യഹോസ്റ്റലില്‍ അമിത ഫീസ് നല്‍കി താമസിക്കേണ്ട ഗതികേടാണ് നിലവില്‍. 3000 രൂപ മാത്രമാണ് സ്വകാര്യ ഹോസ്റ്റലില്‍ താമസിച്ചാല്‍ പട്ടികജാതി വകുപ്പ് അനുവദിക്കുക. ഇതിലും ഇരട്ടി പൈസ ചെലവാകും. ഈ പൈസ തന്നെ കൃത്യസമയത്ത് കിട്ടുകയുമില്ല. സ്വകാര്യഹോസ്റ്റലില്‍ അതത് മാസം കൃത്യമായി ഫീസ് നല്‍കിയില്ലെങ്കില്‍ പുറത്താക്കും. എന്റെ മകളുടെ മാത്രം അവസ്ഥയല്ലിത്. ഒന്നാം വര്‍ഷത്തിലെ ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും അവസ്ഥയിതാണ്. സര്‍ക്കാര്‍ കോളേജില്‍ തന്നെ റാഗിങ് ഭീഷണി എന്ന് കാരണം പറയുന്നത് നിരാശജനകമാണ്. അത്തരമൊരു നിയമമുണ്ടെങ്കില്‍ അതിനുള്ള ബദല്‍ മാര്‍ഗം സര്‍ക്കാര്‍ തന്നെ കണ്ടെത്തണം. അല്ലാതെ വിദ്യാര്‍ഥികളെ ഇരകളാക്കരുത്. അല്ലെങ്കില്‍ സ്വകാര്യ ഹോസ്റ്റലില്‍ കൊടുക്കുന്ന ഫീസ് സര്‍ക്കാര്‍ നല്‍കണം”- കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിയായ സൗപര്‍ണിക രാജേശ്വരിയുടെ പിതാവ് സോമന്‍ പറയുന്നു.

കോഴിക്കോട് ലോ കോളേജടക്കം കേരളത്തിലെ മുഴുവന്‍ കോളേജുകളും റാഗിങ് വിരുദ്ധ ക്യാമ്പസുകളായി പ്രഖ്യാപിക്കപ്പെട്ടവയാണ്. എല്ലാ കോളേജുകളിലും ആന്റി റാഗിങ് സെല്ലുകളും പ്രവര്‍ത്തിക്കുന്നു. അടുത്ത കാലത്തൊന്നും കേരളത്തിലെ ക്യാമ്പസുകളില്‍ നിന്നും റാഗിങ് വാര്‍ത്തകളൊന്നും തന്നെ പുറത്തുവന്നിട്ടുമില്ല. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യം നിലവിലുണ്ട്. ‘ഇപ്പോഴും റാഗിങ് ഭീഷണിയുടെ പേരില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് കോളേജ് ഹോസ്റ്റലില്‍ പ്രവേശനം നല്‍കില്ല എന്നു പറയുന്നത് ബാലിശമാണ്. ഇത് എന്നെ പോലുള്ള കുട്ടികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്റെ ഒരാളുടെ മാത്രം പ്രശ്നമല്ലിത്. മിക്കവാറും വിദ്യാര്‍ഥികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. യു.ജി.സി നിര്‍ദ്ദേശമാണ് ഹോസ്റ്റലില്‍ പ്രവേശനം നല്‍കുന്നതിന് തടസമെന്നറിയുന്നു. എന്നാല്‍ സമാനമായ ഉത്തരവില്‍ യു.ജി.സി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഹോസ്റ്റല്‍ സൗകര്യം ഒരുക്കണമെന്നും പറഞ്ഞിട്ടുണ്ടെന്നാണറിവ്. എന്നാല്‍ അത്തരമൊരു സൗകര്യം ഒരുക്കാതെ ഒരു കാര്യം മാത്രം കര്‍ശനമായി നടപ്പിലാക്കുന്നത് ന്യായീകരിക്കാന്‍ സാധിക്കില്ല. റാഗിങ് ഇല്ല എന്നുറപ്പുവരുത്തേണ്ടത് കോളജ് അധികൃതരുടെയും സര്‍ക്കാറിന്റെയും വിദ്യാര്‍ഥികളുടെയും കൂട്ടുത്തരവാദിത്തമാണ്” – സൗപര്‍ണിത രാജേശ്വരി പറയുന്നു.

എന്നാല്‍ യു.ജി.സി ഉത്തരവാണ് ഇപ്പോഴുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതെന്നാണ് കോളേജ് അധികൃതരുടെ വാദം. “കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ അനുവദിക്കുന്നില്ല എന്ന പരാതി സത്യമാണ്. പക്ഷെ യുജിസിയുടെ ഉത്തരവ് പ്രകാരമാണ് ഇങ്ങനെ ചെയ്യുന്നത്. വര്‍ഷങ്ങളായി ഇങ്ങനെയാണ് ചെയ്യാറ്. അതിനുള്ള കാരണം സീനിയര്‍ വിദ്യാര്‍ത്ഥികളുടെ കൂടെ ജൂനിയേഴ്സിനെ താമസിപ്പിക്കാന്‍ പാടില്ല എന്നാണ് യുജിസി പറയുന്നത്. റാഗിങ് ഒഴിവാക്കാന്‍ വേണ്ടിയാണിത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം ഹോസ്റ്റല്‍ വേണമെന്നാണ് നിയമം. പക്ഷെ ഇവിടെ അത്തരമൊരു ഹോസ്റ്റലില്ല. അതു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പുറത്ത് താമസിക്കേണ്ടി വരുന്നത്” – കോഴിക്കോട് ലോ കോളേജ് പ്രിന്‍സിപ്പാള്‍ ബിന്ദു നമ്പ്യാര്‍ പറയുന്നു.

ഇത്തരം പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന വിദ്യാര്‍ഥി സംഘടനകള്‍ പോലും ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത്തരമൊരു സംഭവം ഉണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണമെന്നാണ് കോളേജ് യൂണിയന്‍ ഭാരവാഹികളുടെ വാദം.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റലില്‍ തന്നെ താമസിക്കാനുള്ള അവസരമൊരുക്കണമെന്ന് കാലങ്ങളായി എസ്.എഫ്.ഐ അടക്കകമുള്ള വിദ്യാര്‍ത്ഥി സഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യമാണ്. റാഗിങ് പോലുള്ള വിഷയങ്ങള്‍ ലോ കോളേജ് ഹോസ്റ്റലില്‍ ഇല്ല. യുജിസി ഉത്തരവാണ് ഹോസ്റ്റലിന് തടസം എന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് പ്രത്യേക ഹോസ്റ്റല്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ 5000 രൂപ ഒരു മാസം നല്‍കി പുറത്ത് താമസിക്കുന്നത് ഒരിക്കലും അഗീകരിക്കാന്‍ സാധിക്കില്ല. നിലവിലുള്ള ഹോസ്റ്റല്‍ തന്നെ വിപുലീകരിച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി താമസമൊരുക്കുന്ന രീതിയിലുള്ള സാഹചര്യം കോളേജ് ഒരുക്കണം. അതിന് എസ്.എഫ്.ഐ എല്ലാ വിധത്തിലുള്ള സഹായവും നല്‍കും” – കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സുദീപ് പറയുന്നു.

പ്രിന്‍സിപ്പല്‍ പറഞ്ഞത് പ്രകാരം കേരളത്തിലെ പല കോളേജുകളിലും ഇത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നുണ്ട്. റാഗിങ് വിരുദ്ധ ക്യാമ്പസുകളെന്ന് നാം പലവട്ടം പറഞ്ഞ് അഭിമാനിക്കുമ്പോള്‍ അതേ കാരണത്തിന്റെ പേരില്‍ കോളേജ് ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയാണ്.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍