UPDATES

മെത്രാന്മാരെ, അവൻ നിങ്ങളുടെ ബലി സ്വീകരിക്കില്ല; ഈ ക്രിസ്തുമസിന് ക്രിസ്തു കുറവിലങ്ങാട് മഠത്തിൽ

എന്തുകൊണ്ട് ക്രിസ്തു വിരുദ്ധവുമാണ് ഈ ക്രിസ്തുമസ് ആഘോഷം? ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി സംസാരിക്കുന്നു

ക്രിസ്തുമസ് ദിനം വിശ്വാസികള്‍ക്ക് ക്രിസ്തുവിന്റെ ജീവിതം സന്ദേശം പകര്‍ന്നുകൊടുക്കുന്ന കത്തോലിക്ക സഭ മെത്രാന്മാരും പുരോഹിതരും എത്രമേല്‍ ആത്മാര്‍ത്ഥതയോടെയായിരിക്കും അത് ചെയ്യുക? ഒരു കന്യാസ്ത്രീ തന്റെ സന്ന്യാസ ജീവിതത്തിലെ ഏറ്റവും ദുഃഖപൂര്‍ണമായൊരു ക്രിസ്തുമസ് ദിനത്തിലൂടെ കടന്നുപോകുമ്പോള്‍, ക്രൈസ്തവ ദര്‍ശനങ്ങളക്കുറിച്ച് വാചാലരാകുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? സിറോ മലബാര്‍ സഭ വൈദികന്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിയും ചോദിക്കുന്നത് അതാണ്. സഭ കൈവിട്ട ആ കന്യാസ്ത്രീയോട് മാപ്പ് ചോദിക്കാതെ നിങ്ങളീ ആഘോഷിക്കുന്ന ക്രിസ്തുമസിന് എന്ത് അര്‍ത്ഥമാണുള്ളത്? ക്രിസ്തുമസ് ദിന സന്ദേശമായി ഫാ. അഗസ്റ്റിന്‍ വട്ടോളി പറയുന്ന കാര്യങ്ങള്‍.

ക്രിസ്തുമസ്; ക്രിസ്തുവിന്റെ ജനനത്തിന്റെ ആചരണം. നമുക്കറിയാം, ക്രിസ്തു ഒരു പുല്‍ക്കൂട്ടിലാണ് ജനിച്ചത്. എവിടെയാണ് ക്രിസ്തു ജനിച്ചത് എന്നതു തന്നെ ലോകത്തിനുള്ള വലിയൊരു സന്ദേശമാണ്. ജനിച്ച വിധവും ജനന സമയത്ത് ചുറ്റുമുണ്ടായിരുന്നവരും ആരൊക്കെയാണെന്നതും ആ ജീവിത ദര്‍ശനത്തിലെ പ്രധാനപ്പെട്ട വസ്തുതകളാണ്. ആട്ടിടയന്മാരും മൃഗങ്ങളുമെല്ലാം ചേര്‍ന്ന, പതിതരും പാവപ്പെട്ടവരുമായവര്‍ക്കിടയിലായി ഏറ്റവും ദരിദ്രമായൊരു ചുറ്റുപാടിലാണ് ആ ജനനം. ജീവിതം പങ്കുവയ്്ക്കുന്നവരായിരുന്നു കര്‍ത്താവിന്റെ ജനനസമയത്ത് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. ആ ജനനത്തിന്റെ തുടര്‍ച്ചയാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം. അണ്ഡവും ഭ്രൂണവും കൂടിചേരുന്ന അവസ്ഥയില്‍ നിന്നാണല്ലോ നമ്മളൊക്കെ രൂപപ്പെടുന്നത്. ആ അവസ്ഥയുടെ തുടര്‍ച്ചയാണല്ലോ നമ്മുടെ പിന്നീടുള്ള ജീവിതം. അതുപോലെ യേശുവിന്റെ ജീവിതത്തിന്റെ ഏറ്റവും തുടക്കത്തില്‍ ഉണ്ടായിരുന്ന അവസ്ഥയും അതിന്റെ തന്നെ പുഷ്പിക്കലുമാണ് പിന്നീട് കുരിശ് മരണം വരെ കാണുന്നത്. ഏറ്റവും ദരിദ്രരോടും ഏറ്റവും പതിതരോടും ഏറ്റവും പാവപ്പെട്ടവരോടും ഒപ്പം(പണ്ഡിതരും രാജാക്കന്മാരുമൊക്കെ പിന്നീട് യേശുവിനെ കാണാന്‍ വന്നെങ്കിലും) സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരോടൊപ്പമാണ്, അവരോട് ചേര്‍ന്നാണ്, അവര്‍ക്കു വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതം നയിച്ചത്. അവര്‍ക്കൊപ്പമായിരുന്നു യേശു. അവര്‍ക്കു വേണ്ടിയായിരുന്നു സംസാരിച്ചതും.

ക്രിസ്തു എവിടെയാണ് എന്നാണ് ഇന്നത്തെ ക്രിസ്തുമസ് ആചരിക്കുമ്പോള്‍ ക്രിസ്തീയ സഭ ചിന്തിക്കേണ്ട കാര്യവും. ക്രിസ്തുവിന്റെ ജനനം ആചരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ജീവിതം പിന്തുടരുന്നവരെങ്കില്‍ പതിതരോടും പാവപ്പെട്ടവരോടും ചേര്‍ന്നു നില്‍ക്കേണ്ടിടത്ത് ഇന്ത്യന്‍ കത്തോലിക്ക സഭ എവിടെയാണ് യഥാര്‍ത്ഥത്തില്‍ നില്‍ക്കുന്നത്?

നമ്മളെല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ഓര്‍ക്കണം, ഒരു കന്യാസ്ത്രീ കുറവിലങ്ങാട് മഠത്തിലുണ്ട്. ഈ ക്രിസ്തുമസ് ദിനം ക്രിസ്തു കേരളത്തില്‍ വരികയാണെന്നിരിക്കട്ടെ, എവിടെയായിരിക്കും അദ്ദേഹം തന്റെ ജന്മദിനം ആചരിക്കുക? ആര്‍ക്കൊപ്പമായിരിക്കും? യേശു ഈ ദിനം ഇവിടെ വരികയാണെങ്കില്‍ സംശയമില്ല, അദ്ദേഹം ക്രിസ്തുമസ് ചെലവഴിക്കാന്‍ പോകുന്നത് കുറവിലങ്ങാട് മഠത്തില്‍ ആയിരിക്കും. ആ കന്യാസ്ത്രീക്കൊപ്പമായിരിക്കും ക്രിസ്തു ഇന്നത്തെ ദിവസം ആഘോഷിക്കുന്നത്. അങ്ങനെയാകുമ്പോള്‍ ഇന്ത്യന്‍ കത്തോലിക്ക സഭയ്ക്ക് അര്‍ത്ഥപൂര്‍ണമായി ക്രിസ്തുമസ് ആചരിക്കണമെന്നുണ്ടായിരുന്നെങ്കില്‍ കേരളത്തിലെ സഭ നേതൃത്വം കുറവിലങ്ങാട് മഠത്തിലെ ആ കന്യാസ്ത്രീയോട് മാപ്പ് ചോദിക്കണമായിരുന്നു. കന്യാസ്ത്രീയോട് മാപ്പ് ചോദിക്കാതെ അര്‍പ്പിക്കുന്ന ആ കുര്‍ബാന എങ്ങനെ ക്രിസ്തു സ്വീകരിക്കും? എങ്ങനെ ആ ബലിയില്‍ പങ്കെടുക്കും? സ്വീകരിക്കണമെങ്കില്‍, പങ്കെടുക്കണമെങ്കില്‍ തീര്‍ച്ചയായും ആ കന്യാസ്ത്രീയോട് മാപ്പ് ചോദിക്കുക തന്നെ വേണമായിരുന്നു.

‘ഇതുവരെ കാണാത്ത പോരാട്ടം നേരിടാന്‍ തയ്യാറായിക്കോളൂ…’; മുന്നറിയിപ്പുമായി വട്ടോളിയച്ചന്റെ ജന്മനാട്ടിലെ ഇടവകക്കാര്‍ അതിരൂപത ആസ്ഥാനത്ത്

ആ കന്യാസ്ത്രീക്ക് ഉത്തരം കിട്ടാത്തൊരു ചോദ്യമുണ്ട്- എന്തുകൊണ്ട് ദൈവമേ ഞാന്‍? അവര്‍ അവരുടെ ജീവിതത്തില്‍ ക്രിസ്തുവിനു വേണ്ടി ഇറങ്ങി തിരിച്ച വ്യക്തിയാണ്. മാതാപിതാക്കള്‍ക്കൊപ്പം, ഭര്‍ത്താവിനൊപ്പം, മക്കള്‍ക്കൊപ്പം ഒന്നുമുള്ള ഒരു ജീവിതം വേണ്ടെന്നു വച്ച് കര്‍ത്താവിനു വേണ്ടി ജീവിതം മാറ്റിച്ചവള്‍. ഇവിടുത്തെ ഏതു മെത്രാനെപ്പോലെയും വൈിദകനെപ്പോലെയും ക്രിസ്തുവിനു വേണ്ടി ഇറങ്ങിത്തിരിച്ച ഒരാള്‍ തന്നെയാണ് ആ കന്യാസ്ത്രീയും. അവര്‍ ഈ സഭയുടെ മകളാണ്, നമ്മുടെ സഹോദരിയാണ്. ആ കന്യാസ്്ത്രീ സന്തോഷത്തോടെയാകില്ല ഈ ക്രിസ്തുമസ് ആചരിക്കുക. മുഴുവനായി തകര്‍ക്കപ്പെടുന്ന സ്ത്രീകളുടെ പ്രതിനിധിയാണവര്‍. ഈ വിധത്തില്‍ നീതി നിഷേധിക്കപ്പെട്ട, അധിക്ഷേപിക്കപ്പെട്ട, മുറിവേല്‍പ്പിക്കപ്പെട്ട മുഴുവന്‍ മനുഷ്യജന്മങ്ങളുടെയും പ്രതിനിധിയാണവര്‍. അങ്ങനെയൊരാളാണ് ക്രിസ്തുമസ് ആചരിക്കാതെയിരിക്കുന്ന ആ കന്യാസ്ത്രീ.

ക്രിസ്തു പറഞ്ഞത്, നിങ്ങള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കെ, അതില്‍ ഒന്നിനെ നഷ്ടപ്പെട്ടുപോയാല്‍ ബാക്കി തൊണ്ണൂറ്റിയൊമ്പതിനെയും വിട്ട് നഷ്ടപ്പെട്ട ഒന്നിനെ തിരക്കി പോവുകയെന്നാണ്. ഞങ്ങളുടെ കൂടെ തൊണ്ണൂറ്റിയൊമ്പത് ആടുകളുണ്ടല്ലോ ഒന്നിനു വേണ്ടി എന്തിന് അന്വേഷിച്ചു പോകണം? എന്നല്ല ക്രിസ്തുവിന്റെ ദര്‍ശനം പിന്തുടരുന്നവര്‍ ചിന്തിക്കേണ്ടത്. പോയ ഒന്നിനു വേണ്ടി ജീവിതം കളയണോ എന്നല്ല ചിന്തിക്കേണ്ടതെന്നാണ് ക്രിസ്തു പഠിപ്പച്ചത്. തൊണ്ണൂറ്റിയൊമ്പതിനേയും വിട്ടേക്ക് എന്നിട്ട് നഷ്ടപ്പെട്ട ആ ഒന്നിനെ കണ്ടുപിടിച്ച് ചേര്‍ത്ത് നിര്‍ത്തു എന്നാണ്. ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ അമ്പത് ലക്ഷം വിശ്വാസികളുണ്ടെങ്കില്‍ നാപ്പത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റിയൊമ്പതിനായിരത്തി തൊണ്ണൂറ്റിയൊമ്പതുപേരെയും വിട്ടിട്ട് ആ ഒരു കന്യാസ്ത്രീയ്ക്കു വേണ്ടി നില്‍ക്കണം; അതാണ് ക്രിസ്തുവിന്റെ ജീവിതം പിന്തുടരുന്നവര്‍ ചെയ്യേണ്ടത്. ആ കന്യാസ്ത്രീക്കൊപ്പമാണ് നില്‍ക്കേണ്ടത്. അത് ചെയ്യാതെ ഈ ക്രിസ്തുമസ് ആചരിക്കുന്നതില്‍ അര്‍ത്ഥമില്ല. അര്‍ത്ഥമില്ലെന്നു മാത്രമല്ല, ക്രിസ്തു വിരുദ്ധവുമാണ് ഈ ക്രിസ്തുമസ് ആഘോഷം.

(ഫാദര്‍. അഗസ്റ്റിന്‍ വട്ടോളിയോട് അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)

കുറവിലങ്ങാട് മഠത്തില്‍ അപ്രതീക്ഷിത നേതൃമാറ്റം; ബിഷപ്പ് ഫ്രാങ്കോയുടെ ആളുകളെ കുത്തി നിറച്ച് പരാതിക്കാരായ കന്യാസ്ത്രീകളെ ഒതുക്കാന്‍ നീക്കം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍