UPDATES

ട്രെന്‍ഡിങ്ങ്

‘ഇത് ഞങ്ങളും ഇറക്കില്ല, നിങ്ങളും ഇറക്കില്ല’; ഈ ഭീഷണികള്‍ ഇനി ഇല്ല; നോക്കുകൂലി നിരോധനത്തിന്റെ മെയ് ദിന സൂചനകള്‍

പുതിയ തീരുമാനം കേരളത്തില്‍ ഫലപ്രദമായി തന്നെ നടപ്പിലാക്കപ്പെടുമെന്ന് വിശ്വാസിക്കാന്‍ പ്രധാന കാരണം ഈ തീരുമാനങ്ങള്‍ക്ക് ഇവിടെയുള്ള അംഗീകൃത ട്രേഡ് യൂണിയനുകള്‍ എല്ലാം പിന്തുണ നല്‍കിയിരിക്കുന്നു എന്നതാണ്

കൂലി പിടിച്ചു പറിക്കലും, നോക്കുകൂലിയും ഇല്ലാത്തൊരു കേരളത്തിന് ഈ മേയ് ദിനം മുതല്‍ തുടക്കമായിരിക്കുകയാണ്. ഗവണ്‍മെന്‍റിന്റെ ഈ ചുവടുവെയ്പ്പ് തൊഴില്‍ സംസ്‌കാരത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കുക പുതിയൊരു ഊര്‍ജ്ജമായിരിക്കുമെന്നതില്‍ സംശയമില്ല. ട്രേഡ് യൂണിയന്‍ ഭേദമില്ലാതെ തൊഴിലാളികളില്‍ നിന്ന് സാധാരണക്കാര്‍ മുതല്‍ വ്യവാസായികള്‍ വരെ നേരിടുന്ന അനീതിയാണ് അമിത കൂലി ഈടാക്കലും ചെയ്യാത്ത തൊഴിലിനും കൂലി മേടിക്കലും. കേരളത്തിന്റെ വികസനത്തിന് തന്നെ ഇടങ്കോലിടുന്നതാണ് ഈ അനഭിലഷണീയമായ പ്രവണതകള്‍ എന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. എന്നിട്ടും വര്‍ഷങ്ങളോളം ഇതിവിടെ തുടര്‍ന്നു വന്നു. ഇപ്പോള്‍ ആ ദുഷിച്ച കാലം അവസാനിച്ചിരിക്കുകയാണ്. ഭരണകൂടം തന്നെ, എല്ലാ തൊഴിലാളി സംഘടനകളുടെയും പിന്തുണയോടെ ഒരു പുതിയ തൊഴില്‍ സംസ്‌കാരത്തിന് തുടക്കം കുറിച്ചിരിക്കുന്നു.

തൊഴില്‍ മേഖലയില്‍ യന്ത്രവത്ക്കരണം വ്യാപിച്ചപ്പോള്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു തുടങ്ങി. നോക്കു കൂലി പോലുള്ള കൊള്ളകള്‍ ഇവിടെ ഉടലെടുക്കുന്നത് ഈ സാഹചര്യത്തിലാണ്. തൊഴില്‍ നഷ്ടം ഉണ്ടാവുകയും ജീവിതസാഹര്യങ്ങള്‍ ബുദ്ധിമുട്ടിലാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം ആപത്കരം തന്നെയായിരുന്നു. വ്യാവസായിക വളര്‍ച്ച നാടിന് ആവിശ്യമെന്നിരിക്കലും സാധാരണ തൊഴിലാളിക്ക് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. ഉദാഹരണത്തിന് ടിപ്പര്‍ ലോറികള്‍, പൊക്ലയനിറുകള്‍, ട്രാക്ക്ടറുകള്‍ എന്നിവയുടെ വരവ് അതാത് മേഖലകളില്‍ തൊഴില്‍ നോക്കിയിരുന്നവര്‍ക്ക് നല്‍കിയത് വലിയ തിരിച്ചടിയാണ്. തൊഴിലുടമയെ അല്ലെങ്കില്‍ തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നവരെ സംബന്ധിച്ച് യന്ത്രവത്കരണം സാമ്പത്തികമായും സമയ നഷ്ടം പരിഗണിച്ചാലും ഉപകാരപ്രദമായിരുന്നു. എന്നാല്‍ അതിന്റെ മറുഭാഗമായിരുന്നു തൊഴില്‍ നഷ്ടം സംഭവിക്കുന്നവരുടെ അവസ്ഥ. ഇവിടെയാണ് ട്രേഡ് യൂണിയനുകള്‍ പുതിയ സംവിധാനങ്ങളുമായി രംഗത്തു വരികയും അതവര്‍ നിര്‍ബന്ധപൂര്‍വം നടപ്പാക്കുകയും ചെയ്തത്. എന്നാല്‍ നോക്കുകൂലി എന്ന വ്യവസ്ഥ കൊള്ളയടിക്കല്‍ നിലവാരത്തിലേക്ക് നീങ്ങുകയും അത് നിര്‍ബാധം തുടര്‍ന്നുപോരുകയും ഗുണ്ടായിസമാവുകയും ചെയ്തതോടെ തൊഴില്‍ സംസ്‌കാരം തന്നെ മലിനപ്പെടുകയായിരുന്നു. തൊഴിലാളി ഐക്യവും അവകാശവുമൊക്കെ പറഞ്ഞ് ട്രേഡ് യൂണിയനുകള്‍ തന്നെ തങ്ങളുടെ അന്യായമായ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചു. പലയിടത്തും ബലപ്രയോഗങ്ങള്‍ നടന്നു. എതിര്‍ശബ്ദങ്ങള്‍ ദുര്‍ബലമാവുകയും അല്ലെങ്കില്‍ ട്രേഡ് യൂണിയന്‍ സംവിധാനങ്ങളോട് എതിരിടാന്‍ കെല്‍പ്പില്ലാതെ പോവുകയും അതേസമയം തന്നെ ഭരണകൂടം മൗനം പാലിക്കുകയും ചെയ്തതോടെയാണ് നോക്കുകൂലി പ്രശ്‌നങ്ങള്‍ ഒരു സംസ്ഥാനത്തിനാകെ ദുരിതമായി തീര്‍ന്നത്. ട്രേഡ് യൂണിയനുകള്‍ തൊഴിലാളി സംഘടനകളെന്നതിനെക്കാള്‍ രാഷ്ട്രീയശക്തിയായാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെട്ട് നിന്നത്. രാഷ്ട്രീയം തന്നെയാണ് പിടിച്ചുപറി കൂലിയെ ‘അവകാശം’ ആക്കി നിലനിര്‍ത്തിയത്. ഒരു തൊഴിലുടമയ്ക്ക് താന്‍ നേരിട്ട പ്രശ്‌നവുമായി ചെന്നാല്‍ നിയമപാലക സംവിധാനങ്ങളില്‍ നിന്നുപോലും വേണ്ട സഹായം കിട്ടാത്ത അവസ്ഥയായിരുന്നു. കാരണം, ഈ തൊഴിലാളി സംഘടനകള്‍ക്ക് പിന്നിലുള്ള രാഷ്ട്രീയബലം തന്നെ.

ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്ന സമ്പ്രദായവും തൊഴിലാളികളെ വിതരണം ചെയ്യുന്നതും നിരോധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കിയതിലൂടെ ഈ കഥകളൊക്കെ ഇനി മാറുമെന്ന് തന്നെയാണ് വിശ്വാസം. പുതിയ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും തൊഴില്‍ മേഖലയിലെ കൊള്ളകള്‍ അവസാനിക്കുന്നതിന് കാരണമാകും. നോക്കു കൂലി തടയുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനും ഓരോ ജില്ലകളിലും കളക്ടര്‍ ചെയര്‍മാനും ജില്ല ലേബര്‍ ഓഫിസര്‍ കണ്‍വീനറുമായുള്ള പ്രത്യേക സമിതികള്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. പുതിയ ഉത്തരവില്‍ തൊഴിലാളികള്‍ക്കിടയില്‍ അവരുടെ പ്രവര്‍ത്തി നീതിയുക്തവും ന്യായവുമായി നടത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഏറ്റവും പ്രധാനം കൂലിയില്‍ ഉണ്ടാകുന്ന തീര്‍പ്പാണ്. ഇതുവരെ നടന്നിരുന്നത് കൂലി തര്‍ക്കവിഷയമായി മാറ്റുകയായിരുന്നു. ഇനി മുതല്‍ കയറ്റിറക്കിനുള്ള കൂലി ജില്ല ലേബര്‍ ഓഫിസര്‍മാര്‍ പുറത്തിറക്കുന്ന ഏകീകൃത കൂലിപ്പട്ടിക പ്രകാരമായിരിക്കണം. ഈ പട്ടികയില്‍ ഉള്‍പ്പെടാത്തവയില്‍ ഉഭയകക്ഷിപ്രകാരം നിശ്ചയിക്കുന്ന കൂലിയായിരിക്കണം വാങ്ങേണ്ടത്. അതായത് ഏകപക്ഷീയമായ പിടിച്ചു വാങ്ങല്‍ അനുവദിക്കില്ലെന്ന്. മറ്റൊരു സുപ്രധാന തീരുമാനം സാധാരണക്കാര്‍ക്കാണ് ഏറ്റവും പ്രയോജനം ചെയ്യുക. വീട്ടാവശ്യങ്ങള്‍ക്കായി മറ്റും കയറ്റിറക്ക് നടത്തേണ്ടി വരുമ്പോഴാണ് തൊഴിലാളി പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നത്. ആയിരം രൂപ കൂലി വാങ്ങേണ്ടിടത്ത് പതിനായിരം ചോദിക്കും. അത് കൊടുത്തില്ലെങ്കില്‍ ഞങ്ങളും ഇറക്കില്ല, നിങ്ങളും ഇറക്കില്ല എന്നതായിരുന്നു ട്രേഡ് യൂണിയന്‍ തൊഴിലാളികളുടെ വിരട്ടല്‍. അതിലവര്‍ വിജയിക്കാറാണ് പതിവ്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഗാര്‍ഹികാവശ്യങ്ങള്‍ക്കും കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്കിനും അവരവര്‍ക്ക് ഇഷ്ടമുള്ള തൊഴിലാളികളെ നിയോഗിക്കാം. പിടിച്ചു പറി നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഒരു വ്യക്തി തൊഴിലാളി ചൂഷണത്തിന് വിധേയരായെങ്കില്‍ അത് നിയമസംവിധാനത്തിനു മുന്നില്‍ ബോധ്യപ്പെടുത്താനുള്ള തെളിവായി ഉപയോഗിക്കാന്‍ കഴിയുന്നതുമായി കയറ്റിറക്ക് കൂലിക്ക് കണ്‍വീനര്‍ അല്ലെങ്കില്‍ പൂള്‍ ലീഡര്‍ ഒപ്പിട്ട് ഇനം തിരിച്ചുള്ള രസീത് നല്‍കണം. അമിതകൂലിയാണ് വാങ്ങിയിരിക്കുന്നതെങ്കില്‍ ലേബര്‍ ഓഫിസില്‍ പരാതി നല്‍കാനും പരാതി പരിശോധിച്ച് നിശ്ചയിച്ച തുകയില്‍ കൂടുതല്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ലേബര്‍ ഓഫിസര്‍ ഇടപെട്ട് പരാതിക്കാരന് തിരികെ വാങ്ങിക്കൊടുക്കുകയും വേണം. തൊഴില്‍ അവകാശം എന്ന ഭീഷണി മുഴക്കി തൊഴിലുടമയെ ഭീഷണിപ്പെടുത്തകയോ വസ്തുവകകള്‍ നശിപ്പിക്കുകയോ ചെയ്യുന്ന രീതി കര്‍ശനമായി അവസാനിപ്പിക്കുമെന്നും തൊഴില്‍ വകുപ്പ് പറയുന്നു. അങ്ങനെയുണ്ടായാല്‍ ലേബര്‍ ഓഫിസര്‍ വിവരം പൊലീസിനെ അറിയിച്ച് വേണ്ട നിയമനടപടികള്‍ സ്വീകരിക്കണം. കേരളത്തില്‍ ഇത്തരം ഭീഷണികളുടെയും നശിപ്പിക്കലുകളെയും കഥകള്‍ വന്‍ വ്യവസായികള്‍ക്ക് തൊട്ട് സാധാരണക്കാരന് വരെ പറയാന്‍ ഉണ്ട്. ഇനി അങ്ങനെയൊരു പരാതിയും ഉണ്ടാകാതിരിക്കട്ടെ.

പുതിയ നിയമം കേരളത്തില്‍ ഫലപ്രദമായി തന്നെ നടപ്പിലാക്കപ്പെടുമെന്ന് വിശ്വാസിക്കാന്‍ പ്രധാന കാരണം ഈ തീരുമാനങ്ങള്‍ക്ക് ഇവിടെയുള്ള അംഗീകൃത ട്രേഡ് യൂണിയനുകള്‍ എല്ലാം പിന്തുണ നല്‍കിയിരിക്കുന്നു എന്നതാണ്. ട്രേഡ് യൂണിയനുകള്‍ നേരിട്ട് തങ്ങളുടെ തൊഴിലാളിയംഗങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലെന്ന് തീരുമാനം എടുത്താല്‍ തന്നെ കേരളം രാജ്യത്തിന് തന്നെ മാതൃകയാകുന്ന തൊഴില്‍ സംസ്‌കാരത്തിന്റെ കേന്ദ്രമാകും.

നോക്കുകൂലി എന്ന പേരില്‍ ഇവിടെ നടന്നുപോന്നിരുന്നത് പിടിച്ചു പറി തന്നെയായിരുന്നുവെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പരസ്യമായി സമ്മതിക്കുന്നുണ്ട്. ഇനിയങ്ങനെയൊരു ദുഷ്‌പേര് തൊഴിലാളിക്കു മേല്‍ വീഴാതിരിക്കാന്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കുന്നുമുണ്ട്. നോക്കുകൂലിയുടെ പേരില്‍ പിടിച്ചു പറി നടക്കുന്ന എന്ന ആക്ഷേപം കേരളത്തില്‍ അവസാനിച്ചിരിക്കുകയാണ്. കേരളത്തിലെ എല്ല ട്രേഡ് യൂണിയനുകളും ഒരുമിച്ച് അംഗീകരിച്ച കാര്യമാണത്. പിടിച്ചുപറി കൂലി അവസാനിപ്പിക്കുന്നതുപോലെ തൊഴിലാളികളെ വിതരണം ചെയ്യുന്ന സമ്പ്രദായവും അവസാനിപ്പിക്കണമെന്നത് എ ഐ ടി യു സിയുടെ ആവശ്യമായിരുന്നു. ചില പ്രമുഖ തൊഴിലാളി യൂണിയനുകള്‍ ഇതരസംസ്ഥാന തൊഴിലാളികളെ വിതരണം ചെയ്തു വരുന്നുണ്ട്. കേരളത്തിലെ തൊഴിലാളികള്‍ക്ക് പണി കിട്ടാതെ വലയുമ്പോഴാണിത്. പുതിയ ഉത്തരവില്‍ ഈ കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ, തൊഴില്‍ എടുക്കാന്‍ തയ്യാറാകുന്ന ഏതൊരാള്‍ക്കും എവിടെയും തൊഴില്‍ എടുക്കാനുള്ള സാഹചര്യവും ഉണ്ടാകണം. ഇന്നിടത്ത് സി ഐടിയു, ഇവിടെ ബിഎംഎസ്, അവിടെ ഐഎന്‍ടിയുസി ഇങ്ങനെ ഓരോയിടത്തും അതാത് സംഘടനകളില്‍ പെട്ടവര്‍ക്കു മാത്രം തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സ്ഥിതിയും മാറണം. ഇങ്ങനെയൊരു കരാര്‍ ഇപ്പോള്‍ ഉണ്ട്. അത് പിന്‍വലിക്കണം. തൊഴില്‍ തൊഴിലാളിക്ക് എന്നതാണ് നടപ്പാക്കേണ്ടത്. തൊഴിലിന്റെ പേരില്‍ നടന്നിരുന്ന പിടിച്ചു പറി ഇല്ലാതാകുന്നതോടെ തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നതെന്നതില്‍ ഒരു സംശയവുമില്ല. വ്യവസായങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ഇത് ഗുണം ചെയ്യും. ഇപ്പോള്‍ ആയിരം കൂലി വേണ്ടിടത്ത് പതിനായിരം വാങ്ങിച്ചെടുക്കുന്ന സ്ഥിതി വിശേഷമായിരുന്നു. അത് മാറണം.

തൊഴിലാളിക്ക് മേല്‍ ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കുന്നതുപോലെ തന്നെ അന്യായമായത് ചെയ്യുന്ന മുതലാളികളെയും ഈ നിയമത്തില്‍ കൊണ്ടുവരണം. തൊഴില്‍ നിഷേധം, ന്യായമായ കൂലി നിഷേധിക്കല്‍ എന്നിവ ചെയ്യുന്ന തൊഴിലുടമകളേയും ശിക്ഷിക്കണം. മുതലാളിത്വ ചൂഷണത്തിന് ഒരിക്കലും ഇടവരത്തരുത്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന കൂലിയേ വാങ്ങാവൂ എന്ന് തൊഴിലാളിയോട് നിര്‍ദേശിക്കുന്നതുപോലെ സര്‍ക്കാര്‍ നിശ്ചയിച്ച കൂലി തൊഴിലാളിക്ക് നല്‍കാന്‍ തൊഴിലുടമയും തയ്യാറാകണം, ഇല്ലെങ്കില്‍ അവരെ നിയമം നേരിടണം. ന്യായമായ കൂലിയില്‍ എല്ലാം രമ്യമായി തീരണം. ഈ നിയമം തൊഴിലാളിയേയോ തൊഴിലവസരങ്ങളേയോ ഇല്ലാതാക്കുന്നതല്ല… അങ്ങനെ സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കുകയും വേണം; ഐ ഐ ടി യു സി നേതാവ് പി രാജു പറയുന്നു.

ഈ മേയ് ദിനത്തില്‍ കേരളത്തിന് കിട്ടിയിരിക്കുന്ന പുരോഗമനപരമായ വാഗ്ദാനം തന്നെയാണ് തൊഴിലാളി സംഘടനകളും സര്‍ക്കാരും എടുത്തിരിക്കുന്ന ചൂഷണവിരുദ്ധ നിലപാടുകള്‍. സര്‍ക്കാര്‍ ഉത്തരവുകളും തൊഴിലാളി സംഘടനകളും വാക്കുകളും ഒരിക്കലും പാഴായി പോകാതെയിരിക്കണം എന്നതാണ് പ്രധാനം. ഇപ്പോള്‍ പറഞ്ഞതെല്ലാം കേരളം മുഴുവന്‍ കേട്ട കാര്യങ്ങളാണ്. നാളെ ഇവയില്‍ എവിടെയെങ്കിലും വ്യത്യാസം ഉണ്ടായാല്‍ ശക്തമായി തന്നെ പ്രതികരിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. തൊഴില്‍ എന്നാല്‍ ഗൂണ്ടായിസം അല്ല. അതുപോലെ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെയെന്നപോലെ സമൂഹത്തിന്റെയും ആവശ്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍