UPDATES

ട്രെന്‍ഡിങ്ങ്

അവിടെ നടക്കുന്നത് ‘അത്തരം കാര്യങ്ങള്‍’ മാത്രമല്ല; പ്രയാറിന് തായ്‌ലന്‍ഡിനെക്കുറിച്ചു ഒരു ചുക്കും അറിയില്ല

പലകാര്യങ്ങളിലും ഇന്ത്യയും കേരളവും മാതൃകയാക്കേണ്ട തായ്‌ലന്‍ഡില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ കണ്ടത് പട്ടായ മാത്രമായതിനാലാണ് അവിടുത്തെ സെക്‌സ് ടൂറിസം മാത്രം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌

ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. ഈ പ്രസ്താവനയില്‍ നിന്നു തന്നെ തായ്‌ലന്‍ഡിനെക്കുറിച്ച് പ്രയാറിന് ഒന്നുമറിയില്ലെന്ന് വ്യക്തമാണ്. അല്ലെങ്കില്‍ പ്രയാര്‍ നാളിതുവരെ കണ്ടിരിക്കുന്നത് ആ നാട്ടിലെ സെക്‌സ് ടൂറിസം മാത്രമാണെന്ന് പറയേണ്ടിവരും. സ്വന്തം മനസിലെ ദുഷിച്ച ചിന്തകള്‍ വിളമ്പാനുള്ള പദവിയല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനമെന്ന് തിരിച്ചറിയാനുള്ള വിവേകം പ്രയാറിനുണ്ടാകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറയേണ്ടി വന്നത് ഇതിനാലാണ്.

ശിലായുഗ കാലം മുതല്‍ മനുഷ്യാധിവാസം ഉണ്ടായിരുന്നെന്ന് കരുതപ്പെടുന്ന തായ്‌ലന്‍ഡ് യഥാര്‍ത്ഥത്തില്‍ ആര്‍ഷ ഭാരത സംസ്‌കാരമെന്ന് ഊറ്റംകൊള്ളുന്ന നമുക്ക് മാതൃകയായ സംസ്‌കാരത്തിന്റെ ഇടം കൂടിയാണ്. രാമായണത്തിന്റെ ഉത്ഭവം തായ്‌ലാന്‍ഡാണെന്ന ഒരു വിശ്വാസമുണ്ട്. ഇപ്പോഴത്തെ തായ് രാജാക്കന്മാര്‍ ചക്രി രാജാക്കന്മാരുടെ പാരമ്പര്യമാണ് അവകാശപ്പെടുന്നത്. രാമ എന്നായിരുന്നു ചക്രി രാജാക്കന്മാര്‍ അറിയപ്പെട്ടിരുന്നത്. ചക്രി രാജാക്കന്മാര്‍ സ്വീകരിച്ച ഭരണപരിഷ്‌കാരങ്ങളാണ് സാമ്രാജ്യശക്തികള്‍ക്ക് അടിപ്പെടാതെ സ്വതന്ത്രമായി നിലനില്‍ക്കാന്‍ തായ്‌ലന്‍ഡിനെ ശക്തമാക്കിയത്. രാമരാജ്യം സ്വപ്‌നം കാണുന്നവര്‍ക്ക് യഥാര്‍ത്ഥ രാമരാജ്യം കാണാനാകുന്നത് തായ്‌ലന്‍ഡിലാണെന്ന് ചുരുക്കം. ഒരിക്കലും കോളനിവല്‍ക്കരിക്കപ്പെടാത്ത രാജ്യമാണ് ഇതെന്ന് കൂടി ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

ഏഴിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്ന തായ്‌ലന്‍ഡിലെ ജനസംഖ്യയുടെ 95.3 ശതമാനവും സാക്ഷരരാണ്. ദേശീയ സമ്പത്തിന്റെ 4.8 ശതമാനവും വിദ്യാഭ്യാസ ചെലവുകള്‍ക്കായാണ് നീക്കി വച്ചിരിക്കുന്നത്. ബുദ്ധമത വിശ്വാസം പിന്തുടരുന്ന ഈ രാജ്യത്തെ 95 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. യുവാക്കളില്‍ ഭൂരിഭാഗവും ഏതാനും മാസക്കാലം വിഹാരങ്ങളില്‍ പീത വസ്ത്രമണിഞ്ഞ് ബുദ്ധഭിക്ഷുക്കളായി ധ്യാനവും പഠനവുമായി ജീവിക്കുന്നതും പതിവാണ്. സമ്പദ് വ്യവസ്ഥയുടെ കാര്യത്തിലും ഇന്ത്യയ്ക്ക് മാതൃകയാണ് തായ്‌ലന്‍ഡ്. ആധുനിക ലോകത്തെ പ്രധാന വികസ്വര രാജ്യമാണ് തായ്. സ്വതന്ത്രവ്യവസായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന രാജ്യമാണ് ഇത്. കൃഷി, മത്സ്യബന്ധനം എന്നിവയാണ് പ്രധാന തൊഴില്‍ മേഖലകള്‍. എങ്ങനെ കൃഷി ചെയ്യാമെന്ന് യഥാര്‍ത്ഥത്തില്‍ കേരളവും ഇന്ത്യയും കണ്ടുപഠിക്കേണ്ടത് തായ്‌ലന്‍ഡിനെ ആണ്. ഭൂവിസ്തൃതിയുടെ 45 ശതമാനവും കൃഷിയ്ക്കായാണ് ഉപയോഗിക്കുന്നത്. പ്രതിശീര്‍ഷ ഉല്‍പ്പാദനത്തിന്റെ 32 ശതമാനത്തിലധികം പ്രദാനം ചെയ്യുന്നത് കൃഷി മേഖലയാണ്. ജനസംഖ്യയില്‍ 75 ശതമാനവും ജീവിക്കുന്നതും ഇതിലൂടെ തന്നെ. കേരളത്തിലേത് പോലെ നെല്ല്, റബ്ബര്‍ എന്നിവയാണ് പ്രധാന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍. ദാരിദ്ര്യം ഏറെ കുറഞ്ഞ രാജ്യങ്ങളില്‍ ഒന്ന്. അതിന് അവരെ സഹായിക്കുന്നത് കാര്‍ഷിക മേഖലയാണ്.

പ്രയാറിന്റെ ആ.ഭാ.സം.; ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ വരുന്നത് സെക്സ് ടൂറിസത്തിനോ?

ബീഫിന്റെ പേരിലും മതത്തിന്റെ പേരിലും ജനങ്ങളെ തല്ലിക്കൊല്ലുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് തായ്‌ലന്‍ഡ് എന്നുമൊരു അത്ഭുതമായിരിക്കും. കാരണം ജീവിക്കാനും സഞ്ചരിക്കാനും ഏറ്റവും സുരക്ഷിതമായ രാജ്യമായാണ് ഇത് കണക്കാക്കപ്പെടുന്നത്. എല്ലാവരോടും മാന്യമായി പെരുമാറുന്ന ജനങ്ങളും നല്ല മാതൃകയാണ്. ഇന്ത്യയേക്കാള്‍ പതിന്മടങ്ങ് വൃത്തിയുള്ള തായ്‌ലന്‍ഡില്‍ പോയാല്‍ കേരളവും ശബരിമലയും എങ്ങനെ മാലിന്യമുക്തമാക്കാമെന്ന് പ്രയാറിന് പഠിക്കാന്‍ സാധിക്കും. ഏഷ്യയിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നായി ഇവരെ നിലനിര്‍ത്തുന്നത് ഈ വൃത്തിയാണ്. അതിനാല്‍ തന്നെയാണ് ഇവിടെ ടൂറിസം വളരുന്നത്.

ടൂറിസത്തിന്റെ മറവില്‍ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളും മദ്യശാലകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് പറയുന്നില്ല. ലോകത്തിലെവിടെയും ടൂറിസത്തിന്റെ ഭാഗമാണ് ഇവ രണ്ടും. തായ്‌ലന്‍ഡില്‍ ലൈംഗിക തൊഴില്‍ നിയമവിരുദ്ധമല്ല. പട്ടായ പോലുള്ള തീരദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കേരളത്തില്‍ നിന്നുപോലും വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. വ്യഭിചരിക്കാന്‍ ഉറപ്പിച്ച് നടക്കുന്നവന്, മദ്യപിക്കണമെന്ന് ഉറപ്പിച്ച് നടക്കുന്നവന് കേരളത്തിലായാലും ഇന്ത്യയില്‍ എവിടെയാണെങ്കിലും പണം കൊടുത്താല്‍ അത് സാധ്യമാണെന്ന് കൂടി ഓര്‍ക്കണം. ഗുരുവായൂര്‍ പോലുള്ള കേരളത്തിലെ പ്രമുഖ ക്ഷേത്ര പ്രദേശങ്ങളിലെല്ലാം വിശ്വാസത്തിന്റെ പേരില്‍ വ്യഭിചാരം നടക്കുന്നില്ലെ? തായ്‌ലന്‍ഡില്‍ സെക്‌സ് ടൂറിസമാണ് നടക്കുന്നതെന്ന് പറയുമ്പോള്‍ ഗുരുവായൂരില്‍ സെക്‌സ് സ്പിരിച്വാലിറ്റിയാണ് നടക്കുന്നതെന്ന് സമ്മതിക്കാന്‍ പ്രയാര്‍ തയ്യാറാകുമോ? 

പലകാര്യങ്ങളിലും ഇന്ത്യയും കേരളവും മാതൃകയാക്കേണ്ട തായ്‌ലന്‍ഡില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ കണ്ടത് പട്ടായ മാത്രമായതിനാലാണ് അവിടുത്തെ സെക്‌സ് ടൂറിസം മാത്രം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് പറയേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍