UPDATES

നുമ്മ ഊണ് പദ്ധതി; വിശക്കുന്ന വയറുകളിലേക്ക് എത്തട്ടെ

ഇതരസംസ്ഥാനക്കാരും ട്രെയിന്‍ യാത്രക്കാരും പദ്ധതിയുടെ പ്രധാന ഉപയോക്താക്കളാണെന്നാണ് റയില്‍വേ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്

കഴിഞ്ഞ മുപ്പതു വര്‍ഷമായി തമിഴ്‌നാട്ടുകാരന്‍ സുപ്രന്‍ മണി കൊച്ചിയിലുണ്ട്. കൂടെ മകള്‍ മലരും. ജോലി തേടിയെത്തിയതാണ് സുപ്രന്‍ ഇവിടെ. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടേറിയതോടെയാണ് കേരളത്തിലേക്ക് സുപ്രന്‍ എത്തുന്നത്. എന്നാല്‍ പഴയപോലെയല്ല, കേരളത്തിലും അവസ്ഥ പരിതാപകരമായിരിക്കുന്നു. സ്ഥിരവരുമാനത്തിനു ബുദ്ധിമുട്ടാണ്. കൈയില്‍ പണമില്ലാതെ വന്നാല്‍ വയറു വിശന്നിരിക്കേണ്ട ഗതികേടാണ്. ആ ഗതികേട് ദിവസങ്ങളോളം നീളും. അന്തിക്ക് തല ചായ്ക്കാന്‍ ഒരിടം എവിടെയെങ്കിലും ഒപ്പിക്കാം, പക്ഷേ പശി മാറ്റാന്‍ പണം ഇല്ലാതെ പറ്റില്ലല്ലോ എന്നാണ് സുപ്രന്‍ പറയുന്നത്.

സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്താണ് സുപ്രന്‍ മണിയുടെയും മകള്‍ മലറിന്റെയും താമസം. തമിഴ്‌നാട്ടില്‍ തണ്ണിയില്ല… കൃഷിയാണ് ചെയ്തിരുന്നത്. തണ്ണിയില്ലാതായതോടെ വേലയുമില്ല… അതുകൊണ്ടാ കൊച്ചിക്ക് വന്നത്. ഇപ്പോള്‍ ഇവിടെയും വേല കുറവാണ്; സുപ്രന്‍ മണി പറയുന്നു. എന്തെങ്കിലും പണി കിട്ടിയാലാണ് ശാപ്പാട് കഴിക്കാന്‍ പറ്റുള്ളൂ. പലദിവസങ്ങളിലും പട്ടിണി കിടക്കേണ്ടി വരും.

പക്ഷേ ഇപ്പോള്‍ ഇങ്ങനെയൊരു സഹായം കിട്ടുന്നതുകൊണ്ട്, ഒരു നേരമെങ്കിലും മുടങ്ങാതെ വല്ലതും കഴിക്കാം; സുപ്രന്‍ മണിയുടെ മുഖത്ത് ആശ്വാസം പകരുന്ന ആ സഹായമാണ് ‘നുമ്മ ഊണ് പദ്ധതി’. കൊച്ചിയെ വിശപ്പ് രഹിത നഗരമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി.

സുപ്രന്‍ മണിക്കും മലരിനും എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തെ മുഗള്‍ ഹോട്ടലില്‍ നിന്ന് എല്ലാ ദിവസവും ഉച്ച ഊണ് കഴിക്കാന്‍ നുമ്മ ഊണ് പദ്ധതി സഹായകമാണ്. നേരത്തെ കൈയില്‍ കാശില്ലാതെ പൊരിയുന്ന വയറുമായി ഇവര്‍ ചുരുണ്ടുകൂടി കിടക്കുമായിരുന്നു. സ്ഥിരമായ താമസസ്ഥലമില്ലാത്തവര്‍, ജോലി എവിടെയാണോ അവിടെ പാര്‍ക്കും. സൗത്ത് റെയില്‍വെ സ്‌റ്റേഷിലാണ് കൂടുതല്‍ സമയവും കഴിച്ചു കൂട്ടുന്നത്. ഇപ്പോള്‍ കൊച്ചിയിലും പണിക്ക് ആരും വിളിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. സ്ഥിരമായി തൊഴില്‍ ലഭിച്ചിരുന്നെങ്കില്‍ മൂന്നു നേരം ആഹാരം കഴിക്കാം എന്നതാണ് ഇവരുടെയൊക്കെ വലിയ സ്വപ്നം. പക്ഷേ, അതവര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നില്ല. സുപ്രനേയും മലരിനേയും പോലെ അനേകം ജീവിതങ്ങളുണ്ടിവിടെ. അവരുടെയെല്ലാം സ്വപ്‌നം വിശന്നിരിക്കേണ്ടി വരാത്ത ഒരു ദിവസം എന്നതാണ്. ഇങ്ങനെയുള്ളവരുടെ ജീവിതത്തില്‍ ‘നുമ്മ ഊണ്’ ഏറെ പ്രയോജനം ചെയ്യുന്നുണ്ടെന്നാണ് പലരില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്.

"</p

നുമ്മ ഊണ് പദ്ധതി

വിശന്നു പൊരിയുന്ന ഒരു വയറു പോലും നഗരത്തില്‍ ഉണ്ടാകരുതെന്ന ലക്ഷ്യവുമായി എറണാകുളം ജില്ല ഭരണകൂടം നടപ്പാക്കുന്നതാണ് ‘നുമ്മ ഊണ്’ പദ്ധതി. പ്രത്യേക കേന്ദ്രങ്ങളില്‍ നിന്ന് കൂപ്പണുകള്‍ വാങ്ങി തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കുന്നതാണ് പദ്ധതി. ഫെബ്രുവരി ഒന്നു മുതല്‍ കാക്കനാട് കളക്‌ട്രേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനിലും നുമ്മ ഊണിന്റെ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൗണ്ടറുകളില്‍ നിന്നും ലഭിക്കുന്ന കൂപ്പണുകള്‍ നല്‍കിയാല്‍ കാക്കനാട്ടെയും സൗത്തിലെയും തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി ഭക്ഷണം ലഭിക്കും. കാക്കനാട്ടും സൗത്തിലും നാലു വീതം ഹോട്ടലുകളാണ് ഇതിനായി കണ്ടെത്തിയിരുന്നത്.

കാക്കനാട് കളക്ടറേറ്റിന് സമീപം അളകാപുരി, ലിബ, വാഴക്കാലയില്‍ ഗാലക്‌സി എന്നീ ഹോട്ടലുകളില്‍ നിന്നും സിവില്‍ സ്‌റ്റേഷന്‍ ക്യാന്റീനില്‍ നിന്നുമാണ് കൂപ്പണുകള്‍ നല്‍കി ഭക്ഷണം കഴിക്കാനാകുക. സൗത്തില്‍ ആര്യാസ്, അല്‍ഫല, ആര്യഭവന്‍, മുഗള്‍ എന്നീ ഹോട്ടലുകളിലാണ് സൗജന്യ ഭക്ഷണം. പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷന്റെ പൂര്‍ണ്ണ സാമ്പത്തിക പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതി കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ 15 കേന്ദ്രങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നാണ് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചിരിക്കുന്നത്. താലൂക്ക് ആസ്ഥാനങ്ങള്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, റെയില്‍വേസ്‌റ്റേഷനുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ കൊച്ചി നഗരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം നടക്കുന്നതെന്നും താമസിയാതെ ഗ്രാമ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സാഫിറുള്ള അഴിമുഖത്തോടു പറഞ്ഞു. എല്ലാവരും ഒന്ന് എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണു പദ്ധതിക്കു ‘നുമ്മ ഊണ്’ എന്ന പേര് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരുടെയും വിശപ്പ് മാറ്റുന്നുണ്ടോ?

‘നുമ്മ ഊണ്’ പദ്ധതി നടപ്പാക്കി തുടങ്ങിയിട്ട് ഒരു മാസം കഴിയുകയാണ്. ഇതുവരെ പദ്ധതിയുടെ ഭാഗമായി 900 കൂപ്പണുകള്‍ നല്‍കി. പദ്ധതിയെ കുറിച്ച് നല്ല വാക്കുകള്‍ പറയുമ്പോള്‍ തന്നെയാണ് ചില ചോദ്യങ്ങളും ഇതിനെതിരേ ഉയരുന്നത്. പദ്ധതിയുടെ ഇതുവരെയുള്ള ഗുണഭോക്താക്കള്‍ അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ തന്നെയായിരുന്നോ? വിശപ്പ് മാറ്റാന്‍ യാതൊരു വഴിയും കാണാത്തവരല്ല, സൗജന്യമായി കിട്ടുന്നത് വാങ്ങാന്‍ ആവേശം കാണിക്കുന്നവരാണ് ഇതുവരെയുള്ള ഗുണഭോക്താക്കളില്‍ അധികമെന്നും ഇക്കാര്യത്തില്‍ കര്‍ശനമായ മേല്‍നോട്ടം അധികാരികള്‍ നടത്തണമെന്നും പറയുന്നവര്‍ ഏറെയുണ്ട്.

ഭക്ഷണം കഴിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്ത പലര്‍ക്കും ഈ പരിപാടി കൊണ്ട് ഗുണമൊന്നും കിട്ടുന്നില്ല, അതേസമയം കയ്യില്‍ കാശുണ്ടായിട്ടും വെറുതെ കിട്ടുന്നതല്ലേ എന്നു കരുതി കൂപ്പണ്‍ സംഘടിപ്പിച്ച് ഭക്ഷണം കഴിക്കുന്നവരാണ് കൂടുതലുമെന്ന് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും പറയുന്നു. ജനുവരി 26 ന് പദ്ധതിയുടെ ഉദ്ഘാടനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സൗത്ത് റെയില്‍വെ സ്‌റ്റേഷനിലെ ശുചീകരണ തൊഴിലാളികളും സ്റ്റേഷനില്‍ എത്തുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവര്‍മാരും കുടുംബശ്രീ തൊഴിലാളികളുമൊക്കെയാണ് പദ്ധതിയുടെ ആനുകൂല്യം നേടിയതെന്ന് ഓട്ടോ ഡ്രൈവര്‍ മുരളി പറയുന്നു. അനര്‍ഹര്‍ക്കാണ് പദ്ധതി കൂടുതല്‍ ഗുണം ചെയ്യുന്നതെന്നും എന്നാല്‍ ഒരു ചെറിയ ശതമാനം അര്‍ഹതപ്പെട്ടവര്‍ക്കും ഇതുകൊണ്ട് ഗുണമുണ്ടെന്നും അതിനാല്‍ ഇതൊരു നല്ല കാര്യം തന്നെയാണെന്നാണ് തന്റെ അഭിപ്രായമെന്നും മുരളി പറയുന്നു. ഗതിയില്ലാത്തവനെ വേണം സഹായിക്കാന്‍, വെറുതെ എന്തു കിട്ടിയാലും അതിനായി തിരക്കു കൂട്ടുന്നവരുടെ വിശപ്പ് മാറ്റാനായിട്ടാകരുത് ഇത്. ഈ നഗരത്തില്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത പാവങ്ങളുണ്ട്; ഇക്കാര്യം കൂടി മുരളി ഓര്‍മിപ്പിക്കുന്നു.

"</p

ഒരു നേരത്തെ അന്നത്തിനു യാചിക്കുന്നവരേയും ഭിക്ഷാടന മാഫിയാക്കാരാക്കണോ?

കാണാന്‍ ‘ലുക്കു’ള്ളവര്‍ക്കും നല്ല വസ്ത്രം ധരിച്ചെത്തുന്നവര്‍ക്കും കൂപ്പണ്‍ നല്‍കുന്നു എന്നൊരു പരാതിയാണ് മറ്റു ചിലര്‍ക്ക്. വഴിയില്‍ ഭിക്ഷ യാചിക്കുന്നവര്‍ക്കും അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കും കൂപ്പണ്‍ നല്‍കാന്‍ മടിയാണത്രേ! എന്നാല്‍ ഈ പരാതി ശരിയല്ലെന്നും അര്‍ഹതപ്പെട്ടവര്‍ക്കാണ് ഭക്ഷണം നല്‍കേണ്ടതെന്നും തട്ടിപ്പുകാര്‍ക്കല്ലെന്നുമാണ് അധികൃതരുടെ വാദം. അന്നത്തിനു വേണ്ടി മറ്റുള്ളവര്‍ക്കു മുന്നില്‍ കൈനീട്ടേണ്ടി വരുന്ന ഗതികേട് ആര്‍ക്കും ഉണ്ടാകരുതെന്നു തന്നെയാണ് ഇങ്ങനെയൊരു പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ ഭിക്ഷാടന മാഫിയ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങള്‍, മദ്യത്തിനും മയക്കു മരുന്നിനും അടിമയായവര്‍ എന്നിവരെ പദ്ധതിയുടെ ഭാഗമാക്കേണ്ടതില്ലെന്നു തന്നെയാണ് തീരുമാനമെന്നും ജില്ല ഭരണകൂടം പറയുന്നു.

യാചകരെയും ആരോരുമില്ലാതെ തെരുവുകള്‍ മാത്രം സ്വന്തമായവരെയും മുഴുവന്‍ മാഫിയകളുടെ ആളുകളാക്കുന്നത് തെറ്റാണെന്നാണ് മറുവാദം. “അങ്ങനെയുള്ളവരുണ്ടാകും. എന്നാല്‍ എല്ലാവരും അത്തരക്കാരല്ല. അഷ്ടിക്കു വകയില്ലാതെ അലയുന്നവര്‍ വളരെയേറെയുണ്ട്. അവര്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുകയാണ്, തല ചായ്ക്കാന്‍ ഒരിടമില്ല, ധരിക്കാന്‍ നല്ല വസ്ത്രങ്ങളില്ല, അവര്‍ മുഷിഞ്ഞതും കീറിയതുമായ ഉടുപ്പുകളാണിട്ടിരിക്കുന്നത്, അവര്‍ ദിവസവും കുളിക്കുന്നവരും മറ്റുള്ളവരെ പോലെ വൃത്തിയായി നടക്കുന്നവരുമാകില്ല. പക്ഷേ അവര്‍ക്കും വിശപ്പുണ്ട്, മൂന്നുനേരം വേണമെന്നില്ല, ഒരു നേരമെങ്കിലും വയറു നിറച്ച് കഴിക്കണം; അത്തരക്കാരെ കണ്ടെത്തി അവരുടെ വിശപ്പ് മാറ്റണം, അതിനാകണം ഇത്തരം പദ്ധതികള്‍. എല്ലാ മനുഷ്യര്‍ക്കും വിശപ്പുണ്ട്, പാവപ്പെട്ടവനും പണക്കാരനും വിശക്കും, വഴിയില്‍ കിടക്കുന്നവനും വലിയ വീടുള്ളവനും വിശക്കും. വിശപ്പ് രഹിത നഗരം എന്നു പറയുമ്പോള്‍ ആ നഗരത്തില്‍ ഉള്‍പ്പെടുന്ന എല്ലാവിഭാഗം ആളുകളെയും ഒരുപോലെ പരിഗണിക്കണം. അതില്‍ കള്ളന്മാരും കൊള്ളക്കാരുമുണ്ടെങ്കില്‍ ഒഴിവാക്കിക്കോ, പക്ഷേ കള്ളനും കൊള്ളക്കാരനുമാണെന്ന പേരു പറഞ്ഞ് എല്ലാ പാവങ്ങളെയും ഒഴിവാക്കരുത്. വിശന്നപ്പോള്‍ മോഷ്ടിച്ചൊരുത്തനെ ഈ കേരളത്തില്‍ തല്ലിക്കൊന്നിട്ട് അധിക ദിവസമായിട്ടില്ല”, സൗത്ത് റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് കണ്ട റിട്ട. കോളേജ് അധ്യാപകനായ ജോര്‍ജ് ജെയിംസ് ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളാണിത്.

വളരെ മോശം വസ്ത്രം ധരിച്ച് വൃത്തിയില്ലാതെ നടക്കുന്നവരെ തങ്ങളുടെ ഹോട്ടലുകളില്‍ കയറ്റിയാല്‍ മറ്റ് കസ്റ്റമേഴ്‌സിന് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും വരുമാനം കുറയുമെന്നും രഹസ്യമായി സമ്മതിച്ച ഹോട്ടല്‍ ഉടമകളുമുണ്ട്. ഈ പ്രശ്നങ്ങളും ചോദ്യങ്ങളും നിലനില്‍ക്കുന്നത് സദുദ്ദ്യേശപരമായ ഒരു പദ്ധതിക്ക് മോശമാണ്. അധികൃതര്‍ ഈ പ്രതിസന്ധികളും പരാതികളും വേഗം പരിഹരിക്കുമെന്നാണ് കരുതുന്നത്.

അതേസമയം പദ്ധതിയുടെ തുടക്കത്തില്‍ അനര്‍ഹരായവര്‍ക്ക് കൂപ്പണ്‍ നല്‍കാനിടയായിട്ടുണ്ടെന്നും പദ്ധതിയുടെ അവലോകന യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായതിനെ തുടര്‍ന്ന് ഈ പ്രശ്‌നം ഒഴിവാക്കിയതായും അര്‍ഹതപ്പെട്ടവരെന്നു തോന്നുന്നവര്‍ക്ക് മാത്രമെ കൂപ്പണ്‍ നല്‍കാറുള്ളൂ എന്നും സൗത്ത് റെയില്‍വെ സ്റ്റേഷന്‍ മാനേജര്‍ വി രോഹിത് അഴിമുഖത്തോടു പറഞ്ഞു.

മലയാളികള്‍ കുറവ്

ഇതരസംസ്ഥാനക്കാരും ട്രെയിന്‍ യാത്രക്കാരും പദ്ധതിയുടെ പ്രധാന ഉപയോക്താക്കളാണെന്നാണ് റയില്‍വേ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതരസംസ്ഥാനക്കാരനായ റാം കൊച്ചിയില്‍ കൂലിപ്പണിക്കാരനാണ്. കൈയ്യില്‍ പണമില്ലാത്ത സമയങ്ങളില്‍ നുമ്മ ഊണ് കൂപ്പണ്‍ വാങ്ങി ഭക്ഷണം കഴിക്കുമെന്നു റാം പറയുന്നു. തന്നെപ്പോലെ പലരും ഈ കൂപ്പണ്‍ ഉപയോഗിക്കാറുണ്ടെന്നും വളരെ നല്ല കാര്യമാണിതെന്നും പറയുമ്പോള്‍ റാമിന്റെ മുഖത്ത് നന്ദി സൂചകമായ പുഞ്ചിരി.

അതേസമയം നുമ്മ ഊണ് കൂപ്പണ്‍ നല്‍കി ഭക്ഷണം വാങ്ങി കഴിക്കുന്ന മലയാളികള്‍ കുറവാണെന്നാണ് സൗത്ത് ജംഗ്ഷനിലെ ആര്യഭവന്‍ ഹോട്ടലിലെ മാനേജര്‍ സുകുമാരന്‍ പറയുന്നത്. സ്ഥിരമായി കൂപ്പണ്‍ നല്‍കി ഭക്ഷണം കഴിക്കുന്നവര്‍ കുറവാണെന്നും ട്രെയിന്‍ യാത്രക്കാരാണ് അധികവും കൂപ്പണുമായി വന്ന് ആഹാരം കഴിക്കുന്നതെന്നും സുകുമാരന്‍ പറയുന്നു.

ഫിഷ് ഫ്രൈ ഇല്ലേ?

സൗജന്യ ഭക്ഷണം ആയാലും വിഭവസമൃദ്ധമായി തന്നെ കിട്ടണമെന്നതാണ് മലയാളിയുടെ ആവശ്യമെന്ന് ഹോട്ടല്‍ ഉടമകള്‍. കൂപ്പണ്‍ ഉപയോഗിച്ച് ഊണ് കഴിച്ചുകൊണ്ടിരുന്നൊരാള്‍ ചോദിച്ചത്, ഫിഷ് ഫ്രൈ ഇല്ലേ എന്നാണ്. ചോദ്യം കേട്ട് ഞെട്ടിയ ഹോട്ടല്‍ അധികൃതര്‍ ഈ കൂപ്പണിന് സാധാരണ ഊണ് മാത്രമെ ലഭിക്കൂ എന്ന ഉത്തരം നല്‍കിയപ്പോള്‍ മറുചോദ്യം ഇങ്ങനെ; അതെന്താ ഞങ്ങള്‍ക്ക് ഫിഷ് ഫ്രൈ തന്നാല്‍? വിശപ്പ് അകറ്റാന്‍ വേണ്ടി വരുന്ന ഒരാളില്‍ നിന്നും ഇത്തരം ഒരു ചോദ്യം ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ലെന്ന് സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തെ മുഗള്‍ ഹോട്ടലിലെ മാനേജര്‍ പി.എ മുസ്തഫ പറഞ്ഞു.

എങ്കിലും ഒരു നല്ലകാര്യത്തിന്റെ ഭാഗമായതിന്റെ സന്തോഷം ഈ ഹോട്ടലുടമകളുടെയും സംസാരത്തിലുണ്ട്. വിശന്നിരിക്കാത്തവരുടെ നാടായി ഈ കേരളം മാറാന്‍ നുമ്മ ഊണ് പോലുള്ള പദ്ധതികള്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വിജയമാകട്ടെ എന്ന് എല്ലാവരും സമ്മതിക്കുന്നു…

പണമില്ലാത്തതുകൊണ്ട് ഇനിയാരും പട്ടിണി കിടക്കേണ്ട; സിപിഎമ്മിന്റെ ജനകീയ ഭക്ഷണശാലയിലേക്ക് സ്വാഗതം

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍