UPDATES

ലോകം ക്രിസ്തുമസ് ആഘോഷിച്ചപ്പോള്‍ ക്രിസ്തുവിന്റെ ഈ മണവാട്ടികള്‍ എന്തു ചെയ്യുകയായിരുന്നു?

“കഴിഞ്ഞ കൊല്ലം തൊട്ട് തന്നെ ഞങ്ങള്‍ അവരുടെ ടാര്‍ഗറ്റുകളായിരുന്നു”-സി. അനുപമ

ലോകം ഇന്നലെ ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിച്ചപ്പോള്‍, അതേ ക്രിസ്തുവിന്റെ മണവാട്ടിമാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആറ് കന്യാസ്ത്രീകള്‍ എങ്ങനെയാണ് തങ്ങളുടെ രക്ഷകന്റെ ജനന ദിവസത്തെ സ്വീകരിച്ചിരിക്കുക?

ഇവിടെ പറയുന്ന ആറ് കന്യാസ്ത്രീകളെ നമുക്കറിയാം. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ പേര് രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കലിന്റെ ക്രൂരതയ്ക്ക് ഇരയായി തീര്‍ന്ന കന്യാസ്ത്രീയും അവരുടെ നീതിക്കായി അവര്‍ക്കൊപ്പം എല്ലാ ത്യാഗങ്ങളും വെല്ലുവിളികളും നേരിട്ട് കൂടെ നില്‍ക്കുന്ന അഞ്ചു കന്യാസ്ത്രീകളും. എങ്ങനെയായിരുന്നു അവരുടെ ക്രിസ്തുമസ്!

എല്ലാവരേയും പോലെ കര്‍ത്താവിന്റെ തിരുപ്പിറവി ഞങ്ങള്‍ക്ക് ആഘോഷിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ മനസ് കൊണ്ട് ഞങ്ങളാറുപേരും ഉണ്ണി ഈശോയുടെ ജനനം ആഘോഷിച്ചു. ആറുപേരും ഒരുമിച്ചിരുന്ന്. കര്‍ത്താവിന്റെ ജീവിതവും ത്യാഗവും പിന്തുടരാന്‍ തീരുമാനിച്ച്, അതിനുവേണ്ടി തയ്യാറെടുക്കുകയാണ് ഞങ്ങള്‍. നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍, അപകടങ്ങള്‍; ഇതെല്ലാം തരണം ചെയ്യാന്‍ ശക്തി സംഭരിക്കുകയാണ് ഞങ്ങളിപ്പോള്‍.

ഈ ക്രിസ്തുമസ് അല്ല, കഴിഞ്ഞ തവണ തൊട്ട് മനസ് തുറന്ന് ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. ഞങ്ങളെ വേട്ടയാടി പിടിക്കാന്‍, ഞങ്ങളെ ഇല്ലാതാക്കാന്‍ ചുറ്റും വട്ടമിട്ട് പറക്കുന്ന കഴുകന്മാര്‍ക്കിടയില്‍ ഞങ്ങള്‍ക്കെങ്ങനെ ആഘോഷങ്ങള്‍ക്കാകും; സിസ്റ്റര്‍ അനുപമയുടെതാണ് ചോദ്യം.

കുറ്റവാളികള്‍ക്കും അസാന്മാര്‍ഗികള്‍ക്കും ശത്രുക്കളാകുന്നതിനു മുമ്പുള്ള ക്രിസ്തുമസ് കാലത്തേക്ക് കുറിച്ച് വാചാലതയോടെ സംസാരിക്കാനുണ്ട് ഈ കന്യാസ്ത്രീകള്‍ക്ക്. ക്രിസ്തുമസിനും നാലഞ്ച് നാളുകള്‍ക്കു മുന്നേ തുടങ്ങുന്ന ജോലികള്‍. അത് തീരുന്നതാകട്ടെ, ഡിസംബര്‍ 24 ന് രാത്രി പതിനൊന്നരയ്ക്ക് തുടങ്ങുന്ന കുര്‍ബാനയ്ക്ക് അഞ്ചോ പത്തോ മിനിട്ടു മുമ്പ് മാത്രം. അത്ര തിരക്കിട്ട്, വിശ്രമമില്ലാതെ, പുല്‍ക്കൂട് കെട്ടലും പള്ളിയലങ്കരിക്കലും അങ്ങനെയെല്ലാമായി ഓടി നടന്ന് കര്‍ത്താവിന്റെ ജനനം ആഘോഷമാക്കാന്‍ വേണ്ടുന്ന എല്ല ഒരുക്കങ്ങളും യാതൊരു മടിയോ വിഷമമോ കൂടാതെ, പൂര്‍ണമായ അനന്തത്തില്‍ ആത്മാര്‍ത്ഥതയില്‍ ചെയ്തു തീര്‍ത്തിരുന്ന കാലം ഇപ്പോളവരുടെ ഓര്‍മയിലേക്ക് പോയിരിക്കുന്നു.

വെറുതെ പറയുന്നതല്ല, ക്രിസ്തുമസിനു നാലഞ്ച് ദിവസങ്ങള്‍ക്കു മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയാല്‍ 24 ന് രാത്രി പതിനൊന്നരയ്ക്കുള്ള കുര്‍ബാനയ്ക്ക് തൊട്ടു മുമ്പ് മാത്രമായിരിക്കും ജോലി തീരുന്നത്. അതുപോലെ കിടന്നു പണിയെടുക്കും. നില്‍ക്കാന്‍ പോലും നേരമില്ലാതെ. പഞ്ചാബില്‍ ആയിരുന്നപ്പോള്‍ കൊടുംതണുപ്പിലാണ് ഈ ജോലികളെല്ലാം ചെയ്യുന്നത്. പഞ്ചാബില്‍ ക്രിസ്തുമസ് കേരളത്തിലെക്കാള്‍ വലിയ ആഘോഷമാണ്. പുല്‍ക്കൂട് ഉണ്ടാക്കലും പള്ളി അലങ്കരിക്കലും മറ്റുമായി ഭയങ്കര തിരക്കായിരിക്കും. മൂന്നു പേരൊക്കെ ഉള്ളായിരിക്കും ഒരു മഠത്തില്‍, അതിന്റെതായ ജോലിക്കൂടുതലായിരിക്കും. ഇരിക്കാനും പോലും സമയം കിട്ടാത്തയാത്ര തിരക്കായിരിക്കും; തന്റെ ഓര്‍മകള്‍ പറയുമ്പോള്‍ സി. അനുപമയുടെ വാക്കുകളില്‍ മുഴുവന്‍ ആഹ്ലാദം.

ബിഷപ്പ് ഫ്രാങ്കോയ്ക്കോക്കെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയേയും സമരം ചെയ്തവരേയും മഠത്തില്‍ നിന്നു പുറത്താക്കാനും നീക്കം

ഈ ആഹ്ലാദം അവരില്‍ നിന്നും ഇല്ലാതാക്കിയവര്‍ ഇത്തവണയും പതിവു പോലെ ക്രിസ്തുമസ് ആഘോഷിച്ചു. പക്ഷേ ഇവരോ?

നമ്മുടെ സിസ്റ്ററിന്(ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടി വന്ന സിസ്റ്റര്‍) കഴിഞ്ഞ ക്രിസ്തുമസും നല്ലൊന്നായിരുന്നില്ല. അന്നും സിസ്റ്ററുടെ കൂടെയുണ്ടായിരുന്നത് അവരെ എങ്ങനെയെങ്കിലും പാഠം പഠിപ്പിക്കാന്‍ വേണ്ടി വന്നവരായിരുന്നു. സിസ്റ്ററെ എങ്ങനെയെങ്കിലും മഠത്തില്‍ നിന്നും പറഞ്ഞു വിടണമെന്ന ചിന്തയോടു കൂടി വന്നൊരാളായിരുന്നു ഇവിടുത്തെ മദര്‍. കഴിഞ്ഞ ക്രിസ്തുമസിന്റെ തലേദിവസമായിരുന്നു സിസ്റ്റര്‍ പഞ്ചാബില്‍ പോയിട്ട് തിരിച്ചു വന്നത് തന്നെ. മഠത്തില്‍ കിടന്നിരുന്ന കാര്‍ ഓടിച്ചു എന്ന കുറ്റത്തിന് മദര്‍ ജനറാളമ്മയ്ക്ക് പരാതി കത്ത് നല്‍കുകയും അതിന്റെ പേരില്‍ സിസ്റ്ററെ പഞ്ചാബിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. അവിടെ പോയിട്ട് തിരിച്ച് 24 ന് ആയിരുന്നു സിസ്റ്റര്‍ കുറവിലങ്ങാട് തിരിച്ച് എത്തുന്നത്. അതുകൊണ്ട് തന്നെ സിസ്റ്ററിന് കഴിഞ്ഞ ക്രിസ്തുമസിനും ആഘോഷം ഒന്നും ഇല്ലായിരുന്നു, ഈ ക്രിസ്തുമസിനും.

കുറവിലങ്ങാട് മഠത്തില്‍ ഇവര്‍ ആറുപേരെ കൂടാതെയുള്ളവര്‍ നടത്തിയ ആഘോഷത്തിലും പങ്കെടുക്കാതെ ഒതുങ്ങി നില്‍ക്കുകയായിരുന്നു. ഇത്തവണ മഠത്തിലെ മറ്റുള്ളവരൊക്കെ ക്രിസ്തുമസ് ആഘോഷിച്ചിരുന്നു. പച്ചക്കറി തോട്ടത്തിലും കോഴിക്കുഞ്ഞുങ്ങളുടെ ഇടയ്ക്കുമൊക്കെയായിരുന്നു ഞങ്ങളുടെ ക്രിസ്തുമസ്. രാത്രി കുര്‍ബാനയ്ക്ക് പോയില്ല. പള്ളിയിലേക്കു പോകേണ്ടെന്നു നേരത്തെ തീരുമാനിച്ചതായിരുന്നു. ക്രിസ്തുമിന്റെ അന്ന് മഠത്തില്‍ കുര്‍ബാന ഉണ്ടായിരുന്നു, അതില്‍ പങ്കെടുത്തു ; അനുപമയുടെ വാക്കുകള്‍.

മെത്രാന്മാരെ, അവൻ നിങ്ങളുടെ ബലി സ്വീകരിക്കില്ല; ഈ ക്രിസ്തുമസിന് ക്രിസ്തു കുറവിലങ്ങാട് മഠത്തിൽ

ജീവിതത്തില്‍ ആദ്യമായിട്ടാണോ ഇങ്ങനെയൊരു ക്രിസ്തുമസ് കടന്നു പോയതെന്നു ചോദിച്ചാല്‍ സി. അനുപമയ്ക്ക് പറയാന്‍ ചിലതുണ്ട്. കഴിഞ്ഞ കൊല്ലവും ഇതുപോലെയൊക്കെ തന്നെയായിരുന്നു. കഴിഞ്ഞ കൊല്ലം തൊട്ട് തന്നെ ഞങ്ങള്‍ അവരുടെ ടാര്‍ഗറ്റുകളായിരുന്നു. മാനസികമായി ഞങ്ങളെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ ക്രിസ്തുമസിന് ഞാന്‍ പഞ്ചാബില്‍ ആയിരുന്ന സമയത്താണ്, മറ്റൊരു സിസ്റ്ററെ വിട്ട് ഫ്രാങ്കോ എന്നെ വിളിപ്പിക്കുന്നത്. നമ്മുടെ സിസ്റ്ററെ കുറിച്ച് കുറെ കുറ്റങ്ങളൊക്കെ പറഞ്ഞ് കേള്‍പ്പിച്ചു. അതിന്റെ പേരില്‍ ഞാനൊരു കത്ത് എഴുതുകയുണ്ടാക്കി. സ്ത്രീകളുടെ ഭാഗത്ത് നിന്ന്(കന്യാസ്ത്രീകള്‍) ആദ്യമായി ഫ്രാങ്കോയ്‌ക്കെതിരേ ഒരു കത്ത് എഴുതുന്നത് ഞാനായിരുന്നു. അത് ഫ്രാങ്കോയുടെ ശത്രുത എന്നോട് തിരിയാനും കാരണമായി. അതിന്റെ പേരില്‍ എന്നോട് പലവഴിയില്‍ പ്രതികാരം നടത്താന്‍ നോക്കി. എന്റെ, സിസ്റ്ററുടെ(ഇരയാക്കപ്പെട്ട കന്യാസ്ത്രീ) സിസ്റ്റര്‍ നീന റോസിന്‍റെയൊക്കെ ഉടുപ്പ് ഊരിക്കും വീട്ടില്‍ പറഞ്ഞു വിടും എന്ന് ഫ്രാങ്കോ ഭീഷണി മുഴക്കി. ഞങ്ങളൊക്കെ അന്നുതൊട്ടെ ഫ്രാങ്കോയുടെ ടാര്‍ഗറ്റുകളായിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ ക്രിസ്തുമസ് ഒന്നും ഉള്ളുകൊണ്ട് സന്തോഷിച്ച് ആയിരുന്നില്ല കഴിഞ്ഞ വര്‍ഷവും ഞാന്‍ ആഘോഷിച്ചത്. ജോലികളൊക്കെ ചെയ്തിരുന്നുവെങ്കിലും മനസ് വിഷമിച്ചായിരുന്നു. ബിഷപ്പിനെതിരെ കത്ത് എഴുതിയതിന്റെ പേരില്‍ എന്നെക്കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ കുറെ കളിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ സമരം ചെയ്തതപ്പോഴും ഞങ്ങളെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ നോക്കിയതുപോലെ. അതിന്റെ പേരില്‍ ജനറാളമ്മ എനിക്ക് കത്തും തന്നിരുന്നു. ക്രിസ്തുമസിന് മുമ്പായി ബിഷപ്പിനോട് ഞാന്‍ മാപ്പ് പറയണമെന്നാവിശ്യപ്പെട്ട്. കത്ത് കിട്ടിയ വിവരം ഞാന്‍ അവിടെ ഒപ്പമുണ്ടായിരുന്നു എന്റെ ബന്ധുകൂടിയായ അച്ചനോട് പറഞ്ഞു. ജനറാളമ്മയോട് സംസാരിക്കാന്‍ എന്റെ കൂടെ വരണം എന്നും അദ്ദേഹത്തോട് പറഞ്ഞു. അച്ചനും എനിക്കൊപ്പം ജനറാളമ്മയെ കാണാന്‍ വന്നിരുന്നു. ഞാന്‍ മാപ്പ് പറയണമെന്നായിരുന്നു ജനറാളമ്മയുടെ ആവശ്യം. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്നു തിരിച്ചു ചോദിച്ചു. തെറ്റ് എന്താണ് ഞാന്‍ ചെയ്തതെന്നു പറഞ്ഞാല്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് എന്റെ നലപാട് വ്യക്തമാക്കി. ഞാന്‍ ആരോടും മാപ്പ് പറയാനും പോയില്ല.

ഈ ക്രിസ്തുമസ് തങ്ങള്‍ ആഘോഷിച്ചില്ല എന്നു പറയുന്നില്ല. മനസ് കൊണ്ട് ഉണ്ണി ഈശോയുടെ തിരുപ്പിറവി ഞങ്ങള്‍ ആഷോഘിച്ചു. യേശു പിറവി കൊണ്ട് എന്തിനാണോ, ആ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ജീവിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അതിനുവേണ്ടിയാണ് ഞങ്ങള്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. സത്യത്തിനുവേണ്ടി നിലകൊള്ളും, അതിനുവേണ്ടി എന്ത് ത്യാഗം സഹിക്കേണ്ടി വന്നാലും. കര്‍ത്താവ് ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. ആ കര്‍ത്താവിന്റെ പാതയിലൂടെ ഞങ്ങള്‍ സഞ്ചരിക്കുകയാണ്; ക്രിസ്തുവിന്റെ മണവാട്ടികളായ അവര്‍ ആറുപേര്‍ക്കും വേണ്ടി സിസ്റ്റര്‍ അനുപമ പറയുന്നു.

കുറവിലങ്ങാട് മഠത്തില്‍ അപ്രതീക്ഷിത നേതൃമാറ്റം; ബിഷപ്പ് ഫ്രാങ്കോയുടെ ആളുകളെ കുത്തി നിറച്ച് പരാതിക്കാരായ കന്യാസ്ത്രീകളെ ഒതുക്കാന്‍ നീക്കം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍