UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

ട്രെന്‍ഡിങ്ങ്

കെ സുധാകരന്റെ ഭക്തർ ശവഘോഷയാത്ര നടത്തിയ പി രാമകൃഷ്ണന്‍ കോണ്‍ഗ്രസ്സിനുള്ളിലെ ‘പടയാളി’യായിരുന്നു

കെ പി സി സി ജനറൽ സെക്രട്ടറിയും കണ്ണൂർ മുൻ ഡി സി സി പ്രസിഡന്റും ആയിരുന്ന പി രാമകൃഷ്ണൻ അന്തരിച്ചു

കെ എ ആന്റണി

കോൺഗ്രസിലെ നിതാന്ത വിപ്ലവകാരി. ഗാന്ധിയൻ ആദർശങ്ങളോട് കടുകിട വിട്ടുവീഴ്ച ചെയ്യാത്ത ആൾ. ഒന്നും സമ്പാദിച്ചില്ലെങ്കിലും ആവുമായിരുന്നിട്ടും ഒരു ഉദ്യോഗത്തിനുവേണ്ടിയും ഒരിടത്തും ഒരാളോടും ശിപാർശ പറയാത്ത ആളായിരുന്നിട്ടുകൂടി ഇന്നും മക്കൾ ഹൃദയത്തിൽ പൂവിട്ടു പൂജിക്കുന്ന ഒരു തനി ഗാന്ധിയൻ. ഒരുപക്ഷെ ഇന്ന് കാലത്ത് 10.20നു കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി വിടവാങ്ങിയ കെ പി സി സി ജനറൽ സെക്രട്ടറിയും കണ്ണൂർ മുൻ ഡി സി സി പ്രസിഡന്റും ആയിരുന്ന പി രാമകൃഷ്ണൻ (77) എന്ന കോൺഗ്രസ് നേതാവിനെ വിശേഷിപ്പിക്കാൻ ഈ വാക്കുകൾ പോരെന്നു തോന്നുന്നു. കാരണം പുതിയവീട്ടിൽ രാമകൃഷ്ണൻ എന്ന പി രാമകൃഷ്ണനെ അടുത്തുനിന്നു അറിഞ്ഞവർക്കുപോലും പിടികൊടുക്കാത്ത ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.

കാതലുള്ള കലാപകാരി. പക്ഷെ മനസ്സിൽ നിറയെ ഗാന്ധിജിയും ഗാന്ധിസവും ഒക്കെ ആയിരുന്നതിനാൽ തീ കൊണ്ടോ കത്തി കൊണ്ടോ ഉള്ള കലാപത്തെയും വിപ്ലവത്തെയും എന്നും അതിശക്തമായി എതിർത്തയാൾ. അല്ലെങ്കിലും ഗാന്ധിജി മുന്നോട്ടു വെച്ച ഹരിജനോദ്ധാരണത്തിന്റെ പേരിൽ ഏറെ പഴി കേട്ട, സ്വസമുദായത്തിൽ നിന്നുപോലും അവഹേളനം ഏറ്റുവാങ്ങേണ്ടിവന്ന ആർ കുഞ്ഞിരാമൻ മാസ്റ്ററുടെയും പി മാധവി അമ്മ എന്ന മലബാർ ഡിസ്ട്രിക്ട് സ്കൂൾ ടീച്ചറുടെയും അഞ്ചു മക്കളിൽ ഏറ്റവും ഇളയവനായി ജനിച്ച രാമകൃഷ്ണൻ കണ്ടു വളർന്നത് അച്ഛനെ മാത്രമായിരുന്നില്ല, അച്ഛൻ മാനേജർ ആയുള്ള ആർ കെ യു പി സ്കൂളിലെ ജീവനക്കാരുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിൽ അച്ഛനെതിരെ കലാപക്കൊടി ഉയർത്തിയ സ്വന്തം ജ്യേഷ്ഠൻ പി ഗോപാലനെ കൂടിയായിരുന്നു. അന്നത്തെ ആ സമരത്തിൽ വിജയം ഗോപാലനൊപ്പമായിരുന്നെങ്കിലും അന്ന് അയാൾക്ക് നാട്ടുകാർ ഒരു പേര് സമ്മാനിച്ചു: പ്രഹ്ലാദൻ ഗോപാലൻ. അകാലത്തിൽ പൊലിഞ്ഞുപോയ ജ്യേഷ്ടൻ എല്ലാ അർത്ഥത്തിലും തനിക്കു പ്രചോദനവും മാതൃകയുമായിരുന്നുവെന്നു പി രാമകൃഷ്ണൻ എന്ന കണ്ണൂർക്കാരുടെ പി ആർ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. രണ്ടാം കേരള നിയമസഭയിൽ കണ്ണൂരിലെ മാടായി മണ്ഡലത്തിൽ നിന്നും എം എൽ എ ആയ ഗോപാലനും കണ്ണൂരിൽ ഡി സി സി പ്രസിഡന്റ് ആയിരുന്നിട്ടുണ്ട്.

വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ കോൺഗ്രസ് പ്രവർത്തനത്തിൽ സജീവമായ പി ആർ എന്ന പി രാമകൃഷ്ണൻ സ്വന്തം പാർട്ടിയിലെ റെക്കോഡുകളോട് ഒരിക്കലും സമരസപ്പെടാത്ത ഒരാളായിരുന്നു. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ കളക്ടറേറ്റു മാർച്ചിൽ പങ്കെടുത്തു ജയിൽ വാസം അനുഭവിച്ചുകൊണ്ട് ആവണമെന്നില്ല ഇത്. അദ്ദേഹം തന്നെ ഒരിക്കൽ പറഞ്ഞതുപോലെ ആദ്യം അച്ഛനിൽ നിന്നും പിന്നീട് അച്ഛനെതിരെ ജാഥ നയിച്ച ജ്യേഷ്ഠനിൽ നിന്നും പകർന്നുകിട്ടിയ നേർമാർഗത്തിന്റെ ഒരിക്കലും കെടാത്ത ഒരു കൈത്തരിവെട്ടം കെടാതെ സൂക്ഷിച്ചതുമാകണം. വിദ്യാർത്ഥി രാഷ്ട്രീയം വിട്ടു യൂത്ത് കോൺഗ്രസിൽ എത്തിയ പി ആർ 69ൽ പാർട്ടി പിളർന്നപ്പോൾ ഇന്ദിര ഗാന്ധിക്കൊപ്പം നിന്നെങ്കിലും പിന്നീട് എ കെ ആന്റണിയും സംഘവും അറസ് കോൺഗ്രസിന്റെ ഭാഗമായപ്പോൾ അവർക്കൊപ്പം ആയിരുന്നു. ആന്റണിയും കൂട്ടരും വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയപ്പോൾ പി ആർ കുറച്ചുകാലം കോൺഗ്രസ് എസിനൊപ്പം നിലയുറപ്പിച്ചു.

1982 ൽ പേരാവൂർ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പി ആർ മത്സരിച്ചതിനെക്കുറിച്ചു കോൺഗ്രസ് എസ് നേതാവും മുൻ പത്രപ്രവർത്തകനുമായ യു ബാബു ഗോപിനാഥ് പണ്ടൊരിക്കൽ പങ്കുവെച്ച ഒരു സംഭവം ഓര്‍മ്മ വരുന്നു. കണ്ണൂർ ജില്ലയിൽ പെട്ട പേരാവൂർ മണ്ഡലം അന്നൊക്കെ ലക്ഷണമൊത്ത ഒരു കോൺഗ്രസ് മണ്ഡലം എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ആ തിരഞ്ഞെടുപ്പിലും ആന്റണി കോൺഗ്രസുകാരനായ കെ പി നൂറുദ്ദീൻ തന്നെയായിരുന്നു യു ഡി എഫ് സ്ഥാനാര്‍ത്ഥി. കോൺഗ്രസ് എസ്സിന് ആരും തന്നെയില്ലാത്ത മുഴക്കുന്നു പഞ്ചായത്തിൽ ഒരു തിരെഞ്ഞെടുപ്പ് മീറ്റിങ് നടക്കുന്നു. അതൊരു സി പി എം കോട്ടയാണ്. അവിടെ കോൺഗ്രസ് എസ്സിന്റെ പതാക സി പി എം പതാകക്കൊപ്പം കെട്ടാൻ അനുവദിച്ചില്ലെന്ന് ഒരു എസ് കോൺഗ്രസ്സുകാരൻ പാതിവഴിയിൽ വെച്ച് പി ആറിനോട് ആവലാതി പറയുന്നു. മീറ്റിംഗ് സ്ഥലത്ത് എത്തിയ പി ആർ തന്റെ പാർട്ടിയുടെ പതാക കാണാത്തതിൽ കലഹിച്ചു വേദിവിട്ടു ഇറങ്ങിപ്പോകുന്നു. വെറും 128 വോട്ടിനാണ് അന്ന് പി ആർ തോറ്റത്. പി ആറിന്റെ ഇറങ്ങിപ്പോക്കിൽ കലിപൂണ്ട സഖാക്കൾ പറ്റിച്ച പണിയെന്ന് ബാബു ഗോപിനാഥ്.

അധികം വൈകാതെ തന്നെ കോൺഗ്രസിലേക്ക് മടങ്ങിയ പി ആർ പിന്നീട് ഇക്കാലമത്രയും ആ പാർട്ടിക്ക് ഒപ്പം തന്നെയായിരുന്നു, ഒരു പക്ഷെ എ കോൺഗ്രസിൽ എന്ന് പറയുന്നതാവും കൂടുതൽ ശരി. പക്ഷെ അവിടെ ആയിരിക്കുമ്പോഴും പി ആർ എന്നും കലാപകാരിയായിരുന്നു. അനീതിക്കെതിരെയും അധാർമിക രാഷ്ട്രീയത്തിനെതിരെയും മുഴങ്ങുന്ന ശബ്‌ദമായി അദ്ദേഹം നിലകൊണ്ടു. 1973ൽ അദ്ദേഹം കണ്ണൂരിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ‘പടയാളി’ എന്ന പത്രത്തിന്റെ പേര് തന്നെ അങ്ങനെ ആയി എന്നത് ആർക്കും കീഴടങ്ങാത്ത പി ആറിന്റെ മനസ്സിനെ സൂചിപ്പിക്കുന്നു. 23 വർഷത്തിന് ശേഷം പടയാളി അടച്ചു പൂട്ടുമ്പോഴും നേര് മാത്രം എഴുതുന്ന ഒരു പാത്രമായി അത് നിലകൊണ്ടു. പിന്നീട് ‘ദേശവാണി’ എന്ന പേരിൽ ഒരു മാസിക തുടങ്ങിയെങ്കിലും അത് കുറച്ചു ലക്കങ്ങൾ മാത്രം പ്രസിദ്ധീകരിച്ച ശേഷം അപ്രത്യക്ഷമായി.

കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സുധാകരൻ യുഗം പിറന്നതോടെ പി ആറിലെ കാതലുള്ള ധിക്കാരി കരുത്തുകാട്ടി തുടങ്ങി. അക്രമ രാഷ്ട്രീയമല്ല കോൺഗ്രസ് രീതി എന്ന് തുറന്നെഴുതുന്ന മുഖപ്രസംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു അക്കാലത്ത് പടയാളി. എ കോൺഗ്രസിലെ സൗമ്യ മുഖമായ കെ പി നൂറുദീൻ ശ്രമിച്ചിട്ട് നടക്കാതെ വന്നപ്പോൾ സാക്ഷാൽ എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയുമൊക്കെ ഉപദേശിച്ചു നോക്കി. പക്ഷെ പി ആർ വഴങ്ങാൻ ഒരുക്കമായിരുന്നില്ല. ഒടുവിൽ പൂട്ടിക്കെട്ടും വരെ പി ആറിന്റെ സുധാകര വിരുദ്ധ ഘോഷണം പടയാളിയിലൂടെ മുഴങ്ങിക്കൊണ്ടിരുന്നു. അതിന്റെ തിക്തഫലം പി ആർ അനുഭവിക്കാൻ ഇരിക്കുന്നതേയുണ്ടായിരുന്നുള്ളു; സുധാകരൻ മാറി പി ആറിനെ കണ്ണൂരിൽ ഡി സി സി പ്രസിഡണ്ട് ആക്കിയ കാലത്തായിരുന്നു അത്. സുധാകരനെ പരസ്യമായി വിമര്‍ശിക്കുന്നതിന്റെ പേരിൽ ഒരു ദിനം ഡി സി സി ഓഫീസിൽ കയറാനാവാതെ പി ആറിന് പുറത്തു നിൽക്കേണ്ടിവന്നു. പക്ഷെ ഓഫീസിനു പുറത്തെ മരത്തണലിൽ ഒരു കസേര സംഘഘടിപ്പിച്ചു ഉപവസിച്ചു പി ആർ അന്നും സ്റ്റാർ ആയി. രോഷം പൂണ്ട സുധാകര ഭക്തർ അന്ന് തെരുവിൽ പി ആറിന്റെ കോലം ചുമന്നു ശവഘോഷയാത്ര നടത്തി. ഇതേ പോലൊരു അനുഭവം ഒരു പക്ഷെ അടുത്ത കാലത്തൊന്നും കേരളത്തിൽ ഒരു കോൺഗ്രസ് നേതാവിനും ഉണ്ടായിട്ടുണ്ടാവില്ല.

ഒരു പക്ഷെ നാളെ പയ്യാമ്പലത്തേക്കു പി ആറിന്റെ ചേതനയറ്റ ശരീരം സംസ്കാരത്തിന് കൊണ്ടുപോകുമ്പോൾ പി ആർ എന്ന ആദർശ രാഷ്ട്രീയക്കാരനെ ഇഷ്ട്ടപ്പെട്ടിരുന്നവർ ഒരു പക്ഷെ ആ പഴയ സംഭവം എങ്ങനെയായിരിക്കും ഓർമിക്കുക എന്ന് ഒരുവേള ചിന്തിച്ചു നോക്കി. ഒരുപക്ഷെ അന്ന് പി ആറിന്റെ കോലം പയ്യാമ്പലത്തേക്കു ചുമന്നുകൊണ്ടുപോയി കത്തിച്ചവർ തന്നെ അദ്ദേഹത്തിന്റെ മൃതദേഹം ചുമക്കുന്നു എന്നാവാതിരുന്നാൽ അത്രയും നന്ന് എന്ന ഒരു പ്രാത്ഥന മാത്രം ബാക്കിവെച്ചുകൊണ്ടു നിറുത്തുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍