UPDATES

ഗാന്ധിജിക്ക് ചെറുനാരങ്ങ സമ്മാനിച്ച കുട്ടി,13 ആം വയസില്‍ ആദ്യ അറസ്റ്റ്,’ചൈനീസ് ചാരന്‍’; വി വിശ്വനാഥ മേനോന്‍ എന്ന രാഷ്ട്രീയ ചരിത്രം

50കളിലും 60കളിലും കൊച്ചിയിലെ യുവാക്കളെ ഏറെ ആവേശം കൊള്ളിച്ച വ്യക്തിത്വമായിരുന്നു വി. വിശ്വനാഥ മേനോന്റേത്

ബജറ്റ് വില്‍ക്കാത്ത അപൂര്‍വം ധനമന്ത്രിമാരില്‍ ഒരാളായിരുന്നു അമ്പാടി വിശ്വം എന്ന് അടുപ്പക്കാര്‍ വിളിച്ചിരുന്ന വി.വിശ്വനാഥ മേനോന്‍. ബജറ്റ് ചിലര്‍ വില്‍ക്കുക സ്വന്തം കുടുംബക്കാര്‍ക്ക് വേണ്ടിയാകും. മറ്റു ചിലരാവട്ടെ പാര്‍ട്ടിയ്ക്കു വേണ്ടിയും. വേറെ ചിലര്‍ ഇതിനു രണ്ടിനും വേണ്ടി ഒരുപോലെ വില്‍ക്കും. എന്നാല്‍ വി.വിശ്വനാഥ മേനോന്‍ എന്ന 1987ലെ നായനാര്‍ മന്ത്രിസഭയിലെ ധനമന്ത്രി ഇത്തരക്കാരില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തനായിരുന്നു. മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ച് ജീവിക്കാന്‍ അദ്ദേഹം ഒരുമ്പെട്ടില്ല. തികച്ചും കറകളഞ്ഞ വ്യക്തിത്വം. തികഞ്ഞ മാന്യന്‍. അഭിജാതമായ മൂല്യങ്ങളാല്‍ പടുത്തുയര്‍ത്തിയ രാഷ്ട്രീയ ജീവിതം.

നഗരസഭ കൗണ്‍സിലര്‍ മുതല്‍ എംഎല്‍എ, എംപി, മന്ത്രി സ്ഥാനങ്ങളൊക്കെ കരഗതമായപ്പോഴും സ്വന്തം കരങ്ങള്‍ സംശുദ്ധമാക്കാന്‍ നിഷ്ഠവെച്ചു. വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വി.വിശ്വനാഥ മേനോന്‍ ഉന്നത മൂല്യങ്ങള്‍ മുറുകെ പിടിച്ചു. സമകലീക സമൂഹത്തിന് അത്രയ്ക്കൊന്നും പഥ്യമല്ലാത്ത ആദര്‍ശാത്മകതയെ ജീവിതത്തിന്റെ കൊടിയടയാളമാക്കി. രണഭേരികള്‍ നിറഞ്ഞതായിരുന്നു ആ ജീവിതം. കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്ന കുടുംബ സാഹചര്യം. അവിടെ നിന്നായിരുന്നു തുടക്കം. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം. അക്കാലത്ത് ചൈനീസ് ചാരനെന്ന് മുദ്രചാര്‍ത്തിയും ജയില്‍ ജീവിതം അനുഭവിക്കേണ്ടിവന്നു.

എന്നാല്‍ ജീവിത സായന്തനത്തില്‍ സിപിഎമ്മിനെതിരേയും ഈ തൊഴിലാളി നേതാവ് നിലപാട് സ്വീകരിച്ചു. 2004ലെ ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ മത്സരരംഗത്ത് എത്തിയത് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും അകറ്റി. സിപിഎം വിമതരായിരുന്ന വി.ബി. ചെറിയാന്റേയും മറ്റും നേതൃത്വത്തിലുള്ള ബിടിആര്‍-ഇഎംഎസ്-എകെജി ജനകീയ സാംസ്‌കാരിക വേദിയും ബിജെപിയും വിശ്വനാഥ മേനോനെ പിന്തുണച്ചുവെങ്കിലും സ്വന്തം പാര്‍ട്ടി കുടുംബത്തില്‍ നിന്നും അകന്നുപോകുന്നതിനപ്പുറം തെരഞ്ഞെടുപ്പ് ഒരു നേട്ടവും അതദ്ദേഹത്തിനുണ്ടാക്കിയില്ല. തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്നും അകന്നു കഴിയുകയായിരുന്ന വി.വിശ്വനാഥ മേനോന്‍ അവസാന കാലത്ത് സിപിഎമ്മുമായി വീണ്ടും രമ്യതയായിലായി.

50കളിലും 60കളിലും കൊച്ചിയിലെ യുവാക്കളെ ഏറെ ആവേശം കൊള്ളിച്ച വ്യക്തിത്വമായിരുന്നു വി. വിശ്വനാഥ മേനോന്റേത്. ജീവിതത്തില്‍ ഉടനീളം പോരാളിയായിരുന്നു അദ്ദേഹം. ഏറെ അപൂര്‍വതകളും വിശ്വനാഥ മേനോന്റെ ജീവിതത്തെ വ്യത്യസ്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് നല്‍കുന്ന താമ്രപത്രം നിരസിയ്ക്കാന്‍ മടികാണിക്കാഞ്ഞ അദ്ദേഹം നീണ്ട ബജറ്റ് പ്രസംഗം വഴിയും കേരള നീയമസഭയുടെ ചരിത്രത്തില്‍ സ്വന്തം കൈയൊപ്പിട്ടു-രണ്ടു മണിക്കൂര്‍ മുപ്പത്തി അഞ്ച് മിനിട്ട് നീണ്ട വിശ്വനാഥ മേനോന്റെ ബജറ്റ് പ്രസംഗത്തെ പിന്നീട് കെ.എം. മാണി ഭേദിച്ചുവെങ്കിലും. എറണാകുളത്ത് നിന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ജയിച്ച് പാര്‍ലമെന്റിലെത്തിയ എക കമ്യൂണിസ്റ്റ് കാരനും വി. വിശ്വനാഥ മേനോന്‍ തന്നെ. കൊച്ചി കപ്പല്‍ശാല അടക്കമുള്ളവയെ യാഥാര്‍ഥ്യമാക്കിയതിലും അദ്ദേഹത്തിന്റെ പങ്ക് എടുത്ത് പറയേണ്ടതു തന്നെ.

വിദ്യാര്‍ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തില്‍ സജീവമായി. കൊച്ചി രാജ്യത്തിലെ പ്രജാസഭാംഗമായിരുന്ന അഡ്വ. അമ്പാടി നാരായണ മേനോന്റേയും വടക്കൂട്ട് ലക്ഷ്മി അമ്മയുടേയും മകനായ വി. വിശ്വനാഥ മേനോന്‍ കുട്ടിയായിരിക്കെ തന്നെ രാഷ്ട്രീയ കാര്യങ്ങളില്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഗാന്ധിജി കൊച്ചിയിലെത്തിയ സമയത്ത് പിതാവിനൊപ്പം അദ്ദേഹത്തെ ആലുവയിലേക്ക് അനുഗമിക്കുന്നതിനുള്ള അവസരവും വിശ്വത്തിനുണ്ടായി. ആലുവയില്‍ നടന്ന പൊതുയോഗത്തില്‍ വച്ച് ജനങ്ങള്‍ ഗാന്ധിജിക്ക് കാഴ്ചകള്‍ കണ്ടുനിന്ന കുട്ടിയായ വിശ്വം സ്വന്തം പോക്കറ്റില്‍ കിടന്ന ചെറുനാരങ്ങ വേദിയിലെത്തി ഗാന്ധിജിക്ക് സമര്‍പ്പിച്ചു. ഈ നാരങ്ങ അടക്കമുള്ള കാഴ്ചകള്‍ അവിടെ വച്ച് ലേലം ചെയ്തു കൊടുക്കുകയായിരുന്നു. ഈ സംഭവം അന്ന് വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ബ്രിട്ടീഷ് യൂണിയന്‍ ജാക് സ്‌കൂളികളില്‍ വില്‍ക്കുന്നതിനെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരില്‍ 13-ാം വയസ്സില്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്റുവിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ജാഥ നടത്തിയതിനും എറണാകുളം എസ്ആര്‍വി സ്‌കൂളിലെ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അഖില കൊച്ചി വിദ്യാര്‍ഥി ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1947ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയ്ക്കൊപ്പം കൊച്ചി രാജാവിന്റെ പതാക കൂടി ഉയര്‍ത്തണമെന്ന ഉത്തരവ് ലംഘിച്ച് രാജ പതാക വലിച്ചുകീറി കത്തിച്ചതിന് മഹാരാജാസ് കോളജില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. കൊച്ചി രാജാവ് പുറപ്പെടുവിച്ച ക്രിമിനല്‍ നടപടി ഭേദഗതി നിയമത്തിനെതിരായ അസംബ്ലി കയ്യേറ്റക്കേസിലും അറസ്റ്റ് ചെയ്യപ്പെട്ടു.

പി.കൃഷ്ണപിള്ളയുടേയും എകെജിയുടേയും മറ്റും സ്വാധീനത്തില്‍ പെട്ട് 1945ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. തുടര്‍ന്ന് പാര്‍ട്ടി നിരോധിച്ചപ്പോള്‍ ഒളിവില്‍ പോയി. 1950 ഫെബ്രുവരി 28ലെ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ ആ വര്‍ഷം ജൂലൈ 12ന് ഡല്‍ഹിയില്‍ വെച്ച് അറസ്റ്റിലായി. പിന്നീട് നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടു. 1956ല്‍ എറണാകുളം മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായിരിക്കെ കൊച്ചിയും പ്രാന്തപ്രദേശത്തെ മുന്‍സിപ്പാലിറ്റികളും ചേര്‍ത്ത് കൊച്ചി കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു.

തെരഞ്ഞെടുപ്പുകള്‍ വിജയത്തിനൊപ്പം പരാജയവും അദ്ദേഹത്തിനു നല്‍കി. കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയില്‍ എഫ്എസിടി അടക്കമുള്ള ഒട്ടേറെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളി യൂണിയന്‍ നേതാവായിരുന്നു. മുംബൈ ലോകോളജില്‍ നിന്നും നിയമ ബിരുദം നേടിയ വി.വിശ്വനാഥ മേനോന്‍ കൃതഹസ്തനായ അഭിഭാഷകനും ആയിരുന്നു. കലര്‍പ്പില്ലാത്ത മൂല്യബോധവുമായി ഒമ്പത് പതിറ്റാണ്ടുകള്‍ ജീവിച്ച് നമുക്കിടയില്‍ നിന്നും ഇറങ്ങിനടക്കുന്ന വി.വിശ്വനാഥ മേനോന്‍ മൂല്യങ്ങള്‍ വല്ലാതെ കുഴമറിയുന്ന സമകാലീക സമൂഹത്തിന്റെ ലാബറിന്തുകളില്‍ പെട്ടുപോകുന്ന നമ്മളോട് ചിലതൊക്കെ പറയാതെ പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍