UPDATES

ട്രെന്‍ഡിങ്ങ്

സദാചാര കത്തിയുമായി മാമാപ്പണിക്കിറങ്ങുന്നത് മതിയാക്കാറായില്ലേ? വരുതിക്കു നിൽക്കാത്ത ബത്തക്കകളെകുറിച്ച് തന്നെ

തെറിച്ചുപോകുന്ന തലകളേക്കാൾ തനിച്ചുപോകുന്ന മുലകളെക്കുറിച്ച് വ്യാകുലപ്പെടുന്നവരേ, നിങ്ങൾ ചുവപ്പും കൊഴുപ്പും നോക്കി ഉദ്ദീപനത്തിന്റെ ഒറ്റവാക്കുമാത്രം പഠിച്ച് എത്രകാലമിങ്ങനെ മുന്നോട്ടുപോകും?

ചിന്നു എസ്

ചിന്നു എസ്

നഗരമൊരു സുന്ദരിയായിരുന്നു. അവളുടെ ഇളം പുതപ്പിനുള്ളിൽ പെണ്ണ്, പറക്കാനറിയുന്നൊരു പക്ഷിയും. നഗരം സ്വാതന്ത്ര്യം കൊടുത്തിരുന്നു. അടുക്കളവിട്ട് അരങ്ങത്തേക്കു പറന്നൊരു കാക്കയായി പെണ്ണിനെയവൾ ചിറകൊരുക്കാൻ പഠിപ്പിച്ചു. മുന്നോട്ടു നോക്കാൻ പഠിപ്പിച്ചു. തിരക്കുകൾക്കിടയിലും സമയം വിളമ്പിവച്ചു. നഗരം വിടുന്നൊരു ദിവസം, ഉടൽഭൂതങ്ങൾക്കിടയിൽ ഞെരുങ്ങി നാഴികമണികളുടെ തിടുക്കത്തിൽ തുമ്മിയും തുപ്പിയും കീകൊടുക്കപ്പെട്ടും വിവശയാകുന്നൊരുത്തിയായി, കുറേക്കൂടി വൈയക്തികമായിപ്പറഞ്ഞാൽ അമ്മപ്പെണ്ണായി അവൾ ചുരുങ്ങിപ്പോകും. അവളുടെ സ്വാതന്ത്ര്യം ഒന്നിനും വേണ്ടിയല്ലാതെ ചോദ്യം ചെയ്യപ്പെടും. അങ്ങനെ, ഉത്തരങ്ങൾ ചികഞ്ഞെടുക്കാൻ വേണ്ടി മാത്രമുള്ളൊരു ജീവിയായി അവൾ ചുരുക്കപ്പെടും.

ഈ പ്രത്യയശാസ്ത്രത്തിന്റെ അവബോധത്തിൽ ‘സ്വാതന്ത്ര്യം’ എന്ന വാക്കിനെക്കുറിച്ച് ഒരുത്തി വെറുതേ ഓർത്തുനോക്കുന്നു. നഗരപ്രാന്തങ്ങളിലെ പെണ്ണ് ഗ്രാമങ്ങളിൽ കല്ലെറിയപ്പെടുന്നതെന്തിനാണ്?

ലജ്ജയെ നാടുകടത്തുന്ന മണ്ണിൽ ലജ്ജിച്ചുകൊണ്ടു പെണ്ണാകാനും, ഒന്നുമാകാതെ വെറുതെയങ്ങു ചാകാനും പഠിക്കുന്നതിലുപരി, ഇഷ്ടപ്പെട്ടതു മാത്രം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുന്നതിലുമുപരി, ഇഷ്ടപ്പെടാത്തതു ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്നന്നവരെക്കൂറിച്ചു കൂടി നാം സംസാരിക്കേണ്ടിയിരിക്കുന്നു. സാദവി(1)യേയും നുജൂദി(2)നേയും കമല(3)യേയും പോലെ പച്ചയായ പെണ്ണിടങ്ങളിൽ നിന്നും നാം എന്തൊക്കെയോ പഠിക്കേണ്ടിയിരിക്കുന്നു.

ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ സെക്സ്, ഗര്‍ഭധാരണം; ഫാറൂഖ് കോളേജില്‍ തുടരുന്ന ലൈംഗികാധിക്ഷേപങ്ങള്‍

സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെങ്കിൽ, ശരീരംകൊണ്ട് വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നവരാണ് നിങ്ങൾ എന്ന തോന്നൽ ഇല്ലാതാക്കിക്കിക്കൊടുക്കുക. ഉപ്പിട്ട് രുചിക്കേണ്ടുന്നൊരു രുചിഭേദം നിങ്ങളിൽ ഒളിഞ്ഞിരിക്കുന്നു എന്നുപറയുന്നവരോട്, അവനവനെ വിളമ്പേണ്ടുന്ന തീന്മേശയുടെ നാലുകാലിനും മുകളിൽ ഞെളിഞ്ഞു നിൽക്കുന്നൊരു നട്ടെല്ല് നിങ്ങൾക്കുണ്ടെന്ന് തന്റേടത്തോടെ പറയുക.

ഞാൻ നിങ്ങളുടെ അധീനതയിലോ നിങ്ങൾ എന്റെ വാലിൻതുമ്പിലോ അല്ല. മുഖത്തുനോക്കി സംസാരിക്കുന്നവളോട് മറുപടിയും അങ്ങനെ തന്നെയാവണം. അല്ലാതെ, മറഞ്ഞിരുന്ന് തുണിയുയർത്തുന്നത് അവനവനിലേക്കു വെട്ടിയിട്ടിരിക്കുന്ന ഭയത്തിലേക്കുള്ള അകലം കുറയ്ക്കുന്നു എന്നുമാത്രം തിരിച്ചറിയുക. ഉയർത്തിപ്പിടിച്ച തലകൊണ്ട് ഉറക്കെച്ചിന്തിക്കുന്നവൾക്കു മുൻപിൽ നടുവിരൽ യുദ്ധങ്ങളുമായി വരുന്നതിനുമുമ്പേ സ്വന്തം നിലപാടുകളുടെ അടിത്തറ ഒന്ന് മാന്തിനോക്കുന്നത് നന്നായിരിക്കും.

‘മുലകള്‍ വത്തക്ക പോലെ’: ചൂഴ്‌ന്നെടുക്കുന്ന വത്തക്ക അല്ല സാറേ ഇവര്‍ അല്‍ബത്തക്ക

തെറിച്ചുപോകുന്ന തലകളേക്കാൾ തനിച്ചുപോകുന്ന മുലകളെക്കുറിച്ച് വ്യാകുലപ്പെടുന്നവരേ, നിങ്ങൾ ചുവപ്പും കൊഴുപ്പും നോക്കി ഉദ്ദീപനത്തിന്റെ ഒറ്റവാക്കുമാത്രം പഠിച്ച് എത്രകാലമിങ്ങനെ മുന്നോട്ടുപോകും? മുന്നിൽ നടക്കുന്ന കൊടി മതത്തിന്റേതായാലും മനുഷ്യന്റേതായാലും ഒപ്പം നടന്ന്, സദാചാരത്തിന്റെ കത്തിയുമായി മാമാപ്പണിക്കിറങ്ങുന്നത് മതിയാക്കാറായില്ലേ?

അതെങ്ങനെ, ആത്മരതിയുടെ അങ്ങേത്തലക്കലിരുന്ന് വഴിയേപോകുന്നതിനെയൊക്കെ വലിച്ചുരിഞ്ഞുനോക്കുമ്പോൾ, നഗ്നതയിങ്ങനെ സിരകളിലൂടെ ഇരച്ചുകയറുകയല്ലേ! പൂമ്പാറ്റ(4)യിലും മുത്തുച്ചിപ്പിയിലും കിട്ടാതിരുന്നതൊക്കെ താൻ തന്നെ കണ്ടെത്തി നിയമത്തിനുമുൻപിൽ എത്തിച്ചിരിക്കുന്നു എന്ന നിർവൃതി വലിയ അധികാരിയാകുന്നതിന്റെ ചെറിയ തുടക്കം മാത്രമല്ലേ! അല്ലേ? പ്രത്യേകിച്ചും അളന്നെടുക്കുന്നത് പെണ്ണടയാളങ്ങളാണെങ്കിൽ കുളിര് പറയുകയും വേണ്ടല്ലോ അല്ലേ!

‘തലച്ചോറിലുള്ള അമേധ്യം വിളമ്പുന്ന’ ഇയാള്‍ ഇനി സര്‍ക്കാര്‍ ചിലവില്‍ ഉദ്ബോധിപ്പിക്കാന്‍ വരില്ല

സദാചാരികളേ, മുള്ളാനിരിക്കുന്ന പിഞ്ചുകുഞ്ഞിന്റെ പടം കാണിച്ച് നിങ്ങളെ കിക്കിളിപ്പെടുത്തിയവരെ നിങ്ങൾ എന്തുചെയ്തു? പഞ്ഞിക്കിട്ടോ അതോ പതക്കം കൊടുത്തോ? മൂന്നുമാസക്കാരിയുടെ ഉള്ളിലേക്കിറങ്ങിയ ലിംഗത്തെ നിങ്ങൾ എന്ത് ചെയ്തു? കീറിമുറിച്ചോ അതോ കഴിവിനെ പ്രശംസിച്ച് കുലം തിരഞ്ഞിറങ്ങിയോ? ഭിന്നലിംഗക്കാരെ നോട്ടംകൊണ്ടുപോലും അധിക്ഷേപിക്കുന്ന തരംതിരിവിനെ മനോരോഗമെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?

ചുരുങ്ങിയ ചില വിലങ്ങുവയ്ക്കലുകളൊഴിച്ചാൽ ചെയ്യുന്നതൊക്കെ കണ്ടുനിൽക്കുന്നവരാണധികവും. അതുകൊണ്ടു തന്നെ വ്യവസ്ഥിതിയുടെ കുടപിടിച്ചിരിക്കുന്ന നിങ്ങളുടെ കണക്കുപുസ്തകങ്ങളിലേയ്ക്ക് എല്ലാ അക്കങ്ങളേയും എഴുതിക്കളയാം എന്ന് വ്യാമോഹിക്കരുത്. പിന്നെ, സ്വാതന്ത്ര്യവും ബത്തക്കയുമൊക്കെ വിളമ്പുന്ന രത്നഖചിതങ്ങളായ നാവുകളോട് ഒന്നേ പറയാനുള്ളൂ, നീ, നിന്റെ മതിലിനകത്തെ മറ്റുലിംഗങ്ങളെ എന്തുവിളിക്കുന്നോ അതുതന്നെ വഴിയിലിറങ്ങി ബത്തക്കകളായ ഞങ്ങളേയും വിളിച്ചുകൊള്ളുക- സുബോധവും സംസ്കാരവും ഇതുവരെ വിപണിയിൽ വന്നുതുടങ്ങിയിട്ടില്ലല്ലോ!

പെണ്‍ രജത് കുമാര്‍മാര്‍ കുടക്കീഴില്‍ വിരിയിക്കുന്ന സദാചാര കേരളം

1. നവാല്‍ എല്‍ സാദവി ഈജിപ്ഷ്യന്‍ പെണ്‍പക്ഷ എഴുത്തുകാരിയും ചിന്തകയും ഡോക്ടറും മനശാസ്ത്രജ്ഞയും ആണ്. ഇസ്ലാമിലെ സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ചും പ്രത്യേകിച്ച് തന്‍റെ സമൂഹത്തിലെ സ്ത്രീ ചേലാകര്‍മത്തെക്കുറിച്ചും നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

2. നുജൂദ് അലി യെമെനിലെ ബാലവിവാഹത്തിനും നിര്‍ബന്ധിത വിവാഹത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിയാണ്. 1988ല്‍ ജനിച്ച നുജൂദ് പത്താം വയസ്സില്‍ വിവാഹമോചനം നേടിക്കൊണ്ട് തന്‍റെ സമൂഹത്തിലെ സ്ത്രീകള്‍ക്കെതിരായ ദുരാചാരങ്ങള്‍ക്കെതിരെ സമരം പ്രഖ്യാപിച്ചു.

3. കമലാ സുരയ്യ അഥവാ മാധവിക്കുട്ടി

4. കുഞ്ഞുങ്ങളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഫേസ്‌ബുക്ക്‌ പേജ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഞാന്‍ പോണ്‍ കാണാറുണ്ട്; അതിനു തനിക്കെന്താ…? ‘വെര്‍ബല്‍ റേപ്പ്’ അനുഭവം ഒരു പെണ്‍കുട്ടി തുറന്നെഴുതുന്നു

ചിന്നു എസ്

ചിന്നു എസ്

ചിന്നു എസ്. ഐ.ഐ.റ്റി. കാണ്‍പൂരില്‍ അസിസ്റ്റന്‍റ്റ് പ്രോജെക്റ്റ്‌ മാനേജര്‍ ആയി ജോലി ചെയ്യുന്നു. മലയാള പ്രസിദ്ധീകരങ്ങളില്‍ സമകാലിക വിഷയങ്ങളെപ്പറ്റി കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍