UPDATES

പിആര്‍ വന്ദന

കാഴ്ചപ്പാട്

പിആര്‍ വന്ദന

പ്രിയ സഖാക്കളെ, എന്തെന്നാല്‍ അമ്മയോട് കളിക്കരുത്

അഴിമതിയും ധൂർത്തും സഹിച്ചാലും വേദനയോടുള്ള കൂസലില്ലായ്മയും നിർവികാരതയും അഹന്തയും ജനം വെച്ചുപൊറുപ്പിക്കില്ലെന്ന് മഹിജക്ക് കിട്ടിയ വൈകാരിക പിന്തുണ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകുന്നു

മകനു വേണ്ടി സഹനസമരം ചെയ്യുന്ന ഒരമ്മയോട് സാമാന്യബുദ്ധിയുള്ള ആരും ഏറ്റുമുട്ടരുത്. പീഡനം, ഭീഷണി, അനുതാപം, സമ്മർദ്ദം, പ്രഹരം, വാഗ്ദാനങ്ങൾ ഒന്നും അവിടെ ഏശില്ല. ഉദാഹരണം മഹാഭാരതത്തിലുണ്ട്. പൂതപ്പാട്ടിലുണ്ട്. അങ്ങകലെ ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവത്തിലുണ്ട്.

പേടിപ്പിച്ചോടിക്കാൻ നോക്കീ ഭൂതം
പേടിക്കാതങ്ങിനെ നിന്ന‌‌ാളമ്മ
കാറ്റിൻ ചുഴലിയായ് ചെന്നു ഭൂതം
കുറ്റികണക്കങ്ങ് നിന്നാളമ്മ
കാട്ടുതീയായും ചെന്നു പൂതം
കണ്ണീരാലൊക്കെ കെടുത്താളമ്മ
നരിയായും പുലിയായും വന്നു പൂതം
തരികെന്‍റെ കുഞ്ഞിനെയെന്ന‌ാളമ്മ

മഹാഭാരതയുദ്ധം കഴിഞ്ഞ് നീ വിചാരിച്ചാൽ ഒഴിവാക്കാമായിരുന്നില്ലേ ഈ കൂട്ടക്കുരുതി എന്ന ഗാന്ധാരിയുടെ വിറങ്ങലിച്ച ശബ്ദത്തിലുള്ള ചോദ്യത്തിനു മുന്നിൽ ഭഗവാൻ ശ്രീകൃഷ്ൻ തലതാഴ്ത്തി. ആ അമ്മയുടെ ശാപവാക്കുകൾ കൈ കൂപ്പി മുട്ടുകുത്തി നിന്ന് ഏറ്റുവാങ്ങി ഈരേഴു പതിനാലുലോകങ്ങളും വായ്ക്കുള്ളിലൊതുക്കിയ മഹാവിക്രമി. കാരണം ലളിതമെന്ന് വ്യാസൻ. മക്കളെയെല്ലാം നഷ്ടപ്പെട്ട ആ അമ്മയുടെ നെഞ്ചിൻകൂടിനുള്ളിലെ നൊമ്പരക്കാറ്റിൽ കടപുഴകി വീഴാത്ത ഒരു ദൈവീകത്വവും ഇല്ല തന്നെ.

ഇനി പുരാണത്തിന്‍റേയും കവിതയുടേയും സാങ്കല്പിക കരുത്തിന്‍റെ ലോകത്ത് നിന്നും വർത്തമാന കാലചരിത്രത്തിലേക്ക് വരാം. ടുണീഷ്യയിൽ നിന്ന് തുടങ്ങി അറബ് ലോകമാകെ വീശിയടിച്ച മുല്ലപ്പൂ വിപ്ലവത്തിന്‍റെ തുടക്കം എങ്ങിനെയാണ്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത മുഹമ്മദ് ബൊ അസീസിയുടെ അമ്മ മനൗബിയ നീതിക്കായി മുൻസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നടത്തിയ സമരം. മനൗബിയയുടെ കണ്ണീർത്തുള്ളികളിൽനിന്നാണ് വിപ്ലവപൂക്കൾ വിരിഞ്ഞത്.

കണ്ണീരു വറ്റിയ കണ്ണുകളിൽ നിശ്ചയദാർഢ്യവും ഹൃദയത്തിൽ സ്നേഹത്തിന്‍റെകരുത്തുമായി ഒരു സാധാരണക്കാരി അമ്മയും മകളും ഒരു ഭരണകൂടത്തിന്‍റെ നിർവികാരതയേയും കരുണയില്ലായ്മയെയും മുട്ടുകുത്തിച്ചത് കേരളത്തിന്‍റെ സമീപകാലചരിത്രത്തിലൊന്നും കാണാൻ കിട്ടാത്ത ഒരേടാണ്. ഒരു പ്രതിപക്ഷസമരത്തിനും അവകാശപ്പെടാൻ കഴിയാത്ത വിജയം. മുമ്പൊരു പ്രതിഷേധത്തിനും കിട്ടാത്ത വൈകാരികപിന്തുണ. വളയത്ത് നിന്നൊരു നങ്ങേലി കൂടി. അധികാരത്തിന്‍റെ മുഷ്കിനോടും ധാർഷ്ട്യത്തിന്‍റെ പിടിവാശിയോടും വിട്ടുവീഴ്ച ചെയ്യാതെ നിന്നവൾ.

നീറുന്ന ഹൃദയവുമായി സമരം ചെയ്യുന്ന ഒരമ്മയെ പരിഹസിച്ചുകൊണ്ടേയിരുന്ന മന്ത്രി എംഎം മണിയോ വരദരാജനെ പോലെ രാജാവിനേക്കാൾ വലിയ രാജഭക്തിയുമായി നടക്കുന്ന ദാസൻമാരല്ല യഥാർത്ഥ സഖാക്കൾ എന്ന ബോധ്യം കൂടി പിണറായി വിജയന് ഈ മുട്ടുമടക്കൽ സമ്മാനിച്ചെങ്കിൽ നല്ലത്. കാരണം മഹിജ വരുന്നത് വളയമെന്ന പാർട്ടി ഗ്രാമത്തിൽ നിന്നാണ്. കണ്ണുകെട്ടി പോളിങ് ബൂത്തിലേക്കയച്ചാലും അരിവാൾ ചുറ്റികയുടെ നക്ഷത്രത്തിളക്കം കാണുന്നതാണ് അവരുടെ കണ്ണുകൾ. നേരിനു വേണ്ടിയും നീതിക്കുവേണ്ടിയും സംസാരിക്കുമ്പോൾ ഇടറാത്തതാണ് പൊതുവേദികൾ അന്യമെങ്കിലും അവരുടെ ശബ്ദം. ചുമ്മാ ഉമ്മാക്കി കാട്ടി കെടുത്താൻ കഴിയാത്ത പ്രതിഷേധക്കനലുകളാണ് അവരുടെ ഹൃദയത്തിലുള്ളത്.

ജിഷ്ണുവിന് നീതി നേടിയുള്ള അവരുടെ സമരത്തിന് അവരെ തടസ്സപ്പെടുത്തിയത് ഒരൊറ്റ കാര്യമാണ്. അവരുടെ സർക്കാരാണ് ഭരണത്തിലെന്നത്. അവരുടെ നേതാവാണ് മുഖ്യമന്ത്രിയെന്നത്. സർക്കാരിനെ പറയാതെ അവർ പ്രതിഷേധിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ‍ഡിജിപിയുടെ ഓഫീസിന് മുന്നിൽ തന്നെ വലിച്ചിഴച്ച പോലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചെന്ന വാർത്ത പോലും സഖാവ് മഹിജ ദുർബലമായ ശബ്ദത്തിൽ ഗദ്ഗദമടക്കി ന്യായീകരിച്ചു. ‘അവരത് ശരിക്ക് കണ്ടുകാണില്ല, അതുകൊണ്ടാവും’. പക്ഷേ താൻപോരിമയുടെ നേരവതാരമായ നേതാവ് അതുകേട്ടില്ല. നഷ്ടപരിഹാരമായി നൽകിയ തുകയുടെ കണക്കും പിന്നെ കുറേ അസത്യങ്ങളും വിളമ്പിയ പത്രപ്പരസ്യവും ഒപ്പം ആരുടെയൊക്കെയോ കയ്യിലെ കളിപ്പാവയായെന്ന ആവർത്തിച്ചുള്ള പരിഹാസവും.

ആരും തളർന്നു പോകുന്നിടത്തും സമരം തുടരാൻ മഹിജയേയും പത്താംക്ലാസുകാരി അവിഷ്ണക്കും സാധിച്ചത് അവരുടെ രക്തത്തിന് സാധാരണ ഗതിയിലുള്ളതിനേക്കാളും ചുവപ്പായിരുന്നതു കൊണ്ടാണ്. വാ പോയ കോടാലി പോലെ എന്തും പറഞ്ഞു കൊണ്ടേയിരുന്ന് പാ‍ർട്ടിയെ കൂടുതൽ കൂടുതൽ പ്രതിരോധത്തിലാക്കുന്നവരേക്കാൾ നല്ല സഖാക്കൾ ആണ് ആ അമ്മയും മകളും. അണികൾക്കിടയിലെ സ്തുതിപാഠകർക്ക് നല്ല സമയമായ ഇക്കാലത്ത് നേതൃത്വം മറന്നു പോകുന്ന ഉശിരുള്ള സഖാക്കൾ. ആ നന്മയും കരുത്തുമുള്ള വളയത്തെ സഖാക്കൾ തന്നെയാണ് അവിഷ്ണയെ കാക്കിക്കരുത്തിന്‍റെ ചിട്ടപഠിപ്പിക്കലിൽനിന്നും കാത്തത്.

സർക്കാരെന്നാൽ ഒരാളുടെ ഇഷ്ടാനിഷ്ടങ്ങളും വാശിയും താൻ പോരിമയല്ലെന്നും മഹിജ തിരുവനന്തപുരത്ത് ബാക്കിയാക്കുന്ന വലിയ പാഠങ്ങളിലൊന്നാണ്. പ്രതിഷേധിക്കാനെത്തുന്നവരെ പിന്തുണക്കാനും ഒപ്പം നിൽക്കാനും സാമൂഹ്യപ്രവർത്തകർക്ക് അവകാശമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് രണ്ടാമത്തേത്. അഴിമതിയും ധൂർത്തും സഹിച്ചാലും വേദനയോടുള്ള കൂസലില്ലായ്മയും നിർവികാരതയും അഹന്തയും ജനം വെച്ചുപൊറുപ്പിക്കില്ലെന്ന് മഹിജക്ക് കിട്ടിയ വൈകാരിക പിന്തുണ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകുന്നു. സംവേദനക്ഷമതയില്ലായ്മ ജനങ്ങളെ അധികാരികളിൽനിന്ന് അകറ്റിനിർത്തും. ആ വലിയ പാഠം എത്ര ഉൾക്കൊണ്ടു എന്ന മനസ്സിലാക്കലിനെ അടിസ്ഥാനമാക്കിയാകും സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുത്ത് നടുവളഞ്ഞ് നിൽക്കുന്ന സർക്കാരിന്‍റെ മുന്നോട്ടുപോക്ക്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പിആര്‍ വന്ദന

പിആര്‍ വന്ദന

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍