UPDATES

ട്രെന്‍ഡിങ്ങ്

പകപോക്കല്‍ തുടരണം, സാർ; കള്ളക്കേസില്‍ വക്കീല്‍ നോട്ടീസ് കിട്ടിയ ഒരിടവകക്കാരന്‍ രൂപതയ്ക്ക് അയക്കുന്ന തുറന്ന കത്ത്

പള്ളിയിൽ കുട്ടികൾക്ക് മലയാളഭാഷയിൽ ആരാധനച്ചടങ്ങുകളിൽ പങ്കെടുക്കുവാനുള്ള അവസരമുണ്ടാക്കുക, പള്ളിഭരണസമിതികളിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക, ഫണ്ട് വിനിയോഗങ്ങൾ സുതാര്യമാക്കുക, പ്രാര്‍ഥനാ സമരം നടത്തിയവര്‍ക്ക് നേരെയുള്ള നിയമനടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ പ്രാര്‍ത്ഥനാ സമരം നടത്തിയതിനാണ് രൂപത വക്കീല്‍ നോട്ടീസ് അയച്ചത്

ആറുമാസങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ജൂൺ 20ന് സിറോ മലബാർ ചിക്കാഗോ രൂപതയുടെ കീഴിലുള്ള സാൻ ഫ്രാൻസിസ്‌കോ സെന്റ് തോമസ് പള്ളിയിൽ നിന്നും തികച്ചും അകാരണമായി അതിഗുരുതരമായ നുണയാരോപണങ്ങളുടെ പിൻബലത്തിൽ വക്കിൽ നോട്ടീസ് ലഭിച്ച ഒരിടവക്കാരൻ രൂപതാ ഇടവക മേലധികാരികൾക്കെഴുതുന്ന തുറന്ന കത്ത്. പള്ളിയിൽ കുട്ടികൾക്ക് മലയാളഭാഷയിൽ ആരാധനച്ചടങ്ങുകളിൽ പങ്കെടുക്കുവാനുള്ള അവസരമുണ്ടാക്കുക, പള്ളിഭരണസമിതികളിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക, ഫണ്ട് വിനിയോഗങ്ങൾ സുതാര്യമാക്കുക, പ്രാര്‍ഥനാ സമരം നടത്തിയവര്‍ക്ക് നേരെയുള്ള നിയമനടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ പ്രാര്‍ത്ഥനാ സമരം നടത്തിയതിനാണ് രൂപത വക്കീല്‍ നോട്ടീസ് അയച്ചത്.

തികച്ചും വ്യക്തിപരമായ ഈ കുറിപ്പ് നിങ്ങൾക്ക് മാത്രമാണ്. നിങ്ങളുടെ പേരുകൾ ഉറക്കെ പറഞ്ഞാലും ഇല്ലെങ്കിലും ആളുകൾ നിങ്ങളെ തിരിച്ചറിഞ്ഞിരിക്കുന്നു. ഒക്കെ നിങ്ങൾക്കറിയാം, നടന്ന സകല ഗൂഢാലോചനകളും വെളിവാക്കപ്പെട്ടിരിക്കുന്നു, ഒരു കത്തോലിക്കാ പള്ളിയ്ക്ക് യാതൊരുതരത്തിലും നിതികരിക്കാനാവാത്ത ചെയ്തികൾക്ക് കാർമ്മികത്വം വഹിച്ചപ്പോൾ സബാഷ് പറഞ്ഞ് കൂടെ നിന്നവരെ നിങ്ങൾക്ക് മറക്കാൻ സമയമായിട്ടില്ല. നിങ്ങൾ ചാർത്തിത്തന്ന വിചാരണക്കുറിപ്പിലൂടെ വീണ്ടും കണ്ണോടിക്കുമ്പോൾ ഞാൻ അല്ലെങ്കിൽ കൂടെയുള്ളവർ ചെയ്തു എന്ന് നിങ്ങൾ പറയുന്ന തെറ്റുകളുടെ ഒരു പട്ടിക തന്നെയുണ്ട്. ഞങ്ങളുടെ ചെരുപ്പുകളിൽ കയറിനിന്നാലെ എന്റെയും കുടുംബത്തിന്റെയും സമാനസാഹചര്യങ്ങളിലൂടെ കടന്നുപോയ മറ്റുള്ളവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വ്യക്തിജീവിതത്തിലും വിശ്വാസവഴികളിലും ഈ അഞ്ച് അല്ലെങ്കിൽ ഏഴ്‌ പേജുകളുള്ള പി.ഡി.എഫ് ഡോക്കുമെന്റുകളും അനുബന്ധ ഇടപെടലുകളുമുണ്ടാക്കിയ വിള്ളലുകളുടെ ആഴം നിങ്ങൾക്ക് മനസ്സിലാവൂ. ഞങ്ങളായിരിക്കുന്ന കൂട്ടായ്മയുമായി ബന്ധപ്പെട്ടുനിൽക്കുന്ന ഞങ്ങളുടെ സുഹൃത്തുക്കൾക്കും ചില സുമനസ്സുകൾക്കും അഭ്യുദയകാംഷികൾക്കും ഇക്കാലയളവിൽ സത്യങ്ങൾ നേരിട്ട് ബോധ്യമായതാണ്.

നിരവധിയായ ചെറുത്തുനിൽപ്പുകൾക്കൊടുവിൽ സിറോമലബാർ ചിക്കാഗോ രൂപതയുടെ ഏകപക്ഷിയ തീരുമാനപ്രകാരം ഇടവകയിൽ കഴിഞ്ഞ ഒക്ടോബർ അവസാനവാരമെത്തിയ അന്വേഷണക്കമ്മീഷനെ തുടക്കത്തിൽ ഞങ്ങളൊക്കെ എതിർത്തെങ്കിലും ഇടവകയിലെ നിരവധിയായ സുമനസ്സുകളുടെ അഭ്യർത്ഥനപ്രകാരം യാതൊരുവിധ ബുദ്ധിമുട്ടുകളും പറയാതെ ആവശ്യപ്പെട്ടപ്പോഴൊക്കെ കമ്മീഷനു മുന്നിൽ ഹാജരാകുകയും നാളിതുവരെ മറ്റുള്ളവരും ഞാനും കമ്മീഷന്റെ സകല ഇടപെടലുകളിലും ആദ്യന്തം സഹകരിക്കുകയുമാണുണ്ടായത്. കമ്മീഷൻ നീതി നടത്തിത്തരുമെന്ന് ഇടവകയിലെ ഒരു കൂട്ടരും, ഇല്ല, പള്ളിയെ സംരക്ഷിക്കുക എന്ന തങ്ങളുടെ പ്രാഥമിക കർത്തവ്യത്തിലൂന്നി ഒരു സമവായത്തിന്റെ മാർഗ്ഗം തേടുകയായിരിക്കും കമ്മീഷൻ ചെയ്യുക എന്ന് മറ്റൊരു കൂട്ടരും തുടക്കം മുതൽ ഉറച്ചു വാദിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 15 വെള്ളിയാഴ്ച, കമ്മീഷന്റെ പ്രതിനിധികളും മറ്റു രൂപതാധികാരികളുമായി ദീർഘനേരം സംസാരിച്ചതിൽ നിന്നും ചിക്കാഗോ സിറോ മലബാർ രൂപതയ്ക്ക് ഇടവകപ്പള്ളിയിൽ നിന്ന് അകാരണമായി വക്കിൽ നോട്ടീസ് കിട്ടിയവരോട് പറയാനുള്ള പ്രധാന സംഗതികൾ താഴെപ്പറയുന്നവയാണ് (അല്ലെങ്കിൽ, ഇതാണ് എനിക്ക് മനസ്സിലായത്)

ഞങ്ങളും വാഴ്ത്തപ്പെട്ടവരല്ലോ; അമേരിക്കയിലെ ഒരു മലയാളി പള്ളിയില്‍ വിശ്വാസികള്‍ സമരത്തിലാണ്

1. ഇടവകയിൽ നിന്നുള്ള നിരന്തര സമ്മർദ്ദത്തിനൊടുവിൽ ടി ഇടവകാംഗങ്ങൾക്ക് വേണമെങ്കിൽ ഒരു താക്കിത് നൽകാം എന്നാണത്രെ രൂപതാധ്യക്ഷൻ പറഞ്ഞത്.
2. വക്കിൽ നോട്ടിസിലെ നുണയാരോപണങ്ങൾ രൂപതാധ്യക്ഷൻ കണ്ടിട്ടില്ല, ഉള്ളടക്കത്തെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു ധാരണയുമില്ല. എന്നാൽ ഇങ്ങനെയൊക്കെ സംഭവിച്ചതിൽ രൂപതയ്ക്ക് ഖേദമുണ്ടത്രെ.
3. വക്കിൽ നോട്ടീസിൽ പറഞ്ഞിരിക്കുന്ന നുണയാരോപണങ്ങളുടെ ശരിതെറ്റുകളിലേയ്‌ക്കോ ടി മെമ്പർമാർ ഇടവകയിൽ നടത്തിയ ഇടപെടലുകളുടെ കാര്യകാരണങ്ങളിലെയ്ക്കോ പോകാൻ രൂപത ഇപ്പോൾ ആഗ്രഹിക്കുന്നില്ല.
4. തെറ്റുകാരായ ഇടവകരൂപതാ ഭരണക്കാർക്കെതിരെ എന്തെങ്കിലും തരത്തിലുള്ള അച്ചടക്കനടപടികലെടുക്കാൻ രൂപത വിമുഖത കാണിക്കുന്നു. കാരണം തെറ്റുകൾ ക്ഷമിക്കുക എന്നതാണത്രെ രൂപതയുടെ നയം.
5. മുകളിൽ പറഞ്ഞ ന്യായചിന്തകൾ ഇടവകക്കാർക്ക് വക്കിൽ നോട്ടീസയച്ച സാഹചര്യത്തിൽ എന്തേ ഉണ്ടായില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ രൂപതാധികാരികൾ ഇനിയും തയ്യാറാവുന്നില്ല.

ഏതായാലും, അഞ്ചെട്ട് പേജുകളുള്ള വക്കിൽ നോട്ടീസൊന്നും ആകാശത്തുനിന്നും പൊട്ടിവീഴില്ല എന്നുള്ളത് എനിക്കും നിങ്ങൾക്കുമറിയാം. പരിണിതപ്രജ്ഞനായ രൂപതാധ്യക്ഷനെ മുൻനിർത്തി ഈ ഉപജാപക സംഘത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു ടിം തന്നെ അണിയറയിലുണ്ടായിരുന്നു എന്ന സത്യമാണ് ഇപ്പോൾ മറനീക്കിപുറത്ത് വരുന്നത്. ആരൊക്കെയായിരുന്നു ഈ ടിമിലുണ്ടായിരുന്നവർ എന്ന് സാൻ ഫ്രാൻസിസ്‌കോ സിറോ മലബാർ ഇടവകയിലെ അരിയാഹാരം കഴിക്കുന്ന സകലർക്കും പകൽപോലെ വ്യക്തമാണ്. ഇത്തരത്തിലുള്ളൊരു പകപോക്കൽ നടപടിയിൽ പ്രത്യക്ഷത്തിൽ ഇടപെട്ടതിനപ്പുറം ഇന്നും ഇടവകയുടെയും രൂപതയുടെയും താക്കോൽ സ്ഥാനങ്ങളിലിരിക്കുന്നവർ തൽസ്ഥാനങ്ങളിൽ നിന്നും മാറിനിന്ന് ഈ ഇടവകയ്ക്കും തദ്വാര സിറോ മലബാർ സഭയ്ക്ക് മൊത്തത്തിലുമുണ്ടാക്കിയ നാണക്കേടിന് പരിഹാരക്രിയ ചെയ്യണം എന്ന ആവശ്യത്തിൻ തട്ടിയാണ് ഡിസംബർ പതിനഞ്ചാം തിയതിയിലെ അനുരഞ്ജനശ്രമങ്ങൾ നീണ്ടുപോയത്. ചുരുക്കത്തിൽ അങ്ങനെയൊരു കീഴ്വഴക്കമുണ്ടാക്കുന്നത് ചിക്കാഗോ രൂപതയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാം എന്ന വാദമുയർത്തി തെറ്റുകാരെ സംരക്ഷിക്കുക എന്ന നിലപാടാണ് രൂപത കൈക്കൊണ്ടത്. ഒന്നുകൂടെ വ്യക്തമായിപ്പറഞ്ഞാൽ, ശരികേടുകൾ നടന്നിട്ടില്ല എന്നൊരു നിഗമനം അന്വേഷണക്കമ്മീഷനോ രൂപതാധികാരികൾക്കോ ഇല്ല എന്നർത്ഥം. അതായത് ഇത്തിരിയെങ്കിലും ആത്മാഭിമാനം ബാക്കിയുള്ള ആരെങ്കിലുമുണ്ടെങ്കിൽ സ്വയമൊരു തീരുമാനമെടുത്ത് മാറിനിന്നാലും രൂപത അതിനെ എതിർക്കില്ല എന്നതാണ് ചർച്ചകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. എന്നാൽ സ്വയം മാറിനിൽക്കുന്നതിനുള്ള സമയക്രമം പോലും ഇപ്പോൾ അതിക്രമിച്ചിരിക്കുന്നു എന്നതാണ് പരിതാപകരമായ മറ്റൊരു യാഥാർഥ്യം. പ്രശ്നങ്ങളുടെ തുടക്കകാലത്ത് മാറിനിൽക്കുന്നതിനുള്ള മനസ്സ് കാണിച്ചിരുന്നെങ്കിൽ ഇടവകയിലെ സമാധാനശ്രമങ്ങളുടെ ഭാഗമായി രൂപതാധികാരികളുടെ ആഗ്രഹപ്രകാരം ഞങ്ങൾ മാറിനിൽക്കുന്നു എന്ന് ഒരു ഭംഗിക്കെങ്കിലും പറയാമായിരുന്നു. എന്നും ഒരു ക്രൈസ്തവൻ നിലത്തുവീണഴിയുന്ന ഒരു ഗോതമ്പ് മണിയായിരിക്കണം എന്നൊക്കെയാണല്ലൊ നമ്മൾ വേദപാഠക്ലാസ്സിൽ പഠിച്ചു മറന്ന പാഠങ്ങൾ. താഴേയ്ക്കിറങ്ങുന്നതിനുള്ളൊരു സന്മസ്സായിരിക്കണം ഒരുവനെ മുന്നോട്ട് നയിക്കേണ്ടത്. നുണയാരോപണങ്ങൾ കൊണ്ട് നീതിബോധത്തിന്റെ നേർത്ത സ്വരങ്ങളെ ഇല്ലായ്മ ചെയ്ത് അസത്യങ്ങളെയും അർദ്ധസത്യങ്ങളെയും ഭയപ്പാടിന്റെയും വിശ്വാസത്തിന്റെയും ചട്ടക്കൂടുകളിൽ ചില്ലിട്ട് വണക്കത്തിന് വയ്ക്കുന്ന ഇക്കാലത്ത്, മനസാക്ഷി ഇനിയും മരവിക്കാത്ത ബഹുഭൂരിപക്ഷത്തിന്റെയും ചിന്തകളിൽ സത്യമെന്തെന്ന് ബോധിപ്പിക്കാനായി എന്നതാണ് കഴിഞ്ഞ മൂന്നോളം മാസങ്ങളായി ഇടവകക്കാർ നടത്തിവന്ന നിരവധിയായ ധർമ്മസമരങ്ങളുടെ ആത്യന്തികവിജയം. നീതിയ്ക്ക് വേണ്ടി ഈ കൂട്ടായ്മയുടെ പൊതുബോധം എന്നും കേണുകൊണ്ടേയിരിക്കും.

ഭൂമി വില്‍പനയിലെ ക്രമക്കേടില്‍ കിടുങ്ങി എറണാകുളം-അങ്കമാലി അതിരൂപത; ആരോപണങ്ങളുടെ കുന്തമുന മാര്‍ ആലഞ്ചേരിക്ക് നേരെ

അതുകൊണ്ട് പ്രിയ ഭരണക്കാരെ, നിങ്ങളാരും തന്നെ ദയവുചെയ്ത് സ്വയം മാറിനിൽക്കരുത്. മാറിനിന്നാൽ നിങ്ങൾ നിങ്ങളല്ലാതാവും. അങ്ങനെയായാൽ, ഇതുവരെ നിങ്ങൾ ചെയ്തുകൂട്ടിയതൊക്കെ കേവലം മാനുഷികമായ ക്ഷിപ്രചിന്തകളിൽനിന്നുമുണ്ടായതാണെന്നു വരെ ജനം തെറ്റിദ്ധരിച്ചേക്കാം. കാരണം തെറ്റുകൾ മനുഷ്യസഹജമാണല്ലൊ? എന്നാലത് തിരുത്തുമ്പോഴല്ലെ ഒരുവന് ക്രിസ്ത്യാനിയെന്ന് സ്വയം ഊറ്റം കൊള്ളാനാവു? അതുകൊണ്ട് പ്രസ്തുത പകപോക്കൽ നടപടികളുമായി നിങ്ങൾ മുന്നോട്ട് പോവുക, സ്വജനപക്ഷപാതികളുടെ തോളോട് തോൾ ചേർന്ന് ഘോരം ക്രിസ്തുവിനെ പ്രഘോഷിക്കുക, സഹജരുടെ ഇടപെടലുകളിൽ അതൃപ്തി തോന്നുന്ന പക്ഷം അടുത്ത വക്കിൽ നോട്ടീസയക്കുക, അല്ലെങ്കിൽ എന്തിന് വക്കിൽ നോട്ടീസയച്ച് സമയം കളയണം? പള്ളിയ്ക് ആവശ്യം വേണ്ടുന്ന എല്ലാ ഘടകങ്ങളുമൊത്തുവന്ന ഈ പ്രത്യേക സാഹചര്യത്തിൽ നിങ്ങൾ ഇനിയെന്തിന് താമസിപ്പിക്കണം? ഈ തിരഞ്ഞെടുപ്പുകൾക്കുള്ള നിങ്ങളുടെ പൂർണ്ണസ്വാതന്ത്ര്യത്തെ ഫലപ്രദമായിത്തന്നെ ഉപയോഗിക്കുക. അതുകൊണ്ടു നിങ്ങൾ കേസുകൊടുക്കണം, സാർ. മറക്കരുത്, ഇവിടെ ‘വിജയി’ക്കുന്നത് ക്രിസ്തുദർശനങ്ങളാണ്.

അവസാനമായി ചിക്കാഗോ സീറോമലബാർ രൂപതയോട് രണ്ടേ രണ്ടു ചോദ്യങ്ങൾ,
1. ഗുരുതരമായ തെറ്റ് ബോധ്യപ്പെട്ട ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് ചിക്കാഗോ സിറോമലബാർ രൂപത സത്യസന്ധമായി ഈ വസ്തുതകളൊക്കെയും പൊതുസമൂഹത്തെ ബോധിപ്പിക്കാൻ ഇനിയും മടി കാണിക്കുന്നത്?
2. സാധാരണക്കാരന്റെ നീതിയ്ക്ക് വേണ്ടിയുള്ള വിലാപങ്ങൾക്ക് എന്നാണ് ഉത്തരം കിട്ടുക?

ദാനം കിട്ടിയ ഭൂമിയും വിറ്റോ പിതാവേ! തൃക്കാക്കര കരുണാലയത്തിന്റെ ഭൂമി വില്‍പ്പനയില്‍ വന്‍ തിരിമറിയെന്ന് ആക്ഷേപം

സാജന്‍ ജോസ്

സാജന്‍ ജോസ്

പ്രവാസി, സാന്‍ഫ്രാന്‍സിസ്കോയില്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍