UPDATES

ട്രെന്‍ഡിങ്ങ്

അവര്‍ക്ക് വേണ്ടത് സ്വയം ലെെംഗികവസ്തുവാകുന്ന പെണ്ണുടലാണ്; വ്യക്തിത്വം പ്രഖ്യാപിക്കുന്ന പെണ്ണിനെയല്ല

വ്യക്തിത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ സ്ത്രീ സ്വന്തം നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതാണ് ഇന്നാട്ടിലെ പുരുഷന്‍മാര്‍ക്ക് സഹിക്കാന്‍ പറ്റാത്തത്

പുരുഷന്റെ ലൈംഗിക-സദാചാര കാപട്യത്തിന്റെ ആഴവും പരപ്പുമാണ് കൊച്ചിയില്‍ സണ്ണി ലിയോണിനെ കാണാന്‍ തടിച്ചു കൂടിയ പുരുഷാരത്തെ (ജനക്കൂട്ടം അല്ല ‘പുരുഷാരം’) കണ്ടപ്പോള്‍ ബോധ്യപ്പെട്ടത്. ആ ആണ്‍കൂട്ടത്തില്‍ തീര്‍ച്ചയായും ഉണ്ടാകും, ചുംബന സമരത്തെ എതിര്‍ത്തവര്‍, ലഗ്ഗിംഗ്‌സിനെതിരെ അക്രോശിച്ചവര്‍, സ്വന്തം ഭാര്യയുടെ ശരീരം കറുത്ത ചാക്കില്‍ പൊതിയുന്നവര്‍, നഗ്‌ന വീഡിയോകളും ഫോട്ടോകളൂം ആര്‍ക്കും അയച്ചു കൊടുക്കരുതെന്ന് സോഷ്യല്‍ മീഡിയയിലെ പെങ്ങന്‍മാരെ മുഴുവന്‍ ബോധവത്കരിക്കുന്ന ആങ്ങളമാര്‍! തീര്‍ച്ചയായും ഇവരൊക്കെയുണ്ടാകും കൊച്ചിയില്‍ കൂട്ടം കൂടി നിന്നവരില്‍.

സദാചാരത്തിന്റെ അപ്പോസ്തലന്‍മാരായ മലയാളി ആണ്‍കൂട്ടം മണിക്കൂറുകള്‍ കാത്തു നിന്നത്, പോണ്‍ വീഡിയോസില്‍ സ്വന്തം നഗ്‌നത അടിമുതല്‍ മുടിവരെയും അതിനപ്പുറവും പ്രദര്‍ശിപ്പിക്കുന്ന ഒരു സ്ത്രീയെ കാണാന്‍ വേണ്ടി മാത്രമാണ്. അപ്പോള്‍ നാട്ടിലെ പെണ്ണുങ്ങളുടെ നഗ്‌നതയല്ല നമ്മുടെ പുരുഷന്‍മാരുടെ പ്രശ്‌നം. അത് പ്രദര്‍ശിപ്പിക്കപ്പെടുന്നതുമല്ല. അത് എങ്ങനെ പ്രദര്‍ശിപ്പിക്കുന്നു എന്നതാണ്. സണ്ണി ലിയോണ്‍ പ്രദര്‍ശിപ്പിക്കുന്നതു പോലെയാണെങ്കില്‍ അവര്‍ക്കത് സ്വീകാര്യമാണ്. സ്വയം ഒരു ചരക്കായി മാറികൊണ്ട് പുരുഷന്റെ ലൈംഗിക കാമനകളെ പൂര്‍ത്തീകരിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നര്‍ത്ഥം.

വ്യക്തിത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍, ഒട്ടും ലൈംഗികമല്ലാത്ത സാഹചര്യത്തില്‍, സ്ത്രീ സ്വന്തം നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതാണ് ഇന്നാട്ടിലെ പുരുഷന്‍മാര്‍ക്ക് സഹിക്കാന്‍ പറ്റാത്തത്. അപ്പോള്‍ സ്ത്രീയുടെ വ്യക്തിത്വ പ്രഖ്യാപനവും സ്വാതന്ത്ര്യ പ്രഖ്യാപനവുമാണ് അവന് പ്രശ്‌നം. പിന്നെ തീര്‍ത്തും ലൈംഗികമല്ലാത്ത സാഹചര്യത്തില്‍ സ്ത്രീ നഗ്‌നത കണ്ട് കണ്ട് അവന്റെ ലൈംഗിക ആസ്വാദ്യത കുറഞ്ഞു പോകുമോ എന്ന ഭയവും.

‘എന്താണ് പെണ്‍ശരീരത്തില്‍ ഒളിച്ചു വച്ചിട്ടുളളത്?’ എന്ന എന്റെ ലേഖനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമയത്ത് ഒരു പുരുഷ സുഹൃത്ത് പറഞ്ഞു- ‘കാര്യമൊക്കെ ശരിതന്നെ. പക്ഷെ, ഈ സ്ത്രീകളുടെ ശരീരം മറച്ചു വക്കാതിരുന്നാല്‍ അതിങ്ങനെ എപ്പോഴും കണ്ട് കണ്ട് ഞങ്ങള്‍ക്ക് വികാരം വരാതെയായിപ്പോയാലോ? ഞങ്ങളൊക്കെ ഒന്നിനും കൊളളാത്തവരായിപ്പോയാലോ?’ അതാണ് അപ്പോള്‍ അടിസ്ഥാനപരമായ കാരണം.

അതായത് സ്ത്രീയുടെ ശരീരം എല്ലായ്‌പ്പോഴും മൂടി വയ്ക്കേണ്ടത് പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ ലൈംഗിക വികാരത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. പൊതിഞ്ഞു വച്ച സ്ത്രീ ശരീരം തുറന്നു കണ്ടാണല്ലോ മിക്കവാറും പുരുഷന്‍മാര്‍ വികാരം ഉണ്ടാക്കുന്നത്. കാര്യം എത്രയെളുപ്പം!

സ്ത്രീയുടെ നഗ്‌നത എല്ലായ്‌പോഴും കണ്ട് കണ്ട് ശീലമായിക്കഴിഞ്ഞാല്‍ പുരുഷന് പണിയാകും. പിന്നെ ലൈംഗിക താത്പര്യം തോന്നണമെങ്കില്‍ ഇത്തിരിയെങ്കിലും പ്രണയമോ സ്‌നേഹമോ മാനസിക ബന്ധമോ ഒക്കെ വേണ്ടി വരും. അതുകൊണ്ട് വീട്ടിലേയും നാട്ടിലേയും പെണ്ണുങ്ങള്‍ മൂടിപ്പൊതിഞ്ഞ് ഒരു ചരക്കായി ഇരിക്കേണ്ടത് പുരുഷന്റെ മനശ്ശാസ്ത്രപരമായ ആവശ്യമാണ്.

എന്നാല്‍ സണ്ണി ലിയോണിനെപ്പോലെ, സ്വയം ഒരു ലൈംഗിക വസ്തുവായി മാറിക്കൊണ്ട്, ഒരു സ്ത്രീ നഗ്‌നതാ പ്രദര്‍ശനം നടത്തുകയാണെങ്കില്‍ അതിനെ അവന്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും, ആഘോഷിക്കും. അതാണ് കൊച്ചിയില്‍ കണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ദിവ്യ ദിവാകരന്‍

ദിവ്യ ദിവാകരന്‍

അധ്യാപിക, എഴുത്തുകാരി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍