UPDATES

ട്രെന്‍ഡിങ്ങ്

പാഠം1: ഒ രാജഗോപാല്‍…ക്ലാ..ക്ലാ..ക്ലീ…ക്ലീ

ബിജെപിക്ക് എക്കൌണ്ട് തുറന്ന ആള്‍ എന്നതില്‍ കവിഞ്ഞു എന്തു രാജഗോപാല ചരിതമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത് എന്നു ബിജെപിക്കാര്‍ തന്നെ വിശദീകരിച്ചാല്‍ കൊള്ളാം

ബി ജെ പിയെന്നൊരു രാഷ്ട്രീയ പാർട്ടി സംസ്ഥാനത്തുണ്ടെന്നു നാട്ടുകാരറിഞ്ഞത് രാജേട്ടൻ എന്ന് പാർട്ടി വൃത്തങ്ങളിലറിയപ്പെടുന്ന ഒ രാജഗോപാൽ കേന്ദ്രത്തിൽ അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയിൽ അംഗമായപ്പോഴാണ്. കേരളത്തിൽ നിന്ന് പോയ മന്ത്രിയല്ലെങ്കിൽ കൂടിയും കേരളത്തിന് വേണ്ടി റെയിൽവേയിലേക്ക് രാജഗോപാൽ ചെയ്തത് പോലെ മറ്റാർക്കും ഒന്നും ചെയ്യാനായിട്ടില്ല. പക്ഷെ കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒ രാജഗോപാൽ എന്ന പേര് രേഖപ്പെടുന്നത് ബി ജെ പിയുടെ അക്കൗണ്ട് തുറന്ന വ്യക്തി എന്ന നിലയിലായിരിക്കും. നേമത്തെ അദ്ദേഹത്തിന്റെ വിജയം അപ്രതീക്ഷിതമായിരുന്നു. പക്ഷെ, കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ് പാർട്ടിയും പരസ്പര ധാരണയില്ലാതെ നേമത്ത് ബി ജെ പിയെ ജയിപ്പിച്ചതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇടത് സ്വഭാവമുള്ള കേരള ജനത ഒ രാജഗോപാലെന്ന ബി ജെ പി നേതാവിനെ അംഗീകരിക്കില്ല. പക്ഷെ രാജേട്ടൻ എന്ന രാഷ്ട്രീയ നേതാവിനെ നമ്മൾ അംഗീകരിക്കുകയും ചെയ്യും. ഒരുപക്ഷെ എൽഡിഎഫിന്റെയോ യുഡിഎഫിന്റെയോ ഭാഗമായിരുന്നെങ്കിൽ പണ്ടേക്ക് പണ്ടേ രാജഗോപാൽ കേരളത്തിന്റെ ഏതെങ്കിലുമൊരു മന്ത്രിയാകുമായിരുന്നു.

പക്ഷെ രാജഗോപാലിന്റെ ജീവിതം കുട്ടികൾ പഠിക്കണമെന്ന് ഏതെങ്കിലുമൊരു ബി ജെ പി നേതാവ് പറഞ്ഞാൽ അംഗീകരിക്കേണ്ടതുണ്ടോയെന്ന് സംശയമാണ്. എന്താണ് രാജഗോപാലിനെക്കുറിച്ച് പഠിപ്പിക്കേണ്ടത്? ഒരു സിനിമ വിദ്യാർത്ഥിക്ക് അദ്ദേഹത്തിന്റെ മകൻ ശ്യാമപ്രസാദിനെക്കുറിച്ച് പഠിക്കാം. മലയാളത്തിലെ മികച്ച സിനിമാക്കാരിൽ ഒരാൾ തന്നെയാണ് അദ്ദേഹം. അറുപതുകളിൽ വക്കീൽ രാജഗോപാലായിരുന്ന വ്യക്തി ദീൻ ദയാൽ ഉപാധ്യയയിൽ ആകൃഷ്ടനായി ജനസംഘത്തിലും പിന്നീട് ജനതാ പാർട്ടിയിലും എത്തിയതാണ് ഒ രാജഗോപാൽ എന്ന രാഷ്ട്രീയ നേതാവ്. ജനതാ പാർട്ടി ഭാരതീയ ജനതാ പാർട്ടിയായപ്പോൾ ആദ്യ സംസ്ഥാന പ്രസിഡന്റ് ഇദ്ദേഹമായിരുന്നു. തൊണ്ണൂറുകളിൽ ബിഹാറിൽ നിന്നും രാജ്യസഭാംഗമാക്കി രാജേട്ടനെ ബി ജെ പി പാർലമെന്റിലെത്തിച്ചു. കേരളത്തിൽ മത്സരിപ്പിച്ചാൽ കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്ന് ഉറപ്പുള്ള നേതാക്കന്മാരെ നോർത്ത് ഇന്ത്യയിലെവിടെയെങ്കിലും നൂലിൽ കെട്ടിയിറക്കി മത്സരിപ്പിച്ച് പാർലമെന്റിലെത്തിക്കാമെന്ന് തെളിയിച്ചത് ബി ജെ പിയാണ്. ഒരുവിധത്തിൽ അത് അവരുടെ രാഷ്ട്രീയ അടവ് തന്ത്രമാണ്. കേരളത്തിലെ ജനങ്ങൾക്കിടയിൽ ബി ജെ പി എന്നൊരു രാഷ്ട്രീയ പാർട്ടിയുണ്ടെന്ന് ബോധ്യപ്പെടുത്താൻ ആ നീക്കത്തിന് സാധിച്ചു.

അതേസമയം തീർത്തും സംയമനപൂർവമായ ഒരു ഹൈന്ദവ രാഷ്ട്രീയമാണ് അദ്ദേഹത്തിന് പറയാനുള്ളത്. വർഗീയവാദിയെന്ന് വിശേഷിപ്പിക്കാനാകാത്ത ബി ജെ പിക്കാരനാണ് അദ്ദേഹം. അതിനാൽ തന്നെ രാജഗോപാലിന്റെ ജീവചരിത്രം പഠിപ്പിക്കുക എന്നതുകൊണ്ട് ബി ജെ പി നേതാക്കൾ ലക്ഷ്യമിടുന്നത് വർഗീയവാദത്തെ വെള്ള പൂശൽ മാത്രമാണ്. രാജഗോപാലിന്റെ ജീവിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ബി ജെ പി ഉന്നയിച്ചത് അദ്ദേഹത്തിന്റെ നവതി ആഘോഷിക്കുമ്പോഴാണെന്നത് ശ്രദ്ധേയമാണ്. ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത് പാർട്ടി നേതൃത്വത്തിന്റെ അറിവോടെ തന്നെയായിരിക്കും.

സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ഒപ്പം നിന്നുവെന്ന ചീത്തപ്പേര് ചുമക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ബി ജെ പി. ആർ എസ് എസിന്റെ രാഷ്ട്രീയ വിഭാഗമെന്ന നിലയിലാണ് ഈ ചീത്തപ്പേര് പേറുന്നതും. സവർക്കറിനെ ധീര രക്തസാക്ഷിയായി പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നതിനൊപ്പം ഉപാധ്യയയും ഗോൾവൽക്കറുമാണ് ഭാരതത്തിന്റെ ശിൽപ്പികളെന്ന് സ്ഥാപിക്കാനും ഇവർ ശ്രമിക്കുന്നു. ആധുനിക ഇന്ത്യയുടെ പിതാവ് നരേന്ദ്ര മോദിയാണെന്ന് നോർത്ത് ഇന്ത്യയിലെ സ്കൂൾ കുട്ടികളെ പഠിപ്പിക്കുന്നതിന് പിന്നാലെ മഹാത്മാ ഗാന്ധിയ്ക്കൊപ്പം ജനങ്ങളിൽ ആ ചിത്രവും പതിയാൻ ചർക്കയും ആർ എസ് എസും ബി ജെ പിയും ഏറ്റെടുത്തിട്ടുണ്ട്. ഇക്കണക്കിന് പോയാല്‍ ഇന്ത്യൻ കറൻസികളിൽ ഗാന്ധി മാറി മോദി വരുന്ന കാലവും വിദൂരമല്ല.

പാഠ്യപദ്ധതിയുടെ ഭാഗമാക്കി ആർ എസ് എസിന്റെയും ബിജെപിയുടെയും ചതിയുടെ രാഷ്ട്രീയം വരുന്ന തലമുറയിൽ നിന്നും മറച്ചു പിടിക്കലാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെ ലക്ഷ്യം. നേതാക്കളെ മഹാന്മാരായി ചിത്രീകരിക്കുക തന്നെയാണ് അതിനുള്ള വഴി. മുരളീധർ റാവു മുന്നോട്ട് വയ്ക്കുന്ന ആശയവും ഇതുതന്നെയാണ്. ബിജെപിക്ക് എക്കൌണ്ട് തുറന്ന ആള്‍ എന്നതില്‍ കവിഞ്ഞു എന്തു രാജഗോപാല ചരിതമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത് എന്നു ബിജെപിക്കാര്‍ തന്നെ വിശദീകരിച്ചാല്‍ കൊള്ളാം.

രാജേട്ടന് ഒന്നല്ല, ഒരൊന്നൊന്നര ചോദ്യം ചോദിക്കാനുണ്ട്

കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി രാജേട്ടന്‍: കര്‍ണാടകത്തിലേക്ക് എടുത്തോളൂവെന്നും ട്രോള്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍