UPDATES

എന്തിനാണ് യാക്കോബായ-ഓര്‍ത്തഡോക്‌സുകാര്‍ തമ്മില്‍ തല്ലുന്നത്? ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത സംസാരിക്കുന്നു

ഇരുസഭകളും ഒന്നാകാനുള്ള മികച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്; എന്നാല്‍ നേതൃ നിരയിലുള്ളവര്‍ ഇക്കാര്യത്തില്‍ മനസുവയ്ക്കണം

ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടാനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍. നിരവധി ആതുരാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ചുമതലക്കാരന്‍. പതിറ്റാണ്ടുകളായി പരസ്പരം പോരടിക്കുന്ന മലങ്കരയിലെ ക്രൈസ്തവ വിഭാഗങ്ങളായ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ ലയനത്തിനായി മുന്നിട്ടിറങ്ങുക വഴി ഇദ്ദേഹമിപ്പോള്‍ മാധ്യമങ്ങളില്‍ ശ്രദ്ധയനായിട്ടുണ്ട്. സമാധാന നീക്കങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്ന വ്യക്തി ഇന്ന നിലയില്‍, കഴിഞ്ഞ ദിവസം വരിക്കോലി പളളിയില്‍ (ഇദേഹത്തിന്റെ കീഴിലുളളതാണ്) ഓര്‍ത്തഡോക്‌സ് വിഭാഗം തകര്‍ത്ത പാത്രിയര്‍ക്കാ എംബ്ലം കഴിഞ്ഞ ദിവസം ഇദ്ദേഹം തന്നെ മുന്‍ കൈ എടുത്ത് പുനര്‍ നിര്‍മ്മിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. 1995 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സഭാ യോജിപ്പെന്ന ആശയവുമായി യാക്കോബായ സഭയില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭയിലേക്കെത്തിയ ഇദ്ദേഹം തന്നെയാണ് ഇപ്രാവശ്യവും അനുരഞ്ജന നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നാലര പതിറ്റാണ്ടിന് ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗം ഇക്കുറി യാക്കോബായ സഭാ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയെ കണ്ടതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. അനുരഞ്ജന നീക്കങ്ങളെ കുറച്ച് ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അഴിമുഖത്തോട് മനസ് തുറക്കുകയാണിവിടെ…

‘പരസ്പരം പോരടിക്കുന്നതും തെരുവില്‍ തല്ലുന്നതും ക്രൈസ്തവതയല്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളില്‍ പെടുന്ന ചിലരെല്ലാം അറിഞ്ഞോ അറിയാതെയോ അത്തരം വഴക്കുകള്‍ക്ക് കൂട്ടു നില്‍ക്കുകയാണ്. അവസാനമില്ലാതെ നീളുന്ന അത്തരം വഴക്കുകള്‍ക്ക് അന്ത്യം കുറിക്കണമെന്ന ചിന്തയില്‍ നിന്നാണ് എന്റെ മനസില്‍ ഇരു സഭകളും ഒന്നാകണമെന്ന ആഗ്രഹമുദിച്ചത്.

1995ല്‍ സുപ്രീം കോടതി വിധിയുണ്ടായപ്പോഴും (അന്ന് ഞാന്‍ യാക്കോബായ പക്ഷത്തായിരുന്നു) ഇതേ ആഗ്രഹത്തോടെയാണ് സഭയ്ക്കുളളില്‍ പ്രവര്‍ത്തിച്ചത്. ഞാനും മെത്രാപ്പോലീത്തമാരായ എബ്രഹാം മാര്‍ സെവേറിയോസ്, സഖറിയാസ് മാര്‍ നിക്കോളവാസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ ചേര്‍ന്നാണ് അന്ന് ഈ ചര്‍ച്ച തുടങ്ങിവച്ചത്. അതിന്റെ ഭാഗമായി ഞങ്ങള്‍ അന്നത്തെ പാത്രിയര്‍ക്കീസ് ബാവയെ (ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവ) നേരില്‍ കാണുകയും അദേഹം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ ആവശ്യവുമായി ഞാന്‍ അദേഹത്തെ മൂന്ന് പ്രാവശ്യം കണ്ടു. രണ്ട് പ്രാവശ്യം ഞങ്ങള്‍ കൂട്ടമായും ഒരു തവണ തനിച്ചും. അപ്പോഴെല്ലാം അദേഹം തുറന്ന പിന്തുണയാണ് നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് ഞാന്‍ ഭദ്രാസന കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത് സഭയോജിപ്പ് എന്ന ലക്ഷ്യവുമായി 1934 ഭരണഘടന അംഗീകരിക്കുകയും ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാകുകയും ചെയ്തത്. മാര്‍ നിക്കോളവാസ്, മാര്‍ സെവേറിയോസ്, മാര്‍ മിലിത്തിയോസ് എന്നിവരും എന്നോടൊപ്പം ചേര്‍ന്നു. എന്നാല്‍ മാര്‍ ഗ്രിഗോറിയോസ് അന്തിമഘട്ടത്തില്‍ പിന്‍വാങ്ങുകയാണ് ചെയ്തത്. പിന്നീടെന്തു കൊണ്ടോ ഞാന്‍ തുടങ്ങി വച്ച നീക്കത്തിനൊരു ഫോളോ അപ്പ് ഉണ്ടായില്ല. പാത്രിയര്‍ക്കീസ് ബാവയും അതേ കുറിച്ച് മൗനം പാലിച്ചു. 2002-ല്‍ പാത്രിയര്‍ക്കീസ് ബാവയെ പരമാധ്യക്ഷനായി പ്രഖ്യാപിച്ച് യാക്കോബായ വിഭാഗം പുതിയ സഭയായി രജിസ്റ്റര്‍ ചെയ്യുകയും കണ്ടനാട് അടക്കമുളള മേഖലകളില്‍ കലാപം പതിവാകുകയും ചെയ്തു. അതെനിക്കും സമാധാന പ്രേമികളായ ആളുകള്‍ക്കും വളരേയേറെ മാനസിക പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ട്.

"</p

ഞാന്‍ അടക്കമുളള മെത്രാന്മാര്‍ സ്വീകരിച്ച നിലപാട് പൂര്‍ണമായും സാധൂകരിക്കുന്ന രീതിയിലാണ് 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയുണ്ടായത്. അത് യാക്കോബായ സഭയുടെ നിലനില്‍പ് നിയമപരമായി ഇല്ലാതാക്കി. ഈ സാഹചര്യത്തിലാണ് യാക്കോബായ സഭയുടെ പ്രാദേശിക തലവനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയും ഞാനും കോതമംഗലത്തെ ഒരു വീട്ടില്‍ വച്ച് കൂടിക്കണ്ടത്. സുപ്രീംകോടതി വിധി താങ്കള്‍ അറിഞ്ഞു കാണുമല്ലോ… ഇങ്ങനെ മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ല… നമുക്കെന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന് എന്നോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ അങ്ങ്, മേലധ്യക്ഷനായ പാത്രിയര്‍ക്കീസ് ബാവയെ എഴുതി അറിയിക്ക്; ശേഷം അദേഹത്തിന്റെ അനുമതിയോടെ നമുക്കൊന്നായി പോകാം എന്ന് മറുപടി ഞാന്‍ നല്‍കി. അപ്പൊ ഇത് വരെ ഞാന്‍ പറഞ്ഞതെല്ലാം മാറ്റി പറയേണ്ടി വരും ഇല്ലേ… എങ്കിലും സാരമില്ല, ഉടന്‍ തന്നെ പാത്രിയര്‍ക്കീസ് ബാവക്കെഴുതാം എന്ന് അദേഹം മറുപടിയും നല്‍കി. ആ കൂടിക്കാഴ്ചയാണ് സത്യത്തില്‍ ഇരു സഭകളും ഒന്നാകുക എന്ന ചര്‍ച്ചയിലേക്ക് വീണ്ടും കാര്യങ്ങള്‍ എത്തിച്ചത്.

ഇക്കാര്യം ഞങ്ങളുടെ സഭാ സുന്നഹദോസില്‍ ചര്‍ച്ച ചെയ്യുകയും പാത്രിയര്‍ക്കീസ് ബാവയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന ചര്‍ച്ചയിലേക്കെത്തുകയും ചെയ്തു. ഇതാണ് ഞാനും അമേരിക്കന്‍ ഭദ്രാസനത്തിലെ ഡോ. സഖറിയാസ് മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്തയും ചേര്‍ന്ന് ലബനോനിലെത്തി യാക്കോബായ സഭയുടെ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയെ കാണാന്‍ കാരണം. സഭകള്‍ ഒന്നാകുന്നതിന് പൂര്‍ണ യോജിപ്പാണ് അദേഹം ഞങ്ങളെ അറിയിച്ചത്. ഇക്കാര്യം അറിയിച്ച് ഞങ്ങളുടെ മുന്നില്‍ വച്ച് തന്നെ പലവട്ടം യാക്കോബായ സഭയുടെ സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുമായി ഫോണില്‍ സംസാരിച്ചു. മലങ്കരയില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ അദേഹത്തോട് നിര്‍ദേശിക്കുകയും ചെയ്തു.

ഇതിന് ശേഷം ഞങ്ങള്‍ മടങ്ങിയത്തി. ഉടന്‍ തന്നെ മോര്‍ ഗ്രിഗോറിയോസുമായി ഞാന്‍ ബന്ധപ്പെട്ടു. അദേഹത്തില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്ന് 24 വരെ എനിക്ക് അമേരിക്കന്‍ പര്യടനമുണ്ടായിരുന്നതിനാല്‍ ബാക്കി കാര്യങ്ങള്‍ അതിന് തീരുമാനിക്കാം എന്ന് പറഞ്ഞാണ് അന്ന് ഞങ്ങള്‍ സംസാരം അവസാനിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്ക് അല്‍പം ഗതിവേഗം കുറഞ്ഞോ എന്നെനിക്ക് സംശയമുണ്ട്. മാര്‍ ഗ്രിഗോറിയോസുമായി ബന്ധപ്പെട്ടെങ്കിലും അത്ര സുഖകരമായ രീതിയിലല്ല കാര്യങ്ങള്‍ എന്നാണ് അദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്. ഏതായാലും കാര്യങ്ങള്‍ പാത്രിയര്‍ക്കീസ് ബാവയെ അറിയിക്കുന്നുണ്ട്. സംഘര്‍ഷം കൊഴുപ്പിച്ച് സമാധാന നീക്കങ്ങള്‍ അട്ടിമറിക്കാനുളള നീക്കം ചിലഭാഗങ്ങളില്‍ നിന്നെല്ലാം കാണുന്നുണ്ട്.

ആരാധനകളിലോ കൂദാശകളിലോ യാതൊരു വ്യത്യാസവുമില്ലാത്ത ജനവിഭാഗങ്ങളാണ് ഞങ്ങള്‍. പിന്നെ എന്തിന്റെ പേരിലാണ് ഈ തമ്മില്‍ തല്ലെന്ന് എനിക്കിനിയും പിടി കിട്ടിയിട്ടില്ല. പരസ്പരം ഒന്നായി കാണാനുളള മനസ് വളര്‍ത്താന്‍ എല്ലാവരും ശ്രമിക്കണം. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ പലരേയും മാനസികമായി ഒരുപാട് അകറ്റിയെന്നത് ശരി തന്നെ. എന്നാല്‍ മേല്‍പ്പട്ടക്കാര്‍ അകല്‍ച്ച വര്‍ധിപ്പിക്കാനുളള ശ്രമങ്ങളില്‍ നിന്ന് ഇനിയെങ്കിലും പിന്‍വാങ്ങണം… അകല്‍ച്ചകള്‍ അവസാനിപ്പിച്ച് യോജിക്കാനുളള അവസരമാണ് ഈ സുപ്രീംകോടതി വിധി. അവിടെ ജയിച്ചവരെന്നോ തോറ്റവരന്നോ ഉളള സമീപനമില്ലാതെ കാര്യങ്ങളെ കാണാനും എല്ലാവരും തയ്യാറാകണം. യോജിപ്പിനായുളള ഉറച്ച നിലപാടുകള്‍ നേതൃനിരകളില്‍ നിന്നാണ് വേണ്ടത്. ഇതിനായി പൊതു സമൂഹത്തിന്റെയും സര്‍ക്കാരുകളുടെയും പിന്തുണയും വേണ്ടതുണ്ട്.

ഫൈസല്‍ രണ്ടാര്‍

ഫൈസല്‍ രണ്ടാര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍