UPDATES

ആരും ബ്രാഹ്മണരുടെ കാല്‍ കഴുകി വെള്ളം കുടിക്കുന്നില്ല; വിവാദ ചടങ്ങില്‍ വിശദീകരണവുമായി കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്ര ഭരണസമതി

വിവാദമായ ബ്രാഹ്മണര്‍ക്ക് കാല്‍കഴിച്ചൂട്ടല്‍ ചടങ്ങില്‍ വിശദീകരണവുമായി കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രഭരണ സമിതി. തെറ്റിദ്ധാരണജനകമായ വിവരങ്ങളാണ് ഈ ചടങ്ങിനെതിരേ ഉയര്‍ത്തുന്നതും അതിനു പിന്നില്‍ ചില തത്പരകക്ഷികളാണെന്നുമാണ് ക്ഷേത്ര ഭരസമതിയുടെ പരാതി. ബ്രാഹ്മണര്‍ക്ക് കാല്‍കഴുകിച്ചൂട്ട് നടത്തുന്നത് ഭക്തരുടെ ആവശ്യ പ്രകാരമാണെന്നും ആവശ്യക്കാരെത്തിയാല്‍ ആറ് വര്‍ഷമായി തുടര്‍ന്ന് പോരുന്ന വഴിപാട് ഇത്തവണയും നടത്തുമെന്നും ഭരണസമിതി അറിയിച്ചു. ഒറ്റപ്പാലത്ത് സ്ഥിതി ചെയ്യുന്ന കൂനന്തുള്ളി മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ‘ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടലി’നെതിരേ സോഷ്യല്‍ മീഡിയായില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജാതിവ്യവസ്ഥയെയും ബ്രാഹ്മണാധിപത്യത്തെയും ഉറപ്പിക്കുന്ന അപരിഷ്‌കൃത ആചാരങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ക്ഷേത്രം പിന്മാറണമെന്നായിരുന്നു വിമര്‍ശനങ്ങളോടൊപ്പമുള്ള ആവശ്യം.

കാലങ്ങളായി തുടര്‍ന്ന് പോരുന്ന വഴിപാട്, ഈ വര്‍ഷം മാത്രം വിവാദമായത് ചില തത്പരകക്ഷികളുടെ ഇടപെടലാണെന്നാണ് ഇതിനോടുള്ള ക്ഷേത്രം ഭരണ സമിതി അംഗങ്ങളുടെ പ്രതികരണം. ഭരണ സമിതി സെക്രട്ടറി ശങ്കരനാരായണന്‍ ഈ വിഷയത്തില്‍ അഴിമുഖത്തോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ്; ഇത് ക്ഷേത്രത്തിന്റേതായ ആചാരമല്ല, വഴിപാടാണ്. അതെന്തിന് നടത്തുന്നു എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ഭക്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണ്. ഭക്തരുടെ ആവശ്യപ്രകാരമാണ് വഴിപാട് നടത്തുന്നതും. വര്‍ഷങ്ങളായി ഈ വഴിപാട് നടത്തി വരുന്നു. അക്കാലങ്ങളിലെല്ലാം നോട്ടീസില്‍ വഴിപാട് വിവരം കൃത്യമായി നല്‍കാറുമുണ്ട്. ഇപ്രാവശ്യം ഇതെങ്ങനെ വിവാദമായി എന്നറിയില്ല. സാധാരണ ഗതിയില്‍ ഈ വഴിപാടിന് ഒരാളോ അല്ലെങ്കില്‍ പരമാവധി മൂന്നോ നാലോ പേരേ വരാറുള്ളൂ. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കുട്ടികളില്ലാത്തവര്‍, തീരാദുതം അനുഭവിക്കുന്നവരാണ് വഴിപാടിന് വരുന്നത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു കാരണം ബ്രാഹ്മണ ശാപമാണെന്ന് ആരോ പറഞ്ഞ് വിടുന്നതാണ് ഭക്തരെ. അവര്‍ ആ പാപം നീക്കാനായി ഈ വഴിപാട് നടത്തുന്നു. ഇതില്‍ സവര്‍ണ-അവര്‍ണ വകഭേദമൊന്നും ഇല്ല. ഒരു ബ്രാഹ്മണന്‍ മറ്റൊരു ബ്രാഹ്മണനെ ശുദ്ധീകരിച്ച് ഭക്ഷണം നല്‍കുക മാത്രമാണ് ചെയ്യുന്നത്.

വഴിപാട് ബുക്ക് ചെയ്യുന്നവരുടെ എണ്ണമെത്രയാണോ അത്രയും ബ്രാഹ്മണരെ വാഴയിലയില്‍ ഇരുത്തുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ തന്ത്രി കിണ്ടിയില്‍ വെള്ളമെടുത്ത് അവരുടെ കാലുകളും ദേഹവും വെള്ളം തളിച്ച് ശുദ്ധീകരിക്കുന്നു. ഭക്തരെ ആശിര്‍വദിക്കാന്‍ അവരെ യോഗ്യരാക്കുക എന്നതാണ് ഇതിലൂടെ ചെയ്യുന്നത്. അതിന് ശേഷം ക്ഷേത്രത്തില്‍ നിവേദിച്ച ഭക്ഷണം അവര്‍ക്ക് നല്‍കുന്നു. ഭക്ഷണത്തിന് ശേഷം വഴിപാട് നടത്തിയ ഭക്തര്‍ ചെറിയ ദക്ഷിണ ഈ ബ്രാഹ്മണര്‍ക്ക് നല്‍കുന്നു. അത് സ്വീകരിച്ച് ആശിര്‍വദിക്കുന്നതോടെ വഴിപാട് നടത്തിയവരുടെ ബ്രാഹ്മണശാപം നീങ്ങി എന്നാണ് കണക്കാക്കുന്നത്. യഥാര്‍ഥത്തില്‍ ഇവിടെ ഭക്തന്‍ ഒരു കാഴ്ചക്കാരന്‍ മാത്രമാണ്. അവര്‍ ഒരാളുടേയും കാല്‍ കഴുകുകയോ, കാല് കഴുകിയ വെള്ളം കുടിക്കുകയോ ഒന്നും ചെയ്യുന്നില്ല. ഇതെല്ലാം ഓരോരുത്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കാര്യങ്ങളാണ്. ഗുരുവായൂരും, പേരൂരും എല്ലാം ഈ വഴിപാട് നടത്താറുണ്ട്. ഇത്തവണ മാത്രം ഇത് വിവാദം ആയതിന് പിന്നില്‍ ഏതോ തത്പരകക്ഷികളുടെ താത്പര്യമാണ്.’

വഴിപാടിനായി ഇത്തവണ ആരും ബുക്ക് ചെയ്തിട്ടില്ല. എന്നാല്‍ ആരെങ്കിലും സമീപിച്ചാല്‍ വഴിപാട് നടക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ ഇത്തവണ വലിയ തോതില്‍ എതിര്‍പ്പ് വന്നതിനാല്‍ വഴിപാട് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വകവയ്ക്കുമോ എന്ന ആശങ്കയും ക്ഷേത്ര ഭരണസമിതിക്കുണ്ട്. ഡിവൈഎഫ്ഐയും പുരോഗമന കലാസാഹിത്യ സംഘവും കാല്‍കഴുകിച്ചൂട്ടലിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍