UPDATES

ട്രെന്‍ഡിങ്ങ്

പഴയ തഴമ്പ് തിരുമി ഇരിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ, പക്ഷേ ഞങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും…

രാജീവ് ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍, കുറെപ്പേര്‍ സുനാമിയടിച്ചെന്നെപോലെ കേറി വന്നിട്ടുണ്ട്. അതവരുടെ കഴിവെന്നും ഇപ്പോഴുള്ളവര്‍ കഴിവില്ലാത്തവരെന്നും പറയുന്നതില്‍ എന്ത് അടിസ്ഥാനമാണുള്ളത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തലമുറമാറ്റം വേണമെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാധിനിധ്യം വേണമെന്നും ആവശ്യമുയര്‍ത്തിയിരിക്കുകയാണ് യുവ എംഎല്‍എമാര്‍ അടക്കം ഒരു വിഭാഗം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ ഉണ്ടായ പ്രതികരണങ്ങള്‍ രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ ശക്തമായി മാറിയിരിക്കുന്നു. വി ടി ബല്‍റാം, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, റോജി എം ജോണ്‍, അനില്‍ അക്കര തുടങ്ങിയ എംഎല്‍എമാര്‍ പരസ്യമായി തന്നെ ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് പുതുമുഖത്തെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്കെതിരേ പാര്‍ട്ടി നേതാക്കന്മാര്‍ക്കിടയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍, തങ്ങള്‍ എന്തുകൊണ്ട് നിലപാടുകള്‍ ഉയര്‍ത്തേണ്ടി വരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഹൈബി ഈഡന്‍ എംഎല്‍എ.

ഇന്ത്യ മഹാരാജ്യം കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ആഗ്രഹിക്കുന്ന സാഹചര്യമാണിപ്പോള്‍. ജനാധിപത്യ സംരക്ഷണത്തിന് ഈ പ്രസ്ഥാനം ആവശ്യമാണെന്ന തിരിച്ചറിവില്‍ സ്വയം പരിശോധന നടത്തി, തിരുത്തലുകള്‍ സ്വീകരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ജനഹിതം നിറവേറ്റേണ്ടതുണ്ട്. ആ ഉത്തരവാദിത്വം നടപ്പാകണമെങ്കില്‍ വേണ്ടി വരുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല, ഈ പാര്‍ട്ടിയെ സ്‌നേഹിക്കുകയും ഇതിന്റെ അഭ്യുദയകാംക്ഷികളായവരുമെല്ലാം ആഗ്രഹിക്കുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം അതിന് തീവ്രത കൂടിയിട്ടുമുണ്ട്. അത്തരമൊരു സന്ദര്‍ഭത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഞങ്ങള്‍ ഉന്നയിക്കുന്ന മാറ്റം അവിടെയും പ്രതിഫലിക്കണം എന്നുമാത്രമാണ് ആവശ്യപ്പെടുന്നത്. ഇതില്‍ വ്യക്തിതാത്പര്യങ്ങളോ വ്യക്തിവിദ്വേഷങ്ങളോ ഇല്ല. എനിക്കു വേണ്ടപ്പെട്ടവരെയോ ഞാന്‍ നിര്‍ദേശിക്കുന്നവരെയോ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഒരാളുടെയും പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. പുതുമുഖങ്ങള്‍ വരണം, സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കൊടുക്കാന്‍ ഹൈക്കമാന്‍ഡും കേരളത്തിലെ നേതൃത്വും തയ്യാറാകണം; അതാണ് ആവശ്യപ്പെടുന്നത്.

ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഒരുപാട് പേര്‍ക്ക് അവസരം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസില്‍ ഗുണപ്രദമായ രീതിയില്‍ അങ്ങനെ സംഭവിക്കുന്നില്ല. ഒരേപേരുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. അവരൊക്കെ സഭകളില്‍ നടത്തുന്ന പ്രകടനങ്ങള്‍ എങ്ങനെയാണെന്നു കൂടി ഓര്‍ക്കണം. ചോദ്യങ്ങള്‍ ചോദിക്കുന്നതും വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതും എത്രകണ്ടുണ്ടെന്ന് വീക്ഷിക്കണം. പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചവര്‍, കഴിവുള്ളവര്‍ അങ്ങനെയുള്ള നിരവധി പേര്‍ പാര്‍ലമെന്ററി രംഗത്ത് അവസരം കിട്ടാതെ പോകുന്നുണ്ട്. അവര്‍ക്ക് ഒരു അവസരം കൊടുക്കണമെന്നാണ് ഞങ്ങള്‍ പറയുന്നത്. പി ജെ കുര്യന്‍ സാറിന് അദ്ദേഹത്തിന്റെ സീനിയോറിറ്റി വച്ച് കിട്ടാവുന്ന എറ്റവും വലിയ പദവി രാജ്യസഭയില്‍ കിട്ടി കഴിഞ്ഞു. ഇനി അദ്ദേഹത്തിന് ഒരു സാധാരണ എം പി ആയി മാത്രമെ അവിടെ ഇരിക്കാന്‍ കഴിയൂ. രാജ്യസഭയിലും ലോക്‌സഭയിലും അദ്ദേഹത്തിന് നിരവധി അവസരങ്ങള്‍ കിട്ടിയിട്ടുമുണ്ട്. ഇനി മറ്റൊരാള്‍ വരട്ടെ. ഇന്ത്യയില്‍ ഒട്ടാകെ പിസിസി പ്രസിഡന്റുമാരെ മാറ്റുന്നുണ്ട്, ചെറുപ്പക്കാരായവര്‍ ആ സ്ഥാനങ്ങളിലേക്ക് വരികയാണ്, പാര്‍ലമെന്ററി രംഗത്തും ആ മാറ്റം വരട്ടെ.

2011 ല്‍ ആണ്, എനിക്കും ഷാഫിക്കും ബല്‍റാമിനും അങ്ങനെ കുറച്ച് പേര്‍ക്ക് അവസരം കിട്ടുന്നത്. അതിനു മുമ്പ് അങ്ങനെയൊരു അവസരം വരുന്നത് 1991 ല്‍ ആയിരുന്നു. ആ കാലത്താണ് പി ടി തോമസ്, കെ ബാബു, എന്റെ പിതാവ് ജോര്‍ജ് ഈഡന്‍, ഡൊമനിക് പ്രസന്റേഷന്‍ തുടങ്ങി കുറച്ചു പേര്‍ വരുന്നത്. അവര്‍ വന്നിട്ട് രണ്ടു പതിറ്റാണ്ടോളം കഴിഞ്ഞാണ് ഞങ്ങള്‍ വന്നതെന്നോര്‍ക്കണം. ഞങ്ങള്‍ക്കുശേഷം എത്ര ചെറുപ്പക്കാര്‍ക്ക് അവസരം കിട്ടിയിട്ടുണ്ടെന്നു കൂടി ആലോചിക്കൂ! അതായത്, തുടര്‍ച്ചയായി യുവാക്കള്‍ക്ക് അവസരം കിട്ടുന്ന സമ്പ്രദായം പാര്‍ട്ടിയില്‍ ഇല്ല.

ഞങ്ങളെ ഭാഗ്യന്വേഷികള്‍, നേതാക്കന്മാരുടെ ആശ്രിതത്വത്തില്‍ കഴിഞ്ഞ്, അവരുടെ ദയയില്‍ സീറ്റ് കിട്ടുന്നവര്‍, അല്ലെങ്കില്‍ കെസ്‌യു പ്രസിഡന്റോ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റോ ആയിപ്പോകുന്നതിലൂടെ കിട്ടുന്ന സംവരണ സീറ്റ് കിട്ടുന്നവര്‍; എന്നൊക്കെയാണല്ലോ പരിഹസിക്കുന്നത്. ശരിയാണ്, അതു തന്നെയാണ് ഞങ്ങള്‍ ഇപ്പോള്‍ പറയുന്നതും. പ്രോപ്പര്‍ ചാനലിലൂടെ യുവാക്കള്‍ക്ക് എന്തുകൊണ്ട് അവസരങ്ങള്‍ കിട്ടുന്നില്ല? ഭാഗ്യം കൊണ്ടോ, കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ വഴിയിലോ മാത്രമാണ് ഇപ്പോള്‍ ചെറുപ്പക്കാര്‍ക്ക് സീറ്റ് കിട്ടുന്നത്. അത് മാറണം, ആ മാറ്റത്തിനാണ് ഞങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നത്. ആരും ഒന്നും ദാനം തരാന്‍ ഞങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ല. അര്‍ഹതയും അവകാശവും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തൂ.

ഞങ്ങള്‍ ചെയ്തതൊന്നും ഇവര്‍ ചെയ്തിട്ടില്ല, ഞങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് പണ്ട് ചെയ്തിന്റെ ഫലങ്ങളാണ് എന്നും ചിലര്‍ പറയുന്നുണ്ടെന്ന് കേട്ടൂ. കെഎസ് യു സ്ഥാപക നേതാക്കന്മാരുടെ കാലത്തെ രാഷ്ട്രീയമല്ല ഇന്നത്തെ രാഷ്ട്രീയം. അവരുടെ കാലത്തെ കാലാലയാന്തരീക്ഷമല്ല, ഇന്നുള്ളത്. തലമുറ മാറി. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അത് ഞങ്ങളുടെ പരാജയമായി മാത്രമാണോ വിലയിരുത്തേണ്ടത്?

കോണ്‍ഗ്രസിലെ വൃദ്ധ ജന്മികളും ആന്റി ബയോട്ടിക്ക് യുവാക്കളും തമ്മിലുള്ള അവകാശപ്പോര്

ജോര്‍ജ് ഈഡന്റെ മകനായതുകൊണ്ടാണ് എനിക്ക് സീറ്റ് കിട്ടിയതെന്ന് പറയുന്നൂ. അതാണ് എന്റെ കാര്യത്തിലെ ഭാഗ്യഘടകം എന്നു ചിലര്‍ പറയുന്നു. തേവര കോളേജിലെ യൂണിറ്റ് സെക്രട്ടറിയായി തുടങ്ങിയതാണ് ഞാന്‍.  പ്രീഡിഗ്രി റെപ്രസെന്റേറ്റീവ് ആയി, 2001 ല്‍ എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2002 ല്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി, 2003 ല്‍ കോളേജ് യണിയന്‍ ചെയര്‍മാനായി, 2004 ല്‍ കെഎസ് യു എറണാകുളം ജില്ല പ്രസിഡന്റായി നിയമിതനായി, 2007 ല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റായി. ഞാന്‍ സംസ്ഥാന പ്രസിഡന്റായിരിക്കുന്ന സമയത്താണ് പാഠപുസ്തക സമരത്തിനും ബസ് കണ്‍സഷന്‍ സമരവും കെ എസ് യു നയിച്ചതും വിജയം നേടിയതും. 2008 ല്‍ എന്‍ സ് യു പ്രസിഡന്റായി . വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് കിട്ടാവുന്ന ഏറ്റവും പരമപ്രധാനവും അഭിമാനകരവുമായ സ്ഥാനമാണ് എനിക്ക് കിട്ടിയ എന്‍ എസ് യു പ്രസിഡന്റ് സ്ഥാനം.  2009 ല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള പേരുകാരനായിരുന്നു ഞാന്‍. അന്ന് എനിക്കതില്‍ ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ ഇന്നും ഞാനെന്റെ രാഷ്ട്രീയജീവിതത്തില്‍ ഏറ്റവും അഭിമാനത്തോടെ ഓര്‍ത്തിരിക്കുന്ന സ്ഥാനമാണ് എന്‍ എസ് യു പ്രസിഡന്റ് എന്നത്. ആരെങ്കിലും എന്നെ കെട്ടിയിറക്കിയിട്ട് നേതാവായി തീര്‍ന്നതല്ല ഞാന്‍ എന്നോര്‍മിപ്പിക്കാനാണ് ഇതൊക്കെ പറഞ്ഞത്.

2003 ല്‍ ആണ് എന്റെ പിതാവ് അന്തരിക്കുന്നത്. പിതാവ് മരിച്ച് എട്ടോ പത്തോ വര്‍ഷം കഴിഞ്ഞാണ് എനിക്ക് നിയമസഭ സീറ്റ് കിട്ടുന്നതെന്നോര്‍ക്കണം. അതെന്റെ പിതാവിന്റെ ആനുകൂല്യമായി തന്നെയിരിക്കട്ടെ, അങ്ങനെയാണെങ്കില്‍ ഒരു തവണയല്ലേ ഞാനവിടെ ജയിക്കൂ. ആ മണ്ഡലം നിലനിര്‍ത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതെന്റെ കഴിവല്ലേ? സെബാസ്റ്റ്യന്‍ പോള്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ 32,000 ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഞാന്‍ തോല്‍പ്പിച്ചത്.

കെഎസ്‌യു/യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ക്ക് സീറ്റ് കൊടുക്കുന്നൂ എന്നു പറയുമ്പോള്‍ പോലും അതെവിടെയാണ് കൊടുക്കുന്നതെന്നു കൂടി നോക്കണം. വിജയസാധ്യതയുള്ള സീറ്റ് കൊടുത്ത ചരിത്രമുണ്ടോ? എറണാകുളം കോണ്‍ഗ്രസ് കുത്തക മണ്ഡലമാണെന്ന് പറയാന്‍ കഴിയുമോ? സാനു മാഷും സെബാസ്റ്റ്യന്‍ പോളും, സേവ്യര്‍ അറയ്ക്കലുമൊക്കെ മത്സരിച്ച് ജയിച്ചിട്ടുണ്ട് ഇവിടെ? തൃത്താല കോണ്‍ഗ്രസ് കുത്തകയാണോ? പാലക്കാട് കോണ്‍ഗ്രസിന്റെ സ്ഥിരം മണ്ഡലമാണോ? ഷാഫിയെ കോടിയേരിക്കെതിരേ മത്സരിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. അതായിരുന്നു നടന്നതെങ്കിലോ? വി എസ് ജോയിയെ മത്സരിപ്പിച്ചത് മലമ്പുഴയില്‍ വി എസ് അച്യുതാന്ദനെതിരേ, സതീശന്‍ പാച്ചേനിയെ മത്സരിപ്പിച്ചതും മലമ്പുഴയില്‍…ലിജുവിന് സീറ്റ് കൊടുത്തത് അമ്പലപ്പുഴയില്‍. പണ്ട് ഞങ്ങള്‍ നായനാരെ തോല്‍പ്പിച്ചില്ലേ, തണ്ടാരെ തോല്‍പ്പിച്ചില്ലേ എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. രാഷ്ട്രീയം മാറി. കോണ്‍ഗ്രസ് ചിഹ്നത്തില്‍ ആരും മത്സരിച്ചാലും ജയിക്കുന്ന കാലമുണ്ടായിരുന്നു. ഇന്ന് ചിഹ്നങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ല. ഒരു മണ്ഡലവും ആര്‍ക്കും സുരക്ഷിതമല്ല. മണ്ഡലത്തില്‍ പരിചിതരായിരിക്കണം. ഒരു മണ്ഡലത്തില്‍ പോപ്പുലര്‍ ആയ, അവിടെ സ്ഥിരമായി ജയിച്ചു പോരുന്ന ഒരാളെ ആദ്യമായി ചെന്ന് തോല്‍പ്പിക്കുക എന്നതൊക്കെ ഇക്കാലത്ത് അത്രയെളുപ്പമല്ല. ഇപ്പോള്‍ ഇതൊക്കെ പറയുന്നവര്‍ എങ്ങനെയാണ് ജയിച്ചുവന്നതെന്നുകൂടി നോക്കണം. രാജീവ് ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍, കുറെപ്പേര്‍ സുനാമിയടിച്ചെന്നെപോലെ കേറി വന്നിട്ടുണ്ട്. അതവരുടെ കഴിവെന്നും ഇപ്പോഴുള്ളവര്‍ കഴിവില്ലാത്തവരെന്നും പറയുന്നതില്‍ എന്ത് അടിസ്ഥാനമാണുള്ളത്.

കെഎസ് യു/യൂത്ത് കോണ്‍ഗ്രസ് യോഗങ്ങളല്‍ പഴയ നേതാക്കള്‍ വന്നു തങ്ങളുടെ വീരചരിത്രങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. കേരളത്തില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി/ യുവജന പ്രസ്ഥാനങ്ങള്‍ക്ക് സുവര്‍ണകാലം ഉണ്ടായിരുന്നു. ഇന്നതില്ലെങ്കില്‍ ആരാണ് കാരണം? പാര്‍ട്ടിയിലെ ഗ്രൂപ്പ് വൈരമല്ലേ യുവജന/വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ തകര്‍ത്തത്? അതിന്റെ തിക്തഫലമല്ലേ ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ്/കെഎസ് യു നേതാക്കന്മാര്‍ അനുഭവിക്കുന്നത്. എ കെ ആന്റണി 32 ആമത്തെ വയസില്‍ കെപിസിസി പ്രസിഡന്റ് ആയി, 38 ആമത്തെ വയസില്‍ കേരള മുഖ്യമന്ത്രിയായി. ഇന്നത്തെ യുവാക്കള്‍ക്ക് ഇങ്ങനെയുള്ള അവസരം കിട്ടുമെന്ന് ചിന്തിക്കാന്‍ പോലും സാധിക്കില്ല. കെഎസ് യു വിന് രണ്ട് സംസ്ഥാന പ്രസിഡന്റുമാരുണ്ടായിരുന്ന കാലം ഇവിടെയുണ്ടായിരുന്നു. ആ പ്രസ്ഥാനം നശിപ്പിക്കാവുന്നതിന്റെ പാരമ്യത്തില്‍ എത്തിച്ചവരാണ്, ഞങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശിച്ച് പഴയ തഴമ്പ് തിരുമ്മിയിരിക്കുന്നത്. ഈ ഓര്‍ഗനൈസേഷന്റെ സ്ട്രക്ചറും ഫാബ്രികും നശിപ്പിച്ചവര്‍ ആരാണ്? ആ ആള്‍ക്കാര്‍ വിരാവാദങ്ങള്‍ മുഴക്കി കൊണ്ടിരിക്കുമ്പോള്‍ അതിനും മുകളിലായി ശങ്ങള്‍ ശബ്ദം ഉയര്‍ത്തും. അതീ പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടിയാണ്. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഇവിടെ ശക്തിയാര്‍ജിച്ച് നിലനില്‍ക്കണം. ആ ബോധം ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ട് ഞങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും…

(ഹൈബി ഈഡന്‍ എംഎല്‍എയുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്.)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

‘അണ്ടനും അടകോടനും’ നയിക്കുന്ന കോണ്‍ഗ്രസ്സിനെ ആര് രക്ഷിക്കും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍