UPDATES

ട്രെന്‍ഡിങ്ങ്

‘കോളേജിന്റെ സ്വഭാവം മാറിപ്പോകും’, ട്രാൻസ്ജെൻഡറുകള്‍ക്ക് പ്രവേശനം നല്‍കാനാവില്ലെന്ന് പാലാ അല്‍ഫോന്‍സാ കോളേജ്

അൽഫോൻസാ കോളേജിന്റെ വാദം കേട്ട ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. 

കോട്ടയം ജില്ലയിലെ പ്രമുഖ വനിതാ കോളേജായ പാലാ അൽഫോൻസ കോളേജില്‍ ട്രാൻസ്ജെൻഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനം നൽകാനാവില്ലെന്ന് കോളേജ്  അധികൃതർ. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിലാണ് കോളേജ് ഇക്കാര്യം വ്യക്തമാക്കിയത്.

ട്രാൻസ്ജെൻഡറുകൾക്ക് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സീറ്റ് സംവരണം ചെയ്യണം എന്ന സർക്കാർ ഉത്തരവിനെതിരെ പാലാ അൽഫോൻസാ കോളേജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. അതിനെത്തുടർന്ന് സർവ്വകലാശാലയ്ക്കു കീഴിലുള്ള എല്ലാ കോളേജുകളിലും ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് രണ്ടു സീറ്റ് വീതം അനുവദിക്കണമെന്ന് നിര്‍ദേശിച്ച് എംജി യൂണിവേഴ്സിറ്റിയും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം സ്വീകാര്യമല്ലെന്നാണ് കോളേജിന്റെ നിലപാട്.

കോട്ടയത്തെ സിഎംഎസ് കോളേജ് ഉൾപ്പെടെയുള്ള പ്രമുഖ കോളേജുകളിലെല്ലാം ഈ അധ്യയന വർഷവും ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾ പ്രവേശനം നേടിയിരുന്നു. ട്രാൻസ്ജെൻഡർ പ്രവേശനം കോളേജിന്റെ നിലവിലുള്ള സ്വഭാവം മാറ്റുമെന്നും ഉത്തരവ് നടപ്പാക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് പ്രവേശനം നിഷേധിക്കുന്നതിനെ പറ്റി കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. ഇൻക്ലൂസീവ് ക്യാമ്പസ് എന്ന ആശയത്തെപ്പറ്റി പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ല.

“സുപ്രീംകോടതിയുടെ നൽസാ വിധിയിൽ രണ്ടു ശതമാനം ജോലി സംവരണം ഏർപ്പെടുത്തിയിട്ടുണ്ടല്ലോ? ഇനി നിങ്ങൾക്ക് സർക്കാർ ജോലിയിൽ കയറാൻ എന്താണ് തടസ്സമെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ കോളേജിൽ ഒക്കെ പഠിച്ച് നല്ലൊരു ജോലി കിട്ടുക എന്നത് ഇന്നും എത്രമാത്രം പ്രയാസമേറിയ കാര്യമാണ് എന്നാണ് അൽഫോൺസ കോളജിന്റെ ഈ സമീപനം കാണിച്ചുതരുന്നത്. കലാലയം എന്നത് ഒരിക്കലും ബൈനറി ക്വാളിഫൈഡ് മാത്രമായ ഒരിടമല്ല. പകരം അതൊരു വൈഡ് സ്പെക്ട്രത്തെ സ്വാഗതം ചെയ്യുന്ന ഒരു അപ്ലിഫ്റ്റിംഗ് സിസ്റ്റമായി മാറേണ്ടതുണ്ട്. അങ്ങനെ ആവാൻ വിസമ്മതിക്കുന്ന ഒന്നും തന്നെ കലാലയം അല്ല എന്നാണ് ഇതിലൂടെ നമ്മൾ മനസ്സിലാക്കേണ്ടത്”, എന്ന് ഒരു ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി പ്രതികരിച്ചു.

ട്രാൻസ്ജെൻഡറുകൾ ഉൾപ്പെടെയുള്ള ക്വിയർ വ്യക്തികൾക്കു വേണ്ടി പ്രവർത്തിക്കുന്ന ക്വിയറിഥം എന്ന സംഘടനയുടെ പ്രസിഡൻറ് പികെ പ്രിജിത്ത് ഇങ്ങനെ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: “ട്രാൻസ്‌ജെൻഡർ സഹോദരങ്ങൾക്ക് കേരള സർക്കാർ അനുവദിച്ച റിസർവേഷൻ തടയുന്നതിനും പുനഃപരിശോധിക്കുന്നതിനുമായി പാലാ അൽഫോൻസാ കോളേജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നു. ഇന്നലെ കൂടി ഇത്തരം ഒരു റിസർവേഷൻ സൗകര്യം ഉള്ളതുകൊണ്ട് ഒരു സുഹൃത്ത് അഡ്മിഷൻ എടുത്തിരുന്നു. കോളേജുകാർ പറയുന്ന ന്യായമാണ് വിചിത്രം. തങ്ങളുടേത് വനിതാ കോളേജ് ആണ്, മറ്റ് വനിതാ കോളേജുകളടക്കം എല്ലായിടത്തും പ്രശ്നങ്ങൾ ഉണ്ടാക്കുമത്രേ! കോളേജ് അധികൃതരേ, എത്രത്തോളം കഷ്ടപ്പെട്ടാണ് ഓരോ ട്രാൻസ്‌ജെൻഡർ വ്യക്തിയും ദിവസങ്ങൾ തള്ളിനീക്കുന്നതെന്ന് വല്ല പിടിയും ഉണ്ടോ? നിങ്ങളുടെ ഒക്കെ മക്കൾ പഠിക്കുന്നപോലെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ആ മനുഷ്യരെ, നിങ്ങൾ തന്നെയാണ് തെരുവിലേക്ക് ചവിട്ടി ഇറക്കുന്നത്. അതിന് പരിഹാരം കണ്ടെത്താൻ ഒരു സർക്കാർ ശ്രമിക്കുമ്പോൾ കടയ്ക്കൽ കത്തിവെക്കാൻ നോക്കുന്ന യൂദാസുകൾ. ചരിത്രം നിങ്ങളോട് ക്ഷമിക്കില്ല”.

ഈ വിഷയത്തിൽ അൽഫോൻസാ കോളേജിന്റെ വാദം കേട്ട ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

 

ജയശ്രീ ശ്രീനിവാസന്‍

ജയശ്രീ ശ്രീനിവാസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍