UPDATES

‘പപ്പാസ് എയ്ഞ്ചല്‍’ ഹണി പ്രീത് ഇന്‍സാന്‍; റാം റഹിമിന്റെ ഓമനയായ വളര്‍ത്തുപുത്രിയാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം

‘അച്ഛന്റെ മാലാഖ’ എന്ന് സ്വയം വിളിക്കുന്ന ഹണിപ്രീത് ഇന്‍സാന്‍ റാം റഹിമിന്റെ പിന്മാഗമി എന്നാണ് വിശ്വസിക്കപ്പെടുന്നത്

ദേര സച്ച സൗദ മുഖ്യന്‍ ഗുര്‍മീത് റാം റഹീം സിംഗ് ബലാല്‍സംഗ കേസില്‍ കുറ്റക്കാരനാണെന്ന് പഞ്ചകുളയിലെ പ്രത്യേക കോടതി വിധിച്ച ശേഷം അയാളെ വിഐപികള്‍ മാത്രം സഞ്ചരിക്കുന്ന അഗസ്റ്റ് വെസ്റ്റ്‌ലാന്റ് ഹെലിക്കോപ്റ്ററില്‍ റോത്തക്കിലെ ജയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു വ്യക്തിയുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഹെലിക്കോപ്റ്ററില്‍ അയാളോടൊപ്പം സഞ്ചരിക്കുകയും ജയിലിനകത്ത് കൂടെ നില്‍ക്കുകയും ചെയ്ത സ്ത്രീ ആരാണെന്ന ചോദ്യമാണ് പൊതുവില്‍ ഉയര്‍ന്ന് വന്നത്. അവരുടെ സാന്നിധ്യത്തെ സംബന്ധിച്ച് മാധ്യമ വിമര്‍ശനങ്ങളും ഉണ്ടായി. റാം റഹീം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍ ആണ് അതെന്ന് പിന്നീട് വെളിപ്പെടുത്തപ്പെട്ടു.

നിയമാനുസൃതം വിവാഹം കഴിച്ച ഹര്‍ജീത് കൗറില്‍ മൂന്ന് മക്കളാണ് റാം റഹീം സിംഗിനുള്ളത്. അമന്‍പ്രീത്, ചരണ്‍പ്രീത് എന്ന പെണ്‍മക്കളും ജസ്മീത് ഇന്‍സാന്‍ എന്ന പുത്രനും. എന്നാല്‍ 2009-ല്‍ റാം റഹീം സിംഗ് ദത്തെടുത്ത ഹണിപ്രീത് സിംഗിലാണ് മുഴുവന്‍ ഭക്തരുടെയും ശ്രദ്ധ. ഇവരാവും ഗൂര്‍മീത് സിംഗിന്റെ പിന്മാഗമി എന്നാണ് പൊതുവില്‍ വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ദേരയിലെ അനുയായികള്‍ക്കിടയില്‍ ഇവരുടെ വാക്കുകള്‍ക്ക് പ്രത്യേക വിലകല്‍പ്പിക്കപ്പെടുന്നു.


പ്രിയങ്ക തനേജ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. 1999-ല്‍ ദേര വിശ്വാസിയായ വിശ്വാസ് ഗുപ്തയെ വിവാഹം കഴിച്ചതോടെയാണ് ഇവര്‍ ദേര സച്ച സൗദയുടെ അനുയായി മാറുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ പീഢിപ്പിക്കുന്നതായി 2009-ല്‍ ഇവര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഗുര്‍മീത് സിംഗ് ഇവരെ മകളായി ദത്തെടുക്കുകയായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും ഭാര്യയെ ഗുര്‍മീതില്‍ നിന്നും മോചിപ്പിക്കണം എന്നും ആവശ്യപ്പെട്ട് വിശ്വാസ് ഗുപ്ത 2011-ല്‍ കോടതിയെ സമീപിച്ചിരുന്നു.

#helloEveryone ?

A post shared by Honeypreet Insan (@honeypreet_insan) on

അച്ഛന്റെ മാലാഖ (പപ്പാസ് എയ്ഞ്ചല്‍) എന്നാണ് സാമൂഹിക മാധ്യമങ്ങളിലും വെബ്‌സൈറ്റിലും (https://www.honeypreetinsan.me/)   ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. മാത്രമല്ല, ബഹുമുഖ പ്രതിഭയായ പിതാവിന്റെ തത്തുല്യ പ്രതിഭയായ പുത്രി എന്നും ചേര്‍ത്തിട്ടുണ്ട്. സിംഗിന്റെ ക്രിയാത്മകത, ഭാവന, പ്രതിഭ, ആത്മസമര്‍പ്പണം, വിശ്വസ്യത എല്ലാം അനുപമമാണ് എന്നാണ് ഇവരുടെ വെബ്‌സൈറ്റ് പറയുന്നത്. പഞ്ചനക്ഷത്ര ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് ഹണിപ്രീതിന്റെ ജീവിതലക്ഷ്യം.

ഗുര്‍മീത് സിംഗിനെ പോലെ തന്നെ മനുഷ്യസ്‌നേഹിയും സിനിമ ചിത്രസംയോജകയും നടിയും സംവിധായികയും എന്ന പേര് ഹണി പ്രീതും നേടിയിട്ടുണ്ട്. പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പം നില്‍ക്കാനുള്ള കരുത്ത് പകര്‍ന്നതാകട്ടെ പിതാവിന്റെ ശിക്ഷണവും. പിതാവ് നിര്‍മ്മിച്ച എംഎസ്ജി പരമ്പരയില്‍ 20 ക്രെഡിറ്റുകള്‍ ഹണി പ്രീതിന്റെ പേരിലുണ്ട്. എന്നാല്‍ ഗുര്‍മീത് സിംഗിന് 30 ക്രെഡിറ്റാണ് ചിത്രത്തിലുള്ളത്. ഇതൊരു ലോക റെക്കോഡാണെന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു. വളര്‍ത്തച്ഛന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുന്നതാണ് ഹണിപ്രീതിന്റെ ട്വിറ്റര്‍ (https://goo.gl/eWV64q) , ഫേസ്ബുക്ക് (https://goo.gl/d9Dr1D),  ഇന്‍സ്റ്റാഗ്രാം (https://goo.gl/8HLhv9) തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങള്‍.

ട്വീറ്ററില്‍ 10 ലക്ഷത്തിലേറെ ആളുകള്‍ ഇവരെ പിന്തുടരുന്നുണ്ട്. ഫേസ്ബുക്കില്‍ അഞ്ച് ലക്ഷവും ഇന്‍സ്റ്റാഗ്രാമില്‍ 188,000 വുമാണ് ഇവരുടെ ആരാധകരുടെ എണ്ണം. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ സ്വന്തം കാര്യങ്ങളെക്കാള്‍ ഗുരുവായ പിതാവിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രദ്ധിക്കുന്നത്. ട്വിറ്ററില്‍ മിക്കപ്പോഴും ഗുര്‍മീത് സിംഗിന്റെ ട്വീറ്റുകള്‍ റീ-ട്വീറ്റു ചെയ്യുകയാണ് പതിവ്. അപൂര്‍വമായി ഇടുന്ന സ്വന്തം സന്ദേശങ്ങള്‍ പിതാവിനുള്ള ആശംസകളാണ്. എന്നിരുന്നാലും ട്വിറ്ററിലാണ് ഇവര്‍ കൂടുതല്‍ സജീവം.

ഹണിപ്രീതിന്റെ തിരക്കുകൊണ്ടാവാം, ചില ഫേസ്ബുക്ക് സന്ദേശങ്ങളില്‍ പരസ്പര വൈരുദ്ധ്യവും കണ്ടെത്താനാവും. പിതൃദിനത്തില്‍ ഗുര്‍മീതിനെ ആശംസിക്കുന്നതാണ് ഒരു ഫേസ്ബുക്ക് പോസ്‌റ്റെങ്കില്‍, രക്ഷബന്ധന്‍ ദിനത്തില്‍ സമര്‍ത്ഥനായ സഹോദരന്‍ എന്നാണ് ഗുര്‍മീതിനെ വിശേഷിപ്പിക്കുന്നത്. ഊര്‍ജ്ജസ്വലമായ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് അവകാശപ്പെടുന്ന ചില വെബ്‌സൈറ്റുകളിലും ഇവര്‍ താരമാണ്. brutallyhonest.in, യൂത്ത് വോയ്‌സ് തുടങ്ങിയ സൈറ്റുകള്‍ ദേര സച്ച സൗദയുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുന്നവയാണ്. അഞ്ച് പ്രമുഖ പിതാക്കന്മാരും അവരുടെ പ്രതിഭാധനരായ പുത്രിമാരും എന്ന പേരില്‍ ബ്രൂട്ടലിഓണസ്റ്റില്‍ വന്ന ലേഖനത്തില്‍ പണ്ഡിറ്റ് രവിശങ്കറിനും അനുഷ്‌ക ശങ്കറിനുമൊപ്പം ഗുര്‍മീതും ഹണി പ്രീതും പ്രത്യക്ഷപ്പെട്ടിരുന്നു.

ഗുര്‍മീത് സിംഗ് എത്രകൊല്ലം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് അല്‍പ്പ സമയത്തിനകം കോടതി തീരുമാനിക്കും. ഇതുവരെ പിന്തുടര്‍ന്നത് പോലെ അയാളോടൊപ്പം ജയിലില്‍ പോകാനും മാനസപുത്രി ഹണി പ്രീത് ഇന്‍സാന്‍ തയ്യാറാവുമോ എന്ന ചോദ്യമാണ് ബാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍