UPDATES

ട്രെന്‍ഡിങ്ങ്

ദീപ്തി ഐപിഎസിനെ ഇസ്ലാമിക് സ്റ്റേറ്റ് കൊല്ലും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നോക്കിനില്‍ക്കും; ദുരന്തമായി സംഘപരിവാര്‍ ട്രോളുകള്‍

സൂരജ് ദീപ്തി ദമ്പതികൾ ബലിദാനികൾ ആയി മാറാൻ ഇനി അധികം സമയം ആവശ്യം ഇല്ല

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവരുന്ന പരസ്പരം സീരിയലിലെ സൂരജ്, ദീപ്തി ഐ.പി.എസ് എന്നീ കഥാപാത്രങ്ങള്‍ മരിക്കുന്ന രീതിയിലായിരുന്നു 1524 എപ്പിസോഡുകള്‍ പിന്നിട്ട സീരിയലിന്‍റെ അവസാന എപ്പിസോഡുകളിലൊന്ന്. വെള്ളിയാഴ്ച പ്രക്ഷേപണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗങ്ങള്‍ ഉള്ളത്. നവമാധ്യമങ്ങളിലെ ട്രോളർമാരുടെ ഇഷ്ട വിഭവം ആണ് പരസ്പരം സീരിയലും, അതിലെ കഥാപാത്രങ്ങളും.

ഗായത്രി അരുണ്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന ടെലവിഷന്‍ പരമ്പര കഴിഞ്ഞതിന് തൊട്ടുപിന്നാലെ ട്രോളന്‍മാര്‍ പതിവ് പോലെ വർക്ക് ആരംഭിച്ചു. ഗായത്രി അവതരിപ്പിച്ചിരുന്ന ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ ഏറ്റെടുത്തു കൊണ്ടാണ് ട്രോളുകളെല്ലാം. ‘അകാലത്തില്‍ പൊലിഞ്ഞ കര്‍മകുശലയായ ഐ.പി.എസ് രത്‌നം’ എന്നാണ് പലരും ദീപ്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. സീരിയലിന്റെ ക്ലൈമാക്‌സില്‍ ദീപ്തി എന്ന കഥാപാത്രം മരിക്കുന്നതിനാല്‍ അനുശോചന പോസ്റ്റുകളും പൊടി പൊടിച്ചു. ദീപ്തിയുടെ മരണം മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്ന് വരെ ട്രോളര്‍മാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ട്രോളുകള്‍ കൈവിട്ടുപോയ സംഭവവും ഉണ്ടായി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന ചില സ്ക്രീന്‍ ഷോട്ടുകള്‍ പറയുന്നത്. അടുത്തിടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നടക്കുന്ന രാഷ്ട്രീയ ആരോപണത്തോട് ഇപ്പോഴത്തെ സീരിയല്‍ ട്രോളുകളെ കൂട്ടിക്കെട്ടിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

സുമന്ത് കുമാർ പസ്വാൻ എന്ന വെബ് ഹാൻഡിൽ ദീപ്തിയുടെയും സൂരജിന്റെയും കൊലപാതകം ഐസിസ് ചെയ്തതാണെന്നും കേരളത്തിലെ കമ്മ്യുണിസ്റ്റ് സർക്കാർ എന്തുചെയ്യുകയാണെന്നും ചോദിച്ചു കൊണ്ട് പോസ്റ്റ് ആണ് പ്രത്യക്ഷപ്പെട്ടു. ഐപിഎസുകാരിയുടെ കൊലപാതകത്തിൽ ആഹ്ളാദിക്കുന്നവർ രാജ്യദ്രോഹികളാണെന്ന വ്യാഖ്യാനവും അതോടൊപ്പം വന്നു കഴിഞ്ഞു.

മതം, രാഷ്ട്രീയം, സിനിമ, സാഹിത്യം, സാമൂഹിക ജീവിതം എന്നിങ്ങനെ ഏത് മേഖലയേയും ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിച്ച് ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷേപഹാസ്യത്തിന്റെ ഇ-പതിപ്പായ ട്രോളുകള്‍ക്കുമുണ്ട് ചരിത്രവും ശാസ്ത്രവും വിലയിരുത്തലുകളും. എന്തിനേയും ഏതിനേയും പരിഹസിച്ച് വിമര്‍ശിക്കാനുള്ള മലയാളിയുടെ കഴിവ് മുതല്‍ സംസ്‌കാരിക പരിണാമം വരെ വാ പൊളിയന്‍ ട്രോളുകള്‍ക്ക് പിന്നിലുണ്ട്. പക്ഷെ എന്തിനെയും, ഏതിനെയും തെറ്റായി വ്യാഖ്യാനിച്ച് വർഗീയ പ്രചാരണം നടത്താൻ നോമ്പ് നോറ്റിരിക്കുന്നവർ നമ്മുടെ ചുറ്റിലും ഉണ്ടെന്ന വസ്തുത ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.

ദുബായിലെ ബുർജ് ഖലീഫ ടവർ ഗുജറാത്തിലെ കെട്ടിട സമുച്ചയമായി അവതരിപ്പിക്കുക, ജപ്പാനിലെ മെട്രോ സ്റ്റേഷൻ മോദി ഭാരതത്തിന്റെ വികസന മുഖമായി മാറുക, സി പി ഐ നേതാവും, കൃഷി മന്ത്രിയുമായ വി എസ് സുനിൽ കുമാർ സേവാ ഭാരതി പ്രവർത്തകൻ ആയി രൂപാന്തരപ്പെടുക ഇങ്ങനെ ഫോട്ടോഷോപ്പിന്റെ സഹായത്തിൽ തമാശകൾ മാത്രമല്ല, ഇറാഖിലെയോ, അഫ്ഗാനിലെയോ തീവ്രവാദി ആക്രമണം ഇന്ത്യയിലെ മുസ്ലിം ജനതയുടെ തലയിൽ കെട്ടി വെക്കുന്ന അതീവ ഗുരുതരമായ വിദ്വേഷ പ്രചാരണങ്ങൾ വരെ നടത്തുന്നവർ ഉണ്ട്. ഇവരുടെ രാഷ്ട്രീയ ലക്‌ഷ്യം കൃത്യവും, സ്പഷ്ടവുമാണ്.

കേരളം എക്കാലവും ഇതര സംസ്ഥാനങ്ങളില്‍നിന്ന് സവിശേഷമായ വ്യത്യസ്തത കാത്തുസൂക്ഷിച്ചിട്ടുണ്ട്. ‘സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേദാരം’ എന്ന് പുകള്‍പെറ്റ നമ്മുടെ ദേശപാരമ്പര്യത്തെ ശരിവെച്ച തുരുത്തായിരുന്നു കേരളം. സംസ്‌കാരങ്ങള്‍ക്കിടയിലെ ആദാനപ്രദാനങ്ങള്‍ വ്യത്യസ്ത മത വിഭാഗങ്ങളെ പലവിധത്തില്‍ പരിപോഷിപ്പിച്ചു. അതൊരളവോളം അവര്‍ക്കിടയില്‍ സാമൂഹിക സന്തുലിതത്വത്തെ പ്രകാശിപ്പിച്ചു. വർഗീയ കലാപങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ തുടങ്ങി നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലെ കലാപരിപാടികൾ കേരളത്തിൽ നന്നേ കുറവായിരുന്നു. കേരളത്തിലെ നിയമ സംവിധാനവും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മികവുറ്റതുമാണ്.

കേരളത്തോട് ഒരു വിഭാഗം സംഘപരിവാർ അനുഭാവികൾക്കുള്ള വിദ്വേഷത്തിന്റെ കാരണം ഏവർക്കും അറിവുള്ളതാണ്. ജിഹാദികളുടെ ഹബ് ആണ് കേരളം എന്ന് ഒരു വിദ്വാൻ ദേശീയ ചാനലിൽ ഇരുന്ന് അടിച്ചു വിട്ടത് മാസങ്ങൾക്കു മുൻപാണ്.

സൂരജ്-ദീപ്തി ദമ്പതികൾ ബലിദാനികൾ ആയി മാറാൻ അധികം സമയം ആവശ്യം ഇല്ല. പുറംലോകം അറിയാതെ കൗ ബെൽറ്റിൽ ഇരുവരും കേരളത്തിൽ നിന്നുള്ള ഐസിസിന്റെ ഇരകളായി മാറും. ഫാക്ട് ചെക്കിങ് എന്നുള്ളത് ഇക്കൂട്ടർ കേട്ടിട്ട് പോലും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഐസിസ് കേരളത്തിൽ ഇത് വരെ ഒരു ആക്രമണം പ്ലാൻ ചെയ്തതായി പോലും അറിവില്ലെന്നൊക്കെ ഡാറ്റ വെച്ച് തെളിയിക്കുന്നത് പാഴ്വേലയാണ്. എങ്കിലും നാം ജാഗ്രത പുലർത്തണം എന്ന് മാത്രമേ ഈ അവസരത്തിൽ ഓർമ്മിപ്പിക്കാനുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബിജോയ്‌ ബാബു

ബിജോയ്‌ ബാബു

ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍