UPDATES

ട്രെന്‍ഡിങ്ങ്

ക്ഷേത്രം പിടിച്ചെടുത്തെന്ന് അലമുറയിടുന്നവര്‍ ക്ഷയിച്ചു പോയ ക്ഷേത്രങ്ങളെക്കുറിച്ചും ഓര്‍ക്കേണ്ടതുണ്ട്

മുസ്‌ളീങ്ങളും ക്രിസ്ത്യാനികളും നിരീശ്വരവാദികളുമടങ്ങുന്ന ജനങ്ങള്‍ നികുതിയായ് നല്‍കുന്ന കോടിക്കണക്കിന് രൂപയാണ് ഹിന്ദു ദേവാലയങ്ങള്‍ക്ക് നല്‍കുന്നത്.

ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിനെ കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം ഇടതുപക്ഷ സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്നുവെന്ന വിധത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധന നീക്കവുമായി ബന്ധപ്പെട്ട് വിമര്‍ശനമുയര്‍ന്നപ്പോള്‍, ‘അവര്‍ നിങ്ങളുടെ തീന്‍മേശയിലെത്തി, ഇനി കിടപ്പുമുറിയിലേക്കും’ എന്നതായിരുന്നു കേരളത്തില്‍ നിന്നുയര്‍ന്ന മുന്നറിയിപ്പ്. അതിന്റെ പകര്‍പ്പ് എന്നതു പോലെ ‘ഇപ്പോള്‍ ക്ഷേത്രങ്ങള്‍, നാളെ അവര്‍ ഹിന്ദുക്കളുടെ വീടുകളും പിടിച്ചെടുക്കും എന്ന പോലെയാണ് സംഘപരിവാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന മുദ്രാവാക്യം. ഈ കാര്യത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താലും നടത്തി.

മേജര്‍ രവിയെ പോലുള്ള പ്രമുഖരും ഇതിനെതിരെ രംഗത്തെത്തി. ഹിന്ദു ഉണര്‍ന്നില്ലെങ്കില്‍ ക്ഷേത്രം മാത്രമല്ല അവരുടെ വീടുകളും സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന് മേജര്‍ രവിയാണ് ആഹ്വാനം ചെയ്തത്. കൂടാതെ ഉണരുക, ശക്തികാണിക്കുക എന്നും രവി ഹിന്ദുക്കളോട് ആര്‍എസ്എസിന്റെ രഹസ്യ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നു. കൂടാതെ ഈ വിഷയത്തില്‍ താന്‍ കുമ്മനം രാജശേഖരനുമായി സംസാരിച്ചെന്നും രവി പറയുന്നു. ക്ഷേത്രം എന്തോ ദുരുദ്ദേശത്തോടെ തന്ത്രപൂര്‍വം സര്‍ക്കാര്‍ പിടിച്ചെടുത്തുവെന്ന വിധത്തിലാണ് ഈ പ്രചരണങ്ങളെല്ലാം നടക്കുന്നത്.

എന്നാല്‍ ക്ഷേത്രം ഏറ്റെടുത്തത് സര്‍ക്കാരല്ലെന്നും ക്ഷേത്രപരിപാലന ചുമതലയുള്ള മലബാര്‍ ദേവസ്വം ബോര്‍ഡാണെന്നും ഈ പ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തതാകട്ടെ കോടതി വിധിയുടെ അടിസ്ഥാനത്തിലും. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴാണ് കോടതി ഇടപെട്ട് ക്ഷേത്രം ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. കോടതി നിര്‍ദ്ദേശിച്ചാല്‍ ബോര്‍ഡിന് അത് അനുസരിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇപ്പോള്‍ ഈ കോടതി വിധിക്കെതിരെ പ്രചരണങ്ങള്‍ അഴിച്ചുവിടുകയും കോടതി വിധി നടപ്പാക്കിയതിനെതിരെ പ്രതികരിക്കുകയും ചെയ്തവര്‍ ക്ഷേത്രത്തില്‍ നടന്ന അഴിമതികള്‍ക്ക് കുടപിടിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതില്‍ നിന്നും വ്യക്തമാണ്. ഈ അഴിമതിയുടെ ഗുണഭോക്താക്കളാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നതെന്നും ഇവിടെ സംശയിക്കേണ്ടിയിരിക്കുന്നു.

മൈനര്‍ രവിയാകരുത്; മേജര്‍ രവിയുടെ കലാപാഹ്വാനത്തിന് ഞെരളത്ത് ഹരിഗോവിന്ദന്റെ മറുപടി

ക്ഷേത്രസ്വത്ത് കയ്യിട്ട് വാരാനാണ് സര്‍ക്കാര്‍ ക്ഷേത്രം ഏറ്റെടുക്കുന്നതെന്നാണ് ശക്തമായിരിക്കുന്ന മറ്റൊരു പ്രചരണം. എന്നാല്‍ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി ഭക്തര്‍ നല്‍കിയ കോടിക്കണക്കിന് രൂപയുടെ വരുമാനവും അതുപയോഗിച്ച് വാങ്ങിക്കൂട്ടിയ സ്ഥാവര ജംഗമ വസ്തുക്കളും കോളേജുകളും സ്‌കൂളുകളും വേദ പഠന ശാലകളടക്കമുള്ള സ്ഥാപനങ്ങളും മറ്റാരും തന്നെ കട്ടുമുടിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വരവ് ചിലവ് കണക്കുകളും മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ലഭ്യമാണെന്ന് ഉറപ്പു വരുത്തുകയും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അത് ജാതി പ്രമാണിമാര്‍ക്കും കക്ഷി രാഷ്ട്രീയകാര്‍ക്കും വിട്ടുകൊടുക്കാതെ സുപ്രീം കോടതി വരെയുള്ള വിശ്വസനീയ സംവിധാനങ്ങള്‍ക്ക് വിധേയമാക്കുകയുമാണ് ഇവിടുത്തെ ജനാധിപത്യ സര്‍ക്കാരുകള്‍ ചെയ്യുന്നത്. കോടാനുകോടി രൂപയുടെ സ്വത്ത് വകകള്‍ ക്ഷേത്ര നടത്തിപ്പുകാര്‍ തട്ടിയെടുക്കുന്ന കഥകളും ഭണ്ഡാരവരവ് വരെ കടത്തികൊണ്ടു പോകുന്നതുമാണ് ഇന്ന് വാര്‍ത്തയാകുന്നത്. ഇത്തരം ഇടപെടലുകള്‍ ശക്തിപ്പെടുത്തണമെന്ന് വാദിക്കുന്നതിന് പകരം പോലീസും കോടതിയും മറ്റ് സംവിധാനങ്ങളുമൊന്നും അതില്‍ ഇടപെടരുതെന്നും ആര്‍എസ്എസിനു കീഴിലുള്ള ക്ഷേത്ര സംരക്ഷണ സമിതിക്ക് വിട്ടുതരണം എന്നുമാണ് ഇവര്‍ വാദിക്കുന്നത്.

അതോടൊപ്പം ഇത്തരം പ്രചരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രം പോലും മനസിലാക്കുന്നില്ലെന്നതാണ് സത്യം. 1957ലെ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിക്കുന്നതിനും 146 കൊല്ലം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1811ല്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ഗൗരിലക്ഷ്മിഭായ് രൂപം കൊടുത്തതാണ് ദേവസ്വം സംവിധാനം. ദേവസ്വത്തിന്റെയും ബ്രഹ്മ സ്വത്തിന്റേയുമെല്ലാം ഉടമസ്ഥരായിരുന്ന നമ്പൂതിരി മേധാവിത്വത്തിന്റെ കീഴില്‍ സമ്പത്ത് അളവില്ലാതെ കുന്ന് കൂടിയതും മറ്റും സൃഷ്ടിച്ച സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിയന്ത്രണം കൊണ്ടുവന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം നടപ്പാക്കിയത്. ഇതിനെ പിന്‍പറ്റി പിന്നീട് 1897ല്‍ പുതിയ ദേവസ്വം വകുപ്പ് രൂപീകരിക്കുകയും 1906ല്‍ ദേവസ്വം സെറ്റില്‍മെന്റ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു. 1907ല്‍ ക്ഷേത്രങ്ങളെ ലാന്‍ഡ് റെവന്യൂ വകുപ്പിന് കീഴില്‍ കൊണ്ടുവന്നു. 1922ല്‍ ഏപ്രില്‍ 22ന് മൂലം തിരുനാള്‍ രാമവര്‍മ ദേവസ്വം വിളമ്പരം വഴി റവന്യൂവില്‍ നിന്ന് മാറ്റി പ്രത്യേകമാക്കി. ഇത് പ്രകാരം ആകെ ലഭിക്കുന്ന ഭൂനികുതിയുടെ 40 ശതമാനം ദേവസ്വം ഫണ്ടാക്കാനും പ്രതിവര്‍ഷം 25 ലക്ഷം സര്‍ക്കാര്‍ ഗ്രാന്റായും നിശ്ചയിച്ചു. സ്വാതന്ത്രൃനന്തരം 1949 ല്‍ തിരുവിതാംകൂറും കൊച്ചിയും യോജിച്ച് തിരുകൊച്ചിയായപ്പോള്‍ കേന്ദ്ര സര്‍ക്കാരുമായുളള ധാരണ പ്രകാരം ഹിന്ദു മന്ത്രിയും രാജാവും ഹിന്ദു അദ്ധ്യക്ഷനും ഉള്‍പ്പെടെ 3 അംഗ ബോര്‍ഡ് നിലവില്‍ വന്നു. മന്നത്ത് പത്മനാഭന്‍ അധ്യക്ഷനായി. പൊതു ഖജനാവില്‍ നിന്നുള്ള ഗ്രാന്റ് 25 ലക്ഷം എന്നത് 51 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു.

നാട്ടുകാരും നടത്തിപ്പുകാരും ആവശ്യപ്പെട്ടതനുസരിച്ചാണ് 1949ല്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. ഇപ്പോള്‍ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതുംഅങ്ങനെ തന്നെയാണ്. ഹിന്ദു മതാചാരങ്ങളില്‍ വിശ്വാസമുള്ള ഹിന്ദുക്കളായ എംഎല്‍എമാര്‍ മാത്രമാണ് ജനപ്രതിനിധികളെന്ന നിലയില്‍ ബോര്‍ഡിലുള്ളത്. മറ്റംഗങ്ങളെല്ലാവരും ഹിന്ദുമത വിശ്വാസികള്‍ തന്നെയാണ്. പത്ത് ലക്ഷത്തില്‍ കൂടുതല്‍ രൂപ ചിലവഴിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വേണമെന്ന വ്യവസ്ഥയുമുണ്ട്. ട്രഷറിയില്‍ ഒരു പ്രത്യേക അക്കൗണ്ടിലാണ് ഈ പണമെല്ലാം ഇടുന്നത് എന്നതൊഴിച്ചാല്‍ സര്‍ക്കാരും ക്ഷേത്ര വരവുമായി മറ്റു ബന്ധങ്ങളൊന്നുമില്ല. ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം സ്വതന്ത്രമായ ഒന്നാണ്.

പ്രയാറിന്റെ അസംബന്ധങ്ങള്‍ക്ക് വിട; ചില നേരങ്ങളില്‍ ‘കറ’ നല്ലതാണ്!

ഹിന്ദുക്കളുടെ ക്ഷേത്രങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ കൈവയ്ക്കുന്നതെന്നും ഇതര മതസ്ഥരുടെ ദേവാലയങ്ങളില്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുന്നുമില്ലെന്നുമാണ് സംഘപരിവാറിന്റെ മറ്റൊരു വാദം. ദേവസ്വം വഴി ഹിന്ദുക്കളായ ഭക്തരുടെ പണം സര്‍ക്കാര്‍ എടുക്കുകയല്ല ചെയ്യുന്നത്, പകരം മുസ്‌ളീങ്ങളും ക്രിസ്ത്യാനികളും നിരീശ്വരവാദികളുമടങ്ങുന്ന പൗരജനങ്ങള്‍ നികുതിയായ് നല്‍കുന്ന കോടിക്കണക്കിന് രൂപ ഹിന്ദു ദേവാലയങ്ങള്‍ക്ക് നല്‍കുകയാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ ദേവസ്വം മന്ത്രിയായിരുന്ന വി.എസ് ശിവകുമാര്‍ നിയമസഭയില്‍ വെച്ച കണക്ക് പ്രകാരം 2014ല്‍ ഇങ്ങനെ നല്‍കിയത് 231.38 കോടി രൂപയാണ്. 2014ല്‍ മാത്രം ക്ഷേത്ര ജീവനക്കാര്‍ക്കും മറ്റും ശമ്പളം നല്‍കാന്‍ മാത്രം പൊതുഖജനാവില്‍ നിന്ന് ദേവസ്വങ്ങള്‍ക്ക് അങ്ങോട്ട് കൊടുത്തത് 22 കോടി രൂപയും. ഇതുപോലെ ശബരിമല, പത്മനാഭ സ്വാമി ക്ഷേത്രങ്ങള്‍ അടക്കമുള്ള ദേവാലയ വരവില്‍ നിന്ന് ഒരു രൂപ പോലും കൈപ്പറ്റാതെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ അങ്ങോട്ട് നല്‍കുന്നത്. മറ്റു മതസ്ഥരുടേയും നിരീശ്വരവാദികളുടേയും കൂടി നികുതി പണമാണ് ഇങ്ങനെ കൊടുക്കുന്നത്.

അപ്പോള്‍ ക്ഷേത്രങ്ങളിലേക്കെത്തുന്ന വരുമാനമെല്ലാം എന്തു ചെയ്യുന്നുവെന്ന ചോദ്യം ഉയരും. കേരളത്തിലാകെ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 3,080 ക്ഷേത്രങ്ങളാണ് ഉള്ളത്. അതില്‍ തന്നെ നൂറ് എണ്ണത്തിന് മാത്രമാണ് നല്ല നിലയില്‍ വരുമാനമുള്ളത്. ഭൂപരിഷ്‌കരണ നിയമത്തോടെ പല ജന്മി കുടുംബങ്ങള്‍ക്കും സ്വത്തുക്കള്‍ നഷ്ടമാകുകയും ക്ഷേത്രങ്ങള്‍ പരിപാലിക്കാന്‍ സാധിക്കാതെ വരികയും ചെയ്തിരുന്നു. അപ്പോള്‍ വിശ്വാസികളായ നാട്ടുകാരെ കണക്കിലെടുക്കാതെ ഈ ക്ഷേത്രങ്ങള്‍ ഉപേക്ഷിച്ച് പോകുകയാണ് അവര്‍ ചെയ്തത്. ഇക്കാരണത്താല്‍ നശിച്ചുപോയതും നശിച്ചുകൊണ്ടിരിക്കുന്നതുമായ നിരവധി ക്ഷേത്രങ്ങള്‍ ഇന്നും കേരളത്തിലുണ്ട്. എന്നാല്‍ ഇപ്പോള്‍ പലതിന്റെയും നവീകരണ പ്രവര്‍ത്തനങ്ങളും സംരക്ഷണവും സാധ്യമാകുന്നുണ്ട്. വരുമാനം കുറവാണെങ്കിലും ഈ ക്ഷേത്രങ്ങളിലെല്ലാം ആരാധനയും തൊഴിലും ദേവസ്വംബോര്‍ഡ് ഉറപ്പുനല്‍കുന്നുണ്ട്. ക്ഷേത്രങ്ങളിലെ സ്വര്‍ണം ഒഴികെയുള്ള വരവില്‍ നിന്നാണ് ഇത് സാധ്യമാകുന്നത്. അതിനെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നതാണ് വാസ്തവം.

അമ്പലം വിഴുങ്ങാന്‍ സര്‍ക്കാരില്ലെന്നും അമ്പലം വിഴുങ്ങികളെ നേരിടുന്നതില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ലെന്നുമാണ് ഇന്നലെ പിണറായി പറഞ്ഞത്. കൂടാതെ ദരിദ്രമായ ക്ഷേത്രങ്ങളും കേരളത്തിലുണ്ടെന്നും അവയെ സംരക്ഷിക്കേണ്ടതുണ്ടെന്നും സഹായിക്കേണ്ടതുണ്ടെന്നും അതിന് ആവശ്യമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ക്ഷേത്രസ്വത്തുക്കള്‍ പ്രമാണിമാരുടെ കൈവശം മാത്രം ഇരിക്കുന്ന ഫ്യൂഡല്‍ കാലത്തെയാണ് സംഘപരിവാറും കൂട്ടരും ദേവസ്വത്തെ എതിര്‍ക്കുന്നതിലൂടെ സ്വാഗതം ചെയ്യുന്നത്. സംഘപരിവാറിന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഒരുവശത്തും പരിവാരത്തിന്റെ ബൗദ്ധിക നേതൃത്വം കയ്യാളുന്ന പിന്തിരിപ്പന്‍മാരുടെയുള്ളില്‍ ഇപ്പോഴുമുള്ള പഴയ ജാതി മേധാവിത്വ മോഹങ്ങള്‍ മറ്റൊരു വശത്തും നിന്ന് ഒച്ചയിടുന്നതും മാത്രമാണ് ഇപ്പോഴത്തെ കോലാഹലങ്ങളെന്ന് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍